” കോളേജ് ജീവിതത്തിൽ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഗൗതമല്ല ഇപ്പോൾ അവൻ.. അവൻ ഏറെ മാറിയിരിക്കുന്നു. അവനെ കൺസൾട്ട് ചെയ്യുന്ന ഡോക്ടറിന്റെ അഭാവം സാരമായി ബാധിച്ചിരിക്കാം.. അവനെ പഴയ ഗൗതം ആക്കിയെടുക്കേണ്ടത് ഞങ്ങളുടെ മൂന്ന് പേരുടെ ഉത്തരവാദിത്വമാണ്. അവനു വേണ്ടി ഞങ്ങളത് ചെയ്തിരിക്കും” 

ചിത്രം – റോൾ മോഡൽസ് (2017) 

വിഭാഗം – കോമഡി 

Whats Good? 

നജീം അർഷദ് പാടിയ ഗാനം, ബോറടിക്കാത്ത ആദ്യപകുതി, ക്ലൈമാക്സിലെ അതിഥി താരം.

Whats Bad? 

ഏൽക്കാതെ പോകുന്ന കോമഡി(?), അതിഥി താരത്തിനെ വെച്ചു ഫിലോസഫി പറയിക്കൽ. 

Watch Or Not? 

ഒരു അന്തർമുഖനായ തന്റെ മകന്റെ അവസ്ഥ കണ്ടു സഹിക്ക വയ്യാതെ മകന്റെ കോളേജ് ജീവിതത്തിലെ കൂട്ടുകാരോട് അവനെ പഴയ പോലെയാക്കണം എന്ന് പറയുന്ന അച്ഛനിൽ നിന്നാണ് സിനിമയുടെ തുടക്കം. നോർത്ത് കാതം ( ശരിയായി ഓർക്കുന്നില്ല) എന്ന സിനിമയിൽ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുക്കാൽ ശതമാനം മാനറിസവുമായി നായകൻ നമ്മുടെ മുന്നിലെത്തുന്നു. 

3 കൂട്ടുകാരന്മാരാണ് നായകന്..നിസാരമായ ഒരു കാര്യത്തിനു ( കാര്യം കേട്ടാൽ ചിരി നിർത്താൻ പറ്റില്ല…നമ്മുടെ അവസ്ഥയോർത്ത്) പിരിഞ്ഞ അവർ ഗൗതമിനു വേണ്ടി ഒന്നിക്കുകയാണ്. ചളിയടിയും  ഇത്തിരി കോമഡിയുമായി മുന്നോട്ടു പോകുന്ന കഥയിൽ നായകന്റെ പഴയ പ്രണയിനിയെ തേടി അവർ ഗോവയിൽ പോകുന്നതോടെ കഥ വികസിക്കുന്നു. 

ഒരു അനീതി കാണുമ്പോൾ പ്രതികരിക്കണം എന്ന് മനസ്സ് പറഞ്ഞാലും ശരീരം അതിനു വഴങ്ങാതെ നിൽക്കുന്ന ധാരാളം പേരിൽ ഒരാളെയാണ് നായകൻ അവതരിപ്പിക്കുന്നത്. അങ്ങനെയുള്ള ഒരാളിൽ ഇരട്ടവ്യക്തിത്വം എന്ന സംഗതി അനാവശ്യമായി കുതിക്കയറ്റിയിട്ടുണ്ട് സംവിധായകൻ. ഒരു വിജിലൻഡെയ് ഇമേജ് നായകന് കൊടുത്തില്ല എങ്കിലും കഥ മുന്നോട്ടു പോകുമായിരുന്നു.

ആദ്യപകുതി നന്നായി തന്നെ ആസ്വദിച്ചാണ് കണ്ടത്.പല കോമഡികളും ഏൽക്കാതെ പോയിട്ടും ബോറടിയില്ലാതെ പടം കാണാൻ സാധിച്ചു. ഏറ്റവും കോമഡിയായി തോന്നിയത് ഇതിലെ പിച്ചക്കാരനായ വില്ലനാണ്. അങ്ങനെയൊരു കഥാപാത്രമോ അയാളുടെ ഗോവിന്ദച്ചാമി സ്റ്റൈൽ പ്രവർത്തനങ്ങളോ സിനിമയിൽ ആവശ്യമായി തോന്നിയില്ല. 

