“ഇനിയും കൊലപാതകം ചെയ്യുമെന്ന സൂചനയാണ് അയാൾ എനിക്ക് നല്കിയത്. ഡെഡ് ബോഡിയിലെ ഡോക്ടർ കോട്ട് അടുത്ത ഇര ഒരു ഡോക്ടർ ആകുമെന്നാകും ഉദ്ദേശിച്ചിരിക്കുന്നത്. ബോഡിയിൽ കണ്ട നാല് ബുള്ളറ്റുകൾ..അതിലേ നാലും പിറകിൽ എഴുതിയ നാലക്ക സംഖ്യയും തമ്മിൽ ഹരിച്ചാൽ ഒരു തീയതി കിട്ടും. അതാകും അടുത്ത ആളെ കൊല ചെയ്യുന്ന ദിവസം..”

ചിത്രം – നിപുണൻ (2017) 

വിഭാഗം – സസ്പെൻസ് ത്രില്ലർ 

Whats Good?? 

ഇൻവെസ്റ്റിഗേഷൻ രംഗങ്ങൾ, ഇന്റെർവൽ,  ബോറടിക്കാതെയുള്ള കഥ പറച്ചിൽ, കാസ്റ്റിംഗ്, 

Whats Bad?? 

അനാവശ്യ ഫാമിലി സീൻസ്, തുടക്കത്തിലെ ത്രില്ലിംഗ് ക്ലൈമാക്സിനോട് അടുക്കുമ്പോൾ നഷ്ടമാകുന്നത്,  അഭിനേതാക്കളുടെ ശരാശരി പ്രകടനം. 

Watch Or Not?? 

ആക്ഷൻ കിംഗ്‌ അർജുൻ സർജ അഭിനയിച്ച 150th സിനിമയാണ് നിപുണൻ. തന്റെ സിനിമയിലുടനീളം രാജ്യസ്നേഹം പറഞ്ഞ ടിയാനെ കാണിക്കുന്നത് തന്നെ ഇന്ത്യൻ പതാകയുടെ കൂടെയാണ്. തന്റെ കയ്യിൽ പച്ചകുത്തിയ ഇന്ത്യൻ പതാകയും ഇൻട്രോ സീനിൽ അർജുൻ കാണിക്കുന്നുണ്ട്. പ്രായമായാലും ഗ്ലാമർ നിലനിർത്തി ഫിറ്റ്‌ ആയുള്ള ആകാരവുമായി അർജുൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.  

ഒരു സീരിയൽ കില്ലർ താൻ കൊല്ലാൻ ഉദ്ദേശിക്കുന്ന ആളുകളെയും തീയതികളും മറ്റുള്ള ക്ലൂവും നായകന് നേരെത്തെ നൽകുന്നു. എന്തുകൊണ്ട് നായകനെ ഇതിൽ ഉൾപ്പെടുത്തുന്നു എന്നതും ആരാണ് ഇത്ര ബുദ്ധിപൂർവ്വം ഈ കൊലകൾ ചെയ്യുന്നത് എന്നും എന്താണ് അയാളുടെ ലക്ഷ്യം എന്നതുമൊക്കെയാണ് ബാക്കി കഥ. 

സ്റ്റെല്ലർ കാസ്റ്റ് ആണ് ചിത്രത്തിന്റേത്. അർജുൻ, പ്രസന്ന, വരലക്ഷ്മി ശരത് കുമാർ, ശ്രുതി ഹരിഹരൻ, വൈഭവ്, സുമൻ, സുഹാസിനി എന്നീ താരങ്ങൾ അണിനിരക്കുന്നു. ഇത്രയേറെ കാലിബർ ഉള്ള താരങ്ങളെ കിട്ടിയിട്ടും അവരെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. ഉദാഹരണമായി ദേശീയ അവാർഡ്‌ നേടിയ സുഹാസിനി ഈ ചിത്രത്തിൽ ബോറൻ പ്രകടനം കാഴ്ചവെക്കുന്നത് കാണാം. 

