ഒരു സിനിമാക്കാരൻ എന്ന പേരിനോട് അത്രയൊന്നും നീതി പുലർത്തുന്നില്ല ഈ ചിത്രം. തുടക്കത്തിൽ ക്ലാപ്പടിക്കുന്ന നായകനെ കാണുമ്പോൾ ഇവനൊരു സിനിമാക്കാരൻ ആണെന്ന് നമുക്ക് തോന്നും.. പിന്നീട് ആ തോന്നൽ വരുന്നത് സിനിമയുടെ അവസാനം ആയിരുന്നു. 

കാമുകിയുമായുള്ള ബന്ധം സ്വന്തം വീട്ടുകാരും അവളുടെ വീട്ടുകാരും എതിർത്തതോടെ വിവാഹിതരായി  സ്വന്തമായി ഒരു വീടെടുത്തു ജീവിക്കാൻ നായകനും നായികയും നിർബന്ധിതരാകുന്നു. ഒരു ഫ്‌ളാറ്റിൽ അവർ താമസിക്കുന്നു. പ്രാരാബ്ധം അവരെ ബാധിക്കുന്നതിൽ അത്ഭുതമില്ലല്ലോ.. സിനിമയുടെ പുറകെ ഓടുന്നവന് സാമ്പത്തികം പ്രശ്നമാണല്ലോ.. അങ്ങനെ ഒരവസരത്തിൽ ഭാര്യയുടെ മാല പണയം വെക്കുന്ന നായകനും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥ. 

പ്രശ്നം എന്ന് പറയുമ്പോൾ ഒരു കൊലപാതകക്കേസ് തന്നെയാണ് വരുന്നത്. രണ്ടാം പകുതിയോടെ ഒരു സസ്പെൻസ് ത്രില്ലർ എന്ന ഗണത്തിലേക്ക് നീങ്ങുകയാണ് ചിത്രം.

വിനീത് ശ്രീനിവാസൻ തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. രജീഷ വിജയന്റെ പ്രകടനം ആവറേജ് ആയി തോന്നി. ആദ്യചിത്രത്തിൽ കേട്ട ഡയലോഗ് ഡെലിവറി വീണ്ടും ആവർത്തിച്ചതായും തോന്നി. പ്രശാന്ത് നാരായണന്റെ പോലീസ് വേഷം ഗംഭീരം ആയിരുന്നു. അനുശ്രീയും വിജയ്‌ ബാബുവും തങ്ങളുടെ വേഷം ഭദ്രമാക്കി.  

മൊത്തത്തിൽ വലിയ നിരാശയൊന്നും നൽകാത്ത ഒരു കൊച്ചു ചിത്രം. സസ്പെൻസ് ആർക്കും ഊഹിക്കാൻ പറ്റും എന്നൊരു കുറവു മാത്രമേ തോന്നിയുള്ളൂ.