​”ഞങ്ങളുടെ രാവുകൾ… ഞങ്ങളുടെ പല പ്രശ്നങ്ങളും ആ രാവുകളിലൂടെയാണ് പരിഹരിക്കാനായത്.. ഇന്നിപ്പോൾ സിനിമാ ഷൂട്ടിങ്ങിനിടയിൽ നിന്നും ആഷിക് ഇറങ്ങിപ്പോയപ്പോൾ ഞങ്ങളുടെ മനസ്സിൽ ഇത്രയും കാലം ഉണ്ടായിരുന്ന ഒരു വലിയ ചോദ്യത്തിനുള്ള ഉത്തരത്തിന്റെ ചെറിയ ക്ലൂ ലഭിച്ചിരിക്കുന്നു. വീണ്ടും… ഒന്നുകൂടി മൂവരും ചേർന്ന് ഒരു യാത്ര.. ചോദ്യത്തിനുള്ള ഉത്തരത്തിനായി.. ”

ചിത്രം – അവരുടെ രാവുകൾ (2017) 

വിഭാഗം – ഡ്രാമ 

Whats Good? 

ചില ഇൻസ്പിരേഷണൽ ഡയലോഗുകൾ, ഇടക്കിടെയുള്ള നർമരംഗങ്ങൾ. 

Whats Bad? 

ലാഗിംഗ്, ഒട്ടും എൻഗേജ് ചെയ്യാതെയുള്ള ആഖ്യാനം, അഭിനേതാക്കളുടെ ശരാശരി പ്രകടനം, കഥയുടെ ആഴം പ്രേക്ഷകനിലേക്ക് എത്തിക്കാൻ കഴിയാത്ത രംഗങ്ങളും എക്സിക്യൂഷനും. 

Watch Or Not? 

ജീവിതത്തിൽ വീഴ്ചകൾ പറ്റുന്നവരാണ് നമ്മൾ എല്ലാവരും. അതിനു നമ്മുടെ ഭാഗത്ത്‌ നിന്നുള്ള തെറ്റുകളും ഉണ്ടാകും. പരിഹാരം ചിലർ സ്വയം കണ്ടെത്തും, ചിലർക്ക് പ്രകൃതി തന്നെ അതിനുള്ള വഴിയൊരുക്കും. അത്തരത്തിൽ ജീവിതത്തിലെ പ്രശ്നങ്ങളും അവയ്ക്ക് പരിഹാരവും കണ്ടെത്തിയ മൂന്ന് നായകൻമാരുടെ കഥ പറയുന്ന ചിത്രമാണ് ഷാനിൽ മുഹമ്മദ്‌ സംവിധാനം ചെയ്ത അവരുടെ രാവുകൾ. 

മൂന്ന് നായകന്മാർ എന്ന് പറഞ്ഞല്ലോ.. അവരുടെ ജീവിതം കഥയാക്കുമ്പോൾ അവരുടെ പ്രശ്നങ്ങൾ പ്രേക്ഷകരോട് കൃത്യമായി സംവദിക്കേണ്ടതുണ്ട്. സേതുമാധവൻ നമ്മളിൽ ഒരാളായി നമുക്ക് തോന്നിയത് കൊണ്ടാണ് അയാൾ കീരിക്കാടനെ കീഴ്പ്പെടുത്തുന്നത് കാണാൻ നാം ആഗ്രഹിച്ചത്. എന്നാൽ ഈ സിനിമയിലെ നായകന്മാരുടെ പ്രശ്നങ്ങൾ നമ്മൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. 

ആഷിക് എന്ന കഥാപാത്രം തമിഴ് നാട്ടിൽ എവിടെയോ നിന്നും അഭിനയലോകത്തേക്ക് വരുന്നതാണ്. അയാളുടെ നാട്ടുകാരും വീട്ടുകാരും സംസാരിക്കുന്ന തമിഴ് സ്ളാങ് ഈ ചിത്രത്തിന് വേണ്ടി മാത്രമായി കണ്ടെത്തിയതാകും. നാട്ടുകാർ എല്ലാവരും ചേർന്ന് അയാളെ യാത്രയാക്കുന്ന രംഗമൊക്കെ കോമഡി ആയാണോ സീരിയസ് ആയാണോ എടുത്തത് എന്ന് സംശയം വരും. ജൂനിയർ ആർടിസ്റ്റ് ആയി എത്തി പിന്നീട് സിനിമയിലെ വലിയൊരു നായകൻ ആകുന്ന ആഷിക് എങ്ങനെ ഈ നിലയിൽ എത്തി എന്ന് പരിശോധിച്ചാൽ അയാളുടെ ജീവിതത്തിൽ ഒരു സംവിധായൻ ഉണ്ടാക്കിയ മാറ്റമാണ്. ആ മാറ്റം അവസാന രംഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നതിൽ BGM ഒഴികെ ബാക്കിയൊന്നും നന്നായി തോന്നിയില്ല. ആസിഫ് അലി എന്ന നടൻ ഇനിയും ഒരുപാട് പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്നത് വ്യക്തമായി വിളിച്ചോതുന്ന രംഗം.  

