Uttama Villain! A Multi-Layered Biopic – Connection between 8th century and 21st century
****** LOT OF SPOILERS ABOUT UTTAMA VILLAIN, INCLUDING CLIMAX, DO NOT READ IF YOU HAVE NOT WATCHED *******
➽ ചില സിനിമകൾ  വളരെ സ്ട്രൈറ് ഫോർവേഡ് ആയിരിക്കും. രണ്ടര മണിക്കൂർ നമ്മളെ ചിരിപ്പിക്കുകയോ ചിന്തിപ്പിക്കുകയോ ത്രില്ലടിപ്പിക്കുകയോ ചെയ്യും. ചില സിനിമകളെ നമ്മൾ എങ്ങനെ സമീപ്പിക്കുന്നുവോ അത് പോലെ ആയിരിക്കും അതിന്റെ ആ സിനിമ നമുക്ക്..അതായത് അതിലുള്ള കാര്യങ്ങൾ നേരിട്ട് നമ്മൾ പ്രേക്ഷകരിലേക്ക് അവർ സ്ട്രൈറ് ആയി പറഞ്ഞു തരണം എന്നില്ല..അത് നമ്മുടെ തലച്ചോറുപയോഗിച് മനസ്സിലാക്കിയാൽ….മണ്ണിൽ പുതഞ്ഞ ഒരു വജ്രം കുഴിച്ചെടുത്ത ഒരു അനുഭൂതി ഉണ്ടാകും.
➽ ഉത്തമ വില്ലൻ എന്ന ചിത്രം എല്ലാവരും കരുതും പോലെ സങ്കീർണ്ണമായ കഥ പറയുന്ന ചിത്രമല്ല. സാധാരണ കഥ പറയുന്ന പോലെ തന്നെ ഈ ചിത്രം മുന്നോട്ട് പോകുന്നത്..പക്ഷെ വ്യത്യസ്തമായ വഴിയിൽ..
➽ ചിത്രം കണ്ട പല കൂട്ടുകാരും പറഞ്ഞത് എന്തെന്നാൽ അഞ്ചാം നൂറ്റാണ്ടിൽ നടക്കുന്ന സംഭവങ്ങൾ ഈ ചിത്രത്തിന് ആവശ്യമില്ലാത്ത ഒന്നാണ് എന്നാണ്…ആ കഥ ചിത്രവുമായി ഒരു ബന്ധവും പുലർത്തുന്നില്ല എന്നും. അങ്ങനെ വിചാരിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റ്. ഒരു പക്ഷെ ഇത് വായിച്ചാൽ നിങ്ങൾക്ക് ഉത്തമ വില്ലൻ എന്ന വളരെ ബുദ്ധിപരമായ തിരക്കഥ കൈകാര്യം ചെയ്ത ചിത്രം ഇഷ്ടപെട്ടേക്കാം.
➽ എന്താണ് ഉത്തമ വില്ലൻ? ആരാണ് ഉത്തമ വില്ലൻ?
ചിത്രം തുടങ്ങുന്നത് തന്നെ മനോരഞ്ജൻ എന്ന സൂപ്പർ താരത്തിന്റെ വീര വിളയാട്ടു എന്ന ചിത്രം പ്രീമിയർ ഷോയിൽ നിന്നാണ്. സൗത്ത് ഇന്ത്യൻ സിനിമയിൽ കണ്ടു വരുന്ന സകല ഗാനരംഗ ചിത്രീകരണ ക്ലീഷേകളും ലവ്വ ലവ്വ എന്ന പാട്ടിൽ കാണാം. ബൈക്കിനു  മുന്നിൽ നായികയെ ഇരുത്തി ഓടിക്കുക..കണ്ണഞ്ചിപ്പിക്കുന്ന കളറിൽ വസ്ത്രങ്ങൾ ധരിച്ചു നായകനും നായികയും ഡാൻസ് ചെയ്യുക തുടങ്ങിയ പലതും ഈ പാട്ടിൽ കാണാം.
വീര വിളയാട്ടു എന്ന ചിത്രത്തിലെ ഗാനം എന്ന രീതിയിൽ ആ പാട്ടിനെ സമീപിക്കാം. അതാണ് ഭൂരിഭാഗം പ്രേക്ഷകരും ആഗ്രഹിക്കുന്ന, കാണാൻ ഇഷ്ടപെടുന്ന സിനിമ. മനോരഞ്ജൻ എന്നയാളോ, അങ്ങനെയുള്ള മസാല ചിത്രങ്ങളിൽ അഭിനയിച്ചു സൂപ്പർ താര പദവി നേടിയ ആൾ.
➧ മദ്യപിക്കാനായി ടോയ്‌ലെറ്റിൽ കയറുന്ന മനോരഞ്ജൻ തന്റെ മകൻ കാമുകിയുമായി സംസാരിക്കുന്നത് കേൾക്കാൻ ഇടവരുന്നു.. ക്ലീഷേ ആയ ഒരു മസാല ക്രാപ്പ് ആണ് തന്റെ ഡാഡിയുടെ ചിത്രം എന്നാണ് മകൻ പറയുന്നത്.
