“ഞാൻ ആരാധിക്കുന്നത് വെള്ളിത്തിരയിലെ താരങ്ങളെയോ സാങ്കൽപ്പിക ലോകത്തിലെ രക്ഷകൻമാരായ സൂപ്പർ ഹീറോക്കളെയോ അല്ല. എന്റെ ഡാഡിയെയാണ്. സംസ്ക്കാര സമ്പന്നമായ പൈതൃകവും ഗുണങ്ങളും എനിക്ക് ലഭിച്ചത് എന്റെ ഡാഡിയിൽ നിന്നാണ്. എന്റെ  ഡാഡിയാണ് എന്റെ സൂപ്പർ ഹീറോ” 

🎬  സിനിമ   : ദി ഗ്രേറ്റ് ഫാദർ (2017) 

📽  വിഭാഗം   : ഫാമിലി ഡ്രാമ, ത്രില്ലർ 

ഡേവിഡ് നൈനാൻ എന്ന കഥാപാത്രത്തിന്റെ ഭൂതകാലം ചിത്രത്തിൽ വ്യക്തമായി പറയുന്നില്ല. അയാൾ ഉപയോഗിക്കുന്ന മഹാരാഷ്ട്ര രെജിസ്ട്രേഷൻ വാഹനവും, മകളോട് പറയുന്ന ബോംബ കഥകളും, മിഷേലിനെ വിവാഹം കഴിച്ചയുടൻ നല്ല ജീവിതം നയിക്കുന്നു എന്നതും, തോക്ക് കൈവശം വെച്ചിരിക്കുന്നതും, ആൻഡ്രൂസ് ഈപ്പൻ എന്ന ആരോഗ്യ ദൃഢദാത്രനായ ഒരു പോലീസുകാരനോട് വെല്ലുവിളി നടത്തുന്നതും, രോഷാകുലനായി പെരുമാറുന്നതും, ട്രാക്ക് ചെയ്യുന്ന വേഗതയും, ഗുണ്ടകളെ കായികമായി കീഴ്പ്പെടുത്താനുള്ള കഴിവും ധൈര്യവും എല്ലാം കൂട്ടി വായിക്കുമ്പോൾ ഡേവിഡ് ഒരു സാധാരണ വ്യക്തി അല്ല എന്നത് തീർച്ച. 

ഡേവിഡിനെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടിയാണ്. പുള്ളിക്കാരനെ ഇത്രയും ഗ്ലാമറും സ്റ്റൈലിഷുമായി മുൻപ് കണ്ടിട്ടില്ല. ജാക്കറ്റും കൂളിംഗ് ഗ്ലാസും പുള്ളിക്ക് നന്നായി ചേരുന്നു എന്നതും ചേർത്തു വായിക്കണം, കാരണം ചിലർക്ക് മീശ പിരിയും മുണ്ടു മടക്കിക്കുത്തലും, മുണ്ടു പറിച്ചടിയും പ്രേക്ഷകരെ രസിപ്പിക്കുന്ന സംഗതി ആകുമ്പോൾ മമ്മൂട്ടിക്ക് സ്ലോ മോഷനും ജാക്കറ്റും കൂളിംഗ് ഗ്ലാസും ഇതേ സംഗതിയായി മാറുന്നു. അതിൽ അസഹിഷ്ണുത കാണിക്കുന്നതിൽ കാര്യമില്ല. മമ്മൂട്ടിയുടെ ഫാഷൻ ഷോ തന്നെയാണീ ചിത്രം. അതിൽ എന്താ തെറ്റ്? 

