ഗുണ എന്ന ചിത്രത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിന്റെ തിരക്കഥയിലെ ബ്രില്യൻസ് മനസ്സിലാകും. നിങ്ങൾ യൂടൂബിൽ ആദ്യത്തെ 10 മിനുറ്റ് മാത്രമായി കാണുക, ശേഷം ഈ ലേഖനം വായിക്കുക. അപ്പോൾ തന്നെ തിരക്കഥയ്ക്ക് എത്ര മാത്രം പ്രാധാന്യം കൊടുത്ത ചിത്രമാണിത് എന്ന കാര്യം നമുക്ക് മനസ്സിലാക്കാം. 

കമലഹാസന്റെ തന്നെ ഹേറാമും വിരുമാണ്ടിയും പോലെ തന്നെ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ഒരു ക്ലാസിക് തന്നെയാണ് ഗുണ എന്ന് നിസംശയം പറയാം. മേൽ പറഞ്ഞ ചിത്രങ്ങളിലെ തിരക്കഥയിൽ ധാരാളം അർത്ഥങ്ങൾ ഒളിഞ്ഞിരിക്കുന്നവയാണ്.  അവയുടെ രചനയും കമൽ തന്നെ. എന്നാൽ Stockholm Syndrome ബാധിച്ച് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന ഗുണ എന്നയാളുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ സാബ് ജോണാണ്. സംഭാഷണങ്ങൾ ബാലകുമരനും സംവിധാനം സന്താനഭാരതിയും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ വളരെ പ്രധാനപ്പെട്ട സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ഇളയരാജയാണ്. അതായത് നടൻ, ഗായകൻ എന്ന നിലയിൽ മാത്രമേ കമൽ ഇതിൽ പ്രവൃത്തിച്ചിട്ടുള്ളൂ …  എന്നാൽ പോലും പല രംഗങ്ങളിലും ഒരു കമൽ ടച്ച് നമുക്ക് ഫീൽ ചെയ്യും. 

ചിത്രത്തിലേക്ക് കടന്നാൽ തുടക്കത്തിൽ തന്നെ കാണിക്കുന്ന രംഗം പൂർണ്ണ ചന്ദ്രനും പരമശിവനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഒരാൾ ഒറ്റക്കാലിൽ ടെറസിൽ നിൽക്കുന്നതുമാണ്. തുടക്കത്തിലെ ചാർമിനാറും ചുവരുകളിൽ തെലുങ്കുദേശം പാർട്ടിക്കും BJP ക്കും വോട്ട് ചെയ്യുക എന്ന എഴുത്തിൽ നിന്നും സ്ഥലം ഹൈദ്രാബാദ് ആണെന്ന് വ്യക്തം, രംഗം ഒരു വേശ്യാലയത്തിലേക്ക് മാറുന്നു. 1972 ൽ റിലീസായ Pakeezah എന്ന ചിത്രത്തിലെ ” ഇനീ ലോഗോ നേ ലേ ലിയാ ദുപ്പട്ടാ മേരാ ” എന്ന ഗാനത്തിന് ഒരു സ്ത്രീ നൃത്തം ചെയ്യുന്നത് കാണാം. പക്കീസാ എന്ന ചിത്രം ഒരു വേശ്യയുടെ കഥ പറയുന്ന ചിത്രമായിരുന്നു എന്നതിൽ നിന്ന് ആ ഗാനം മനപൂർവ്വം ഉൾക്കൊള്ളിച്ചതാണെന്ന് വ്യക്തം. 

” 2 മാസം താനേ… കലച്ചിടലാം .. ” എന്നു പറയുന്ന ഒരു സംഭാഷണവും നിനക്ക് AIDS ഇല്ല എന്ന് പറയുന്നതുമൊക്കെ കേൾക്കാം. ഇസ്മായിൽ എന്ന ലോക്കൽ ദാദ പണപ്പിരിവിന് വരുന്നു. വേശ്യാലയത്തിലേക്ക് ആളെ എത്തിക്കുന്നതും പോലീസ് ഇടപെടാതെ നോക്കുന്നതും ഇയാളാണ്.. പിന്നെ ക്യാമറ സൂം ചെയ്യുന്നത് നേരത്തേ പരമശിവനെ പോലെ നിന്നിരുന്ന ആളിലേക്കാണ്. അത് ഗുണയാണെന്ന് വ്യക്തമാകുന്നു. ഒരു വിവാഹ ഘോഷയാത്രയിലേക്ക് അയാൾ കടന്നു ചെന്ന് “അഭിരാമി അന്താഥി” യിലെ കവിതകൾ ചൊല്ലുന്നു. നാട്ടുകാർ മർദ്ദിക്കുന്നു. 