➧ തന്റെ കരിയറിന്റെ ആദ്യ കാലത്തു മാർഗദർശി എന്ന തന്റെ ഗുരുവിന്റെ ഒപ്പം ചേർന്ന് കലാമൂല്യമുള്ള ചിത്രങ്ങൾ ചെയ്തു വന്ന മനോരഞ്ജൻ പിന്നീട് കച്ചവട സിനിമയുടെ രാജാവായ റാവുവിന്റെ ഒപ്പം ചേർന്ന് മസാല സിനിമകൾ ചെയ്തു വന്നു, അവസാനം അദ്ദേഹത്തിന്റെ മകളെ തന്നെ വിവാഹം കഴിക്കുന്നു. മനോരഞ്ജന്റെ സിനിമാപരമായ കാര്യങ്ങൾ എല്ലാം തന്നെ തീരുമാനിക്കുന്നത് ഈ റാവുവും പിന്നെ PA ആയ ചൊക്കുവും ആണ്.
➧ സ്വർഗ്ഗതുല്യമായി പോകുന്ന മനോയുടെ ജീവിതത്തിലേക്ക് രണ്ടു ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ കടന്നു വരുന്നു. ഒന്ന്, അയാൾക്ക് ബ്രയിൻ ട്യൂമർ ആണ്..ഇനി അധിക കാലം ജീവിച്ചിരിക്കില്ല..തലയുടെ പിറകിലായി സ്റ്റേജ് 4  ആണ് ട്യൂമർ. അതിനാൽ തന്നെ രക്ഷപെടലിനുള്ള സാധ്യത നന്നേ കുറവ്.
➧ രണ്ടു..അയാൾക്ക് തന്റെ പൂർവ്വ കാമുകിയിൽ ഒരു മകൾ ഉണ്ട് എന്ന രഹസ്യം..മാപ്പു പറയാനോ, ചെയ്ത തെറ്റിന് പരിഹാരം കാണുവാനോ മനോരഞ്ജന്റെ പക്കൽ സമയം തീരെ കുറവ്. താൻ മരിച്ചാലും തന്നെ ആളുകൾ എന്നും ഓർത്തിരിക്കുന്ന രീതിയിൽ ഒരു സിനിമ വേണം എന്ന് മനോ ആഗ്രഹിക്കുന്നു.
➧ തനിക് ഒരു ജീവിതം പടുത്തുയർത്തി തന്ന, ഒരു ഘട്ടത്തിൽ താൻ തന്നെ ചതിച്ച തന്റെ ഗുരു ആയ മാർഗദർശി ആയിരിക്കണം ആ സിനിമ ചെയ്യേണ്ടത് എന്ന് മനോ തീരുമാനിക്കുന്നു. പക്ഷെ താരങ്ങളെ നോക്കാതെ നല്ല കഥ മാത്രം തിരഞ്ഞെടുക്കുന്ന മാർഗദർശി മനോയോട് കഥ ചോദിക്കുന്നു.
➧ അങ്ങനെ പ്രത്യേകിച്ചു കഥ ഒന്നും പക്കൽ ഇല്ലാത്തതിനാൽ “എന്നെ മാതിരി തിമിരാണ ഒരാൾ സാർ” എന്നാണ് മനോ മറുപടി പറയുന്നത്..പിന്നീട് അവർ തമ്മിലുള്ള സംഭാഷണങ്ങൾ ഒന്നും കാണിക്കുന്നില്ല.പകരം അവർ ഒരുമിക്കുന്നു…സിനിമയുടെ പേര് “ഉത്തമ വില്ലൻ”.
➽ മനോരഞ്ജന്റെ നല്ല വശങ്ങൾ ഉത്തമൻ (കമലഹാസൻ) ആയും ചീത്തവശങ്ങൾ മുത്തരസൻ (നാസർ )എന്ന വില്ലൻ ആയും കാണിക്കുന്നു. അതാണ് ഉത്തമ വില്ലൻ.

മനോരഞ്ജന് മുന്നിൽ രണ്ടു വലിയ കർമ്മങ്ങൾ മരണത്തിനു മുൻപ് ചെയ്തു തീർക്കാനായി വന്നു പെടുന്നു.
⧭ തന്റെ പേര് എന്നെന്നും സ്മരിക്കപ്പെടണം എന്ന നിലയിൽ ഒരു സിനിമ പ്രേക്ഷകർക്കായി സമർപ്പിക്കണം.
⧭ തന്റെ ഉള്ളിലെ ഉത്തമനെ തന്റെ മകൾ മനസ്സിലാക്കണം, അവൾ തന്നെ അച്ഛനായി അംഗീകരിക്കണം.
ഇപ്പോൾ ചിത്രത്തിന്റെ ഉള്ളിലെ ചിത്രം…”ഉത്തമ വില്ലൻ”
എട്ടാം നൂറ്റാണ്ടിലെ കഥാപാത്രങ്ങളും, യഥാർത്ഥ കഥയും.
➽ എട്ടാം നൂറ്റാണ്ടിലെ ഉത്തമൻ ;- ഒരു കലാകാരൻ..ഓരോ തവണയും മരണത്തിൽ നിന്നും രക്ഷപെടുന്ന അയാളെ എല്ലാവരും ചിരഞ്ജീവി എന്ന് വിളിക്കുന്നു.
