“കുട്ടിക്കാലം മുതൽ സ്നേഹിക്കുകയാണ് ഞാൻ അവളെ..ഈ പ്രദേശത്തുള്ളവർ അയൽക്കാരെ അമ്മയായും പെങ്ങളായും മാത്രമേ കാണാറുള്ളൂ… അതുകൊണ്ട് തന്നെ ചെറുപ്പം മുതൽ അവളെന്റെ പെങ്ങളാണ് എന്നും ധാരാളം കേട്ടിരിക്കുന്നു. രാഖി കെട്ടി സഹോദരന്മാരുടെ എണ്ണം കൂട്ടുന്ന ഇവളോട്‌ എന്റെ പ്രണയം ഞാൻ എങ്ങനെ വെളിപ്പെടുത്തും? 

Movie – Behen Hogi Teri.. (2017) 

Genre – Comedy 

Whats Good? 

നായകന്റെ പ്രകടനം. രസകരമായ കഥ. ബോറടി ഇല്ലാത്ത ആഖ്യാനം. 

Whats Bad ? 

ശ്രുതി ഹാസൻ ONLY… 

Watch Or Not? 

മൗനം വിദ്ധ്വാനു ഭൂഷണം എന്നൊരു പഴഞ്ചൊല്ലുണ്ട്. അതു ശരിയല്ല എന്ന് ഈ ചിത്രം പറയുന്നുണ്ട്. പക്ഷെ ആ പഴഞ്ചൊല്ലിൽ തെറ്റില്ല.. ഈ പടത്തിലെ നായകൻ അത്തരം ഒരാളാണ്. ആവശ്യത്തിനു പോലും സംസാരിക്കില്ല.. എല്ലാവരെയും പേടി..മനസ്സിലുള്ളത് തുറന്ന് പറയാനുള്ള ആ പേടി കാരണം വരുന്ന രസകരമായ കാര്യങ്ങളാണ് ഈ ചിത്രം പറയുന്നത്. 

തന്റെ പ്രണയം നായികയോട് ഒരു ഘട്ടത്തിൽ തുറന്ന് പറയുമെങ്കിലും തന്റെ ധൈര്യക്കുറവ് മൂലം നായികയെ വേറെ ഒരാൾ കല്യാണനിശ്ചയം ചെയ്യുന്നത് നോക്കി നിൽക്കേണ്ടി വരികയും. നായികയ്ക്ക് മറ്റൊരു കാമുകൻ ഉണ്ടെന്ന് നായകന് തന്നെ പറയേണ്ടി വരികയും ചെയ്യുന്നുണ്ട്. ആ കാമുകൻ താൻ ആണെന്ന് തുറന്ന് പറയാൻ ധൈര്യമില്ലാതെ സ്വന്തം കൂട്ടുകാരനെ ചൂണ്ടി കാണിക്കുന്നു. ആ കൂട്ടുകാരന്റെ വീട്ടുകാർക്കു നായികയെ ഇഷ്ടമാകുന്നതോടു കൂടി ഒരു പെണ്ണിന് മൂന്ന് പുരുഷന്മാർ എന്ന ഗതി വരുന്നു. 

ഒരു കള്ളത്തരം കാണിച്ചിട്ട് അതിൽ താൻ പിടിക്കപ്പെട്ടില്ല എന്നറിയുമ്പോൾ സാധാരണ എല്ലാവരും കാണിക്കുന്ന ദീർഘനിശ്വാസം ഒഴിവാക്കി വളരെ നാച്ചുറൽ ആയി ഓരോ ഭാവവും പുറത്തെടുത്ത രാജ്‌കുമാർ റാവു നല്ലൊരു പ്രകടനം തന്നെ കാഴ്ച വെച്ചു. തനിക്ക് കിട്ടിയ ലോലനായ നായകന്റെ വേഷം പൂർണ്ണമായ പെർഫെക്ഷനോട് കൂടി തന്നെ റാവു ചെയ്തു. 

അമ്മൂമ്മ മരിക്കുമ്പോൾ കരയുന്നത് മുതൽ നായകനോട് ഇഷ്ടമാണ് എന്ന് പറയുന്നത് വരെ ഓരോ രംഗത്തിലും അഭിനയം ബോറാക്കി പകരം പ്രേക്ഷകരുടെ ശ്രദ്ധ തന്റെ ശരീരത്തിലേക്ക് ദിശ മാറ്റിയ  ശ്രുതി ഹാസൻ എന്ന നായികയെ നമുക്ക് കാണാം. ഒരിക്കലും തനിക്കൊരു നല്ല നായിക ആകാൻ കഴിയില്ല എന്ന് മനഃപൂർവം തെളിയിക്കാൻ വേണ്ടി അഭിനയിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

രണ്ടു പാട്ടുകൾ മികച്ചതാണ്. ഛായാഗ്രഹണം നായികയെ അതിസുന്ദരിയായി കാണിച്ചത് കൂടാതെ കൃത്യമായ ലൈറ്റിംഗോട് കൂടി ചിത്രത്തോട് ചേർന്ന് നിന്നു. ആദ്യപകുതിയിൽ കാര്യമായി ഒന്നും ഇല്ലെങ്കിലും രണ്ടാം പകുതി പറയാൻ വന്ന കാര്യം കൃത്യമായി ബോറടിയില്ലാതെ പറഞ്ഞു. ക്ലൈമാക്സിൽ മാത്രം വാതുറക്കുന്ന നായകനും നായികയെ വിട്ടുകൊടുക്കുന്ന വിദേശ ജോലിയുള്ള “രാഹുൽ” എന്ന സ്ഥിരം ക്ലീഷേ കഥാപാത്രവും തങ്ങളുടെ ഹാജർ അറിയിക്കുന്നുണ്ട്. 

Final Word 

രസകരമായ ഒരു ചിത്രം. രണ്ടു മണിക്കൂർ ആസ്വദിക്കാനുള്ള എല്ലാ ചേരുവയും അടങ്ങിയ നല്ലൊരു കോമഡി സിനിമ. 

Rating – 3/5 (Watchable)