തമിഴ് സിനിമയിൽ പഴയകാല ചിത്രങ്ങളുടെ പേര് പുതിയ ചിത്രങ്ങൾക്ക് ഇടുന്നത് നാം കണ്ടിട്ടുണ്ട്. അങ്ങനെ ധാരാളം പടങ്ങൾ ഇറങ്ങി കഴിഞ്ഞപ്പോൾ അവർക്ക് പേരൊന്നും കിട്ടാതെ ആയിക്കാണും. അപ്പോൾ അവർ പഴയകാല നടന്മാരായ ജെമിനി ഗണേശനെയും സുരുളി രാജനെയും അങ്ങ് പൊക്കി. അവരുടെ പേരുകൾ സിനിമയുടെ പേരാക്കിയിട്ടു. അതാണ്‌ 2017 ലെ ഭൂലോക വധങ്ങളിൽ ഒന്നായ ഈ ചിത്രം.  

ജെമിനി ഗണേശൻ ഫാനായ ഒരാൾ തന്റെ മകനു അതേ പേര് നൽകുന്നു. കാതൽ മന്നൻ സിനിമയിൽ പൂന്തു വിളയാടിയ പോലെ ഇവൻ റിയൽ ലൈഫിലും കുറേ പെൺപിള്ളേരെ വളക്കാൻ ഇറങ്ങുന്നു എന്നതാണ് വൺ ലൈൻ കഥ എന്ന് നേരെത്തെ പറഞ്ഞിരുന്നു. എന്നാൽ പടം തുടങ്ങുന്നത് തന്റെ കല്യാണം വിളിക്കാൻ വരുന്ന ജെമിനിയിൽ നിന്നാണ്. അവൻ സുരുളി രാജനെ കൂട്ടുപിടിച്ചു താൻ സ്നേഹിച്ചിരുന്ന പെണ്ണുങ്ങൾക്കെല്ലാം ക്ഷണപത്രം കൊടുക്കാൻ ഇറങ്ങുന്നു. എന്തുകൊണ്ട് അവരെ ആരെയും കല്യാണം കഴിക്കാതെ വേറെ ഒരാളെ തിരഞ്ഞടുത്തു എന്നതാണ് ബാക്കികഥ.  

അഥർവ നന്നായി വെറുപ്പിച്ചിട്ടുണ്ട്. തനിക്ക് പറ്റാത്ത ഒരു വേഷം എടുത്തു പരമാവധി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നു. റെജീന കസാന്ദ്രയുടെ സംസാരം കേട്ടാൽ ഫോണിൽ കൂടി ലൈംഗികസംഭാഷണം നടത്തുന്നത് പോലെ തോന്നും. എന്തിനു ഇങ്ങനെയൊക്കെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നു എന്നത് സംവിധായകനോട് ചോദിക്കണം. പ്രണിതയും ഐശ്വര്യാ രാജേഷും അതിഥി സുധീറും ഒക്കെ കിട്ടിയ ചാൻസിൽ തട്ടിക്കൂട്ട് അഭിനയം നടത്തിപ്പോന്നു.  

സൂരിയുടെ അഭിനയം കണ്ടാൽ ചിരിയൊന്നും വരില്ല. എന്നാൽ ബോറടിക്കാതെ പടം മുന്നോട്ടു പോയതിൽ അയാൾക്ക്‌ പങ്കുണ്ട്. ക്ലൈമാക്സ്‌ കുറച്ചു ചിരിപ്പിച്ചു. മൊത്തത്തിൽ ഒരിക്കലും ആരും കാണാരുത് എന്ന ലിസ്റ്റിൽ ഇടം പിടിക്കേണ്ട പടം.