“വിക്രമാദിത്യനും വേതാളവും പോലെയാണ് ഞാനും അവനും തമ്മിലുള്ള ചതുരംഗം. അവൻ പറയുന്ന കഥകൾക്ക് എന്റെ ജീവിതത്തിന്റെ ഗന്ധമുണ്ട്. അവന്റെ കഥയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ കണ്ടെത്തണം. അവന്റെ ചോദ്യങ്ങൾ എന്നെ നയിക്കുന്നത് എവിടേക്കാണ്?? പ്രതികാരം മാത്രമല്ല അവൻ പ്ലാൻ ചെയ്യുന്നത്… അവനെ പോലെ തന്നെ ഈ ചോദ്യങ്ങളുടെ ഉത്തരം എനിക്കും ആവശ്യമാണ്‌..”

ചിത്രം – വിക്രം വേദ (2017) 

വിഭാഗം – ആക്ഷൻ ത്രില്ലർ.  

Whats Good?? 

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, പാട്ടുകൾ, കളർ ടോൺ, ആക്ഷൻ രംഗങ്ങൾ, അഭിനേതാക്കളുടെ പ്രകടനം, മാസ്സ് + ക്ലാസ്സ്‌ ആയ രംഗങ്ങൾ. ഒരു സെക്കന്റ് പോലും ബോറടിക്കാതെയുള്ള ആഖ്യാനം, സസ്പെൻസ് എലെമെന്റ്സ് 

Whats Bad?? 

404…ERROR… NOT FOUND

Watch Or Not? 

ഓരം പോ, വാ ക്വോട്ടർ കട്ടിങ് എന്നീ കോമഡി സിനിമകൾക്ക് ശേഷം പുഷ്കറും അദ്ധേഹത്തിന്റെ ഭാര്യ ഗായത്രിയും സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം. മദ്രാസിൽ നടക്കുന്ന ഓട്ടോ റേസിങ്ങിന്റെ കഥ പറഞ്ഞ ഓരം പോയും വെള്ളമടിക്കാൻ ഇറങ്ങിത്തിരിക്കുന്ന നായകന്റെ ഒരു ദിവസത്തെ കഥ പറഞ്ഞ വാ ക്വോട്ടർ കട്ടിങ്ങും എനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളാണ്.അതിനാൽ തന്നെ ഈ സിനിമയിൽ ഇവരുടെ സിഗ്നേച്ചർ ഉണ്ടായിരിക്കും എന്നുറപ്പായിരുന്നു. കോമഡി എന്ന ജോണറിലെ പുതിയ അനുഭവം ആയിരുന്നു വാ ക്വോട്ടർ കട്ടിങ്. ആദ്യ ചിത്രത്തിനേക്കാൾ ഇരട്ടി മെച്ചപ്പെടുത്തിയ പടം കൂടി ആയിരുന്നു അത്.എന്നാൽ മൂന്നാമത്തെ ചിത്രം ഇവരെ ഒരുപാട് ഉയരങ്ങളിലേക്ക് ഉയർത്തുന്നു. 

വിക്രം (മാധവൻ ) എന്ന നായകനെ കാണിച്ചു കൊണ്ടുള്ള തുടക്കം. ഓരോ ഡയലോഗും ശ്രദ്ധയോടെ കേൾക്കണം..എന്തെന്നാൽ വളരെ ബ്രില്യന്റായ തിരക്കഥയാണ് ചിത്രത്തിന്റേത്.അതിനാൽ ഓരോ ഫ്രെയിമും ശ്രദ്ധയോടെ കാണണം. നഗരത്തിലെ ഒരു പ്രധാന ഗുണ്ടയുടെ സാമ്രാജ്യം തകർക്കാനായി നിയോഗിക്കപ്പെട്ട നായകന് മുന്നിൽ ആ ഗുണ്ട ( വിജയ്‌ സേതുപതി) നേരിട്ട് മുന്നിലെത്തുകയും അയാളോട് ഒരു ബുദ്ധിപരമായ ഗെയിം കളിക്കുന്നതോടെ പടം ടോപ്‌ ഗിയറിൽ മുന്നോട്ടു പോകുന്നു.

രണ്ടാമത്തെ ചിത്രം കഴിഞ്ഞു അടുത്ത പടത്തിനായി ഇത്രയും നാൾ കാത്തിരുന്നത് മികച്ചൊരു തിരക്കഥ ഒരുക്കാൻ ആയിരുന്നു എന്നത് വ്യക്തം. അനാവശ്യമായ ഒരു രംഗം പോലും ചിത്രത്തിലില്ല എന്ന് മാത്രമല്ല ഒരുപാട് ബ്രില്യൻസ് നിങ്ങൾക്ക് ഈ സിനിമയിൽ കാണാൻ സാധിക്കും. സിനിമയിലെ സകല വിഭാഗവും ഒരേപോലെ മികച്ചു നിൽക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രവും ഉണ്ടാകും. 

