” ഒരു കമ്മ്യുണിസ്റ്റ് എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു തന്നയാളാണ് അയാൾ. ഓരോ ശ്വാസവും അധ്വാനിക്കുന്ന ജനങ്ങൾക്കായി സമർപ്പിച്ചവൻ. തന്റെ ശരീരം പോലും അവർക്കായി ത്യജിച്ചവൻ. ഒരിക്കൽ പോലും സഖാവ് കൃഷ്ണൻ സ്വാർത്ഥമായ ഒരു ജീവിതം നയിച്ചിട്ടില്ല. വാക്കുകൾ കൊണ്ടല്ല, പ്രവർത്തി കൊണ്ടാണ് അയാൾ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന് കാണിച്ചു തന്നത്.. അയാൾ എന്റെ മനസ്സിലുണ്ട്, എന്റെ ഉള്ളിലുണ്ട്.. ആ മുഖം അങ്ങനെ തന്നെ ഇരിക്കട്ടെ”

ചിത്രം   –  സഖാവ് (2017)

വിഭാഗം – ഡ്രാമ 

Whats Good?  –  ഒരു കമ്യുണിസ്റ്റ്കാരൻ എങ്ങനെ ജീവിക്കണം എന്ന് വ്യക്തമായി പറയുന്ന സിനിമ 

Whats Bad?  – അൽതാഫ് എന്ന പുതിയ എർത്തിന്റെ വെറുപ്പിക്കലും, ക്ലൈമാക്സിനു മുമ്പുള്ള ആക്ഷനിലെ ഓവർ ഹീറോയിസവും. 

Watch It Or Not?  – തീർച്ചയായും സഖാവ് നല്ലൊരു സിനിമ തന്നെയാണ്. കച്ചവട സിനിമയാക്കിയ ഒരു നല്ല സിനിമ. 

Script Analysis

കുബുദ്ധി നിറഞ്ഞ ഒരു രാഷ്ട്രീയ പ്രവർത്തകനിൽ നിന്നുമാണ് സഖാവ് എന്ന സിനിമയുടെ തുടക്കം. സ്വന്തം കൂട്ടുകാരനെ വരെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ഉപദ്രവിക്കാൻ മടിക്കാത്ത ഒരാൾ. അയാളുടെ വാലായി ഒരു മണ്ടൻ. ഒരു ഘട്ടത്തിൽ ആദർശവാനും യഥാർത്ഥ കമ്മ്യുണിസ്റ്റ്കാരനുമായ ഒരാളെ അടുത്തറിയുന്ന സമയം അയാളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് ചിത്രം. 

ആദ്യമായാണ്‌ ഒരു കമ്യുണിസ്റ്റ് എങ്ങനെ ജീവിക്കണം എന്ന് വിശദമായി ഒരു ചിത്രം പറയുന്നത്. ആദ്യ പകുതിയിൽ നമ്മെ കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ ഉണ്ട്. ചെങ്കൊടി ഇത്ര ഭംഗിയിൽ പാറിപ്പറക്കുന്നത് വേറൊരു പടത്തിലും കണ്ടിട്ടില്ല. കഥാപാത്രങ്ങളുടെ വ്യക്തിത്വം വളരെ കൃത്യമായി വരച്ചു കാണിച്ചതിനൊപ്പം കമ്മ്യുണിസ്റ്റ് മൂല്യങ്ങളും ആശയങ്ങളും പ്രേക്ഷരിലേക്ക് എത്തിക്കാനും നല്ല ശ്രമം നടത്തുന്നുണ്ട് സിദ്ധാർത്ഥ ശിവ. പക്ഷെ ഒരു കച്ചവട സിനിമ ആക്കാനുള്ള വ്യഗ്രത രണ്ടാം പകുതിയിൽ വ്യക്തം. വൃദ്ധനായ നായകൻ റൗഡികളെ തമിഴ് സിനിമയിലെ ആക്ഷനെ അനുകരിക്കും വിധം അടിച്ചിടുന്നതും ക്ലൈമാക്സ്‌ കഴിഞ്ഞുള്ള രംഗവും നല്ലൊരു സിനിമയെ വാണിജ്യ മൂല്യങ്ങൾ കുത്തിക്കയറ്റി വൈകൃതമാക്കിയ പോലെ അനുഭവപ്പെട്ടു. 