Pause … 

അഭിരാമി അന്താഥി. 

അഭിരാമി അന്താഥി എഴുതിയത് അഭിരാമി ഭട്ടാർ എന്നയാളാണ്. അഭിരാമി അഥവാ പാർവതി ദേവിയെ പ്രകീർത്തിക്കുന്ന 100 കവിതകൾ അടങ്ങുന്നതാണ് അന്താഥി. ഭട്ടാർ അഭിരാമിയുടെ കടുത്ത ഭക്തനായിരുന്നു. കാണുന്ന എല്ലാ സ്ത്രീകളിലും അയാൾ അഭിരാമിയെ കണ്ടിരുന്നു. അയാൾ ആ സ്ത്രീകളെ കണ്ടു വണങ്ങുകയും ചെയ്യുമായിരുന്നു.  ഈ പ്രവൃത്തി അയാളെ ഒരു ഭ്രാന്തനാക്കി മുദ്ര കുത്തിയിരുന്നു. 

അന്താഥിയുടെ ഉത്ഭവം എങ്ങനെ എന്നാൽ ഒരിക്കൽ തഞ്ചാവൂരിലെ രാജാവ് ഭട്ടാരിനെ കാണാതായി അയാളുടെ വീട്ടിലെത്തി. ഇന്ന് എത് ദിവസം എന്ന ചോദ്യത്തിന് ഭട്ടാർ പൗർണ്ണമി എന്ന് ഉത്തരം പറഞ്ഞു. യഥാർത്ഥത്തിൽ അന്ന് അമാവാസി ആയിരുന്നു. വാഗ്വാദം നീണ്ടപ്പോൾ പൗർണ്ണമി ആണെന്ന് തെളിയിച്ചില്ല എങ്കിൽ വധശിക്ഷ നേരിടേണ്ട ഗതി ഭട്ടാറിന് ഉണ്ടായി. അയാൾ താഴെ നൂറു വലിയ ചട്ടികളിൽ തിളച്ച എണ്ണ വെച്ച് അതിന് മുകളിലൂടെ പലക വെച്ച് ചാടിക്കടന്നു. 100 ചട്ടികളും കടക്കും മുമ്പ് പൗർണ്ണമി ആണെന്ന് തെളിയിക്കേണ്ടി ഇരിക്കുന്നു. ഇല്ലെങ്കിൽ ഒരു ചട്ടിയിൽ അയാളുടെ ജീവിതവും അവസാനിക്കും.  അന്താഥിയിലെ ഓരോ കവിതയുടേയും അവസാന വാക്ക് അടുത്ത കവിതയുടെ ആദ്യ വാക്കായി ഭട്ടാർ ആലപിച്ചു.  അയാൾ ഓരോന്ന് ഓരോന്ന് ആലപിച്ച് ചാടിക്കടന്നുകൊണ്ടിരുന്നു. കൃത്യം 79 മത് കവിതയുടെ അവസാനം സാക്ഷാൽ അഭിരാമി ഭട്ടാരുടെ ഭക്തി കണ്ടു മൂക്കുത്തി എറിയുകയുണ്ടായി. ആ മുക്കുത്തി ആകാശത്ത് പൂർണ്ണ ചന്ദ്രനായി തിളങ്ങി. അതു കണ്ടു രാജാവും പരിവാരങ്ങളും സ്തബ്ധരായിരിക്കെ ഭട്ടാർ 21 കവിതകൾ കൂടെ ചേർത്തു പാടി. നൂറാമത്തെ കവിതയുടെ അവസാന വാക്ക് ആദ്യത്തെ കവിതയുടെ ആദ്യ വാക്കായി അന്താഥി പൂർണ്ണമാക്കുന്നു. 

Back to the Film. 

പൂർണ്ണ ചന്ദ്രനും ” സെന്നിയിൽ മേൽ പത്മപാദം പതിത്തിടവേ ” ( താമര പോലുള്ള നിന്റെ പാദം എൻ തലയിൽ പതിക്കവേ ) എന്ന കവിതയുടെ ശകലവും ഒത്തിരി ചിന്തിപ്പിക്കുന്നതാണ്. 

