“യുദ്ധങ്ങൾ ഒരിക്കലും ഞങ്ങൾ ആഗ്രഹിക്കുന്ന ഒന്നല്ല..പക്ഷെ യുദ്ധമുഖത്ത് ശത്രു ശത്രു തന്നെയാണ്.മാതൃരാജ്യത്തിനു വേണ്ടി മരിക്കാൻ വരെ തയ്യാറാണ്‌ ഓരോ ഭടനും.”

Film  –  1971 Beyond Borders (2017)

Genre  –  Drama, War

മോഹൻലാലും റിട്ടയർ ചെയ്ത മേജർ ആയ  രവിയും ഒന്നിച്ച അഞ്ചാമത്തെ ചിത്രം. വ്യക്തിപരമായി കീർത്തിചക്ര ഒഴികെ ബാക്കിയൊന്നും എനിക്ക് ഇഷ്ടമല്ല. രണ്ടു പടങ്ങൾ കണ്ടപ്പോൾ യഥാർത്ഥ പട്ടാളം വേറെ രവിയുടെ പട്ടാളം വേറെ എന്നുവരെ തോന്നിയിട്ടുണ്ട്. ഇതിലെ നായകന്റെ ആകാരം കണ്ടാലും അതൊക്കെ തന്നെ തോന്നും. കാരണം നായകന്റെ ഇന്റ്രോ സീനിൽ തന്നെ അയാളുടെ വണ്ണം ബോറായി തോന്നിക്കുന്നുണ്ട്. അയാളുടെ പിന്നിൽ മൂന്ന് പട്ടാളക്കാർക്ക് സുഖമായി ഒളിച്ചു നില്ക്കാം. 

ചിത്രം പറയുന്നത് പലരുടെയും സ്വാർത്ഥതയുടെ പരിണിത ഫലമായി നമ്മുടെ രാജ്യത്ത് നടന്ന യുദ്ധത്തിന്റെ കഥയാണ്‌. മേജർ സഹദേവൻ എന്ന കഥാപാത്രം യഥാർത്ഥത്തിൽ ജീവിച്ചിരുന്നയാൾ ആണ്.യഥാർത്ഥത്തിൽ അദ്ദേഹം എങ്ങനെ ഇരുന്നു എന്നതിന് നേരെ വിപരീതമായ ആകാരമുള്ള മോഹൻലാലിനെ നായകനാക്കിയത് രവിയുടെ ബ്രില്ലിയൻസ് തന്നെ. നാട്ടിൽ ലീവിന് വരുമ്പോൾ കുടുംബമായി എവിടെയെങ്കിലും പോകാൻ പ്ലാൻ ചെയ്യുമ്പോൾ യുദ്ധം വരുന്നത് മുതൽ  മേലുദ്യോഗസ്ഥനോട് കയർത്തു സംസാരിച്ചു കയ്യടി വാങ്ങുന്ന സകലമാന രവി ക്‌ളീഷെയും ചിത്രത്തിൽ സമ്പന്നം. 

മോഹൻലാലിന്റെ രണ്ടു കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ ഫാൻസിനു പ്ലസ്‌ ആണ്.അദ്ധേഹത്തിന്റെ ഫാൻസിനു കയ്യടിച്ചു മറിയാനുള്ള വകുപ്പെല്ലാം ചിത്രത്തിലുണ്ട്.യുദ്ധം നടക്കുമ്പോൾ പരസ്പരം വെല്ലുവിളിക്കുന്നതടക്കം സ്വയം പൊങ്ങി ഡയലോഗുകളും സഹകഥാപാത്രങ്ങളുടെ തള്ളുകളും യുദ്ധ സമയത്ത് വരെ മദ്യം ചോദിക്കുന്ന കിടിലൻ പട്ടാളക്കാരനെ ലാൽ ഫാൻസ്‌ ഏറ്റെടുക്കും എന്നത് തീർച്ച. 