Star Perfomance

നിവിൻ പോളി മൂന്ന് ഗെറ്റപ്പുകളിൽ വരുന്നു. വളരെ പക്വതയാർന്ന മികച്ച പ്രകടനമായി അനുഭവപ്പെട്ടു. മൂന്ന് റോളുകളും ഭംഗിയായി ചെയ്യുമ്പോഴും ഡയലോഗുകളിൽ മംഗലശ്ശേരി നീലകണ്ഠന്റെ വായസ്സുകാലം അനുഭവപ്പെട്ടു. നിവിൻ ഒരു നല്ല അഭിനേതാവ് ആണെന്നതിനുള്ള നല്ല ഉദാഹരണം ആണീ ചിത്രം.  ചെറുപ്പം, വാർധക്യം എന്നീ കാലഘട്ടങ്ങൾ നന്നായി തന്നെ ചെയ്തു. അഭിനയം തൃപ്തികരം. 

ഐശ്വര്യാ രാജേഷ് രണ്ടു കാലഘട്ടവും നന്നായി അവതരിപ്പിച്ചു. സംഭാഷണങ്ങൾ കുറാവായിരുന്നു എന്നാലും അഭിനയത്തിന്റെ കാര്യത്തിൽ മുന്നിൽ ആയിരുന്നു. അപർണ ഗോപിനാഥ് നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നല്ല കയ്യടി കിട്ടിയ ഒരു സീൻ തീപ്പൊരി വിതറുന്ന സംഭാഷണത്തിലൂടെ സ്വന്തമാക്കി. ഗായത്രി സുരേഷ്, അഞ്ജലി അനീഷ്‌ ഉപാസന എന്നിവർ കിട്ടിയ ചെറിയ വേഷം നന്നാക്കി.  

ശ്രീനിവസാൻ, മുസ്തഫ, സുധീഷ്‌ എന്നിവരും, പിന്നെ ബൈജു വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ വന്നു മികച്ച പ്രകടനം പുറത്തെടുത്തു. അൽതാഫ് തുടർന്ന് നിവിന്റെ വാലായി അഭിനയിക്കരുത് എന്നാണ് അഭ്യർത്ഥന. കുറച്ചു ചിരിപ്പിച്ചു കൂടുതൽ വെറുപ്പിക്കൽ ആയിരുന്നു.

Music And Direction

തുടക്കത്തിലേ ഗാനം നല്ലൊരു ഊർജം തരുന്നതായിരുന്നു.കൂടാതെ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. മധുമതി എന്ന ഗാനം ഹൃദ്യമായി തോന്നി. വിപ്ലവം വിളിച്ചോതുന്ന മറ്റു ഗാനങ്ങളും കൊള്ളാം.

രണ്ടേമുക്കാൽ മണിക്കൂർ എന്ന നീളം വളരെ കൂടുതൽ തന്നെയാണ്.സഖാവിന്റെ ജീവ ചരിത്രം പറഞ്ഞു തീർന്നപ്പോൾ നിഷാന്ത് സാഗറിന്റെ ഒരു വില്ലൻ വേഷവും കൃഷ്ണകുമാർ അതിനെതിരെ പോരാടാൻ തീരുമാനിക്കുന്നതടക്കം ചില രംഗങ്ങൾ ചിത്രത്തെ മൊത്തത്തിൽ ബാധിച്ചതായി തോന്നി. ഒരൊറ്റ ദിവസം കൊണ്ട് ഒരാൾ മനസ്സുമാറി നന്മ മരം ആയതും ആക്ഷൻ രംഗങ്ങളിലെ അമാനുഷികതയും സിദ്ധാർത്ഥയ്ക്കു ഒഴിവാക്കാമായിരുന്നു. എങ്കിൽ തീര്ച്ചയായും ഇതൊരു ഗംഭീര സിനിമയായി മാറിയേനെ.

Final Word

മൊത്തത്തിൽ സഖാവ് നല്ലൊരു സിനിമാ അനുഭവം തന്നെയാണ്. അല്ലറ ചില്ലറ നെഗറ്റീവ് ഉണ്ടെങ്കിലും മൊത്തത്തിൽ സംതൃപ്തി തരുന്ന ഒരു ചിത്രം. നിങ്ങൾ ഒരു കമ്മ്യുണിസ്റ്റ്കാരൻ ആണെങ്കിൽ തീർച്ചയായും കാണേണ്ട ചിത്രം.

Rating 

എനിക്ക് കിട്ടിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ ഞാൻ നല്കുന്നത് അഞ്ചിൽ മൂന്നര മാർക്കാണ്.അഭിപ്രായം വ്യക്തിപരം, തീയേറ്ററിൽ കണ്ട്‌ വിലയിരുത്തുക.