അർജുൻ കാഴ്ചയിൽ സുന്ദരനും ഫിറ്റും ആയിരുന്നു എങ്കിലും അഭിനയത്തിൽ ശരാശരി ആയിരുന്നു. കഴുത്തിൽ കയറിട്ടു കൊല്ലാൻ പോകുന്ന വിധത്തിൽ അർജുനെ നിർത്തിയ സീനിലൊക്കെ ആ മുഖഭാവം കണ്ടാൽ ഇൻട്രോ സീനിലെ ഹീറോയിസം പോലെ തോന്നും. ക്ലൈമാക്സ്‌ രംഗങ്ങളിലെ ബോറൻ പ്രകടനം കാണുമ്പോൾ അർജുൻ എന്ന നടനിൽ നിന്നും പ്രേക്ഷകർ കൂടുതലായി പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല എന്ന് അടിവരയിടുന്നു. 

പ്രസന്നയും വൈഭവും കിട്ടിയ റോൾ നന്നായി ചെയ്തു. രണ്ട് പേരും നല്ല ലുക്ക്‌ ആയിരുന്നു പടത്തിൽ. വരലക്ഷ്മി പ്രേക്ഷകർക്ക് നയനസുഖം നൽകും. ശ്രുതി ഹരിഹരന്റെ കഥാപാത്രവും ആ കഥാപാത്രം വരുന്ന രംഗങ്ങളും ഈ ചിത്രത്തിൽ അനാവശ്യമായി തോന്നി. 

ബോറടിപ്പിക്കാതെയാണ് കഥ പറഞ്ഞു പോകുന്നത്. എന്നാൽ ഇൻവെസ്റ്റിഗേഷൻ രംഗങ്ങൾ നന്നായി എടുക്കാൻ കഴിഞ്ഞ സംവിധായകന് റൊമാൻസ് രംഗങ്ങൾ പറ്റുന്ന പണിയല്ല എന്ന് തെളിയിച്ചു. പയ്യെ പയ്യെ ചൂട് പിടിക്കുന്ന കഥയിൽ ഇന്റർവെൽ സമയത്ത് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വിധത്തിൽ വഴിത്തിരിവുകൾ വരും എങ്കിലും ക്ലൈമാക്സിനു തൊട്ടു മുൻപ് അതെല്ലാം നഷ്ടപ്പെടും. ഒരു ടിപ്പിക്കൽ തമിഴ് മാസ് മസാല പോലെ പടം അവസാനിക്കുമോ എന്ന് പേടിച്ചു എങ്കിലും ക്ലൈമാക്സിനു ശേഷം യുക്തിപൂർവ്വമായ ഒരു രംഗം നൽകി പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നുമുണ്ട്. 

കൊറിയൻ സിനിമകളിലൊക്കെ വരുന്ന പോലെ എന്തെങ്കിലും ബലഹീനത നായകന് വേണം എന്ന് കരുതിയാകും പാർക്കിൻസൺ രോഗം നായകന് നല്കിയത്. എന്നാൽ ക്ലൈമാക്സിൽ നായകൻ അതൊക്കെ അതിജീവിക്കുന്നത് വളരെ കൃത്രിമത്വം ഫീൽ ചെയ്യിച്ചു. 

Final Word 

ബോറടിയില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സസ്പെൻസ് ത്രില്ലർ. കുറവുകൾ ഉണ്ടെങ്കിലും അതു നികത്താൻ ഡയറക്ടറുടെ ബ്രില്ലിയൻസും സിനിമയിലുണ്ട്. നിങ്ങളെ പൂർണ്ണമായും തൃപ്തിപ്പടുത്തില്ല എങ്കിലും ബോറൻ പടമല്ല ഈ നിപുണൻ. അമിത പ്രതീക്ഷയോടെ സമീപിക്കാതെ ഇരുന്നാൽ നിങ്ങൾ ഒരുപക്ഷേ തൃപ്തനായേക്കാം.