അരുണോദയ് സിംഗ് ആണ് യഥാർത്ഥ നായകൻ.ഒരു പട്ടാളക്കാരൻ എങ്ങനെ വേണം എന്നത് സഹദേവൻ അയാളെക്കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ചിത്രം കഴിഞ്ഞാൽ മനസ്സിൽ നിൽക്കുന്ന ഒരേ ഒരു കഥാപാത്രം അയാളുടെ തന്നെ. അല്ലു സിരീഷ് പഴയ പടങ്ങളിലെ രക്തസാക്ഷി റോൾ പ്രേക്ഷകർക്ക് യാതൊരു വികാരവും ഏൽപ്പിക്കാതെ നല്ല ബോറായി ചെയ്തു. യുദ്ധ രംഗത്ത് വരാതെ രഞ്ജി പണിക്കർ അവതരിപ്പിച്ച പട്ടാള കഥാപാത്രം സഹദേവൻ പറയുന്ന പഞ്ച് ഡയലോഗ് കേൾക്കാൻ വിധിക്കപ്പെട്ടവനായി നന്നായി അഭിനയിച്ചു. കഷ്ടം..

യുദ്ധരംഗങ്ങൾ കൊള്ളം..ഗ്രാഫിക്സ് കുറച്ചൂടെ ശ്രദ്ധിക്കാമായിരുന്നു. ഹരിഹരൻ ആലപിച്ച ഒരു ഗാനം കൊള്ളം. 

ഡയലോഗുകൾ താഴ്ന്ന നിലവാരത്തിൽ ഉള്ളവയായിരുന്നു. പലതും സ്ഥിരം ക്ലീഷേ. മരണം സാധാരണമായ യുദ്ധമുഖത്ത് ഒരു ഭടന്റെ മരണവും അതെ തുടർന്ന് അയാളുടെ കുടുംബപശ്ചാത്തലവും പറഞ്ഞു രവി പ്രേക്ഷകനെ മുഷിപ്പിച്ചു. പാകിസ്ഥാൻ ജനറൽ അവസാന രംഗത്ത് യുദ്ധം ചെയ്യുന്നത് കണ്ടാൽ ചിരി വരും.ആ രംഗങ്ങൾ സുധീർ മനോഹരമാക്കി ചിരിപ്പിച്ചു. ഡ്രാക്കുള 2  മതിയായിരുന്നു. 

എന്ത് കൊണ്ട് 1971 Beyond Borders എനിക്ക് ഇഷ്ടപ്പെട്ടില്ല??

ചിത്രം കണ്ടവർ മാത്രം തുടർന്ന് വായിക്കുക. 

ജോർജിയയിലെ മനോഹര ദൃശ്യത്തിലൂടെയാണ് പടം തുടങ്ങുന്നത്. അവിടെ പാകിസ്ഥാൻ പട്ടാളക്കാരെ രക്ഷിക്കാൻ വരുന്ന ഇന്ത്യൻ പട്ടാളക്കാരന്റെ ശരീരം കണ്ടാൽ അവർ ചിരിച്ചു ചാകും.  ഏകദേശം 20 കിലോയോളം കുറച്ചാണ് ലാലേട്ടൻ വില്ലനിൽ അഭിനയിക്കുന്നത് എന്ന് കേട്ടു,  ആ ഒരു പരിശ്രമം എന്ത് കൊണ്ട് ഇതിൽ ചെയ്തില്ല? ഒരു പട്ടാളക്കാരൻ അങ്ങനെ മതിയെന്ന് മേജർ വിചാരിച്ചു കാണും.  

പാകിസ്ഥാൻ പട്ടാളം ഇന്ത്യയെ പുകഴ്ത്തുന്നത് കേൾക്കാൻ സുഖമുള്ള ഒന്ന് തന്നെ,  എന്നാൽ ഒരു പട്ടാളക്കാരൻ എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണമായ രാജയെ ഒരു അലമ്പ് വെള്ളമടിയൻ സഹദേവൻ കൊന്നതിനായിരുന്നോ ഈ പ്രശംസ എന്ന് പടം കഴിയുമ്പോൾ തോന്നും,  അയ്യോ സോറി… പടത്തിന്റെ തുടക്കത്തിലേ അയാൾക്കും പിന്നെ സ്ഥിരം ബലിമൃഗമായ സഹനടനും വേണ്ടി  വർഷത്തിൽ ഒരു നാൾ കരയും എന്ന പഞ്ചിൽ നിന്നും മനസ്സിലായി.  ആ ദിനം സഹദേവന്റെ കരച്ചിൽ ഡേ എന്ന് അറിയപ്പെടുമായിരിക്കും. 