➽ മനോരഞ്ജൻ എന്ന ഉത്തമൻ  ;- ഒരു കലാകാരൻ, സിനിമാ താരം..അദ്ദേഹം മരിച്ചാൽ പോലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ അയാളെ ചിരഞ്ജീവി ആക്കുന്നു.
➽ മുത്തരസൻ ;- ശീഘ്രം തന്നെ മരണം പിടികൂടാൻ ഇരിക്കുന്ന രാജാവ്, സ്ത്രീലമ്പടൻ, സുടലയ് മുത്തു എന്നയാളുടെ സഹായത്തോടെ സാധ്യ വർമ രാജാവിനെ കൊലപ്പെടുത്തി രാജ പദവി അലങ്കരിച്ചയാൾ.
➽ മനോരഞ്ജൻ എന്ന വില്ലൻ ;- ശീഘ്രം തന്നെ മരണം പിടികൂടുന്ന സൂപ്പർ താരം. അവിഹിത ബന്ധം ഉള്ളയാൾ. തുടർച്ചയായ വിജയങ്ങൾ നൽകിയ തന്റെ ഗുരുവായ മാർഗദർശിയെ ചതിച്ചു PC റാവുവിന്റെ കൂടെ കൂടി സൂപ്പർ താര പദവി അലങ്കരിച്ചയാൾ.
➽യാമിനി ;- മനോരഞ്ജന്റെ ആദ്യ പ്രണയം. സക്കറിയയുടെയും മനോന്മണിയുടെയും വാക്കുകളിൽ നിന്നും യാമിനി ഒരു ധീര വനിത ആയിരുന്നു എന്നും,. വിവാഹത്തിന് മുമ്പുള്ള ഗർഭവും മറ്റും മൂലം ഏകാന്ത ജീവിതം നയിച്ച ആളുമാണ് എന്നും പറയുന്നു.
➽ കർപ്പകവല്ലി ;- രാജകുമാരി. ധൈര്യശാലി, (മാവീരർ തമിഴച്ചി എന്നാണ് രാജകുമാരിയെ കാണിക്കുമ്പോൾ വരുന്ന പാട്ടിന്റെ വരികൾ പറയുന്നത്, ഒരു പുലിയേ വരെ മെരുക്കാൻ വിധം ധൈര്യമുള്ളവൾ ) ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഏകാന്ത ജീവിതം നയിക്കാൻ വിധിക്കപ്പെട്ടവർ.
➽ജേക്കബ് സക്കറിയ ;- യാമിനിയെ കല്യാണം കഴിച്ചയാൾ. യാമിനിക്കു പിന്നീടുള്ള ജീവിതത്തിൽ ആശ്വാസം ആയി വന്നയാൾ.
➽കാക്കാപ്പു സുന്ദർ ;- രണ്ടു മന്ത്രിമാരിൽ ഒരാൾ. കൊട്ടാരം മുഴുവൻ രാജകുമാരിയെ ഒറ്റപ്പെടുത്തിയപ്പോളും അവൾക് സഹായഹസ്തവുമായി കൂടെ നിന്നായാൾ
➽ഒട്രൻ (ചാരൻ) ;- അയാൾ രാജ്യത്തെ രാജാവിനോടുള്ള രാജകുമാരി ആശയ വിനിമയം നടക്കുന്നത് ഈ ചാരൻ മുഖേന ആളാണ്. അതുപോലെ നേരെ തിരിച്ചും. അയൽ രാജ്യത്തെ രാജാവ് ആരാണ് എന്നത് അവസാന ഭാഗത്തെ ട്വിസ്റ്റ്.
➽ ചൊക്കു ചെട്ടിയാർ :- എല്ലാവരാലും  മറയ്ക്കപെട്ട യാമിനി മനോരഞ്ജന് അയച്ച കത്തും, മനോ യാമിനിക്ക് അയച്ച കത്തും പുറത്തെടുത്തു സത്യം പുറത്താക്കുന്നയാൾ.

അർജുനനും പാശുപതാസ്ത്രവും.

മനോരഞ്ജനും മാർഗദർശിയും തമ്മിൽ ഏതു തരം കഥയാണ് സിനിമയാക്കുന്നത് എന്നതിനെ പറ്റി സംസാരിക്കുന്ന രംഗങ്ങൾ നാം കാണുന്നില്ല. മറിച്ച് ഒരു വില്ലുപാട്ടിൽ നിന്നും അവരുടെ കഥയായ ഉത്തമ വില്ലൻ തുടങ്ങുന്നതാണ് നാം കാണുന്നത്…
മല്ല യുദ്ധം ചെയ്യുന്നവൻ മല്ലൻ, വില്ലു യുദ്ധം ചെയ്യുന്നവൻ വില്ലൻ എന്നാണു മാർഗദർശി പറയുന്നത്..അതായത് അവരുടെ സിനിമയായ ഉത്തമ വില്ലൻ പഞ്ച പാണ്ഡവരിൽ ഒരാളായ അർജുനനെ ഉദ്ദേശിച്ചതാണെന്നു വ്യക്തം.
