” കുടുംബം .. അതാണ് ഏറ്റവും വലുത്, പരസ്പര സഹകരണത്തോടെ, സന്തോഷത്തോടെയുള്ള, ഒരു മുന്നോട്ട് പോക്കാണ് ആവശ്യം. ഇത്തരത്തിൽ ഒരു ദുരന്തം എന്റെ കുടുംബത്തിന് മേൽ വന്നു ഭവിച്ചതിനാൽ അതിനൊരു പരിഹാരം ഞാൻ തന്നെ കണ്ടെത്തണം .. ” 

സിനിമ: രാജകുമാര (2017) 

വിഭാഗം : ഫാമിലി ഡ്രാമ 

കന്നഡയിലെ “പവർ സ്റ്റാർ ” പുനീത് രാജ്കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. എസ്രയിലൂടെ മലയാളികൾക്ക് പരിചിതയായ പ്രിയാ ആനന്ദിന്റെ കന്നഡ അരങ്ങേറ്റ ചിത്രം. കൂടാതെ സൗത്ത് ഇന്ത്യ മുഴുവൻ നല്ല രീതിയിലുള്ള റിലീസിംഗ്. ഇതിനു മുമ്പും പുനീത് രാജ് കുമാർ ചിത്രം കേരളത്തിൽ റിലീസായിട്ടുണ്ട്. എന്നാൽ ഇത്തവണ പ്രദർശനങ്ങൾ കൂടുതലാണ്. 

കന്നഡ രത്നം എന്നറിയപ്പെടുന്ന രാജ് കുമാറിന്റെ ഫാമിലിയെ പൊക്കിയടിക്കൽ ധാരാളമുള്ള ചിത്രം. പുനീതിനെയും ആവശ്യത്തിൽ അധികം പൊക്കിയടിക്കുന്നുണ്ട്. ആ കുടുംബത്തിലെ ഇളയ തലമുറക്കാരൻ ആണല്ലോ.. അതെല്ലാം എന്റെ കൂടെയുള്ള പ്രേക്ഷകർ നിറഞ്ഞ കയ്യടിയോടെയും  സ്വീകരിച്ചു. 

ഓസ്ട്രേലിയയിൽ സെറ്റിലായ നായകൻ നായികയെ കാണുന്നതും പ്രണയവും ചെറിയ ഇണക്കവും പിണക്കവും പാട്ടും ഡാൻസും ഒക്കെയായി ഒരു സൺ ഓഫ് സത്യമൂർത്തി ലെയിനിൽ പോകവേ, അപ്രതീക്ഷിതമായ ഒരു പ്രശ്നത്താൽ നായകന് ഇന്ത്യയിലേക്ക് പോരേണ്ടി വരുന്നു. തുടർന്നുള്ള സംഭവ വികാസങ്ങളാണ് ചിത്രം. 

യാതൊരു പുതുമയുമില്ലാത്ത ചിത്രം. പുനീതിന്റെ ഡാൻസും ആക്ഷനും കണ്ടാൽ  42 വയസ്സ് ആയി എന്ന് ഒരിക്കലും പറയില്ല. നല്ല എനർജി. ഡയലോഗുകൾ മികച്ചു നിന്നു. ചിലയിടങ്ങളിൽ അന്യായ ഇഴച്ചിൽ ആയിരുന്നു. പ്രത്യേകിച്ച് രണ്ടാം പകുതി. 

പ്രകാശ് രാജ് എപ്പോഴും പോലെ മികച്ച പ്രകടനം. പ്രിയാ ആനന്ദ് ശരാശരി പ്രകടനം മാത്രം ആണെങ്കിലും ചിത്രം മുഴുവൻ  നല്ല ചിരിയായിരുന്നു. ബാക്കിയുള്ള അഭിനേതാക്കളും തൃപ്തികരമായ പ്രകടനം. 

ചുമ്മാ ഒന്ന് കണ്ടിരിക്കാം എന്ന് മാത്രം. രാജ് കുമാർ ഫാമിലിയെ ഇഷ്ടപ്പെടുന്നവർക്കും പവർ സ്റ്റാർ ഫാൻസിനും തൃപ്തിയടയുന്ന, സാധാരണ പ്രേക്ഷകന് ശരാശരി അനുഭവം നൽകുന്ന ചിത്രം. 

എനിക്ക് കിട്ടിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ ഞാൻ നൽകുന്നത് അഞ്ചിൽ രണ്ടരയാണ്. അഭിപ്രായം വ്യക്തിപരം. തീയേറ്ററിൽ കണ്ട് വിലയിരുത്തുക 

Rating – 2.5/5