ഡോക്ടറുമൊത്ത് ഗുണ സംസാരിക്കുന്നയിടത്ത് തന്റെ കളങ്കവും അശുദ്ധിയും മാറാൻ അഭിരാമി വരണം എന്ന ചിന്തയാണ് ഗുണയ്ക്ക് ഉള്ളത് എന്ന് മനസ്സിലാക്കാം. ഒരൊറ്റ ഷോട്ടിൽ ക്യാമറ കറക്കി നോൺ സ്റ്റോപ്പായി ഷൂട്ട് ചെയ്ത രംഗത്ത് കമൽ എന്ന അതുല്യ പ്രതിഭയെ കാണാം. ഒരു ഡോറിൽ തട്ടി അയാൾ വീഴും മുമ്പ് അഭിരാമി എന്ന ” മലൈ മകൾ ” , അവളെ കാണണം എന്ന് പറയുന്നുണ്ട്. 

പിന്നെ ചിത്രത്തിന്റെ ടൈറ്റിൽ കാർഡാണ്. കൂടെ ഇളയരാജയുടെ ഒരു പാട്ടും. ആ ഗാനത്തിലെ അർത്ഥം ഒരു പക്ഷേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും അർത്ഥവത്തായ ഗാനങ്ങളിൽ ഒന്നാണ്. 

വാലി എഴുതി ഇളയരാജ സംഗീതം ചിട്ടപ്പെടുത്തി അദ്ദേഹം തന്നെ പാടിയ അപ്പനെൻട്രും അമ്മയെൻട്രും എന്ന പാട്ടിലൂടെയാണ് ഗുണ എന്ന ചിത്രത്തിന്റെ ടൈറ്റിൽ എഴുതി തുടങ്ങുന്നത്. ആഴമേറിയതും അർത്ഥവത്തായതുമായ ആ ഗാനത്തിന്റെ അർത്ഥം ഒന്നു പരിശോധിക്കാം. 

அப்பனென்றும் அம்மையென்றும் ஆணும் பெண்ணும்

கொட்டி வச்ச குப்பையாக வந்த உடம்பு

ஞான பெண்ணே குப்பையாக வந்த உடம்பு

അച്ഛൻ എന്നും അമ്മയെന്നും പേരിൽ അവർ സൃഷ്ടിച്ച വെറുമൊരു മാലിന്യമാണീ ശരീരം .. 

அது புத்தனென்றும் சித்தனென்றும் பித்தனென்றும் ஆவதென்ன 

சக்கையாக போகும் கரும்பு

ஞான பெண்ணே சக்கையாக போகும் கரும்பு

അത് ബുദ്ധനായും സിദ്ധനായും ഭ്രാന്തനായും പരിണമിച്ചാലും അവസാനം  മരണത്തോട് കൂടി നീര്   പിഴിഞ്ഞെടുത്ത കരിമ്പിൻ ചണ്ടി പോലെ യാതൊരു ഉപകാരവുമില്ലാതെയാകാനാണ്  വിധി 

பந்த பாச சேற்றில் வந்து விழுந்த தேகம்

எந்த கங்கை ஆற்றில் இந்த அழுக்கு போகும்

പാപങ്ങൾ കഴുകിക്കളയാൻ ഗംഗാസ്നാനം ചെയ്യുന്നത് പുണ്യം, എന്നാൽ സ്നേഹവും ബന്ധങ്ങളും  അടക്കം സകല അഴുക്കിലും വീണ ഈ ശരീരത്തിലെ പാപം എവിടെ കഴുകി കളയും? 

குத்தம் குறை ஏதுமற்ற ஜீவன் இங்கு யாரடா

சுத்தம் என்று யாரும் இல்லை பாவ மூட்டை தானடா

കുറ്റവും കുറവുമില്ലാത്ത ആരാണീ ലോകത്തുള്ളത്? ശുദ്ധമായ ആരുമില്ല ഏവരും പാപത്തിൻ കലവറ തന്നെ .. 

சிவனை கூட பித்தன் என்று பேசுகின்ற ஊரடா

புத்தி கெட்ட மூடர்கென்றும் ஞான பார்வை யேதடா

ശിവനെ പോലും ഭ്രാന്തനായി മുദ്ര കുത്തിയ നാടാണിത് അതറിയൂ… 

ബുദ്ധിയില്ലാ മൂഢന്മാരിൽ ജ്ഞാനദൃഷ്ടി ഉണ്ടാകുമോ.. 

