കർണാടകയിലെ 80 % തീയേറ്ററുകളിലും ഫെബ്രുവരി അവസാനം റിലീസായ ചിത്രമാണ് കിച്ച സുദീപയുടെ ഹെബ്ബുലി എന്ന ചിത്രം. കൊച്ചി PVR ലും ചിത്രം റിലീസായിരുന്നു. രവിചന്ദ്രൻ മാണിക്യ എന്ന BB ക്ക് ശേഷം സുദീപയോട് കൂടി വീണ്ടും ഒന്നിക്കുന്ന ചിത്രം അമലാ പോളിന്റെ ആദ്യ കന്നഡ ചിത്രം കൂടിയാണ്. കർണാടകയുടെ ഏറ്റവും വലിയ ഹൈപ്പോടു കൂടിയ ചിത്രം തീയേറ്ററിൽ നിന്നും തന്നെ കാണാൻ തീരുമാനിച്ചിരുന്നു. 

ഹെബ്ബുലി എന്ന ചിത്രം പറയുന്നത് പാരാ കമാണ്ടോ ആയ റാമിന്റെ കഥയാണ്. ആരേയും ഭയപ്പെടാത്ത, ദേശസ്നേഹിയായ റാം ഒരു കമാൺഡോ ഓപ്പറേഷന് ശേഷം തിരിച്ചെത്തുമ്പോൾ തന്റെ ചേട്ടനും IAS ഓഫീസറുമായ സത്യമൂർത്തി ആത്മഹത്യ ചെയ്തതായി അറിയുന്നു. നാട്ടിലെത്തിയ റാം അതൊരു ആത്മഹത്യ അല്ലെന്ന് പ്രഥമദൃഷ്ടിയാൽ മനസ്സിലാക്കുന്നു. തുടർന്നുള്ള ആവേശഭരിതമായ കഥയാണ് ഹെബ്ബുലി . 

ബിഗ് ബജറ്റിൽ, ഹൈപ്പിൽ വന്ന ചിത്രം പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒന്നായിരുന്നു. തുടക്കത്തിലെ കമാൺഡോ ഓപ്പറേഷനും കാശ്മീരിലെ ദൃശ്യഭംഗിയും പ്രധാന പ്ലസ് പോയിന്റുകളാണ്. നായകന് വേണ്ടി സൂപ്പർ ഹീറോ ഫൈറ്റുകൾ ഒരുക്കാതെ ഒരു പട്ടാളക്കാരന്റെ ശരീര ഭാഷയും സംഘട്ടനവും ഒരുക്കിയ ഫൈറ്റ് മാസ്റ്റർ അഭിനന്ദനം അർഹിക്കുന്നു.  ഒരൊറ്റ സെക്കന്റ് പോലും ബോറടിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. 

കിച്ച സുദീപ അഭിനന്ദനം അർഹിക്കുന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ അമല പോൾ വെറും ഗ്ലാമർ ഡോൾ മാത്രമായി. രവിചന്ദ്രനും രവികിഷനും കബീർ ഭൂഹൻ സിംഗും മത്സരിച്ച് അഭിനയിച്ചു. ചിത്രത്തിലെ ഡയലോഗുകൾ മികച്ചതാണ്. ക്ലൈമാക്സടക്കം ചില രംഗങ്ങളിൽ ഉഗ്രൻ കയ്യടി നേടിയതുമാണ്. 

മൊത്തത്തിൽ എല്ലാ അർത്ഥത്തിലും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന മാസ്സ് ആക്ഷൻ ചിത്രം. സിനിമാറ്റോഗ്രാഫിയും പശ്ചാത്തല സംഗീതവും അഭിനയവും തുടങ്ങി എല്ലാ വിഭാഗങ്ങളിലും മികവ് കൈവരിച്ച ചിത്രം. 

എനിക്ക് കിട്ടിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ ഞാൻ നൽകുന്നത് അഞ്ചിൽ നാലാണ്. അഭിപ്രായം വ്യക്തിപരം, തീയേറ്ററിൽ കണ്ട് വിലയിരുത്തുക. 

Rating – 4/5