“ചെയ്യുന്നത് തെറ്റാണ്.. എന്നാൽ ഒന്നും ചെയ്യാതെ ഇരിക്കുന്നത് വളരെ വലിയ തെറ്റും. തെറ്റും വളരെ വലിയ തെറ്റും തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഏത് തിരഞ്ഞെടുക്കണം? ഈ രാജ്യത്ത് റേപ്പ് ചെയ്യുന്നന് നിയമത്തെ കബളിപ്പിച്ചു രക്ഷപെടാം, എന്നാൽ അവന്റെ മുഖത്തടിച്ചു എന്ന കാരണത്താൽ അഴിക്കുള്ളിലാകുന്ന അവസ്ഥയാണ്. എന്റെ മുന്നിലെ ചിത്രകാരന്റെ കലയുടെ സ്വാധീനം ദ്രൗപതിയുടെ പ്രതികാരമാണ്…. പക്ഷെ എന്നിൽ ജ്വലിക്കുന്ന പകയേക്കാൾ അതു വലുതാണോ? 

Movie – Mom (2017) 

Genre – Drama, Thriller. 

Whats Good? 

അനാവശ്യ രംഗങ്ങൾ ഇല്ലാതെയുള്ള ആഖ്യാനം, ശ്രീദേവിയുടെ പ്രകടനം, പ്രതികാരം ചെയ്യുന്ന രീതി. ക്ലൈമാക്സിനു തൊട്ടുമുമ്പുള്ള ഗാനം.

Whats Bad?

കണ്ടു പഴകിയ കഥ, ക്ലീഷേ ക്ലൈമാക്സ്‌, ചില സന്ദർഭങ്ങളിലെ ലോജിക് ഇല്ലായ്മ.  

Watch Or Not? 

ചിത്രം തുടങ്ങുന്നത് തന്നെ അധ്യാപികയായ ദേവകി എന്ന  കേന്ദ്രകഥാപാത്രത്തിൽ നിന്നാണ്. ദേവകിയുടെ ഭർത്താവിന്റെ മരണപ്പെട്ട ആദ്യഭാര്യയിൽ ഉണ്ടായ മകൾ അവർ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്. തന്നെ Ma’am എന്നല്ലാതെ ഒരിക്കൽ പോലും Mom എന്ന് വിളിക്കാത്തതിൽ അവർക്ക് നിരാശയുണ്ട്. ആര്യ എന്ന പതിനെട്ടുകാരിയെ സ്വന്തം മകളായി തന്നെയാണ് അവർ കാണുന്നത് എങ്കിലും ആര്യയ്ക്ക് അവരോടു എന്തെന്നില്ലാത്ത അനിഷ്ടം മാത്രം. ഒരു ഘട്ടത്തിൽ ആര്യ കൂട്ടബലാത്സംഗത്തിന് ഇരയാവുകയും അതിന്റെ കാരണം തന്റെ മേലുള്ള ഒരുവന്റെ ദേഷ്യം ആണെന്നും ദേവകി മനസ്സിലാക്കുന്നു.  

തന്നെ പിച്ചിച്ചീന്തിയവരുടെ ലക്ഷ്യം തന്റെ വളർത്തമ്മയോടുള്ള പ്രതികാരം ആണെന്ന ചിന്ത ആര്യയ്ക്ക് ദേവകിയോടുള്ള ദേഷ്യം വർദ്ധിപ്പിക്കുന്നു. കുറ്റവാളികളെ ശിക്ഷിക്കാൻ നിയമം പരാജയപ്പെടുമ്പോൾ ദേവകി അവർക്കുള്ള ശിക്ഷ സ്വയം വിധിക്കുകയും ആര്യ  ദേവകിയെ അമ്മയായി അംഗീകരിച്ചോ എന്നുമാണ് ബാക്കി കഥ. 

ആദ്യ അര മണിക്കൂർ വളരെയേറെ പ്രതീക്ഷ നൽകുന്നതാണ്. ഓരോ സീനും വളരെ പ്രധാനപ്പെട്ടത് മാത്രം. പറയാനുള്ള കാര്യങ്ങൾ വളരെ ഭംഗിയായി പറഞ്ഞു കൊണ്ട് നീങ്ങുന്ന ചിത്രത്തിൽ നിയമം നിഷേധിക്കപ്പെട്ട ശേഷം ദേവകി സ്വയം സംഹാരമൂർത്തിയാകാൻ തീരുമാനിക്കുന്നിടം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ്, സമർത്ഥനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നിവർ കൂടി വരുന്നതോടെ കഥയ്ക്ക് ചൂട് പിടിക്കുന്നു.  

