” ഒരു പോറൽ പോലും ഏൽക്കാതെയാണ് ഞാൻ ആ പ്ലെയിൻ ക്രാഷിൽ നിന്നും രക്ഷപ്പെട്ടത്. എന്റെ കൂട്ടുകാരനെ ആത്മാവായി എനിക്ക് കാണാൻ സാധിക്കുന്നു. അവൻ പറഞ്ഞ പോലെ ആമനെറ്റ് എന്ന മമ്മിക്കു എന്നെകൊണ്ട്‌ എന്തെങ്കിലും പ്ലാൻ ഉണ്ടായിരിക്കുമോ? എന്തൊക്കെയോ ദുരൂഹതകൾ എന്റെ ചുറ്റും നടക്കുന്നു” 

Movie – The Mummy (2017) 

Genre – Fantasy,  Action 

Whats Good? 

404..ERROR NOT FOUND! 

Whats Bad? 

മോശം കഥയും ആഖ്യാനവും. ത്രില്ലിങ്ങോ ഹോററോ അല്ലാത്ത കഥാഗതി. അഭിനേതാക്കളുടെ മോശം പ്രകടനം.  

Watch Or Not? 

കേരളക്കരയിൽ വൻവിജയം നേടിയ ചിത്രമായിരുന്നു മമ്മി. അതിന്റെയൊരു റീബൂട്ട് എന്ന് പറയുമ്പോൾ അതും ടോം ക്രൂസ്, റസൽ ക്രോ എന്നിവർക്കുള്ള കാസ്റ്റിംഗും. ഡാർക്ക്‌ യൂണിവേഴ്സിലെ ആദ്യ ചിത്രം എന്നുള്ള നിലയിലൊക്കെ വലിയ പ്രതീക്ഷ ആയിരുന്നു ചിത്രത്തെപ്പറ്റി. എന്നാൽ എല്ലാ പ്രതീക്ഷകളും കാറ്റിൽ പറത്തി പുതിയ റീബൂട്ട് റിലീസ് ആയിരിക്കുന്നു.  

മമ്മി, വുൾഫ് മാൻ, ഡ്രാക്കുള, ഫ്രാങ്കൻസ്റ്റെയിൻ തുടങ്ങിയവരെയൊക്കെ ഉൾപ്പെടുത്തി ഡാർക്ക്‌ യൂണിവേഴ്‌സ് എന്ന പേരിൽ തുടങ്ങിയ സീരീസിന്റെ ആദ്യ ചിത്രം തന്നെ ഇത്തരം ഒരു പേക്കൂത്ത് ആയതിൽ വിഷമമുണ്ട്. ഒരു സൂപ്പർ താരം, അക്കാഡമി അവാർഡ്‌ ലഭിച്ച മറ്റൊരു താരം എന്നിങ്ങനെ നന്നായി ഉപയോഗിക്കാവുന്ന പലതും ഉണ്ടായിട്ടും അതൊന്നും അണിയറക്കാർ ഉപയോഗിച്ച് കണ്ടില്ല.  

ഈജിപ്തിലെ മമ്മിയെ മെസപ്പൊട്ടോമിയയിൽ അതായത് ഇന്നത്തെ ഇറാഖിൽ കണ്ടെത്തുന്നതിനെ തുടർന്ന് നടക്കുന്ന സംഭവവികാസത്തിൽ നായകനായ ടോം, മമ്മിയായ സോഫിയ ബ്യുട്‌ലാ,  ഡോക്ടർ ഹെൻറി ജെക്കിൽ ആയ റസൽ ക്രോ, തുടങ്ങിയ വൻ താരനിര മോശം പ്രകടനം കാഴ്ചവച്ചു. 

ടോം തന്റെ സ്വതസിദ്ധമായ തന്റേടിയും തെമ്മാടിയും  ആയ നായകകഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ യാതൊരു പുതുമയും തോന്നിയില്ല. സോഫിയയുടെ ചില നല്ല രംഗങ്ങൾ ബ്ലർ ചെയ്ത സെൻസർ ബോർഡിനെ ഞാൻ ദേഷ്യത്തോടെ സ്മരിക്കുന്നു. എ  സർട്ടിഫിക്കറ്റു കണ്ടിട്ട് തന്നെ കേറിയ പ്രായപൂർത്തി ആയവരെ നിങ്ങൾ നിരാശപ്പെടുത്തി. 

റസൽ ക്രോ എഡ്‌വേഡ്‌ ഹൈഡ് ആകുന്ന രംഗമൊന്നും അത്ര നന്നായി തോന്നിയില്ല. അദ്ധേഹത്തെ പോലൊരു നടന് നന്നാക്കാമായിരുന്നു രംഗം ആയി തോന്നി. VFX, CGI എന്നിവയൊന്നും അത്ര നന്നായി തോന്നിയുമില്ല. 3D യുടെ കൂടെ 2D ഉള്ളത് നന്നായി. എന്തെന്നാൽ ഇനിയുള്ളവർക്ക് 2D കാണാമല്ലോ… യാതൊരു എഫക്ട് ഇല്ലെന്നു മാത്രമല്ല ബോറൻ പടം ഈ ഫോർമാറ്റിൽ കാണുമ്പോൾ കൂടുതൽ ദേഷ്യം വരും. 

Final Word 

നല്ല ബോറൻ പടം. മമ്മി എന്ന ഫ്രാഞ്ചൈസിയെ തന്നെ നാണം കെടുത്തുന്ന ചിത്രം. സമയവും കാശും കൂടുതൽ ഉണ്ടെങ്കിൽ കാണാം. 

Rating – 1/5