” രണ്ടു അസ്ത്രങ്ങൾ ഒരു വില്ലിൽ നിന്നുതിർക്കുവാൻ പോലും ഇത്രയും നാളായി ഞാൻ പഠിച്ചിട്ടില്ല, എന്നാൽ തികച്ചും സാധാരണക്കാരനായി എൻ മുന്നിൽ പ്രത്യക്ഷപ്പെട്ട ഇവൻ നാല് അസ്ത്രങ്ങൾ ഒരേ നേരം വില്ലിൽ നിന്നുതിർത്തു ശത്രുക്കളെ വീഴ്ത്തുന്നു.. ആരാണിവൻ? ഇവന്റെ രഹസ്യം എന്താണ്?

ചിത്രം  – ബാഹുബലി 2 

വിഭാഗം – എപിക് ആക്ഷൻ ഡ്രാമ 

Whats Good

Action, Emotion, Goosebumps, Comedy എന്നിവയുടെ കൃത്യമായ ആവിഷ്കാരം. ഒരൊറ്റ സെക്കന്റ്‌ പോലും ബോറടിപ്പിക്കാതെ ആഖ്യാനരീതി.  

Whats Bad

ചില കഥാപാത്രങ്ങളുടെ വ്യക്തിത്വം ചിലയിടങ്ങളിൽ നഷ്ടപ്പെടുന്നു. ഗ്രാഫിക്സ് ചിലയിടങ്ങളിൽ അഭംഗി വ്യക്തമായി കാണിച്ചു. 

Watch It Or Not 

ഒരു രാജ്യം മുഴുവൻ ഒരു രഹസ്യത്തിന്റെ ചുരുളഴിയാനായി ഇതേ പോലെ കാത്തിരുന്നു കാണില്ല.  കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം പുറത്തിറങ്ങി. ഒറ്റവാക്കിൽ പറഞ്ഞാൽ ആദ്യ ഭാഗത്തിന് ചേർന്ന അവസാനം തന്നെയാണ് ചിത്രത്തിന്. സിനിമ പൂർണ്ണമായും ആസ്വദിച്ചു കാണണം എന്നുള്ളവർ തുടർന്ന് വായിക്കരുത്. സ്പോയ്ലർ ഇല്ലെങ്കിലും നിങ്ങളുടെ ആസ്വാദനത്തിനു തടസ്സം ആയേക്കാം. 

ഒരു സിനിമയിൽ ഹൈലൈറ്റ് ആയി വരുന്ന ചില രംഗങ്ങൾ കാണും. ആ രംഗങ്ങൾ മാത്രമായി നാം വീണ്ടും വീണ്ടും കാണും. അതേ പോലെ ധാരാളം രംഗങ്ങൾ നിറഞ്ഞ ചിത്രം.  തുടക്കത്തിലേ ടൈറ്റിൽ കാർഡിൽ നിന്നു തുടങ്ങുന്ന ദൃശ്യങ്ങൾ ബാഹുബലിയുടെ ഇന്റ്രോ സീനിലൂടെ പ്രേക്ഷകനെ കീഴ്പ്പെടുത്തുന്ന. വിസിലടികൾ ഉയരുന്നു.. കയ്യടി നിറയുന്നു, സാഹോരെ ബാഹുബലി എന്ന പാട്ടോടു കൂടി ചിത്രം മുന്നോട്ടു പോകുന്നു. 

സത്യരാജ് എന്ന നടന്റെ കട്ട ഹീറോയിസം മാത്രം കാണിച്ച രാജമൗലി കട്ടപ്പയെ സരസനായ തമാശകൾ പറയുന്ന ഒരാൾ ആക്കുകയും ചെയ്തപ്പോൾ ചെറിയ രീതിയിൽ പോലും കല്ലുകടി തോന്നിയില്ല. നന്നായി ആസ്വദിച്ചു കണ്ട രംഗങ്ങൾ ആയിരുന്നു ബാഹുബലിയും കട്ടപ്പയും തമ്മിലുള്ള നർമ രംഗങ്ങൾ. ദേവസേന-ബാഹുബലി ലവ് ട്രാക്കിൽ സഞ്ചരിക്കുന്ന ഭാഗങ്ങളിൽ യുദ്ധവും ആക്ഷനും കലർത്തി പ്രേക്ഷകരെ ഒരു കാരണവശാലും ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോയി. 