വിജയ്‌ എന്ന കഥാപാത്രം എന്നെപ്പോലെ ഒരു ദേഷ്യക്കാരനും എടുത്തു ചാട്ടക്കാരനുമാണ്.അയാളിൽ ഇങ്ങനെയൊരു സ്വഭാവം ഉണ്ടെന്ന് ആകെ ഒന്നുരണ്ടു രംഗങ്ങൾ കൊണ്ടു മാത്രമാണ് കാണിച്ചിരിക്കുന്നത്. ക്ഷമ പറയില്ല എന്ന അയാളുടെ ഈഗോയും അയാളുടെ മനസ്സിൽ മാറ്റാരാലും അറിയാതെ ഒളിഞ്ഞിരിക്കുന്ന ഒരു പ്രശ്നവും പലപ്പോഴായി നമ്മളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു എങ്കിൽ പോലും കൃത്യമായ ഒരു എക്‌സിക്യൂഷൻ ഇല്ലാതെ പോയി. അയാളുടെ കാമുകിയെ എന്തിനു അവോയ്ഡ് ചെയ്യുന്നു എന്നൊക്കെ നാം പ്രേക്ഷകരും ചോദിച്ചു പോകും. വിനയ് ഫോർട്ട്‌ ഈ റോളിൽ ഓക്കേ ആയിരുന്നു.

സിദ്ധാർഥ് കാണുന്ന പെണ്ണുങ്ങളെയെല്ലാം മറ്റേ കണ്ണിൽ നോക്കുന്ന വ്യക്തിയാണ്.നോട്ടം  മാത്രം..അല്ലാതെ വേറെ പ്രശ്നം ഒന്നുമില്ല..അലസനും യാതൊരു ലക്ഷ്യബോധവും ഇല്ലാത്ത അയാൾ ഒരു സുന്ദരിയായ സ്ത്രീയെ കാണുകയും അവരുടെ ഓഫീസിൽ തന്നെ ജോലി ചെയ്യാനും തീരുമാനിക്കുന്നിടത്ത് അയാളുടെ വിധി മാറുന്നു. അവളെ കാമുകിയായി കിട്ടികഴിഞ്ഞു അയാൾ നേരിടുന്ന വളരെ സിമ്പിൾ ആയ ഒരു പ്രശ്നം മറ്റു രണ്ടു പേരുടെ കൂടെ കൂട്ടിയത് എന്തിനെന്നു വ്യക്തമല്ല. ഉണ്ണിയുടെ കഥാപാത്രത്തിന് ഒരു പ്രശ്നവും ഇല്ല..ആ കഥാപാത്രത്തെ ഈ സിനിമയിൽ കൊണ്ടു വന്നിടത്താണ് പ്രശ്നം. 

സിനിമയിൽ ഇടയ്ക്കിടെ വരുന്ന ഭീകരലാഗിന് ഇടയിൽ ആകെ ആശ്വാസം ഉണ്ണിയുടെ കഥാപാത്രത്തിന്റെ ചില നർമ രംഗങ്ങൾ ആയിരുന്നു. ആഷിക് മദ്യപിച്ചു കയർത്തു സംസാരിക്കുമ്പോൾ ഇടയ്ക്ക് സുരേഷ് ഗോപിയെ ഇമിറ്റേറ്റ് ചെയ്തത് ചിരിപ്പിച്ചു. നെടുമുടി വേണുവിന്റെ കഥാപാത്രം നല്കുന്ന Puzzle മൂന്ന് പേരും സോൾവ് ചെയ്ത വിധം കൊള്ളാമായിരുന്നു. നായികമാരിൽ രണ്ടു പേരും തരക്കേടില്ലാത്ത പ്രകടനം തന്നെയായിരുന്നു.

അടുത്തത് എന്ത് നടക്കും എന്ന് പ്രേക്ഷകരിൽ യാതൊരു ആകാംക്ഷയും ചിത്രം നൽകുന്നില്ല.ഉപദേശങ്ങളും ഫിലോസഫിയും ധാരാളമുണ്ട്.ക്ലൈമാക്സ്‌ കാണുമ്പോൾ കിട്ടുന്ന അല്ലെങ്കിൽ തോന്നുന്ന നന്മ ചിത്രത്തിൽ മുഴുവൻ ആയും ഇല്ല എന്നതും ഓർക്കുക. മലയാള സിനിമയ്ക്ക് മറ്റൊരു ജിന്നിനെ കൂടെ കിട്ടി..അതിഥി വേഷത്തിൽ വന്ന മൂന്ന് നടന്മാരും ദുരന്തചിത്രങ്ങളുടെ ബ്രാൻഡ് അംബാസിഡർമാരാണ് എന്ന് കൂടി അറിയുമ്പോൾ ആണ് ആഘാതം കൂടുന്നത്.

Final Word 

വീട്ടുകാരുടെയും നാട്ടുകാരുടെയും കൂട്ടുകാരുടെയും ഉപദേശം പോലും ഞാൻ കേൾക്കാറില്ല എന്ന നിലപാടാണ് നിങ്ങൾക്ക് എങ്കിൽ നിങ്ങളുടെ കപ്പും ചായയും അല്ല ഈ ചിത്രം. മറിച്ചു നന്മ നിറഞ്ഞ ജീവിതത്തിൽ വീണു പോയവരെ പിടിച്ചു എഴുന്നേൽപ്പിക്കാൻ തക്ക ശക്തിയുള്ള ഒരു മെസ്സേജ് നിങ്ങൾക്ക് വേണം എന്നും ആ മൂഡിൽ ഉള്ള സിനിമ ആസ്വദിക്കും എന്നും ഉറപ്പുണ്ടെങ്കിൽ കാണാം. ഒരുപക്ഷേ നിങ്ങളെ തൃപ്തിപ്പെടുത്തിയേക്കാം. ഞാൻ എന്ന പ്രേക്ഷകൻ അത്തരക്കാരൻ അല്ലാത്തതിനാൽ എനിക്ക് അവരുടെ രാവുകൾ ശരാശരിയിൽ താഴെയുള്ള ഒരു ചിത്രമാണ്.

Rating – 1.5/5