കേരളത്തിൽ നടക്കുന്ന പെൺകുട്ടികളുടെ തിരോധാനമോ, പീഡനങ്ങളോ, സദാചാര ഗുണ്ടായിസമോ, ബാങ്കുകളുടെ കൊളളയോ എന്തിന് യു.പിയിലെ അത്ഭുതമോ, ട്രംപിന്റെ ജന വിരുദ്ധ നയങ്ങളോ ഒന്നും തന്നെ ഒരു നെഗറ്റീവ് എന്ന് പറയാൻ പറ്റില്ല. അതിലും വലിയ പ്രശ്നമാണ് ഒരു അലമാര .. മൂന്നാം ലോക മഹായുദ്ധം വരെ നടന്നേനേ.. ഭാഗ്യത്തിന് ഒരു വള ഇട്ടു. ശുഭം! 

Film 🎥 : അലമാര (2017) 

Genre :  Soapie 

മലയാളത്തിൽ പല വിധത്തിലുള്ള സോപ്പ് ഒപ്പേറകൾ സിനിമയായിട്ടുണ്ട്. എന്നാൽ 2017 ലും ഒരു സോപ്പി ചിത്രം എടുക്കാൻ തുനിഞ്ഞ മിഥുൻ ചേട്ടന് അഭിനന്ദനങ്ങൾ. ചിത്രത്തിന്റെ തുടക്കത്തിൽ ടൈറ്റിൽ കാർഡ് എഴുതിയ വിധം പ്രശംസനീയമാണ്. അതിൽ ഒരു പുതുമ കൊണ്ടു വരാൻ നിങ്ങൾക്കായി . തുടർന്നങ്ങോട്ട് നായകന്റെ കല്യാണം മുടങ്ങലും പൊക്കമില്ലാ ബന്ധുവിന്റെ പെണ്ണുകാണലും, ആ പെണ്ണിനെ തന്നെ നായകൻ കെട്ടുന്നതും വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. രസം കൂടി കൂടി ജിയോയുടെ 1GB തീർന്നത് അറിഞ്ഞില്ല. 

അലമാരയ്ക്ക് സലീം കുമാറിന്റെ ശബ്ദം കൊടുത്തത് നന്നായി. ഒന്നു സ്ക്രീനിലേക്ക് നോക്കാൻ പ്രേരിപ്പിച്ചു. 2017 ൽ അമ്മായിഅമ്മ – മരുമകൾ – നാത്തൂൻ പോര് ഇതിവൃത്തമാക്കിയ നിങ്ങൾക്ക് ചിലപ്പോൾ പ്രമുഖരുടെ ജനപ്രിയ ചിത്രത്തിന്റെ അവാർഡ് കിട്ടാൻ സാധ്യതയുണ്ട്. ധാരാളം സോപ്പികൾ കാണുന്ന അഭിനേതാക്കൾ ആയതിനാലാകാം, സീരിയൽ നടിമാർ തോറ്റു പോകും വിധം പ്രകടനം ഗംഭീരം. 

വെള്ളിത്തിരയിൽ സ്ത്രീ വിരുദ്ധ ഡയലോഗുകളും ആണത്വത്തിന് മാറ്റു കൂട്ടാനുള്ള വിസ്ഫോടന സംഭാഷണങ്ങളും രചിച്ച രഞ്ജി പണിക്കരെ കുടുംബാസൂത്രണ ഓപ്പറേഷൻ കഴിഞ്ഞ ഒരാളെ പോലെ അവതരിപ്പിച്ചത് താങ്കളുടെ കറുത്ത ഹാസ്യം ആയിരിക്കും. കറുപ്പ് … കട്ടക്കറുപ്പ് … 

കമ്മട്ടിപ്പാടത്തിൽ ബാലൻ ചേട്ടൻ കയ്യടിക്കാൻ പറഞ്ഞില്ല എങ്കിലും കയ്യടി  ലഭിക്കും. എന്നാൽ മണികണ്ഠൻ അവതരിപ്പിച്ച സുപ്രൻ ദയനീയമായ കഥാപാത്രമായിരുന്നു. സംഘി ഫലിതങ്ങൾ അവതരിപ്പിക്കാനും ഓവർ ആക്ടിംഗ് വിളമ്പാനുമായി ഒരാൾ. 

ഇന്ദ്രൻസ് ചേട്ടനെ പോലെ ഒരാളെ ഒരു പാട് പേർ കോമാളി വേഷം കെട്ടിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ  വർഷങ്ങൾ അദ്ദേഹത്തിലെ അഭിനേതാവിനെ നാം അടുത്തറിഞ്ഞു. ഈ ചിത്രത്തിലൂടെ ഇന്ദ്രൻസ് ചേട്ടൻ വീണ്ടും കോമാളി ആവുകയാണ്. ഷെട്ടി എന്ന കഥാപാത്രം എന്തിന് എന്ന് ചോദിച്ചാൽ ഇറോം ഷർമ്മിള എങ്ങനെ തോറ്റു എന്ന് ചോദിക്കും പോലെ ആകും. 

നായകൻ Nishan Krish, സോറീ… സണ്ണി വെയ്ൻ … രാം ചരൺ എന്നൊരു നവരസ നായകനുണ്ട്. താങ്കൾ അയാൾക്ക് കട്ട കോമ്പറ്റീഷൻ ആണ്. ദേഷ്യം വന്നാലും പ്രേമം വന്നാലും ചമ്മിയാലും ഒരേ മുഖം. എങ്ങനെ സാധിക്കുന്നു അളിയാ ? താഴെയുള്ള പോസ്റ്ററിലെ അതേ ഭാവം തന്നെ മുഴുവൻ പടത്തിലും. എർത്തായ അജുവും സൈജു കുറുപ്പും ചിലയിടങ്ങളിൽ ചിരിപ്പിച്ചു. നായിക അതിഥി രവി സുന്ദരിയാണ്. പ്രകടനം മോശവുമല്ല. നല്ല ഭാവി നേരുന്നു. 

മൊത്തത്തിൽ അലമാര ഒരു വധമാണ് എന്ന് പറയും ഞാൻ. ഇത്രയേറെ ക്ഷമ പരീക്ഷിച്ച ഒരു ചിത്രം മൊക്ക ശിവ കെട്ട ശവം ആയിരുന്നു. അതിൽ നിക്കിയും ലക്ഷ്മിയും എങ്കിലും ഉണ്ടായിരുന്നു. ആട് പോലെ ഒരു ടൊറന്റ് ഹിറ്റ് ആകാനുള്ള സാധ്യത പോലും കാണുന്നില്ല. 

ചിത്രത്തിന് ഞാൻ നൽകുന്നത് അഞ്ചിൽ ഒന്നാണ്. അഭിപ്രായം വ്യക്തിപരം. തീയേറ്ററിൽ കണ്ട് വിലയിരുത്തുക.