ശിവകാമി-ദേവസേന നേർക്ക്‌ നേർ തീ പാറുന്ന സംഭാഷണരംഗങ്ങളും ഒരു ഹൈലൈറ് തന്നെ. ദേവസേനയുടെ കഥാപാത്രം എത്രമാത്രം ശക്തമാണ് എന്ന് നമുക്ക് കാണിച്ചു തന്ന സംവിധായകൻ അവസാന രംഗങ്ങളിൽ ഒരു ചെറുത്തുനിൽപ്പിനു പോലും മുതിരാതെ നില്കുന്ന ദേവസേനയെ കാണിച്ചത് എന്തിനെന്നു വ്യക്തമല്ല. നാസർ അവതരിപ്പിച്ച കഥാപാത്രത്തിന് എന്ത് സംഭവിച്ചു എന്നതിനും വ്യക്തമായ ഉത്തരമില്ല.  രണ്ടാം പകുതിയിൽ ഫ്ലാഷ് ബാക്ക് തീർന്നയുടൻ ക്ലൈമാക്സിനു മുതിർന്ന രീതി സമയക്കൂടുതൽ കൊണ്ടാണ് എങ്കിലും എന്തോ വേഗത്തിൽ പടം തീർത്ത പോലെ തോന്നിപ്പിക്കും. 

റാണയുടെ പൽവാർ ദേവൻ ആദ്യ ഭാഗത്തിൽ നല്ല വണ്ണവും ആകാരവും ആയിരുന്നു എങ്കിൽ ഇതിൽ അതിന്റെ പകുതി മാത്രം. മാത്രമല്ല,ആദ്യ ഭാഗത്തിൽ നമുക്ക് ആ കഥാപാത്രത്തോട് തോന്നിയ ഭയം ഇതിൽ തീരെ തോന്നുകയും ഇല്ല.

രണ്ടാം പകുതിയിൽ കയ്യടികൾ നേടുന്ന രംഗങ്ങൾ കൂടുതലാണ്. അവസാന രംഗത്തെ ആക്ഷൻ രംഗങ്ങൾ ആരെയും കോരിത്തരിപ്പിക്കുന്ന വിധവും. ബാഹുബലി എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാൻ പറ്റാത്ത വിധം നമ്മുടെ മനസ്സിൽ പതിച്ചിട്ടുണ്ട് രാജമൗലി. 

പ്രഭാസിന്റെ കരിയർ ബെസ്റ്റായി തന്നെ തോന്നി. മിതത്വം പാലിച്ചു അഭിനയിച്ച രംഗങ്ങളും അല്ലാതെയും ഉണ്ടെങ്കിലും മൊത്തത്തിൽ ആരെയും തൃപ്തിപെടുത്തും. റാണയുടെ കഥാപാത്രം വലിയ ഒരു ഇമ്പാക്ട് എന്നിൽ സൃഷ്ടിച്ചില്ല. സത്യരാജ് നല്ലൊരു നടൻ ആണെന്ന കാര്യം പറയേണ്ടതില്ലല്ലോ.. കട്ടപ്പയായി തകർത്തഭിനയിച്ചു. രമ്യ കൃഷ്ണൻ ശിവകാമിക്ക് ജീവനേകി. 

ഒരേ സമയം ധീരയായ രാജകുമാരി ആയും ബാഹുബലിയുടെ പത്നിയായും അനുഷ്ക നിറഞ്ഞാടി. കയ്യടികൾ ഒരുപാട് ലഭിച്ച നല്ലൊരു കഥാപാത്രം. പവൻ ആദ്യം ചിരിപ്പിച്ചു പിന്നീടു നമ്മുടെയുള്ളിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചു. 

ഛായാഗ്രഹണം, പശ്ചാത്തല സംഗീതം.. രണ്ടും മികച്ചു നിന്നു. പല രംഗങ്ങളുടെയും ജീവൻ തന്നെ കീരവാണിയുടെ BGM ആയിരുന്നു. ഗാനങ്ങൾ ചിത്രത്തോട് ചേർന്ന് നിന്നു. 

Final Word

ചിലയിടത്ത് പോരായ്മകൾ ഉണ്ടെന്നത് സത്യം. എന്നാലും അതൊന്നും ഒരു കുറവായേ തോന്നില്ല. മാത്രമല്ല സംതൃപ്തി നിറഞ്ഞു തിയേറ്റർ വിടാനും സാധിക്കും. ധൈര്യമായി കാണാവുന്ന നല്ലൊരു ചിത്രം. 

Rating

മൊത്തത്തിൽ നല്ലൊരു തൃപ്തി നൽകിയതിനാൽ ഞാൻ നല്കുന്നത് അഞ്ചിൽ നാല് ആണ്. തിയേറ്ററിൽ കണ്ട്‌ വിലയിരുത്തുക. നന്ദി!