“ഇന്ത്യ മഹാരാജ്യത്തിനു ഇന്നു സ്വതന്ത്രം ലഭിച്ചു,  എന്ത് ഗുണം? ശരീരവും ശരീരവും തമ്മിൽ ചേരുമ്പോഴുള്ള സുഖം ആസ്വദിക്കാനായി എന്നും എത്തുന്നവർ ഇന്നിവിടെ വരില്ല.. അവർ ആഘോഷങ്ങളിൽ മുഴുകും. എനിക്കും ഈ പെണ്ണുങ്ങൾക്കും ഇന്നത്തെ ദിനം ഒരു നഷ്ടക്കച്ചവടം മാത്രം.”

ചിത്രം – ബീഗം ജാൻ (2017)

വിഭാഗം – പീരിയോഡിക് ഡ്രാമ 

മുകളിൽ പറഞ്ഞതാണ് ബീഗം ജാനിന്റെ മനസ്സ്.. ഒരു വേശ്യാലയം അവർ നടത്തുന്നുണ്ട്.. അവിടെ ഒരുപാട് കഥകൾ പേറിനടക്കുന്ന സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന പെണ്ണുങ്ങളും. ഇന്ത്യ വിടും മുൻപ് ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായ സിറിൽ റാഡ്ക്ലിഫ് വെറും നാല് മാസം കൊണ്ട് ഇന്ത്യയും പാകിസ്ഥാനും വിഭജിക്കാൻ ഉത്തരവിടുന്നു. ബീഗമിന്റെ കോട്ട അതിർത്തിവരയിൽ പെടുന്നതിനാൽ അവരോടു അവിടുന്ന് ഒഴിഞ്ഞു പോകാൻ ഉത്തരവിടുന്നു. 

ബീഗം അതിനു തയ്യാറാകുന്നില്ല,  കോൺഗ്രസ്‌ ലീഡർ ആയ ഹരിപ്രസാദും മുസ്ലിം ലീഗ് നേതാവായ ഇല്യാസും ബീഗമിനെ അവിടുന്ന് ഒഴിപ്പിക്കാൻ നിർബന്ധിതരാകുന്നു, അവർ തിരഞ്ഞെടുക്കുന്ന വഴി ചോരയുടെ ആയിരുന്നു.  

സംവിധായകന്റെ സ്വന്തം ബംഗാളി ചിത്രത്തിന്റെ പുനർ അവതരണം ആണ് ബീഗം ജാൻ. മെലോഡ്രാമ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്‌ ടിയാൻ എന്ന് വ്യക്തം. വേശ്യാലയത്തിലെ പെണ്ണുങ്ങളുടെ കഥയും, ഇല്യാസിന്റെയും ഹരിപ്രസാദിന്റെയും സംഭാഷണങ്ങളും അടക്കം അനാവശ്യമായ പല സംഗതികളും ചിത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നു. 

ചിത്രത്തിന്റെ നട്ടെല്ല് വിദ്യ തന്നെയാണ്.  മനക്കട്ടിയുള്ള, എന്നാൽ തന്റെ പഴയ കാലങ്ങൾ വേട്ടയാടുന്ന, ദുസ്വപ്നങ്ങൾ കണ്ട്‌ ഞെട്ടിയുണരുന്ന, തന്റേടിയും വാശിയും ഉള്ളവളായ ബീഗത്തെ വിദ്യ മനോഹരമാക്കി. അച്ഛൻ ഉപേക്ഷിച്ച, ബലാൽസംഗം ചെയ്യപ്പെട്ട ഷോക്കിൽ ഉള്ള ഒരു പെണ്ണിനെ ബീഗം തുടർച്ചയായി തല്ലുന്ന രംഗമൊക്കെ വിദ്യയുടെ അഭിനയം മികച്ചതായിരുന്നു. അത് പോലെ ഹുക്ക വലിക്കുന്ന ആ രീതി കണ്ടാൽ തന്നെ അവർ എത്രത്തോളം കഥാപാത്രത്തെ ഉൾക്കൊണ്ടു എന്ന് മനസ്സിലാക്കാം.  
 

എന്ത് കൊണ്ട് ബീഗം ഇത്ര വാശി പിടിക്കുന്നു എന്നതിനുള്ള ഉത്തരം വ്യക്തമായി പറയാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന്‌ പേർ വിഭജനത്തിനു ശേഷം പലയിടത്തേക്കും പലായനം ചെയ്യുന്നതും കാണിക്കുന്നുണ്ട്, പിന്നേ എന്തിനു ബീഗം ഇത്ര വാശി പിടിക്കുന്നു എന്നതു വ്യക്തമല്ല. 

ചങ്കി പാണ്ഡെയുടെ കബീർ എന്ന വില്ലൻ കഥാപാത്രം വിദ്യയുടെ പ്രകടനത്തിന് ഒപ്പം നിൽക്കുന്ന ഒന്നാണ്. പല്ലവി ഷാർദ, ആശിഷ് വിദ്യാർത്ഥി തുടങ്ങി എല്ലാവരും അവരവരുടെ വേഷം മികച്ചതാക്കി. 

സ്ത്രീ സ്വതന്ത്രമാണ് സംവിധായകൻ ഉദേശിച്ചത് എന്ന് ആദ്യ രംഗങ്ങളിൽ നിന്നും വ്യക്തം. വിഭജനത്തെ പറ്റി സംസാരിക്കുമ്പോൾ അഭിനേതാക്കളുടെ മുഖത്തിന്റെ പാതി കാണിക്കുന്നതടക്കം പല ഷോട്ടുകളും നന്നായിരുന്നു. എന്നാൽ പോലും ആവശ്യമില്ലാത്ത മെലോഡ്രാമ കുത്തികേറ്റി ചിത്രത്തെ ഒരു ശരാശരി അനുഭവം മാത്രമാക്കി മാറ്റുകയും ചെയ്തു. ബീഗവും ബീഗത്തിന്റെ പെണ്ണുങ്ങളും തോക്ക് കിട്ടിയ ഉടൻ ഒരു പ്രൊഫഷണൽ ഷൂട്ടർ വെടിയുതിർക്കും പോലെ കാണിച്ചതൊക്കെ നെറ്റി ചുളിപ്പിച്ചു. അപ്രതീക്ഷിതമായി ഒന്നും തന്നെ സിനിമയിൽ നടക്കുന്നുമില്ല. 

മൊത്തത്തിൽ ബീഗം ജാൻ ഒരു ശരാശരി അനുഭവം മാത്രം. ഞാൻ നല്കുന്നത് അഞ്ചിൽ രണ്ടര മാർക്കാണ്. അഭിപ്രായം വ്യക്തിപരം, തീയേറ്ററിൽ കണ്ട്‌ വിലയിരുത്തുക. 

Rating – 2.5/5