“മാറ്റങ്ങൾ … മനസ്സിനും ശരീരത്തിനും അനിവാര്യമാണ്. ചില മാറ്റങ്ങൾ മനസ്സിന് വന്നാൽ ബന്ധങ്ങളുടെ ഊഷ്മളത കൂടും. എന്നാൽ ആ മാറ്റം എന്നിലെ വ്യക്തിത്വത്തിന് ചേരുന്നത് അല്ലെങ്കിൽ? ജീവിതാനുഭവങ്ങൾ  പല മാറ്റങ്ങളും വരുത്തും.. അതിലൂടെ എന്നിലെ പ്രണയവും ” 

സിനിമ   : കാട്രു വെളിയിടൈ ( 2017 ) 

വിഭാഗം  : പ്രണയകഥ

കുറേ നാളുകൾക്ക് ശേഷം ഞാൻ കാണുന്ന ഒരു സമ്പൂർണ്ണ പ്രണയ ചിത്രമാണിത്. അതും ആദ്യ ദിനം തന്നെ കാണാൻ കാരണം ഒരുപറ്റം മികച്ച സാങ്കേതിക പ്രവർത്തകരാണ്. മണി രത്നം 3 വിഭാഗം കൈകാര്യം ചെയ്യുന്നു. എഴുത്ത്, നിർമ്മാണം പിന്നെ സംവിധാനം. റഹ്മാൻ സംഗീതവും പശ്ചാത്തല സംഗീതവും നൽകുമ്പോൾ രവി വർമ്മൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ബിജോയ് നമ്പ്യാരുടെ സാന്നിധ്യവും ചിത്രത്തിനുണ്ട്. 

ചിത്രത്തിന് യാതൊരു കഥയുമില്ല. കാരണം ഇത് ഒരാളുടെ സ്വഭാവമാണ്. നായകനായ വരുണിന്റെ.. അവന്റെ പ്രണയവും ഈഗോയും സ്വാർത്ഥതയും ചിത്രം തുറന്നു പറയുന്നു. അതിലൂടെ പ്രേക്ഷകർക്ക് സിനിമയുടെ അനുഭൂതി സമ്മാനിക്കുന്നു. അവന്റെ പ്രണയമായ ലീലയിലൂടെ സ്ത്രീത്വത്തിന്റെ, സഹനത്തിന്റെ, പ്രണയത്തിന്റെ, ക്ഷമയുടെ കഥ പറയുന്നു. 

സംഭാഷണങ്ങൾക്ക് മുഴുവൻ മാർക്ക് നൽകാം. അത്രയ്ക്ക് മനോഹരം. ഒരു കഥാപാത്രത്തിന്റെ ആഴവും വ്യാപ്തിയും പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കാൻ അളന്നു മുറിച്ചു ആ സംഭാഷണങ്ങൾക്ക് കഴിഞ്ഞു. ഛായാഗ്രഹണത്തിന് അടിമപ്പെട്ട് പോകും… കാശ്മീർ ആകട്ടെ, ലേ ആകട്ടെ, പാക്കിസ്ഥാൻ ആകട്ടെ, അഫ്ഗാനിസ്ഥാൻ ആകട്ടെ മനോഹരമായ ദൃശ്യങ്ങൾ. സംഗീതം തിരക്കഥയോട് ചേർന്ന് നിന്നു, സരട്ട് വണ്ടിയിലെ എന്ന ഗാനം പേഴ്സണൽ ഫേവറേറ്റ് ആണ്. 

അഭിനയത്തിൽ അതിഥി റാവു ഹൈദാറി മികച്ചു നിന്നു. സുന്ദരിയായ അതിഥി സ്ക്രീനിൽ നിറഞ്ഞു നിന്നു. നല്ല അഭിനയം. കാർത്തി ക്ലൈമാക്സിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ബാക്കി മുഴുവൻ ശരാശരിയിൽ മേൽ ഒതുങ്ങി. രുക്മിണിയും RJ ബാലാജിയും കൊള്ളാം. ബാലാജിക്ക് ഒരു ബ്രേക്ക് ലഭിക്കാൻ സാധ്യതയുണ്ട്. 