വില്ലുപാട്ടിലെ ഗാനവരികളിൽ അർജുനൻ വില്ലനും ശിവൻ വില്ലാതി വില്ലനും ആയി ആണ് പാടുന്നത്. അതിനു പിന്നിൽ ഒരു കഥയുണ്ട് മഹാഭാരതത്തിലെ ഒരു കഥയാണ് ഇവിടെ മനോരഞ്ജൻ തന്റെ സാഹചര്യവുമായി ബന്ധപ്പെടുത്തി സിനിമയാക്കിയിരിക്കുന്നത്.
അതേക്കുറിച്ചു പറയണം എങ്കിൽ നമുക് മഹാഭാരതകഥയിലെ ചെറിയ ഒരു ഭാഗം നോക്കണം.
കൗരവരുടെ ചൂതിൽ തോറ്റ് പാണ്ഡവർ വനവാസത്തിൽ ആയിരുന്ന കാലം. ഹിമാലയത്തിൽ അർജുനൻ ഒരു തപസ്സനുഷ്ടിക്കുകയായിരുന്നു. തപസ്സിന്റെ ഉദ്ദേശം എന്തെന്നാൽ ദൈവങ്ങളെ പ്രീതിപ്പെടുത്തി അത്യുഗ്രമായ ആയുധങ്ങൾ നേടിയെടുക്കൽ .
ദുര്യോധനൻ അർജുനന്റെ ഉഗ്ര തപസ്സിനെ കുറിച്ച് അറിഞ്ഞു. അല്ലെങ്കിൽ തന്നെ സർവ ശക്തനായ അർജുനൻ ദുര്യോദന്റെ ഉറക്കം കെടുത്തുന്ന ആളാണ്. ഇനി ഉഗ്രശക്തിയുള്ള ആയുധങ്ങൾ കൂടി ലഭിച്ച അർജുനനെ കുറിച്ച് ആലോചിക്കാനേ വയ്യ. തന്റെ വിഷമം സുഹൃത്തായ മൂകാസുരനെ അറിയിച്ചു. അർജുനന്റെ തപസ്സു മുടക്കാൻ മൂകാസുരൻ പുറപ്പെട്ടു.
ഒരു കാട്ടുപന്നിയുടെ രൂപം പ്രാപിച്ച മൂകാസുരൻ അർജുനന്റെ തപസ്സിനു വിഘ്നം വരുത്താനായി ആക്രമിക്കാനായി കുതിച്ചു പാഞ്ഞു. അർജുനൻ തന്റെ ഗാണ്ഡീവം ഉപയോഗിച്ച് തൊടുത്തു വിട്ട അസ്ത്രം മൂകാസുരന് മേൽ പതിച്ചു .
അപ്പോൾ അർജുനൻ ഒരു സ്ത്രീയുടെ ചിരി കേട്ടു .  തിരിഞ്ഞു നോക്കിയപ്പോൾ ഒരു മലവേടനും അയാളുടെ പത്നിയും കൂടെ കുറച്ചാളുകളെയും കണ്ടു.
“താങ്കൾ ഒരു വല്ലാത്ത ആൾ തന്നെ.. ചത്ത കാട്ടു പന്നിയെ അമ്പെയ്ത താങ്കൾ എന്തായിരുന്നു ഉദ്ദേശിച്ചത്?” സ്ത്രീ കളിയാക്കികൊണ്ട് ചോദിച്ചു.
” ഇത് ഞാൻ എയ്ത അമ്പിനാൽ ചത്ത കാട്ടുപന്നിയാണ്. അർജുനൻ മറുപടി പറഞ്ഞു.
“അല്ല. ഇതെന്റെ അമ്പിനാൽ കൊല്ലപ്പെട്ട കാട്ടു പന്നിയാണ് ..മല വേടൻ പറഞ്ഞു.
“അല്ല…ഇതിനെ കൊന്നത് ഞാൻ തന്നെയാണ്”
അർജുനൻ ഉറപ്പിച്ചു പറഞ്ഞു. പക്ഷെ വന്നവർ അതുകേട്ടു അർജുനനെ കളിയാക്കി ചിരിച്ചു കൊണ്ടേയിരുന്നു.
” ഹസ്തിനാപുരിയിലെ പാണ്ഡവരിൽ ഒരാളായ അർജുനൻ ആണ് ഞാൻ. ” അർജുനൻ അലറി. മറ്റാര് ഇത് കേട്ടാലും പേടിച്ചു വിറക്കുമായിരുന്നു. എന്നാൽ വന്നവർക്കു ഒരു കൂസലുമില്ല. അത് അർജുനനെ ചൊടിപ്പിച്ചു. അർജുനൻ മലവേടനെ യുദ്ധത്തിന് ക്ഷണിച്ചു. അയാൾ നിങ്ങളുടെ ഇഷ്ടം എന്ന് പറഞ്ഞു അതിനു തയ്യാറായി.
യുദ്ധം തുടങ്ങി. കർണൻ അല്ലാതെ ഒരു മനുഷ്യ ജന്മത്തിനും തന്നെ പരാജയപ്പെടുത്താൻ ആകില്ല എന്നുറച്ചു വിശ്വസിച്ചിരുന്ന അർജുനൻ വേടനു മേൽ അമ്പെയ്തു തുടങ്ങി. പക്ഷെ ഒരു അമ്പു പോലും അയാളുടെ അടുത്തേക്ക് എത്തിയില്ല. അതെല്ലാം എത്തും മുമ്പേ അയാൾ നിഷ്പ്രയാസം എയ്തു വീഴ്ത്തി. അർജുനനെ ഇത് അമ്പരപ്പിക്കുക തന്നെ ചെയ്തു.