മാസ്സ് + ക്ലാസ്സ്‌ എന്നിങ്ങനെ രണ്ടര മണിക്കൂർ സിനിമ മുഴുവൻ കൊണ്ടുപോകുന്നത് നിസാര കാര്യമല്ല. വേദയെ കാണിക്കുന്ന രംഗം മുതൽ തുടങ്ങുന്ന മാസ്സ് സിനിമയുടെ എൻഡ് കാർഡ് ഇടും വരെ തുടരും. സേതുപതിയുടെ ചില ഡയലോഗ് ഡെലിവറി തിയേറ്ററിൽ കയ്യടി ഉണ്ടാക്കി. മാസ്സ് എങ്ങനെ കാണിക്കണം എന്ന് മറ്റുള്ളവർ കണ്ടു പഠിക്കണം എന്ന് പറഞ്ഞാലും തെറ്റില്ല. ആ നടപ്പും കണ്ണുകളും ഡയലോഗുകളും എല്ലാം മാസ്സ് എന്നത് പോലെ തന്നെ ക്ലാസ്സും ആയിരുന്നു.

സേതുപതിയുടെ പ്രഭയിൽ മങ്ങിപോകുന്ന ആളല്ല മാധവൻ. വിക്രം എന്ന കഥാപാത്രത്തെ ഗംഭീരമാക്കി മാധവൻ. ധൂമിലെ അഭിഷേക് ബച്ചനെ പോലെ ആകുമോ എന്നൊക്കെ ആദ്യം തോന്നിയാലും മാഡി എന്നും മാഡി തന്നെ എന്ന് ക്ലൈമാക്സ്‌ കാണിച്ചു തരും. ഒരു സിൻസിയർ പോലീസുകാരന്റെ എല്ലാ ഭാവമാറ്റങ്ങളും വളരെ കൃത്യമായി മിതത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. 

U Turn എന്ന കന്നട പടത്തിലെ നായിക ശ്രദ്ധ ശ്രീനിവാസ് മാധവന്റെ ഭാര്യയുടെ റോൾ ഭംഗിയായി ചെയ്തു. അവർ തമ്മിലുള്ള കെമിസ്റ്ററി നന്നായിരുന്നു. വരലക്ഷ്മി ശരത്കുമാർ എപ്പോഴും പോലെ ഇത്തവണയും കിട്ടിയ ടിപ്പിക്കൽ റോൾ നന്നാക്കി. ഹരീഷ് പേരടിയും ബാക്കിയുള്ള എല്ലാ നടന്മാരും തങ്ങളുടെ റോളിനോട് നീതി പുലർത്തി. 

Pacing ആണ് മുഖ്യ ആകർഷണം.പടം തുടങ്ങി ഇന്റർവെൽ വരെ ടോപ്‌ ഗിയറിൽ പോകുന്നു.ഇന്റർവെൽ ഒരു ശാപമായി തോന്നുന്നത് ഇത്തരം എൻഗേജിങ് ആയുള്ള ചിത്രങ്ങൾ വരുമ്പോൾ ആണ്. 10 മിനിറ്റ് നേരത്തെ ബ്രേക്ക്‌ നമ്മളെ ഒരുപാട് അകറ്റി എന്ന് തോന്നും എങ്കിലും രണ്ടാം പകുതിയുടെ ആദ്യ 20 മിനിറ്റ് കഴിയുമ്പോൾ വീണ്ടും ടോപ്‌ ഗിയറിൽ..ഒരുപാട് ട്വിസ്റ്റ്‌ ആൻഡ്‌ ടേൺ എല്ലാം കഴിഞ്ഞു വിക്രമാദിത്യനും വേതാളത്തിനും എന്താണ് സംഭവിക്കാറു എന്ന് അമർ ചിത്രകഥകളിൽ പറയും പോലെ മനോഹരമായി ഒരു നല്ല അനുഭവമായി ചിത്രം അവസാനിക്കുന്നു. 

Final Word 

എല്ലാ വിഭാഗങ്ങളും ഒരേ പോലെ സംതൃപ്തിപെടുത്തുന്ന അത്യുഗ്രൻ ത്രില്ലർ. ത്രില്ലർ ജോണറിൽ തങ്ങളെ വെല്ലാൻ ആരുമില്ല എന്ന് തമിഴ് സിനിമ വീണ്ടും വീണ്ടും തെളിയിക്കുന്നു. ഒരിക്കലും മിസ്സ്‌ ചെയ്യരുത്. തീയേറ്ററിൽ ആരവങ്ങളോടെ രോമാഞ്ചത്തോടെ കാണേണ്ട കിടുക്കാച്ചി പടം. 

Highly Recommended!!!!