നിങ്ങൾക്ക് നല്ല ക്ഷമയുണ്ടെങ്കിൽ ഈ കാവ്യം ആസ്വദിക്കാം. കാരണം ചിത്രത്തിന്റെ മെയിൻ തീം മനസ്സിലാക്കാനുള്ള സമയം രണ്ടാം പകുതിയുടെ പകുതിയിലാണ്. അതു വരെ ക്ഷമയുണ്ടെങ്കിൽ നല്ലൊരു ഫീൽ തരുന്ന ചിത്രമാണ്. ടെക്നിക്കലി ബ്രില്യന്റ് ആയ ഉഗ്രൻ റൊമാൻസ് ഫിലിം. 

കാർത്തിയെ പോലുരു നടനെ നായകനാക്കിയപ്പോൾ നല്ലൊരു പ്രകടനം ആരായാലും പ്രതീക്ഷിക്കും, എന്നാൽ പതിവിനു വിപരീതമായി എടുത്താൽ പൊങ്ങാത്ത ഒരു കഥാപാത്രം പോലെയാണ് തോന്നിയത്. നീ എങ്കെ ഇരുന്താലും നാൻ വരുവേൻ എന്നൊക്കെ പറയുമ്പോൾ കട്ട ഓവർ ആക്ടിംഗ് ആയിരുന്നു എന്ന് പറയാതെ വയ്യ.. അല്ലയോ മണി സാർ.. താങ്കൾ തന്നെയല്ലേ ദളപതിയും ഇരുവരും നായകനും ഒക്കെ എടുത്തത്? എങ്ങനെ ഓവർ ആക്ടിംഗ് നിയന്ത്രിക്കണം എന്ന് മറന്നു പോയോ അതോ പഴയ കട്ട് പറയാൻ മറക്കുന്ന അസുഖം വീണ്ടും വന്നോ? 

ഒരു അച്ഛനാവാനുള്ള അർഹതയില്ല എന്നൊക്കെ നായകൻ പറയുന്നത് അപൂർവമായ സംഗതിയാണ്.. വളരെ ഭംഗിയുള്ള ഒരു രംഗവും, അവിടെ പോലും കാർത്തിയെ നന്നായി ഉപയോഗിക്കാൻ താങ്കൾക്ക് കഴിഞ്ഞില്ല. ആകെ കാർത്തി നന്നായി എന്ന് തോന്നിയത് ക്ലൈമാക്സിൽ മാത്രമാണ്. ബാക്കി ഉള്ളവരുടെ പടത്തിൽ അഭിനേതാക്കൾ മോശമായാൽ മനസ്സിലാക്കാം.. പക്ഷെ നിങ്ങൾ? പല നടന്മാരുടെയും കരിയർ ബെസ്റ്റ് നല്കിയത് നിങ്ങൾ തന്നെയല്ലേ?

ചിത്രത്തിൽ കാണിക്കുന്ന പാകിസ്ഥാൻ ജയിലും അവിടുന്ന് രക്ഷപെടുന്ന രീതിയും പക്കാ മൊക്ക ആയിരുന്നു. വാളയാർ ചെക്പോസ്റ്റിലേക് കയറും പോലെ അഫ്ഘാനിസ്ഥാനിലേക് കയറിയതൊക്കെ വിനയന്റെ വാർ ആൻഡ്‌ ലവ് എന്ന പടത്തിൽ പോലും കാണാൻ പറ്റുന്ന ഒന്നല്ല. നല്ല ഒന്നാം നമ്പർ മൊക്ക സീൻ.. റിലീസ് ആയി രണ്ടുദിവസം കഴിഞ്ഞപ്പോൾ എല്ലാവരും എസ്‌കേപ്പ് രംഗങ്ങൾ വലിച്ചു കീറി ഒട്ടിച്ചപ്പോൾ മദ്രാസ് ടാകീസ് ഒരു പോസ്റ്റിട്ടു. ആ എസ്കെപ്പ് നടന്ന സംഭവം ആണെന്ന്.. സത്യം തന്നെ. പക്ഷെ സിനിമ ഒരു മെയ്ക് ബിലീവ് അല്ലേ മണി സാറേ? താങ്കളുടെ ആ രംഗങ്ങൾ വിശ്വസിക്കാൻ പറ്റിയ ഒന്നായി തോന്നിയില്ല. ഇപ്പോഴും മദ്രാസ് ടാക്കീസിന്റെ ഫേസ്ബുക്ക് പേജിൽ ആ പോസ്റ്റ് പിൻ ചെയ്ത് വെച്ചിരിക്കുന്നത് ഇതിന്റെ പേരിൽ ആരും തേച്ച് ഒട്ടിക്കാതിരിക്കാൻ ആകും. നല്ലത്…