 ஆதி முதல் அந்தம் உன் சொந்தம் உன் பந்தம் நீ உள்ளவரைதான்

வந்து வந்து கூடும் கூத்தாடும் விட்டோடும் ஓர் சந்தை கடைதான்

இதில் நீ என்ன நான் என்ன வந்தாலும் சென்றாலும் என்னாச்சு விட்டு தல்லு
 
നിന്റെ സ്വന്തം ബന്ധം എന്ന് പറയുന്നവരെല്ലാം നീയുള്ളവരെ മാത്രം.. 

വന്ന് കൂടി കൂത്താടി, ആഘോഷിച്ച്, പിരിഞ്ഞ് കഴിയുന്നവരെല്ലാം അവരവരുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി മാത്രമായി വരുന്നവരാകുന്നു. 
ഇതിൽ നീയാര്? ഞാനാര്? 

கையும் காலும் மூக்கும் கொண்டு ஆட வந்த காரணம்

ஆடித்தானே சேத்து வச்ச பாவம் யாவும் தீரனும்

കയ്യും കാലും മൂക്കും ഒക്കെയായി  നാം ചെയ്ത പാപങ്ങൾ ആടിത്തീർക്കേണ്ടിയിരിക്കുന്നു. 
 
ஆட ஆட பாவம் சேரும் ஆடி ஓடும் மானிடா

ஆட நானும் மாட்டேன் என்று ஓடிப்போனதாரடா

പക്ഷേ ആടുന്തോറും  പാപങ്ങൾ കൂടുന്നതല്ലാതെ കുറയുന്നുണ്ടോ?  എന്നാൽ പോലും ആട്ടം നിർത്തി ആരും പോകാത്തത് എന്തുകൊണ്ട്? 

தட்டு கெட்டு ஓடும் தல்லாடும் என்னாலும் உன் உள்ளக் குரங்கு

கட்டுப்பட கூடும் எப்போதும் நீ போடு மெய்ஞான விலங்கு

மனம் ஆடாமல் வாடாமல்

மெய்ஞானம் உண்டாக அஞ்ஞானம் அற்று விழும்

മനുഷ്യ മനസ്സ് ഒരു കുരങ്ങിനെ പോലെയാണ്.  വിശ്രമമില്ലാതെ ഓടുകയും ചാടുകയും ചെയ്യുന്ന ഒരു കുരങ്ങ്.. ആ കുരങ്ങനെ നിയന്ത്രിക്കാൻ നീ ജ്ഞാനം കൊണ്ടൊരു കൂട് പണിയുക. അറിവും ജ്ഞാനവും കൂടും തോറും  നിന്റെ മനസ്സിന്റെ ചാഞ്ചാട്ടം കുറയുകയും ചെയ്യും 

ഗുണയെക്കുറിച്ച് പറയുമ്പോൾ അതിലെ സംഗീതത്തെ പറ്റി പറയാതിരിക്കാൻ കഴിയില്ല. ശരീരവും ആത്മാവും പോലെയാണ് ഗുണയും ഗുണയിലെ ഗാനങ്ങളും. ഗുണ സ്വയം മനസ്സിലാക്കിയത് എന്തെന്നാൽ അഴുക്ക് നിറഞ്ഞ തന്റെ ജീവിതം പവിത്രമാകാൻ അഭിരാമി വരണം എന്നതാണ്. അവളെ കണ്ടാലേ തനിക്ക് മുക്തി ലഭിക്കൂ എന്നവൻ വിശ്വസിച്ചു. ഇവിടെ രോഹിണി എന്ന നടിയാണ് ആദിരാമിയെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായി അവരെ കാണിക്കുമ്പോൾ സൂര്യന്റെ പ്രകാശത്തിൽ അവളുടെ മുഖം തിളങ്ങുന്നതായി കാണാം. 

അതിശയകരമായ കാര്യം എന്തെന്നാൽ അഭിരാമിയെ കാണിക്കുമ്പോൾ നാം കേൾക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ തുടക്കം ശ്രദ്ധിക്കുക. അതവിടെ അവസാനിക്കുന്നില്ല. ആ സംഗീതം അവസാനിക്കുന്നത് അഭിരാമിയുടെ മരണത്തോടെയാണ്. അതോടെ ആ പശ്ചാത്തല സംഗീതവും മരണപ്പെടുന്നു.

