“മനുഷ്യന്റെ തുടക്കം തന്നെ കാട്ടിൽ നിന്നായിരുന്നു,  ഞങ്ങളുടെ മുതുമുത്തശ്ശന്മാർ കണ്ട മൃഗങ്ങളിൽ പാതി പോലും ഞങ്ങളുടെ അച്ഛന്മാർ കണ്ടിട്ടില്ല, അവർ കണ്ട പകുതിപോലും ഞങ്ങൾക്ക് കാണാൻ പറ്റിയിട്ടില്ല, മനുഷ്യന്റെ വളർച്ചയ്ക്ക് വലിയ പങ്ക് വഹിച്ച വനങ്ങളെ നശിപ്പിക്കാൻ അവർ തുനിയുന്നു, അത് തടയണം.. എന്റെ വംശത്തിലെ അവസാനത്തെ കണ്ണി ജീവനോടെ ഉണ്ടായാൽ അവനതു തടഞ്ഞിരിക്കും. 

ചിത്രം    –   കടമ്പൻ (2017)

വിഭാഗം  –  അഡ്വഞ്ചർ,ആക്ഷൻ 

കടമ്പൻ സിനിമയുടെ ട്രൈലെർ ഇറങ്ങിയപ്പോൾ തന്നെ അതിന്റെ കഥ എല്ലാവർക്കും മനസ്സിലായതാണ്,  വളരെ സിമ്പിൾ ആയതും പണ്ട് മുതൽക്കേ ഉള്ളതുമായ അതിജീവനത്തിന്റെ കഥയാണ്‌ ഇതും പറയുന്നത്. പറയുന്ന രീതി വ്യത്യസ്തമായാൽ പ്രേക്ഷകർക്കു നല്ലൊരു അനുഭവമായി തീരുമാനം ഇങ്ങനെയുള്ള ചിത്രങ്ങൾ. 

മനുഷ്യനും പ്രകൃതിയും കഥാപാത്രങ്ങൾ ആകുന്ന ചിത്രത്തിൽ കടമ്പൻ എന്ന നായകനെ അവതരിപ്പിച്ചിരിക്കുന്നത് ആര്യയാണ്.  ബലിഷ്ഠമായ ശരീരവും, ഒരു ആദിവാസി എന്ന് തോന്നിപ്പിക്കും വിധമുള്ള കേശാലങ്കാരവും മറ്റും കഥാപാത്രത്തിനെ ന്യായീകരിക്കുന്ന ഒന്നായി തോന്നി. കാടിനെ അടുത്തറിയാൻ ചുരുക്കം ചിലർക്ക് മാത്രമേ കഴിയൂ, ആ വരദാനം കിട്ടിയ നായകൻ ആണ് കടമ്പൻ, അതിനാൽ തന്നെ ആക്ഷൻ രംഗങ്ങളിലും മറ്റും ഒരു അമാനുഷികൻ ആകാൻ നോക്കാതെ കാടിന്റെ കെണികൾ ശത്രുവിന് മുന്നിൽ പയറ്റി ജയിക്കുവാൻ ആണവൻ ശ്രമിക്കുന്നത്.

കാതറിൻ ട്രീസ കാസ്റ്റിംഗ് ചെയ്തതിലെ ഒരു അപാകത ആയി തോന്നി.ചിത്രത്തിന് തീരെ ആവശ്യം ഇല്ലാതിരുന്ന ഒരു കഥാപാത്രം, ശ്രിംഗാരം എന്ന ഭാവം മാത്രം മതി നായികയ്ക്ക് എന്നതിനാൽ കിട്ടിയ രംഗങ്ങളിൽ അത് വാരി നിറച്ചു നൽകി.  

