മികച്ച ക്രൈം ത്രില്ലറുകൾ ഏറ്റവും കൂടുതൽ റിലീസ് ചെയ്യുന്നത് തമിഴിലാണ് എന്ന് തോന്നിപ്പോയാൽ അതിൽ അതിശയിക്കത്തക്ക ഒന്നുമില്ല. മുൻനിര നായകൻമാർ ഇല്ലെങ്കിലും ശക്തമായ തിരക്കഥയുടെ ബലത്തിൽ കുറഞ്ഞ ബജറ്റിൽ അവർ ചിത്രങ്ങൾ റിലീസ് ചെയ്യാറുണ്ട്. അതിൽ ഭൂരിഭാഗവും വാണിജ്യവിജയം നേടാറുമുണ്ട്. 

കുട്രം 23 എന്ന ചിത്രം നല്ല ത്രില്ലറുകളുടെ കൂട്ടത്തിൽ ഇടം പിടിക്കുന്ന ഒന്നാണ്. 23 എന്ന സംഖ്യയ്ക്ക് ചിത്രത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. നായകനായ  ACP വെട്രിമാരന് ലഭിക്കുന്നത് ഒരു സീരിയൽ കില്ലറുടെ കേസാണ്. പ്രത്യക്ഷത്തിൽ കൊലപാതകം എന്ന് തോന്നില്ല എങ്കിലും മരണപ്പെട്ട സ്ത്രീകൾ എല്ലാം ഗർഭിണികളായിരുന്നു എന്നതും അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന നിർണ്ണായക തെളിവ് ലഭിക്കുന്നിടത്ത് ചിത്രം കൂടുതൽ എൻഗേജിംഗ് ആകുന്നു. 

പേസിംഗ് എങ്ങനെ മനോഹരമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളിൽ ഒന്നായി ഈ ചിത്രത്തെ കാണാം. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ റൊമാൻസ് പോർഷൻ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു. ഒരൊറ്റ രംഗം പോലും വേണ്ടായിരുന്നു എന്ന് തോന്നാത്ത വിധം പ്ലേസ് ചെയ്ത്, ഗാനങ്ങളും മടുപ്പില്ലാതെ ഉൾക്കൊള്ളിച്ച വിധം പ്രശംസനീയമാണ്. പോലീസ് കഥയിലെ നായിക GVM ചിത്രങ്ങളിലെ പോലെ ബോൾഡായ ഒന്ന് തന്നെ. മഹിമാ നമ്പ്യാർ (കാര്യസ്ഥനിൽ അഭിനയിച്ചു എന്ന് വിക്കി പറയുന്നു) നല്ല പ്രകടനമായിരുന്നു. 

ഇൻറർവെൽ സമയം പ്രതീക്ഷിക്കാത്ത ഒരു നടുക്കം പ്രേക്ഷകനിൻ ഉളവാക്കി, ഉദ്വേഗജനകമായി മുന്നേറുന്ന ചിത്രം തൃപ്തികരമായ ക്ലൈമാക്സും സമ്മാനിക്കുന്നു. ഇതൊരു സസ്പെൻസ് ചിത്രമല്ല എന്നും ഓർമ്മിപ്പിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നതും. 

അരുൺ വിജയ് സൂപ്പർ ഫിറ്റായി, ഒരു പോലീസുകാരന്റെ എല്ലാ മാനറിസങ്ങളോടു കൂടി ഗംഭീര പ്രകടനം കാഴ്ചവെച്ചു. അരവിന്ദ് ആകാശ് കോമഡിയിൽ നിന്നും മാറി വില്ലൻ വേഷം മിതത്വത്തോടു കൂടി കൈകാര്യം ചെയ്തു.   തമ്പി രാമയ്യ ഒട്ടും വെറുപ്പിക്കാതെ അവസാനം കയ്യടി വാങ്ങേണ്ട പ്രകടനം നടത്തി. വംശി കൃഷ്ണ നായകനൊത്ത വില്ലനായി തിളങ്ങി. 

തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്തുന്ന ചിത്രം. മാസ്സിന് മാസ്സും ക്ലാസിന് ക്ലാസും ഒരേ പോലെ തോന്നിപ്പിക്കുന്ന ഒരു ഡാർക്ക് ത്രില്ലർ. 

Rating – 3.5/5