ചിറ്റപ്പനായ ജനകരാജ് പിപ്പിരിപ്പിപ്പിരിപ്പീ എന്ന് എന്ന് പറഞ്ഞ് ചൂണ്ടുന്നിടത്ത് ഗുണ അഭിരാമിയെ കാണുന്നു. ഇത് തന്നെയാണോ അഭിരാമി എന്ന സംശയം ഉളവാകുന്നു. തല മുട്ടി മണി മുഴങ്ങുന്നു. ചെറുചിരിയോടെ അഭിരാമി നടന്നകലുന്നു. സെക്യൂരിറ്റി ഗാർഡ് അവളുടെ ഭാഗത്തേക്ക് കൈ ചൂണ്ടുന്നു. സൈൻ ബോർഡ് അവളുടെ ഭാഗത്തേക്ക് തിരിയുന്നു. ക്ഷേത്രത്തിലെ തുണി പറന്ന് അവളുടെ ഭാഗത്തേക്ക് ചെല്ലുന്നു. ഗുണയെ പോലെ ഒരാൾക്ക് ഇത്രയും അയാളങ്ങൾ മാത്രം മതിയായിരുന്നു അവൾ തന്നെയാണ് അഭിരാമി എന്ന് അടിയുറച്ച് വിശ്വസിക്കാൻ . 

ഈ സാഹചര്യങ്ങൾ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങൾക്ക് നൽകിയ രാഗം പാവനിയുടെ വകഭേദമായ സരംഗതരംഗിണിയാണ്. അഭിരാമി അന്താധിയിലെ വരികളോട് കൂടി ഗാനം തുടങ്ങുന്നു. “ആയകിയാതി ഉടെയാൻ ” എന്ന് തുടങ്ങുന്ന വരികളിൽ അഭിരാമിയുടെ കാലുകളാണ് കാണിക്കുന്നത്. വരികളുടെ അർത്ഥം പറയുന്നത് എല്ലാത്തിന്റെയും ഉത്ഭവം അഭിരാമിയുടെ പാദത്തിൽ നിന്നാണ് എന്നാണ്. ഗാനം തുടങ്ങുന്നു. മനോഹരമായ മെലഡി. ദാസേട്ടൻ ആലപിച്ചത്. 

പാവനി എന്ന രാഗത്തിലാണ് “പാർത്ത വിഴി പാർത്ത പടി ” ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാവനി രാഗം പാപം കഴുകിക്കളയാനുള്ള രാഗമായാണ് ഉപയോഗിക്കാറ്. (ചിത്രത്തിൽ ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കുന്നതിന്റെ പിറ്റേ ദിവസം ഗുണ അഭിരാമിയെ കാണുന്നു. തന്റെ സർവ്വ പാപപരിഹാരിയായാണ് അവൻ അവളെ കാന്നുന്നതും) 

ഇളയരാജ ഉപയോഗിച്ചിരിക്കുന്ന താളം കണ്ഡമാണ് ( ത ക ത കി ട ) കണ്ഡം സാധാരണ ഉപയോഗിക്കുന്നത് ശിവതാണ്ഡവത്തിലാണ്. ആഭിരാമിയുടെ മാറിൽ തിളങ്ങുന്ന പവിഴമാലയും സർപ്പ സൗന്ദര്യം ജ്വലിക്കുന്ന ഉടലും സകല വേദങ്ങളും കുടികൊള്ളുന്ന പാദങ്ങളും വർണ്ണിക്കുന്ന വരികളിൽ രാജ കല്യാണി രാഗം ചിട്ടപ്പെടുത്തിയിട്ടുമുണ്ട്. ഗുണ സ്വപ്നം കാണുന്ന അഭിരാമിയോടൊത്തുള്ള ശിവതാണ്ഡവത്തിൽ വീണ്ടും പാവനി രാഗം തന്നെ വരുന്നു. ചെണ്ടയുടെ ധ്വനിയാൽ ഗാനം അവസാനിക്കുന്നു. 