മമ്മൂട്ടിയുടെ വികാരപ്രകടനങ്ങൾ വളരെ മിതത്വത്തോടെയും മികച്ച രീതിയിലും പ്രേക്ഷകനിൽ എത്തിക്കാൻ കഴിഞ്ഞു. ഇതേ മാനറിസങ്ങൾ മറ്റു ചിത്രങ്ങൾ കണ്ടതായി ഓർക്കുന്നില്ല. ഓവറായി സെന്റി അടിക്കാതെ രംഗങ്ങൾ കൈകാര്യം ചെയ്ത സംവിധായകന് നന്ദി. ആദ്യ പകുതിയിലെ ഭാവങ്ങൾ മമ്മൂട്ടി എന്ന മികച്ച നടനെ കാണിച്ചു തരുന്നതിൽ വിജയിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലെ സ്റ്റൈലിഷ് രംഗങ്ങളും സംഭാഷണങ്ങളും കടുത്ത ഫാൻസിനെ തൃപ്തിപ്പെടുത്തും വിധമായിരുന്നു. കയ്യടികൾ അത് സൂചിപ്പിച്ചു . ഒരു ഹാർഡ് കോർ ആക്ഷൻ ചിത്രമല്ല ഇത് എന്നതിനാൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചുമില്ല. 

60 വയസ്സു കഴിഞ്ഞ ഒരാളുടെ പരിമിതികളിൽ നിന്നുള്ള ആക്ഷൻ രംഗങ്ങൾ: ചില രംഗങ്ങൾ ഒരു സംഘട്ടനം കഴിഞ്ഞു എന്ന് പ്രേക്ഷകനെ കാണിക്കാതെ കാണിക്കും വിധം ആയിരുന്നു. എന്നാൽ ക്ലൈമാക്സിലെ കെട്ടഴിക്കൽ രംഗം ബോറായിരുന്നു. ഗ്രാഫിക്സ് ആണോ അതോ വേറെ എന്തോ ആണോ? എന്തായാലും സ്ക്രീനിൽ കൃത്രിമത്വം അനുഭവപ്പെട്ടു. 

ആര്യയെ ഇത്ര ഭംഗിയായി മറ്റൊരു ചിത്രത്തിലും കണ്ടിട്ടില്ല. ആകാരഭംഗിയും സ്റ്റൈലിഷ് ലുക്കും ആക്ഷൻ രംഗങ്ങളിലെ ചടുലതയും ചിത്രത്തിനെ മുന്നോട്ടുയർത്തി. പഞ്ച് ഡയലോഗുകളും സ്റ്റൈലും കലർന്ന ആൻഡ്രൂസ് ഈപ്പനെ നുമ്മക്ക് പെരുത്ത് ഇഷ്ടായി. തുടർന്നും മലയാളത്തിൽ പ്രതീക്ഷിക്കുന്നു. 

അനിഘ വളരെ നന്നായി അഭിനയിച്ചിരിക്കുന്നു. മിയയോട് സംസാരിക്കുന്ന രംഗങ്ങളിൽ പക്വതയാർന്ന മിതത്വമുള്ള പ്രകടനം കാഴ്ചവെച്ചു. ചിത്രത്തിന്റെ കോർ തീം പ്രേക്ഷകനിൽ എത്തിക്കാൻ അനിഘയുടെ കഥാപാത്രത്തിലൂടെ കഴിഞ്ഞു. സ്നേഹയ്ക്ക് കാര്യമായ അഭിനയം മുഹൂർത്തങ്ങൾ ഇല്ലായിരുന്നു എങ്കിലും കിട്ടിയ വേഷം നന്നായി ചെയ്തു. മാളവിക മോഹൻ കണ്ണിന് കുളിർമയേകി. മിയ ചെറിയ കഥാപാത്രം നന്നായി ചെയ്തു. ഷാജോണും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 

ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ അവളുടെ ശരീരത്തേക്കാൾ ഉപരി മനസ്സിനാണ് ചികിത്സ ആവശ്യം. ചിത്രത്തിന്റെ ആദ്യ പകുതിയിൽ വളരെ നല്ല രീതിയിൽ അത് ചിത്രീകരിച്ചിട്ടുമുണ്ട്. സാധാരണ രീതിയിൽ ഒന്നോ രണ്ടോ രംഗങ്ങളിൽ  ഇത്തരം രംഗങ്ങൾ ഒതുക്കും. എന്നാൽ സംവിധായകൻ ആ ഒരു കെയറിംഗ് മാക്സിമം പ്രേക്ഷകനിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. 