നായകന്റെ സ്വഭാവം ആണ് സിനിമ.ആദ്യ പകുതി കഴിഞ്ഞപ്പോൾ കിട്ടിയ ആ ഒരു സന്തോഷം രണ്ടാം പകുതിയിൽ കിട്ടിയില്ല. കാരണം രണ്ടാം പകുതിയും ക്ലൈമാക്സും കണ്ട്‌ തീർന്നപ്പോൾ എനിക്ക് നല്ല ക്ഷമ ഉണ്ടെന്ന് മനസ്സിലായി. ക്ഷമ വരാൻ കാരണം സ്പാനിഷ്‌ പടങ്ങൾ ആണ്. പക്ഷെ നമ്മുടെ പ്രേക്ഷകർക്കു ഇത്രത്തോളം ഇഴച്ചിൽ നൽകിയാൽ അവർ സ്നേഹപൂർവ്വം നിരസിക്കും എന്നാണ് എന്റെ തോന്നൽ. 

റഹ്‌മാനെയും രവിവർമാനെയും നന്നായി ഉപയോഗിച്ചതു എന്തായാലും നന്നായി. അവരുടെ വർക്കിന്റെ ബലത്തിൽ മാത്രാമാണ് ഈ ചിത്രം മുഴുവൻ കാണാൻ തോന്നിയത്. റോജയിലും അലൈപായുതേയിലും കണ്ടതൊക്കെ തന്നെയേ ഇവിടെയും കാണാൻ സാധിച്ചുള്ളൂ.. അല്ലാതെ പുതുമയൊന്നും കണ്ടില്ല. പുതുമ ചോദിക്കുന്നുമില്ല, കാരണം നിങ്ങളുടെ പ്രണയകഥകൾ ഒരുപാട് ഇഷ്ടമാണ്.. പുതുമ ഇല്ലെങ്കിലും കാണാൻ തയാറാണ്.. പക്ഷെ നിങ്ങളുടെ പടങ്ങളുടെ മാഷപ്പ് നിങ്ങൾ തന്നെ നൽകിയാൽ എങ്ങനെ ശരിയാകും? 

വലിയ വലിയ അർത്ഥങ്ങൾ കണ്ടെത്തുന്ന ഭരദ്വാജ് രംഗനെ പോലുള്ളവരെ മനസ്സിൽ വെച്ചു എടുത്തതോ അല്ലെങ്കിൽ ടിപ്പിക്കൽ മണി രത്നം സിനിമകൾ ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചോ ഇറക്കിയത് ആകാം. എന്റെ ചായ ഇതല്ല, അതിനാൽ എനിക്ക് എന്നും ഇതൊരു ആവറേജ് പടം ആണ്. എന്ന് രണ്ടു തവണ ഈ പടം തീയേറ്ററിൽ കണ്ട ഒരു പ്രേക്ഷകൻ. 
എത്രയൊക്കെ പോസിറ്റീവ് ഉണ്ടായാലും എല്ലാ മണിരത്നം ചിത്രങ്ങളുടേയും ഒരു അവിയലായി തോന്നും. അതിനാൽ തന്നെ ഒരു സമ്പൂർണ്ണ തൃപ്തി തരാനും ചിത്രത്തിനായില്ല.  ഞാൻ നൽകുന്നത് അഞ്ചിൽ മൂന്നാണ്. അഭിപ്രായം വ്യക്തിപരം ,തീയേറ്ററിൽ കണ്ട് വിലയിരുത്തുക.