” എന്റെ പേര് ജോർജ്. തൃശ്ശൂരിലെ പണിയൊന്നുമില്ലാതെ തെണ്ടി നടക്കണ ചെറുപ്പക്കാരിൽ ഒരാൾ. മത്തായി മൈതാനം എന്റെ വീട് പോലെ തന്നെയാണ്. എന്തിനു വേണ്ടി ആണെങ്കിലും മൈതാനം വിട്ടു കൊടുക്കാൻ ഞാൻ തയ്യാറല്ല. അതിന് വേണ്ടി ഈ ചലഞ്ച് ജോർജ് ഏറ്റെടുക്കുകയാ” 

സിനിമ: ജോർജ്യേട്ടന്റെ പൂരം. ( 2017) 

വിഭാഗം : കട്ടച്ചളി, സ്പോർട്സ് 

ജനപ്രിയ നായകന്റെ ചിത്രങ്ങൾ ഭൂരിഭാഗവും  കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ളവയാണ്. അത്തരത്തിൽ ഒരു ചിത്രം. ഒരു പണിയുമില്ലാതെ നടക്കുന്ന നായകനും നായകന്റെ കൂട്ടുകാരായ 3 പേരും നാടിന്നും നാട്ടുകാർക്കും വേണ്ടി പൊരുതുന്ന കഥയാണ് ചിത്രം. അതിനിടയിൽ കുട്ടികളെയും സ്ത്രീകളെയും ചിരിപ്പിക്കാൻ കട്ടച്ചളിയും ഒരു വിഭാഗത്തെ രസിപ്പിക്കാൻ ദ്വയാർത്ഥ പ്രയോഗങ്ങളും ചിത്രം നൽകുന്നു. 

നായകനായ ദിലീപ് അക്ഷരാർത്ഥത്തിൽ ബോറൻ പ്രകടനം ആയിരുന്നു. ആദ്യ പകുതിയിലെ കോമാളിത്തരങ്ങളും രണ്ടാം പകുതിയിലെ സീരിയസായി ചെയ്ത് കോമഡിയായി മാറിയ സ്പോർട്സ് രംഗങ്ങളും ദിലീപിനെ വ്യത്യസ്തനാക്കുന്നു. മലയാളത്തിൽ ഇതൊക്കെ ചെയ്യാൻ ദിലീപിന് മാത്രമേ കഴിയൂ. 

ജിയോ ഇനി മുതൽ കാശ് കൊടുത്ത് ഉപയോഗിക്കണമല്ലോ  എന്ന വിഷാദമാകും നായികയായ റജീഷയുടെ മുഖത്ത്.  പോസ്റ്ററിൽ കാണുന്ന മുഖ ഭാവം ചിത്രം മുഴുവൻ വാരി വിതറിയിട്ടുണ്ട്. കന്യാസ്ത്രീ ആകാൻ നടക്കുന്ന തന്നോട് നായകൻ കിസ്സ് തരട്ടെ എന്ന് ചോദിക്കുമ്പോൾ യേശുവേ എന്ന് വിളിക്കുന്ന രംഗം കണ്ടപ്പോൾ സ്ക്കൂളിൽ കേട്ട ബലാത്സംഗം ചെയ്യാൻ വന്ന ആളെ ദുഷ്ടേട്ടാ എന്ന്  വിളിച്ച സ്ത്രീയുടെ  കഥ ഓർമ വന്നു. 

വിനയ് ഫോർട്ടും ഷറഫുദ്ദീനും ചിരിപ്പിച്ച രംഗങ്ങൾ വിരളമാണ്. എന്നാലും പടം മുഴുവൻ കണ്ടു തീർക്കാൻ അവർ സഹായകരമായി. ചെമ്പൻ വിനോദിന്റെ വ്യത്യസ്ത വേഷവും, TG രവിയുടെ സ്ഥിരം വേഷവും സുധീർ കരമനയുടെ പറ്റാത്ത വേഷവും രഞ്ജി പണിക്കരുടെ പള്ളീലച്ചൻ വേഷവും ചിത്രത്തിന്റെ സംഭാവനകളാണ്. പറയാനുള്ള കഥ രണ്ടാം പകുതിയുടെ പകുതിയിൽ വെച്ച് പറയുകയും അത്രയും നേരം പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ച തിരക്കഥാകൃത്തിനെ സ്മരിക്കുന്നു. 

തൃശ്ശൂര് ചേട്ടൻമാർ എന്ന ഗാനം കൊള്ളാം, പശ്ചാത്തല സംഗീതവും ഉഗ്രൻ. ഗോപിയേട്ടൻ മാസ്സ്! ക്ലൈമാക്സിൽ താങ്കൾ നന്നായി വർക്ക് ചെയ്തിരിക്കുന്നു. പക്ഷേ ബോറൻ ക്ലൈമാക്സിൽ താങ്കളുടെ പ്രയത്നം വിസ്മരിക്കപ്പെടുമോ  എന്ന് സംശയമുണ്ട്. 

മൊത്തത്തിൽ അറുബോറൻ ആദ്യ പകുതിയും ശരാശരി രണ്ടാം പകുതിയും ചെറിയ വഴിത്തിരിവുകളും ശരാശരിയിൽ താഴ്ന്ന ക്ലൈമാക്‌സുമുള്ള ഒരു ചിത്രമാണ് ഈ പൂരം. എനിക്ക് കിട്ടിയത് മുഴുവൻ അതൃപ്തി ആയതിനാൽ അഞ്ചിൽ ഒരു മാർക്ക് നൽകുന്നു. അഭിപ്രായം വ്യക്തിപരം,  തീയേറ്ററിൽ കണ്ട് വിലയിരുത്തുക.