രണ്ടാം പകുതിയിൽ നായികയുടെ കഥ നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ സഞ്ചരിച്ചാലും അതേ നായികയെ അവസാനം ഒരു വ്യക്തിത്വവും ഇല്ലാതെ കാണിച്ചിരിക്കുന്ന വിധം സംവിധായകാൻ എങ്ങനെ ന്യായീകരിക്കുമോ എന്തോ? അദ്ദേഹം തന്നെ അവതരിപ്പിച്ച ഒരു വട്ടൻ ഡോക്ടർ കഥാപാത്രം കണ്ട്‌ പ്രേക്ഷകന് വട്ടു വരാതിരുന്നാൽ ഭാഗ്യം. 

ക്ലൈമാക്സ്‌ ശരാശരിയിലും താഴെ ആയിരുന്നു. മലയാള സിനിമയിലെ ഏറ്റവും പോപ്പുലർ ആയ കഥാപാത്രം വീണ്ടും വന്നത് സന്തോഷിപ്പിച്ചു. എന്നാൽ സരസനായ അയാളെക്കൊണ്ട് ഫിലോസഫി പറയിപ്പിക്കുകയും തുടർന്നുള്ള രംഗങ്ങളും തീരെ ഇഷ്ടപ്പെട്ടില്ല.ഒരു തട്ടിക്കൂട്ട് ക്ലൈമാക്സ്‌ ആയി തോന്നി. 

ഫഹദ് ഫാസിൽ എന്ന നടന് യാതൊരു വിധ ചലഞ്ചും ഇല്ലാത്ത വേഷം ആയിരുന്നു.അദ്ദേഹം ബോറാക്കിയില്ല. നമിത പ്രമോദ് ശരാശരിയായി തോന്നി.ഡയലോഗ് ഡെലിവറി പരിതാപകരം ആയിരുന്നു. വിനയ്,വിനായകൻ,ഷറഫുദ്ധീൻ എന്നിവർ കാണിക്കുന്ന കോമഡികളിൽ ചിലതൊക്കെ ഏൽക്കാതെ പോവുകയും ചിലതൊക്കെ ചിരിപ്പിക്കുകയും ചെയ്തു. സിദ്ധിക്ക് ചെയ്ത ചെറിയ വേഷം നന്നായിരുന്നു. നീണ്ട നാളിനു ശേഷം അഭിനയത്തിൽ തിരിച്ചെത്തിയ അശ്വതി എന്ന നടിയുടെ കരിയർ ഇതോടെ അസ്തമിക്കും എന്ന് കരുതുന്നു. രഞ്ജി പണിക്കരുടെ സ്ഥിരം ലാലു അലക്സ്‌ വേഷം ഇതിലും കാണാം..

നജീം ആലപിച്ച ഒരു ഗാനം നന്നായിരുന്നു. ബാക്കിയുള്ള  DOP, BGM എന്നിവയൊന്നും വലിയ മെച്ചമായി തോന്നിയില്ല.നായികയുടെ വിഗ് ഒക്കെ ഇതൊരു കോമഡി ചിത്രം ആണെന്ന സത്യം വിളിച്ചോതുന്ന വിധത്തിൽ ആയിരുന്നു. 

Final Word

ഞാൻ എന്ന പ്രേക്ഷകന് ഇങ്ങനെയൊക്കെ തോന്നി എങ്കിലും തീയേറ്ററിൽ ഇരുന്നവർ എല്ലാവരും നന്നായി എൻജോയ് ചെയ്തു സിനിമ കണ്ടതായി ശ്രദ്ധയിൽ പെട്ടു. ചളികൾ ഉണ്ടെങ്കിലും ബോറൻ കഥയും ആണെങ്കിലും ഒരു വട്ടം കണ്ടിരിക്കാനുള്ള വകയൊക്കെ സിനിമയിൽ റാഫി നല്കിയിട്ടുണ്ട്. ഈദ് റിലീസുകളിൽ കുടുംബമായി പോയി കാണാവുന്ന തമ്മിൽ ഭേദം തൊമ്മൻ എന്ന ഗണത്തിൽ പെടുത്താവുന്ന ഒരു പടം. 

Rating – 2.5/5