തമിഴ് ത്രില്ലർ സിനിമയിൽ ഇപ്പോൾ മെഡിക്കൽ ക്രെയിം തീം ആയി ധാരാളം ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്. ആ കൂട്ടത്തിലെ ഒന്നാണ് യാക്കൈ എന്ന ഈ ചിത്രം. കൃഷ്ണ , സ്വാതി , പ്രകാശ് രാജ് എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്നു. 

പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെ MD യെ ആരോ ക്രൂരമായി കൊല ചെയ്യുന്നു. ആ കേസ് അന്വേഷണം പ്രകാശ് രാജിന്റ നേത്യത്വത്തിൽ ആരംഭിക്കുമ്പോൾ പാരലലായി ഒരു കോളേജ് പ്രണയവും കാണിക്കുന്നു. പ്രണയവും കേസന്വേഷണവും ഒരു പോയിന്റിൽ എത്തുമ്പോൾ കൂട്ടിമുട്ടുന്നു. തുടർന്നുള്ള സംഭവ വികാസങ്ങളാണ് യാക്കൈ. 

സംവിധായകന് ഇതൊരു ഗ്രിപ്പിംഗ് ത്രില്ലർ ആക്കാം, അല്ലെങ്കിൽ ഒരു റൊമാന്റിക് ചിത്രം. കുഴന്തൈ വേലപ്പൻ എന്ന അദ്ദേഹം ത്രില്ലിംഗ് കുറച്ച് റൊമാൻസിന് അധിക പ്രാധാന്യം നൽകി. ഫലമോ.. നല്ലൊരു ത്രെഡ് വെറും ശരാശരി സിനിമയായി മാറി. യുവാൻ ശങ്കർ രാജയുടെ ഗാനങ്ങൾ കൊള്ളാം. BGM ചിത്രത്തിന് പ്ലസ് ആണ്. 

കൃഷ്ണ – സ്വാതി റൊമാന്റിക് രംഗങ്ങൾ എല്ലാം 20 വർഷം പിറകിൽ ഉള്ള സംഗതിയാണ് എന്ന് പറയേണ്ടി വരും. 2 മണിക്കൂർ ചിത്രത്തിൽ പകുതിയിലേറെ റൊമാൻസിനായി മാറ്റി വെച്ചത് ചിത്രത്തിന്  നെഗറ്റീവായി ഭവിച്ചു. ഇൻറർവെൽ ഒരുഗ്രൻ ട്വിസ്റ്റ് നൽകുന്നുണ്ട്. മുന്നോട്ട് കാണാൻ ആ വഴിത്തിരിവ് നിർണ്ണായക പങ്കു വഹിക്കും. അവസാന 30 മിനുറ്റ് രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നതും വയലൻസ് നിറഞ്ഞ ആക്ഷൻ രംഗങ്ങളും ഒരു കൊറിയൻ ചിത്രം പോലെ തോന്നിച്ചു . 

പ്രകാശ് രാജ് മികച്ചു നിന്നു. കൃഷ്ണയും സ്വാതിയും ശരാശരിയായി തോന്നി. വില്ലനെ അവതരിപ്പിച്ചയാൾ അസഹനീയമെന്ന് പറയാതെ വയ്യ. രഘുവരൻ, കാർത്തിക് എന്നിവരുടെ മാനറിസങ്ങൾ അതേപടി പകർത്താനുള്ള ഒരു വിഫല ശ്രമം മാത്രം. 

മൊത്തത്തിൽ യാക്കൈ എന്ന ചിത്രം ഒരു ശരാശരി ത്രില്ലർ മാത്രമായി ഒതുങ്ങുന്നു. ത്രില്ലിംഗ് രംഗങ്ങൾ കുറച്ച് റൊമാന്റിക് രംഗങ്ങൾക്ക് പിറകേ പോയതിനാൽ സംഭവിച്ച നെഗറ്റീവ് എന്ന് പറയാം. 

Rating – 2.25/5