നാട്ടിലെ എല്ലാവരുടെയും ഓമനയായ സഹദേവൻ അമ്പലത്തിൽ വെച്ചു നടത്തുന്ന ഡയലോഗിൽ സ്വജനപക്ഷപാതം തീരെ ഇല്ലായിരുന്നു.  ഉണ്ടെന്ന് പറയരുത് പ്ലീസ്.. കൂട്ടുകാരനെ തല്ലിയ ഒരുവനെ തല്ലാനായി വെള്ളമടിച്ചു വരുന്ന സഹദേവൻ കളിക്കുന്ന ഗ്രൗണ്ടിനെ കുറിച്ച് പറയുന്നത് കട്ട ഹീറോയിസം പോലെ കണ്ട്‌ കയ്യടിച്ചവരും ഉണ്ടത്രേ.. 

അല്ലേലും പട്ടാമ്പി രവിയുടെ പടത്തിൽ നായകൻ അവധിക്കു വരുമ്പോൾ ആണല്ലോ യുദ്ധം ഉണ്ടാവുക.. ദേ ടിയാൻ യുദ്ധത്തിനു എത്തി.  പണ്ട് പൊന്നാരി മംഗലത്ത് വന്ന പട്ടാഭി രാമന്റെ സേനയിൽ പോലും ഹിന്ദിക്കാർ ഉണ്ടായിരുന്നു. എന്നാൽ ടിയാൻ മലയാളത്തിൽ മാത്രമേ സംസാരിക്കൂ.. എല്ലാവരും അത് കേട്ടു മനസ്സിലാക്കണം.. സഹിക്കാൻ പറ്റാത്തത് ബലിമൃഗത്തിന്റെ കാമുകി അയച്ച തമിഴോ തെലുങ്ക് ഭാഷയിലെ കത്ത് വരെ സഹദേവൻ വായിച്ചത്രെ.. ആ കൂട്ടത്തിലെ എല്ലാവരുടെയും കത്തുകളും വായിച്ചത്രെ…ചിലപ്പോൾ പട്ടാളത്തിൽ തമിഴും മറ്റും  പഠിപ്പിക്കുമായിരിക്കും.  

യുദ്ധ സമയം ആയാലും അല്ലെങ്കിലും സഹദേവന് തണ്ണിയടിക്കണം.. അതിനായി ഒരു വാലും കൂടെയുണ്ട്. വാലിന്റെ വിചാരം അയാള് സഹദേവന്റെ പിതാശ്രീ ആണെന്നാണ്‌.. ചില സമയം സിംഹത്തെ പോലെ ഗർജ്ജിച്ചു മേലുദ്യോഗസ്ഥരെ വിറപ്പിച്ച സഹദേവനെ ഒരു തുള്ളി മദ്യം കൊടുക്കാതെ എലിയെ പോലെ ആക്കാനും അയാൾക്ക്‌ കഴിഞ്ഞു. നാണം കെട്ടു കീഴുദ്യോഗസ്ഥരോട് മദ്യം ചോദിക്കേണ്ട അവസ്ഥയിൽ വരെ സഹദേവൻ എത്തുന്നു എന്നത് സങ്കടകരം തന്നെ. ഏറ്റവും വിഷമം തോന്നിയ സെന്റി സീൻ അതായിരുന്നു.  

യഥാർത്ഥ പട്ടാളത്തിൽ ഉയർന്ന ഉദ്യോഗസ്ഥർ എന്തെങ്കിലും പറഞ്ഞാൽ എങ്ങനെ നിഷേദിക്കണം എന്ന് രാജാ നന്നായി കാണിച്ചു തന്നപ്പോൾ അവിടെ അങ്ങ് ഇന്ത്യയിൽ സഹദേവൻ പഞ്ച് ഡയലോഗടിച്ചു തകർക്കുകയായിരുന്നു.  രഞ്ജി പണിക്കരുടെ കഥാപാത്രം മേജർ മൂപ്പനും ആയി. പുലിയെ കണ്ടിട്ടുണ്ടോ എന്ന അദ്ധേഹത്തിന്റെ ഡയലോഗും കൂടി ആയപ്പോൾ രോമാഞ്ചം വന്നു എഴുന്നേറ്റ രോമം താഴാതെ വന്നപ്പോൾ വാക്സിങ് ചെയ്യേണ്ട അവസ്ഥ ആയി. 