സിനിമയിലെ ഇമോഷണൽ രംഗങ്ങൾ എല്ലാം നന്നായിരുന്നു. റേപ്പ് ചെയ്യപ്പെട്ടു എന്നറിയുമ്പോഴും നവാസുദ്ധീന് സിദ്ധീക്കിന്റെ അടുത്തു ദൈവത്തെ പറ്റി ചോദിക്കുമ്പോഴുമുള്ള രംഗങ്ങൾ എല്ലാം ശ്രീദേവി എന്ന നടിയുടെ അഭിനയം ആവശ്യപ്പെടുന്ന രംഗങ്ങൾ ആയിരുന്നു. തരക്കേടില്ലാതെ തന്നെ അവർ അഭിനയിച്ചു ഫലിപ്പിച്ചിട്ടുമുണ്ട്. ക്ലൈമാക്സിലെ കൂടി ചേരൽ ഏവരും പ്രതീക്ഷിക്കുന്ന ഒരു കാര്യം ആണെങ്കിൽ കൂടിയും ആ സമയത്തുള്ള ശ്രീദേവിയുടെ അഭിനയവും പശ്ചാത്തല സംഗീതവും പ്രേക്ഷകരിൽ ഒരു ഫീൽ ക്രിയേറ്റ് ചെയ്യുന്നുണ്ട്.  

രണ്ടാം പകുതിയിൽ പ്രതികാരം ചെയ്യാനുറച്ചു ദേവകി ചെയ്യുന്ന കാര്യങ്ങൾ ഒരു സാധാരണ വ്യക്തിക്ക് പോലീസിന്റെ കണ്ണ് വെട്ടിച്ചു സിമ്പിളായി ചെയ്യാൻ പറ്റുന്നവ ആണോ എന്ന ചോദ്യം ഒരു വശത്തു കൂടി വന്നാലും അവർ ചെയ്യുന്ന പ്രതികാര രീതി കൊള്ളാമായിരുന്നു. കൂട്ടത്തിൽ ഒരുവൻ ഭയങ്കരമായ ക്രിമിനൽ ആണെന്നും അവനെ അവസാനത്തേക്ക് മാറ്റി വെക്കുകയും ചെയ്യുന്നതോടെ സിനിമ പഴയ കാലഘട്ടത്തിലേക്ക് കൂപ്പ് കുത്തുന്നു. ആർക്കും ഊഹിക്കാൻ പറ്റുന്ന ഒരു ക്ലൈമാക്സ്‌ നൽകി ചിത്രം അവസാനിക്കുന്നു. 

നവാസുദ്ധീൻ സിദ്ധീക്കി എന്ന നടന്റെ വ്യത്യസ്തമായ ഗെറ്റപ്പും സംസാര ശൈലിയും ശ്രദ്ധേയമായിരുന്നു. എന്നിരുന്നാലും അതൊരു ക്ലീഷേ കഥാപാത്രം ആയിരുന്നു. മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് അക്ഷയ് ഖന്ന. ഇദ്ദേഹം ചെയ്തത് പോലുള്ള പോലീസ് കഥാപാത്രങ്ങളെ നമ്മൾ ഒരുപാട് കണ്ടിരിക്കുന്നതിനാൽ ഒരിക്കലും ഓർമയിൽ പോലും ഇദ്ദേഹം നില്ക്കില്ല. 

ശ്രീദേവി എന്ന നടിയാണ് ഈ സിനിമയുടെ മുഴുവൻ ഉത്തരവാദിത്വവും തന്റെ ചുമലിൽ ഏറ്റിയത് എന്ന് പറയാം. അഭിനയത്തിൽ പറയത്തക്ക കുറവുകൾ ഒന്നും തോന്നിയില്ല എങ്കിലും കഹാനി 2 എന്ന സിനിമയിലെ വിദ്യ ബാലന്റെയും ജസ്‌ബായിലെ ഐശ്വര്യാ റായി ബച്ചന്റെയും കഥാപാത്രങ്ങൾ ആയി സാമ്യം തോന്നി. 

Final Word 

പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു ഡീസന്റ് ക്രൈം ഡ്രാമ ത്രില്ലർ. നല്ലൊരു ആദ്യ പകുതിയും ശരാശരി രണ്ടാം പകുതിയും ക്ലീഷേ ക്ലൈമാക്സും നിറഞ്ഞ Mom എന്ന ഈ ചിത്രം മൊത്തത്തിൽ എനിക്ക് നല്കിയത് ശരാശരി സംതൃപ്തി മാത്രം.  

Rating – 2/5