ഒരിക്കലും ഒഴിയാത്ത തന്റെ ആവനാഴി വരെ ആ വേടനു മുന്നിൽ ഒഴിഞ്ഞു. അർജുനൻ വാളെടുത്തു യുദ്ധം ചെയ്തു, അയാൾ വാൾ രണ്ടു കഷ്ണം ആക്കി. മുറിഞ്ഞ വാളുമായി വന്ന അർജുനന്റെ കയ്യിൽ നിന്നും  അയാൾ വാൾ വാങ്ങി ദൂരെ എറിഞ്ഞു.
വാൾ നഷ്ടപെട്ട അർജുനൻ ദ്വന്ദയുദ്ധത്തിനായി അയാളെ വെല്ലുവിളിച്ചു. അയാൾ നിഷ്പ്രയാസം അർജുനനെ കീഴടക്കി. മേലാകെ രക്തമായി..മൃതപ്രാണനായ അർജുനൻ മണ്ണിൽ ഒരു ശിവലിംഗം ഉണ്ടാക്കി, അതിൽ ഒരു മാലയുമിട്ട് അലറി…
“അല്ലയോ ശിവ ഭഗവാനെ…ഇന്ദ്രപുത്രനായ ഈ അർജുനനെ, കേവലം ഒരു മല വേടൻ തോൽപ്പിക്കുന്നു, അതും പ്രത്യേകിച്ചു കഴിവുകളൊന്നുമില്ലതെ, കർണൻ അല്ലാതെ മറ്റാർക്കും എന്നെ വീഴ്ത്താനാകില്ല എന്ന് വിശ്വസിച്ച എനിക്ക് എവിടെയാണ് തെറ്റു പറ്റിയത്? പറയൂ…”
തിരിഞ്ഞു നോക്കിയ അർജുനൻ കണ്ടത് താൻ ശിവലിംഗത്തിൽ  അണിയിച്ച ഹാരം ആ വേടന്റെ കഴുത്തിൽ കിടക്കുന്ന കാഴ്ചയായിരുന്നു. സാക്ഷാൽ ശിവ ഭഗവാനാണ് വേടന്റെ വേഷത്തിൽ എത്തിയത് എന്ന് മനസ്സിലാക്കിയ അർജുനൻ സ്രാഷ്ടാംഗ പ്രണാമം ചെയ്തു. അർജുനനിൽ പ്രീതനായ ശിവൻ പാശുപതാസ്ത്രം അർജുനന് നൽകി. ദ്വാപര യുഗം അവസാനിക്കാറായി ഇനി വരുന്നത് കലിയുഗമാണ് കൂടാതെ നിന്റെ ജന്മോദ്ദേശത്തിനു നിനക്ക് പാശുപതാസ്ത്രം അനിവാര്യമാണ് എന്നും അറിയിച്ചു മടങ്ങി.
ഇനി ഉത്തമവില്ലനിലെ തെയ്യം കലർന്ന വില്ലുപാട്ടിലേക്കു നോക്കാം..അതിൽ പരാമർശിക്കുന്ന ഉലക മഹാ കലൈഞ്ജൻ എന്ന പരാമർശം എന്നതിൽ നിന്നും മനോരഞ്ജൻ അർജുനൻ എന്ന വേഷത്തിലൂടെ ഉത്തമൻ ആകുകയാണ്.
അതിൽ പറയുന്ന വില്ലാതി വില്ലൻ ശിവനെ സൂചിപ്പിക്കുന്നു. വില്ലൻ എന്നാൽ വിൽ ശുദ്ധം ചെയ്യുന്നവൻ എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. പാശുപതാസ്ത്രം ലഭിക്കനായി അർജുനൻ അനുഭവിച്ച യാതനകൾ പോലെയായാണ് മനോന്മണീ തന്നെ പിതാവായി അംഗീകരിക്കാനുള്ള കടമ്പ എന്നും മനോരഞ്ജൻ പറയുന്നു.
അതായത്, മുന്നിലുള്ളത് ശിവനാണ് എന്നറിയാതെ അർജുനൻ അനുഭവിക്കുന്ന ക്ലേശം, തനിക്ക് ഒരു മകൾ ഉണ്ടെന്ന് അത്രയും കാലം അറിയാതിരുന്ന മനോരഞ്ജന്റ അഞ്ജതയെ സൂചിപ്പിക്കുന്നു. ജേക്കബ് സക്കറിയയെ ആണ് മനോന്മണീ ഹീറോ എന്ന് വിളിക്കുന്നത്. മോനോരഞ്ജനെ വില്ലൻ എന്നാണു മനോന്മണീ വിളിക്കുന്നത്.
അർജുനന് തന്റെ ജീവിതത്തിലെ പ്രധാന ഉദ്ദേശ്യം കൗരവരുടെ മേലുള്ള ആധിപത്യം ആണെങ്കിൽ മനോരഞ്ജന് തന്റെ സ്വപുത്രിയുടെ അംഗീകാരമാണ് ജീവിത ലക്ഷ്യമായി കാണുന്നത്.