എല്ലാവരും പ്രതീക്ഷിക്കുന്ന ബലിമൃഗം മരിക്കുന്ന സീൻ എത്തി. ജീവനുള്ള സമയം മുഴുവൻ സഹദേവനെ പൊക്കിയടിക്കൽ ആയിരുന്നു ടിയാൻ. അതിന്റെ ഉപകാരം എന്നോണം മരിച്ചു കഴിഞ്ഞയുടൻ ശപഥം ഒക്കെ എടുക്കുന്നുണ്ട് സഹദേവൻ. ചിന്മയിയുടെ കൂടെ മരിച്ച മറ്റു 3 പേർക്കും ഇതൊക്കെ കിട്ടേണ്ടതായിരുന്നു.. പക്ഷെ ഇല്ല… കാരണം പാകിസ്ഥാൻ അവരെ പിന്തുടരുമ്പോൾ ടാങ്കിന്റെ അകത്തിരുന്നു ചളിയടിക്കുകയായിരുന്നു അവർ. അവർക്ക് അങ്ങനെ തന്നെ വേണം. മേജർ രവി ബ്രില്യൻസ്! 

യുദ്ധം തുടങ്ങി. രാത്രി ആയതിനാൽ വെടിയൊച്ച മാത്രം കേൾകാം.  അമ്മച്ചി എന്ന് കരഞ്ഞാൽ ഇന്ത്യക്കാരും മാ എന്ന് കരഞ്ഞാൽ പാകിസ്ഥാൻകാരും ആണെന്ന് മനസ്സിലാക്കാം എന്ന് ഗ്രൂപ്പിൽ ഒരു രസികൻ പറഞ്ഞത് സത്യം തന്നെ.  പാട്ടും ആവർത്തിച്ച ഗ്രാഫിക്സ് ഒക്കെയായി യുദ്ധം മുന്നേറി.അപ്പോൾ നമ്മുടെ ഡ്രാക്കുള സുധീർ ബീച്ചിൽ ബലൂൺ വെടി വെക്കാൻ വരുന്ന പോലെ വരികയും ദാരുണ അന്ത്യം നേരിടുകയും ചെയ്യുന്നുണ്ട്. സങ്കടം വന്നു..പാവം !!  അപ്പോഴാണ്‌ സൂര്യോദയം, ശപഥം എന്നിവയൊക്കെ വാല് ഓർമിപ്പിക്കുന്നത്.  

സഹദേവേട്ടൻ ചാടിയിറങ്ങി.. തെലുങ്കു പടത്തിൽ വില്ലനും നായകനും അവസാനം ഒറ്റക്കൊറ്റയ്ക് ഇടിക്കാൻ വാടാ എന്ന് പറയും പോലെ അവിടെ ഒരു സാഹചര്യം വരുന്നു.  രാജാ മരിക്കണം എന്ന് സംവിധായകൻ പറഞ്ഞു… എങ്ങനെ മരിക്കണം എന്ന്?? മരിക്കും മുൻപ് സഹദേവന് ഒരു സല്യൂട്ട് കൊടുത്തു മരിക്കാൻ… അങ്ങനെ സല്യൂട്ട് അടിച്ചു ഒരാൾ മരിക്കുകയാണ്… ബാക്കി കാണാൻ നിന്നില്ല… എഴുന്നേറ്റു പോന്നു… മതിയായി… 

മൊത്തത്തിൽ ലാലിന്റെ കടുത്ത ഭക്തർക്കും ഇന്നു ആലപ്പുഴയിൽ ഹർത്താൽ ഉണ്ടാക്കാൻ കാരണക്കാരായ ആളുകൾക്കും വേണ്ടി പടച്ച പോലൊരു ചിത്രം. പൂർണ്ണ നിരാശ സമ്മാനിച്ച പടത്തിനു ഞാൻ നല്കുന്നത് അഞ്ചിൽ ഒന്നര ആണ്.അഭിപ്രായം വ്യക്തിപരം, തിയേറ്ററിൽ കണ്ട്‌ വിലയിരുത്തുക.