🔺കോർട്ട് റൂം ചിത്രങ്ങൾ കാണുമ്പോൾ തോന്നാറുള്ള ഒരു കാര്യം എന്തെന്നാൽ അതിലെ കോടതി മുറിയിലെ അന്തരീക്ഷത്തിലെ ന്യൂനതയാണ്‌. 

🔻ശരിയാണ്. യഥാർത്ഥ കോടതി എങ്ങനെ എന്നറിയാൻ മറാത്തി ചിത്രം കോർട്ട് കാണേണ്ടിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. 

🔺മലയാള ചിത്രം മേൽവിലാസം ആ നിലയിൽ നീതി പുലർത്തിയതാണ്. 

🔻പക്ഷേ ഒരു വാണിജ്യ സിനിമയിലെ കോടതിയിൽ നായകന്റെ വാദങ്ങൾക്ക് കയ്യടിക്കാൻ ആളുകൾ വേണം, ജഡ്ജി ചുറ്റിക കൊണ്ട് ഓർഡർ ഓർഡർ പറയണം.. തെളിവുകളേക്കാൾ വികാരങ്ങൾക്ക് പ്രാധാന്യം നൽകണം എന്നത് അലിഖിത നിയമമാണ്. 

🔺Jolly LLB 2 എന്ന ചിത്രത്തിൽ കോടതി മുറി യഥാർത്ഥ കോടതിയുമായി പുലബന്ധം പോലുമില്ലാത്ത ഒന്നാണ്. 

🔻അതൊരു നെഗറ്റീവായി കാണേണ്ടതില്ല.  ഇതൊരു കച്ചവട സിനിമയാണ്. ഇതിലെ നായകൻ ജോളി ലക്നൗവിൽ വക്കീലായി പ്രാക്ടീസ് ചെയ്യുന്നയാളാണ്.  ഒരു കേസ് പോലും ഇതുവരെ വാദിച്ചിട്ടില്ല. 

🔺ഭാര്യയ്ക്ക് വിസ്ക്കി വാങ്ങി കൊടുക്കൽ, വീട്ടുജോലി ചെയ്യൽ തുടങ്ങി സാധാരണ ലക്നൗകാരൻ ചെയ്യാത്ത കാര്യങ്ങളൊക്കെ ചെയ്യുന്ന  സ്നേഹമുള്ള ഭർത്താവ്. സ്വന്തമായി ഒരു ചേമ്പർ നേടിയെടുക്കുക എന്നതാണ് സ്വപ്നം. 

🔻ആ സ്വപ്നത്തിലേക്കുള്ള വഴിയിൽ ഒരു തെറ്റ് ജോളി ചെയ്യുന്നു. ആ തെറ്റിന്റെ പരിണിത ഫലം മാപ്പ് അർഹിക്കാത്ത പാപമായി മാറുന്നു. തുടർന്ന് ഒരു കേസ് വാദിച്ചു ജയിക്കേണ്ട നിലയിലേക്ക് ജോളി എത്തുന്നു. ഇതാണ് കഥാസാരം 

🔺നായകനെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച 2 പേർ ചിത്രത്തിലുണ്ട്. അന്നു കപൂറും സൗരഭ് ശുക്ലയും. 

🔻അന്നു കപൂറിന്റെ അതേ മാനറിസങ്ങൾ ഞാൻ മലയാള നടൻ  ഹരീഷ് പെരടിയിൽ കണ്ടിട്ടുണ്ട്, അന്നു കപൂർ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിയാണ്. രണ്ടാം പകുതിയിലൊക്കെ ഗംഭീരമായിരുന്നു. 

🔺സൗരഭ് ശുക്ലയ്ക്ക് കയ്യടി ലഭിക്കുന്ന രംഗങ്ങൾ ധാരാളമുണ്ട്. സത്യത്തിൽ പടം കഴിഞ്ഞതോടെ ഞാൻ പുള്ളിയുടെ ഫാനായി മാറി. 

🔻സയാനി ഗുപ്ത വളരെ കുറച്ച് രംഗങ്ങളിൽ വന്നുള്ളൂ എങ്കിലും മനസ്സിൽ നിന്നും മായാത്ത പ്രകടനം കാഴ്ച വെച്ചു. ചിത്രത്തിലെ യഥാർത്ഥ നായിക എന്ന് പറയാം. 

🔺ഹുമ ഖുറൈഷി എന്ന നായികയുടെ ആവശ്യമേ ഉള്ളതായി തോന്നിയില്ല. തൃപ്തികരമായ പ്രകടനവും ആയിരുന്നില്ല. 

🔻അക്ഷയ് കുമാറിന്റെ പ്രകടനം നന്നായിരുന്നു. ക്ലൈമാക്സിനോട് അടുക്കുന്ന രംഗങ്ങൾ എല്ലാം കൊള്ളാം. എന്നാൽ അതേ സമയം അദ്ദേഹത്തിന് ചാലഞ്ചായി തോന്നിയ റോളുമല്ല ഇതിലെ ജോളി. 

🔺ആദ്യ പകുതിയേക്കാൾ രസകരമാണ് രണ്ടാം പകുതി. ഒരൊറ്റ രംഗം പോലും ബോറടിക്കാതെ കാണാവുന്ന ഒരു കോർട്ട് റൂം ഡ്രാമ. 

🔻കൈകാര്യം ചെയ്ത വിഷയം വളരെ പ്രസക്തമാണ്, അതിനാൽ തന്നെ സാമൂഹിക പ്രതിബദ്ധയുള്ള ചിത്രം എന്നും പറയാം.. എന്നാൽ അതിന്റെ ഗൗരവത്തിനനുസരിച്ചുള്ള ഒരു ക്ലൈമാക്സ്  ഇല്ലാത്തത് ന്യൂനതയാണ്. 

🔺മൊത്തത്തിൽ തൃപ്തിപ്പെടുത്തുന്ന ചിത്രം. ഒരിക്കലും നിരാശപ്പെടില്ല. ധൈര്യമായി ടിക്കറ്റെടുക്കാം. 

🔻റേറ്റിംഗ്? 

⛧ 3/5