ഒരു ഫാമിലി ഡ്രാമ + ത്രില്ലർ എന്ന ജോണറിൽ മികച്ച ടെക്നിക്കൽ ക്വാളിറ്റിയുള്ള ചിത്രം. പശ്ചാത്തല സംഗീതം പലപ്പോഴും എവിടെയോ കേട്ട പോലെ തോന്നിച്ചു . എന്നാലും കിടിലൻ. ക്ലൈമാക്സിലെ ഇടുക്കിയിലെ മനോഹാരിതയടക്കം ചിത്രം മുഴുവൻ മികച്ച ഛായാഗ്രഹണം. ആക്ഷൻ രംഗങ്ങളിൽ ആര്യ മികച്ചു നിന്നു. ചേസിംഗ്, കൂട്ടിയിടി തുടങ്ങിയ ആക്ഷൻ ഷോട്ടുകൾ കൊള്ളാം. 

തിരക്കഥയുടെ പേസിംഗിനെ കുറിച്ച് പറയണം. ഒരു ഫാമിലി ഡ്രാമയുടെ കൂടെ ത്രില്ലർ ചേരുമ്പോൾ നമുക്ക് ഊഹിക്കാം എത്രത്തോളം വേഗത തിരക്കഥയ്ക്ക് ഉണ്ടാകും എന്ന്. രണ്ടാം പകുതിയിൽ വേഗത കൂടുന്നു എങ്കിലും ഒരിക്കലും ജോണർ മാറി സഞ്ചരിക്കുന്നില്ല.  അൽപ സ്വൽപം ലോജിക്ക് ഇല്ലായ്മയും ചിത്രത്തിലുണ്ട്.

മക്കൾക്ക് ഒരാപത്ത് വന്നാൽ അച്ഛൻ മുന്നിൽ നിൽക്കും. അതാണ് അച്ഛൻ. മലയാള സിനിമ  ഒരു പക്ഷേ ദൃശ്യം മുതലാക്കും ഇത് കണ്ട് തുടങ്ങിയത്. എന്നാൽ പണ്ട് മുതലേ ഇതൊക്കെ സിനിമയിലുണ്ട്. മഹാനദിയും ടേക്കണും കമാൺഡോയുമെല്ലാം ചെറിയ ഉദാഹരണങ്ങൾ. ചിത്രത്തിന്റെ പേര് ഗ്രേറ്റ് ഫാദർ എന്നാകുമ്പോൾ ബാക്കി ഊഹിക്കാം. 

ഡേവിഡ് നൈനാനും ആൻഡ്രൂസ് ഈപ്പനും ചേരുന്ന ഒരു പ്രതിയോഗി അല്ല ചിത്രത്തിൽ. അത് ഒരു നെഗറ്റീവ് തന്നെയാണ്. കൂടാതെ മുഴുവൻ നിയമത്തെയും നിയമപാലകരെയും വെല്ലുവിളിച്ച് സ്ലോ മോഷനിൽ നടക്കുന്നത് ഒക്കെ കുറച്ച് ഓവറും. കൊറിയൻ പടങ്ങളുടെ ഒരു രീതി ചിത്രത്തിൽ കാണാം. അത് നന്നായി തന്നെ ചിത്രീകരിച്ചിട്ടുമുണ്ട്.  നോളന്റെ ജോക്കറിന്റെ ഡയലോഗടക്കം കോപ്പിയടി വേണ്ടിയിരുന്നില്ല. ( നോളൻ ചിത്രത്തിന്റെ പോസ്റ്റർ ജോക്കറുടെ വസതിയിൽ ഉണ്ടായിരുന്നു. ഫാനാകും, അതിനാൽ വല്യ പ്രശ്നമില്ല) 

മൊത്തത്തിൽ നല്ല സ്റ്റൈലിഷ് ചിത്രം. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എനിക്ക് കിട്ടിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ ഞാൻ നൽകുന്നത് അഞ്ചിൽ മൂന്നരയാണ്. അഭിപ്രായം വ്യക്തിപരം, തീയേറ്ററിൽ കണ്ട് വിലയിരുത്തുക. 

Rating – 3.5/5  (Good)