ദീപരാജ്‌ റാണയുടെ വില്ലൻ വേഷം ശരാശരിയിൽ ഒതുങ്ങി. വില്ലൻ ക്രൂരത കാണിക്കേണ്ടത് അയാളുടെ ചെയ്തികളിലൂടെ ആണ്,  ഇവിടെ ക്രൂരതയ്ക് ഒരു കുറവും റാണ കാണിക്കുന്നില്ല. എന്നിട്ടും അയാളിലെ വില്ലൻ കഥാപാത്രത്തോട് നമുക്ക് ദേഷ്യമോ അമർഷമോ തോന്നാത്തതിന്റെ കാരണം അഭിനയത്തിലെ പരിമിതിയാണ്.  ബുദ്ധിമാനായ വില്ലനും കൂടിയാണ് ഇദ്ദേഹം.  ഒരു പക്ഷെ നല്ലൊരു കാസ്റ്റിംഗ് സംവിധായകൻ നടത്തി എങ്കിൽ ഈ കഥാപാത്രത്തിനെ കുറച്ചൂടെ നന്നാക്കാമായിരുന്നു. 

ചിത്രത്തിന്റെ 90% രംഗങ്ങളും CGI നിറഞ്ഞതാണ്.  പലയിടത്തും ഗ്രാഫിക്സ് ഒരു പോരായ്മയായി തോന്നി, ചെന്നായകളും നായകനും തമ്മിലുള്ള ഫൈറ്റ് നല്ല ബോറായി തോന്നി. പിന്നേ ചിത്രത്തിലെ ക്രൂരത നിറഞ്ഞ രംഗങ്ങൾ… ജനിച്ചു വീണ കുട്ടിയുടെ മേലെ ബോംബ്‌ വീഴുക, അത് പൊട്ടിത്തെറിക്കുക, ഒരു വിഭാഗം ആളുകളെ, അതും സ്ത്രീകളെയും കുട്ടികളെയും തല്ലി ഓടിക്കുക എന്നതൊക്കെ വളരെ ദൈർഘ്യം കൂട്ടി കാണിക്കുന്നുണ്ട്.  പ്രേക്ഷകരുടെ സഹതാപം പിടിച്ചു വാങ്ങാൻ കാട്ടിയ ഈ ശ്രമം ഒരു നെഗറ്റീവ് ഇമേജ് ആണ് യഥാർത്ഥത്തിൽ നല്കിയത്. 

നല്ല ഛായാഗ്രഹണം ആയിരുന്നു ചിത്രത്തിന്റേത്. പേരാൺമയ് എന്ന ചിത്രം ചെയ്ത സതീഷ്‌ കുമാർ ആണ് ക്യാമറ, കാനനഭംഗി നന്നായി ചിത്രീകരിച്ചു. യുവാന്റെ സംഗീതവും പശ്ചാത്തല സംഗീതവും ശരാശരി മാത്രം.  പേസിങ് നോക്കുകയാണെങ്കിൽ ആദ്യ പകുതി നന്നായി പോവുകയും, രണ്ടാം പകുതിയിൽ നായിക സ്വപ്നം കാണുന്ന ഡപ്പാം കുത്ത് പാട്ട്,  ഓവറായുള്ള ഇമോഷണൽ രംഗങ്ങൾ ഇതൊക്കെ വരുമ്പോൾ കടമ്പൻ ഒരു ശരാശരി ചിത്രമായി മാറുന്നു.  

ആര്യ  അഭിനന്ദനം അർഹിക്കുന്നുണ്ട്. തന്റെ ശരീരം അതിനായി ഒരുക്കിയതും, കിട്ടിയ റോൾ നന്നായി ചെയ്തതിനും.. പക്ഷെ തിരക്കഥ കൂടി നന്നായി വായിക്കുക, നല്ല സിനിമയ്ക്കായി പരിശ്രമിക്കുക… മൊത്തത്തിൽ കടമ്പൻ തീയേറ്ററിൽ കണ്ടാൽ ശരാശരിയും അല്ലാതെ കണ്ടാൽ ശരാശരിയിൽ താഴെയും ആയി തോന്നും. ഞാൻ നല്കുന്നത് അഞ്ചിൽ രണ്ടര മാർക്കാണ്.. അഭിപ്രായം വ്യക്തിപരമായ ഒന്നാണ്.. കണ്ട്‌ വിലയിരുത്തുക. നന്ദി.  

Rating – 2.5/5