➽ ഇനി നമുക്ക് മുത്തരസനെ നോക്കാം…മനോരഞ്ജൻ തന്റെ ഉള്ളിലെ വില്ലനിൽ നിന്നും സൃഷ്ടിച്ചതാണ് മുത്തരസനെ..എന്തെന്നാൽ അയാളുടെ വ്യക്തിത്വം സുടലൈ മുത്തുവിന്റെ കൂടെ ചേർന്ന് സാധ്യ രാജാവിനെ ചതിച്ചു രാജാവാവുക, സ്ത്രീലമ്പടൻ, കൂടാതെ മരണം അടുത്ത് എന്നറിഞ്ഞപ്പോൾ ചിരഞ്ജീവി ആകാൻ ഉള്ള അതിയായ മോഹവും.

ഇത് തന്നെയാണ് മനോരഞ്ജനും. റാവുവിന്റെ കൂടെ ചേർന്ന് മാർഗദർശിയെ ചതിക്കുക, അവിഹിത ബന്ധങ്ങൾ, മരണം അടുത്തു എന്നറിയുമ്പോൾ ഒരു ചിത്രം ചെയ്തു ജനങ്ങളിൽ അമരനായി അറിയപ്പെടാൻ അയാൾ ആഗ്രഹിക്കുന്നു.
➽കർപ്പഗ വല്ലി മുത്തരസനിൽ നിന്നും തന്നെ രക്ഷപെടുത്തണം എന്ന് അയൽ രാജ്യത്തെ രാജാവിനയക്കുന്ന കത്തുകൾ ഒന്നും ഉദ്ദേശിച്ച ഇടത്തു എത്തുന്നില്ല. ഒട്രനും കാകാപ്പ് സുന്ദറും അറിയിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് രാജാവ് കാര്യങ്ങൾ അറിയുന്നതും രാജകുമാരിയെ രക്ഷപെടുത്തുന്നതും.
യാമിനി മനോരഞ്ജന് എഴുതുന്ന കത്ത് മനോയുടെ കൈവശം എത്തുന്നില്ല. ജേക്കബ് സക്കറിയയും ചൊക്കു ചെട്ടിയാരും മുഖേനയാണ് മനോ യാമിനിയെ കുറിച്ച് അറിയുന്നത്.
➽മനോന്മണീ മനോരഞ്ജനെ തന്റെ പിതാവായി അംഗീകരിക്കുന്നില്ല. ഒരു ഘട്ടത്തിൽ യാമിനി മനോയ്ക്കും മനോ യാമിനിക്കും അയച്ച കത്തുകൾ വായിക്കുന്നതോടെയായാണ് മനോന്മണീ തന്റെ മനസ്സ് മാറ്റി തന്റെ പിതാവിനെ അംഗീകരിക്കുന്നത്. ആ നിമിഷത്തിലാണ് മനോരഞ്ജന്റെ ഉള്ളിലെ മനുഷ്യൻ അതീവ സന്തുഷ്ടനാകുന്നതും അയാൾ ചിരിച്ചു കൊണ്ട് ആ റൂമിൽ നിന്നും പുറത്തിറങ്ങുന്നതും. (അയാൾ നിർമിച്ച ചിത്രം ജനങ്ങൾ കണ്ടു സന്തോഷിക്കുന്നത് കാണാൻ മനോയെ മരണം അനുവദിക്കുന്നില്ല, മനോന്മണീ ആയുള്ള സംഭാഷണങ്ങലും തുടർന്നുള്ള രംഗങ്ങളും ആണ് മനുഷ്യൻ എന്ന രീതിയിൽ മനോരഞ്ജനെ ചിരഞ്ജീവിയാക്കുന്നത്, എന്തെന്നാൽ മനോന്മണീ അയാളെ അംഗീകരിച്ചു, അവളുടെ മനസ്സിൽ എന്നും അയാൾ ജീവിക്കും)
➽ സാകാവാരം എന്ന പാട്ടാണ് എന്നെ കൂടുതൽ ആകർഷിച്ചത്, എന്തെന്നാൽ തന്റെ മനസ്സിലെ സംഘർഷങ്ങൾ അത്രയും മനോരഞ്ജൻ ആ പാട്ടിലൂടെ പ്രേക്ഷരിലേക്കെത്തിച്ചു. ഉത്തമൻ  മുത്തരസനോട് താങ്കൾ ജനങ്ങളുടെ മനസ്സിൽ എന്നും ജീവിക്കാൻ ഒരു നാടകം തയ്യാറാക്കാൻ പറയുന്നത് ഓർക്കുക, അതിൽ നിന്നും തന്നെ പ്രേക്ഷകർ എന്നും ഓർക്കാൻ ഒരു അവസാന സിനിമയാണ് വേണ്ടത് എന്ന് നിലപാടെടുത്ത മനോരഞ്ജനെ കാണാം.
➽”விதைத்திடு உன்னை போல் ஒரு உயிரை, உயிர்த்து விளங்கும் என் கவிதை விளங்கும்
(വിതയ്‌തിട് ഉന്നൈ പോൽ ഒരു ഉയിരയ്, ഉയിർത്തു വിളങ്കും എൻ കവിതൈ വിളങ്കും.)
