ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 4 യുദ്ധം പ്രത്യക്ഷത്തിൽ നടന്നു എന്നും എന്നാൽ അഞ്ചാമതായി നടന്ന യുദ്ധം അധികമാരും അറിയാത്ത ഒന്നായി മാറിയതും, അതിനെ ആസ്പദമാക്കിയാണ് ഈ ചിത്രം എന്നുമാണ് ട്രെയിലർ പ്രേക്ഷകനോട് പറഞ്ഞത്. ശരിയാണ്.. അതേ പറ്റി നാം കേട്ടിട്ടുപോലുമില്ല. 

സമുദ്രത്തിനിടയിലെ യുദ്ധരംഗങ്ങളാൽ സമ്പന്നമായ സിനിമയായതിനാൽ ആദ്യദിനം തന്നെ തീയേറ്ററിൽ കാണണം എന്നുറപ്പിച്ചിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ 3 ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം തീയേറ്ററിൽ കാണുമ്പോൾ ഒരു ദൃശ്യ വിസ്മയം ആയോ എന്ന് ചോദിച്ചാൽ ധൈര്യമായി അതേ എന്ന് പറയാം. ബജറ്റിന്റെ കുറവ് ചിലയിടങ്ങളിൽ മുഴച്ചു നിൽക്കുന്നു എന്നതൊഴിച്ചാൽ നല്ല സാങ്കേതിക മികവാർന്ന ചിത്രം. 

അമേരിക്കക്കാരുടെ പക്കൽ നിന്നും കടമെടുത്ത PNS ഘാസി എന്ന സബ് മറൈൻ ഉപയോഗിച്ച് നമ്മുടെ എയർ ക്രാഫ്റ്റായ INS വിക്രാന്ത് തകർക്കാൻ പാക്കിസ്ഥാൻ തീരുമാനിക്കുകയും വിശാഖപ്പട്ടണത്ത് അവർ എത്തുകയും ചെയ്യുന്നു. വിവരം ലഭിക്കുന്ന ഇന്ത്യൻ നേവി മേജർ റൺ വിജയ് സിംഗിനെ തലവനായി നിയമിച്ച് അവിടേക്ക് അയക്കുന്നു. കൂടെ അർജുൻ എന്ന യുവാവായ ക്യാപ്റ്റനും, അക്രമിക്കരുത് പ്രതിരോധം മാത്രം മതി എന്ന കൽപ്പനയിൽ അസ്വസ്ഥനായ റൺ വിജയ് എതിർപ്പുകളെ അതിജീവിച്ച് മിഷൻ വിജയകരമാക്കുന്നോ ഇല്ലയോ എന്നതാണ് ബാക്കി കഥ. 

റൺ വിജയ് സിംഗായി കേ കേ മേനോൻ ഗംഭീര പ്രകടനം കാഴ്ച വെച്ചു. റഫ് & ടഫ് ആയ ഒരു പട്ടാളക്കാരനെ നേരിൽ കാണുന്ന ഒരു ഫീൽ ആയിരുന്നു. ചിത്രം മുഴുവൻ ഒരേ മുഖ ഭാവവുമായി റണ ശരാശരി പ്രകടനം കാഴ്ച വെച്ചപ്പോൾ അതുൽ കുൽക്കർണ്ണി അക്ഷരാർത്ഥത്തിൽ ഷോ സ്റ്റീലർ ആയി മാറി.. അധിക പ്രാധാന്യമില്ലാത്ത റോൾ ആയിരുന്നു തപ്സിയുടേത്. അതവർ ഭംഗിയായി ചെയ്തു. 

തുടക്കം മുതൽ ഒടുക്കം വരെ പൂർണ്ണമായും ഒരു അന്തർവാഹിനിക്കുള്ളിൽ ചിത്രീകരിച്ച മസാല എലമെന്റുകൾ ഒന്നും തന്നെയില്ലാതെ പൂർണ്ണമായും ജോണറിനോട് നീതി പുലർത്തിയ ചിത്രം ഒരു യഥാർത്ഥ സംഭവമല്ല. ഫിക്ഷനാണ്. 90 പേരടങ്ങുന്ന പാക്കിസ്ഥാന്റെ ഘാസി എന്ന അന്തർ വാഹിനി തകർത്തത് തങ്ങളാണ് എന്ന് ഇന്ത്യയും, മെഷിനറിയുടെ കേടുപാട് മൂലം തകർന്നതാണ് അല്ലാതെ ഇന്ത്യ തകർത്തതല്ല എന്ന് പാക്കിസ്ഥാനും വാദിക്കുന്നു. ചിലർ ഇതു രണ്ടുമല്ല എന്നും. യഥാർത്ഥ കാരണം ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമായി തുടരുന്നു. 

ആവശ്യത്തിനും അനാവശ്യത്തിനും ദേശീയത നിറച്ചു വച്ച ചിത്രം എന്നും പറയാം. അവസാന രംഗങ്ങളിലെ സാരേ ജഹാം സേ അച്ഛാ.. , ജന ഗന മന എന്നിവ വ്യക്തിപരമായി എനിക്ക് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി എങ്കിലും ഞാനൊഴികെ ഏവരും തീയേറ്ററിൽ എഴുന്നേറ്റ് നിന്നപ്പോൾ അത് സംവിധായകന്റെ വിജയമായി ഞാൻ  കാണുന്നു. 

2 മണിക്കൂർ ത്രില്ലടിപ്പിക്കുന്ന നല്ല രീതിയിൽ പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കുന്ന ചിത്രം എനിക്ക് നൽകിയത് പൂർണ്ണ തൃപ്തിയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ നൽകുന്നത് അഞ്ചിൽ നാലാണ്.