ഗുണയും പരമ ശിവനും തമ്മിലുള്ള ബന്ധം ആദ്യ പാട്ടിൽ മാത്രമായി ഒതുങ്ങുന്നില്ല. കണ്മണി അൻപോട് കാതലൻ എന്ന ഗാനത്തിന്റെ രാഗം ശങ്കരാഭരണമാണ്. ശിവന്റെ ആഭരണം എന്നും അർത്ഥമാക്കാം. അത് മാത്രമല്ല, ഗുണയുടെ കൂടെ അമ്പലത്തിൽ മോഷ്ടിക്കാൻ കൂടെ കൂടുന്ന രണ്ടു പേരുടെ പേരുകളും ശിവനോട് ബന്ധപ്പെട്ടതാണ്.. കാശിയും അനുമന്ധും. ശിവ, രുദ്ര യോട് ബന്ധപ്പെട്ട പേരുകൾ. കൂടാതെ അനുമന്ധൻ കൊല്ലപ്പെടുന്നത് ഒരു ശൂലം നെഞ്ചിൽ തറച്ചുമാണ്.

പൊലീസുകാരനായ ഒരു കഥാപാത്രത്തിന്റെ പേര് മൂവേന്ദർ എന്നാണ്.മൂന്ന് ലോകങ്ങളുടെയും അധിപൻ എന്നർത്ഥം.ത്രിശൂലവും ത്രിക്കണ്ണും കൂടാതെ ത്രിലോകവും. 🙂 അഭിരാമി ഭട്ടാറും അദ്ധേഹത്തിന്റെ അന്താദിയും ചിത്രത്തിൽ നിറഞ്ഞു നില്ക്കുന്നുണ്ട്, ഗുണ അഭിരാമിയെ താലി കെട്ടാൻ ആഗ്രഹിക്കുന്നത് പൗർണ്ണമിയുടെ അന്നാണ്.അഭിരാമി ഇന്നാണ് പൗർണമി എന്ന് പറഞ്ഞു ഗുണയോട് താലി കെട്ടാൻ ആവശ്യപ്പെടുന്നു. അഭിരാമിയുടെ വാക്കുകൾ ഗുണ അനുസരിക്കുന്നു.അതായത് യഥാർത്ഥത്തിൽ ഭട്ടാർക്ക് വേണ്ടി അഭിരാമി പൗർണമി മാറ്റിമറിച്ചത് പോലെ.

ഒരിക്കലും മരണമില്ലാത്തവർ ആണ് നമ്മൾ എന്നും ഞാൻ സാമിയാണ് എന്നും പറയുന്ന ഗുണയുടെ മുന്നിലേക്ക്‌ അഭിരാമി മരിച്ചു വീഴുന്ന രംഗം…കോപത്തോടെ ശിവതാണ്ഡവം ആടുന്ന രീതിയിൽ കയ്യുകളും കാലുകളും ചലിപ്പിക്കുന്ന ഗുണയെ കാണാം. അമരത്വവും പ്രണയവും മനസ്സിലാകാൻ മനുഷ്യർക്ക്‌ കഴിയില്ല എന്ന് പറഞ്ഞു അഭിരാമിയുടെ ശരീരം തോളിലേറ്റി ഗുണ ചാടുമ്പോൾ ചിത്രം അവസാനിക്കുന്നു.അവസാന രംഗം ഒരു പൗർണമിയാണ്.

ഗുണ എന്ന  ചിത്രം തുടങ്ങുന്നതും ഒരു പൗർണമിയിൽ നിന്നാണ്..അതിനടുത്ത രംഗം ശിവനെ അനുകരിച്ചു ഗുണ നില്ക്കുന്നതും. ഇനി, ചിത്രം തീരും മുൻപ് ഗുണ അഭിരാമിയെ തോളിലേറ്റി അതേ പൊസിഷനിൽ നില്ക്കുന്നുണ്ട്.അവസാനിക്കുന്നതും ഒരു പൗർണ്ണമിയിൽ തന്നെ. എന്ത് മനസ്സിലാക്കാം?? അഭിരാമി ഭട്ടാർ എഴുതിയ അന്താദി ഓർക്കുക.അതിലെ ആദ്യ വരിയാണ് അവസാന വരി..:) 

ഗുണ എന്ന ചിത്രം കാണുന്തോറും വിസ്മയിപ്പിക്കുന്ന ഒന്നാണ്. കണ്ടിട്ടില്ല എങ്കിൽ തീർച്ചയായും കാണേണ്ട ഒരു ചിത്രവും. നന്ദി! 
Ref – Palagarakadai aka The Drunken Monk Blog