എന്ന ഒരു വരി ചിത്രത്തിലെ ഗാനരംഗങ്ങളിൽ പറയുന്നുണ്ട്. നിന്നെ പോലെ ഒരു ജീവനെ സൃഷ്ടിക്കുക, നീ പറയാൻ ഉദ്ദേശിച്ചത് നിന്റെ അഭാവത്തിൽ അവൻ പറയും എന്നാണ് ഇതിന്റെ അർത്ഥം.
ഈ ഒരു വരിയുടെ യഥാർത്ഥ അർത്ഥം തിരശ്ശീലയിൽ വരുന്നത് മനോ തന്റെ മകനോട് സംസാരിക്കുന്ന രംഗത്ത് ആണ്. മനോഹർ തനിക്ക് തിരക്കഥ എഴുതാൻ പഠിക്കണം എന്ന് പറയുന്നിടത്ത്, തന്റെ അച്ഛന്റെ കഴിവ് കോടമ്പാക്കത്തുള്ളവരെ കാണിക്കാനാണ് മനോഹർ ആഗ്രഹിക്കുന്നത്.
➽ മനോരഞ്ജൻ തന്റെ മകളെ ആദ്യമായി കാണുന്ന രംഗം ഓർക്കുക, അതിൽ മനോന്മണീ തനിക്ക് മനോരഞ്ജനുമായി യാതൊരു വിധ രൂപസാദൃശ്യം ഇല്ലെന്ന് പറയുന്നുണ്ട് എങ്കിലും മനോരഞ്ജന്റെ അതെ മാനറിസം മനോന്മണീ പ്രകടിപ്പിക്കുന്നുണ്ട്. കൈകെട്ടിയുള്ള ഇരിപ്പ്, വിരലുകളുടെ ചലനം തുടങ്ങിയവ. പക്ഷെ മനോരഞ്ജൻ ഇത് കാണാതെ മനോന്മണീ സമർത്ഥമായി മറക്കുന്നുമുണ്ട്.
➽ മരണത്തിനു മുൻപ് മനോരഞ്ജൻ അതീവ സന്തുഷ്ടമാകാനുള്ള കാരണം എന്തെന്നാൽ തന്റെ ലെഗസി തിരക്കഥ എഴുത്തു മൂലം തന്റെ മകനും , തന്നെ അംഗീകരിക്കാത്ത തന്റെ മകൾ തന്നെ അംഗീകരിച്ചതിനാൽ  താനിനി ഇവരുടെ മനസ്സിൽ അമരനാകും എന്ന യാഥാർത്ഥ്യത്താൽ ആണ്.
➽”நாம் வாழ்ந்த வாழ்வுக்கு சான்றாவது இன்னொரு உயிர் தானடி”
(“We can attest to the existence of another life)
ഈ വരി മന്മഥൻ അംബു എന്ന  ചിത്രത്തിലെയാണ്.കമൽ തന്നെ വരികൾ എഴുതിയ നീലവാനം എന്ന ഗാനത്തിലെ വരികൾ.  ഈ വരികൾ ഇവിടെയും , ഈ ചിത്രത്തിലും അർത്ഥവത്താകുന്നുണ്ട്.

ഹിരണ്യ നാടകം – The Climax

കമൽ എന്ന തിരക്കഥാകൃത്ത് ഏറെ തിളങ്ങിയത് ഇവിടെയാണ്.
➽നിങ്ങൾക്ക് ഹിന്ദു പുരാണത്തിലെ നാരായണ അവതാര കഥകൾ അറിയാം എങ്കിൽ നരസിംഹ അവതാര കഥ ശ്രദ്ധിക്കുക. പ്രഹ്ലാദൻ തന്റെ അച്ഛനായ ഹിരണ്യനെ ഒരു വില്ലൻ ആയി ആണ് കാണുന്നത്, ഹീറോ ആയി കാണുന്നത് നാരായണനെയും. അത് തന്നെയാണ് മനോരഞ്ജന്റെ കഥയും. മനോന്മണീ ഹീറോ ആയി കാണുന്നത് ജേക്കബ് സക്കറിയയെ ആണ്. മനോരഞ്ജനെ വില്ലൻ ആയും.
➽ ഉത്തമൻ  മുത്തരസനോട് ഒരു നാടകം കളിയ്ക്കാൻ പറയുമ്പോൾ ഹിരണ്യ നാടകം ആണ് നിർദ്ദേശിക്കുന്നത്. അപ്പോൾ സുടലായ് മുത്ത് ചോദിക്കുന്നുണ്ട്, പ്രഹ്ലാദ ചരിതം എന്ന് കേട്ടിട്ടുണ്ട്, ഇതെന്താ ഈ ഹിരണ്യ ചരിതം എന്ന്..അതിനു ഉത്തമന്റെ മറുപടി അത് അവന്റെ അപ്പന്റെ ചരിത്രം എന്നാതാണ്.
