ത്രില്ലറുകൾ 2 തരമുണ്ട്. ഒന്ന് ധ്രുവങ്ങൾ 16 പോലെ കഥ മുന്നോട്ട് പോയി ക്ലൈമാക്സിൽ ഞെട്ടിപ്പിക്കുന്ന സസ്പെൻസ് തരുന്നവ, മറ്റൊന്ന് സസ്പെൻസ് ഒന്നും കാണില്ല. പക്ഷേ അടുത്ത രംഗം എന്താണെന്നോ ഏത് രീതിയിൽ കഥ മുന്നോട്ട് പോകുമെന്നോ നമുക്ക് പ്രവചിക്കാൻ കഴിയില്ല. മാത്രമല്ല കഥയിൽ ട്വിസ്റ്റുകൾ വന്നു കൊണ്ടേയിരിക്കും. അത്തരത്തിൽ ഒരു ത്രില്ലറാണ് മാനഗരം.

ചെന്നൈ എന്ന മെട്രോ സിറ്റിയുടെ രാത്രി ജീവിതങ്ങൾ ഇതിവൃത്തമാക്കിയ ചിത്രത്തിൽ ശ്രീ, സുദീപ് കിഷൻ, രജീന കസാന്ദ്ര എന്നിവരാണ് മുഖ്യ അഭിനേതാക്കൾ. പല കഥാപാത്രങ്ങളും ഒരു കഥയുടെ നിർണ്ണായക ഘട്ടത്തിൽ കൂട്ടുചേർക്കുന്ന കാര്യത്തിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.

പെൺകുട്ടികൾക്ക് നേരേ ആസിഡ് ആക്രമണം നടത്തുന്ന ഒരു ശുനകപുത്രന് നായക കഥാപാത്രം കൊടുക്കുന്ന ശിക്ഷ കണ്ട് കയ്യടിക്കാൻ തോന്നും. ചെന്നൈ പോലുള്ള മഹാനഗരത്തിന്റെ പൈശാചിക മുഖങ്ങൾ പച്ചയായി കാണിക്കുന്നുണ്ട്. ഒരുത്തനെ കൂട്ടം ചേർന്ന് ആക്രമിച്ചാൽ ആരും ചോദിക്കാൻ വരുന്നില്ല എന്ന് പറയുമ്പോൾ മറ്റൊരു കേന്ദ്ര കഥാപാത്രം പറയുന മറുപടി ആരേയും ചിന്തിപ്പിക്കുന്ന ഒന്നാണ്.

സ്വാർത്ഥത നിറഞ്ഞ മഹാനഗരത്തിൽ പരസ്പരം പേര് പോലും ചോദിക്കാതെ സഹായിക്കുന്നവരുണ്ട്. അതേ പോലെ ആത്മാർത്ഥ സുഹൃത്തിനെ പോലും പുല്ലുവില കൊടുക്കുന്നവരും. ചിത്രത്തിന്റെ തിരക്കഥയുടെ പേസിംഗ് പ്രശംസനീയമാണ്. ഒരേ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ കഥയുടെ എവിടെ എങ്ങനെ കണക്ട് ചെയ്യണമെന്നതിലെ പ്രാഗത്ഭ്യം ഒരു എക്സ്പീരിയൻസ് ഡയറക്ടറുടേതിന് തുല്യമായിരുന്നു. എന്നാൽ ഇത് ഒരു നവാഗത സംവിധായകന്റെ ചിത്രവും.
ടൈറ്റിൽ കാർഡിൽ തുടങ്ങുന്ന ക്രിയേറ്റിവിറ്റി പടം തീരുന്നതു വരെയുണ്ട്. BGM ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു, രണ്ടാം പകുതിയിലെ കഥാസന്ദർഭങ്ങളിലെ വഴിത്തിരിവുകൾ കൂടുതൽ കൂടുതൽ പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കുന്നു. ത്രില്ലർ എന്ന ജോണറിനോട് നൂറ്റിയമ്പത് ശതമാനം നീതി പുലർത്തി എന്ന് പറയാം. ഓരോ ഫെയിമിലും ത്രിൽ . കോമഡിയും ഗാനങ്ങളും വരെ രസച്ചരട് പൊട്ടാതെ നൽകിയത് ചിത്രത്തെ കൂടുതൽ മികവുറ്റതാകുന്നു.

കഥാപാത്രങ്ങൾക്ക് മുൻതൂക്കം നൽകിയ ചിത്രത്തിൽ ആക്ഷൻ രംഗങ്ങളും മികച്ചതാണ്. ഒന്ന് രണ്ട് മാസ്സ് രംഗങ്ങളും പ്രേക്ഷകനെ തൃപ്തിതിപ്പെടുത്തും വിധമാണ്. തമിഴിലെ ത്രില്ലർ ചിത്രങ്ങളിൽ അഭിമാനിക്കാവുന്ന ഒരു ചിത്രം. രണ്ട് മണിക്കൂർ 20 മിനുറ്റ് പ്രേക്ഷകനെ എഡ്ജ് ഓഫ് സീറ്റിൽ നിർത്തുന്ന ഗംഭീര ചിത്രം. തീയേറ്ററിൽ കണ്ടാൽ മുഴുവൻ മാർക്ക് കൊടുത്തേനേ, മൊട്ട ശവത്തിനെ റിലീസ് ചെയ്ത കേരളത്തിലെ വിതരണക്കാരേ.. നിങ്ങൾക്ക് സുഖമെന്ന് വിശ്വസിക്കുന്നു.

Rating – 4.75/5

 

 

Click To Get Movie