➽ ഹിന്ദു പുരാണം വളരെ നന്നായി വ്യത്യസ്ത രീതിയിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം. എന്തെന്നാൽ ഒരു വില്ലന്റെ വീക്ഷണത്തിൽ കൂടിയുള്ള കഥ പറച്ചിലാണ് നാം ഹിരണ്യ നാടകത്തിൽ കാണുന്നത്. മലയാളത്തിൽ എം.ടി വാസുദേവൻ നായർ ചന്തുവിന്റെ വീക്ഷണത്തിലൂടെ കഥ പറഞ്ഞ വടക്കൻ വീരഗാഥ പോലെ ഇതിൽ കമൽ എന്ന തിരക്കഥാകൃത്ത് ഹിരണ്യനെ നായകനാകുന്നു.
➽ നമ്മൾ ആ നാടകം ശ്രദ്ധിച്ചാൽ കാണാം, ഉത്തമൻ വിഷം കലർന്ന നഖം ഉപയോഗിച്ച് ഹിരണ്യ വേഷം കെട്ടിയ മുത്തരസനെ കൊല്ലാൻ പ്ലാൻ ചെയ്യുന്നു. എന്നാൽ മുത്തരസൻ സംഭാഷണം ഇല്ല എന്ന കാരണത്താൽ എളുപ്പമായ നരസിംഹ അവതാരം മതി എന്ന് പറയുന്നു.
➽ ഹിരണ്യ നാടകം അവസാനിക്കുന്നത് നരസിംഹത്തിന്റെ മരണത്തോടെയാണ്…യഥാർത്ഥത്തിൽ അത് നരസിംഹം ആണോ? അല്ല..അത് മുത്തരസന്റെ മരണം ആണ്..ആരാണ് മുത്തരസൻ? മനോരഞ്ജന്റെ ഉള്ളിലെ വില്ലൻ..
➽ മരണത്തിനു തൊട്ടു മുമ്പുള്ള മനോരഞ്ജന്റെ സീൻ ശ്രദ്ധിക്കുക, മുഖത്തിലെ ചായങ്ങൾ കഴുകിക്കളയുന്ന മനോ, യാമിനിയ്ക്ക് അയച്ച കത്ത് വായിച്ചു മനോയെ അച്ഛനായി അംഗീകരിക്കുന്ന മനോന്മണിയുമാണ് ആ ഷോട്ടിൽ. മുഖത്തെ ചായം കഴുകിക്കളയുന്തോറും മനോന്മണീ തന്റെ മനസ്സിലെ ഹീറോയെ മനസ്സിലാക്കുന്നു. അതായത് ചായം അവളുടെ മനസ്സിലെ അകൽച്ചയെ സൂചിപ്പിക്കുന്നു.
അവസാനം അയാളുടെ ഉള്ളിലെ സംഘർഷങ്ങളും, തന്റെ മകളോടൊത്തു ഇനി ജീവിക്കാൻ കഴിയില്ലലോ എന്ന സങ്കടവും കലർന്ന ഒരു ചിരി മനോരഞ്ജനിൽ കാണാനാവും.
➽ കമലഹാസൻ എന്ന തിരക്കഥാകൃത്ത് എന്ത് കൊണ്ട് ഹിരണ്യനെ തിരഞ്ഞെടുത്തു എന്ന് ചോദിച്ചാൽ..മനോരഞ്ജൻ- മനോന്മണീ തമ്മിലുള്ള ബന്ധവും, ഹിരണ്യൻ – പ്രഹ്ലാദൻ ബന്ധവും മാത്രമല്ല, ഹിരണ്യന്റെ ജീവിതവും മനോരഞ്ജന്റെ ജീവിതവും ഒരേപോലെയാണ്. ഇൻറർനെറ്റിൽ ഹിരണ്യനെക്കുറിച്ചു നോക്കിയാൽ ഇപ്രകാരം കാണാം.
Hiranyakashipu (Sanskrit: हिरण्यकशिपु, “clothed in gold”; the name is said to depict one who is very much fond of wealth and sex life: hiranya “gold,” kashipu “soft cushion”) is an Asura from the Puranic scriptures of Hinduism.
➽ ഇനി നാടകത്തിന്റെ അവസാനം ശ്രദ്ധിക്കുക, മുത്തരസനും സുടലായ് മുത്തുവും മരണപ്പെടുന്നു. ഉത്തമൻ അയൽ രാജ്യത്തെ രാജാവാണെന്ന  സത്യം പുറത്താകുന്നു. അവസാന ഷോട്ടിൽ തൂണിനു മുന്നിലായി മഹാവിഷ്ണുവിനെ അനുസ്മരിപ്പിക്കുന്ന വിധം മനോരഞ്ജനെ നാം കാണുന്നു. ഹിന്ദു പുരാണത്തിൽ സൃഷ്ടി ബ്രഹ്‌മാവും, സംഹാരം ശിവനും ആയതിനാൽ മഹാവിഷ്ണു സ്ഥിതിയെ സൂചിപ്പിക്കുന്നു. തന്റെ മക്കളുടെ മനസ്സിലും, ആരാധകരുടെ മനസ്സിലും, എന്തിനു,,അയാളെ അറിയുന്ന എല്ലാരുടെ മനസ്സിലും അയാൾ സ്ഥിരമായി, മരണമില്ലാത്തവനായി തുടരും എന്ന് സൂചിപ്പിച്ചു പടം അവസാനിക്കുന്നു.
Uttama Villain – A Story about Manoranjan who scripts a movie Uttama Villain with two major characters  Uttaman and Mutharasan with two different shades of the same person Manoranjan.