സ്വന്തം മക്കളെ നല്ല സൗകര്യങ്ങൾ ഉള്ള സ്‌കൂളുകളിൽ പഠിക്കാൻ അയക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും.. എന്നാൽ മക്കൾ പഠിക്കുന്ന സ്‌കൂളുകളുടെ നിലവാരം വെച്ചു സ്വന്തം നിലവാരം അളക്കുകയാണ് സമൂഹത്തിലെ പലരും. വലിയ വലിയ പണക്കാരുടെ മക്കൾ പഠിക്കുന്ന സ്‌കൂളുകളിലാണ് എന്റെ മക്കൾ എന്ന് പൊങ്ങച്ചപൂർവ്വം പറയുന്നവരുമുണ്ട്.  

എന്നാൽ ചില സ്‌കൂളുകളിലെ അഡ്മിഷൻ ലഭിക്കുക എന്നത് വളരെ പ്രയാസകരമാണ്. പണം കൊണ്ടു ശ്രമിച്ചാലും ലഭിക്കാത്ത സ്കൂളുകൾ ഉണ്ട്. അത്തരം സ്‌കൂളുകളിൽ പാവപ്പെട്ടവർക്കായി കുറച്ചു സീറ്റുകൾ മാറ്റിവയ്ക്കും. ആ സീറ്റ് ലഭിച്ചവർ പാവപ്പെട്ടവർ തന്നെയാണോ എന്നവർ അന്വേഷിക്കുകയും ചെയ്യും. 

നമ്മുടെ നായകൻ ചാന്ദ്‌നി ചൗക്കിൽ സ്വന്തമായി ബ്യൂട്ടിബുട്ടീക്ക് ഒക്കെയുള്ള ആളാണ്‌. ആഡംബര വാഹനങ്ങൾ അടക്കം എല്ലാവിധ സൗകര്യങ്ങളും അയാൾക്കുണ്ട്. എന്നാൽ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി പ്രശസ്തമായ ഒരു സ്കൂളിൽ അഡ്മിഷൻ ലഭിക്കാൻ അവർ പാവപ്പെട്ടവരായി അഭിനയിക്കേണ്ട ഗതി വരുന്നു. അതാണ്‌ കഥ.  

ഇർഫാൻ ഖാനേക്കാൾ നന്നായി അഭിനയിച്ചത് നായികയാണോ എന്ന് നമ്മൾ സംശയിക്കും. അത്രയ്ക്ക് നല്ല പ്രകടനം ആയിരുന്നു അവർ. മാത്രമല്ല രണ്ട് മണിക്കൂർ നേരം ഒട്ടും ബോറടിയില്ലാതെ സാമൂഹ്യ പ്രസക്തിയുള്ള ഒരു കാര്യം ഭംഗിയായി പറഞ്ഞിട്ടുമുണ്ട്. ക്ലൈമാക്സ്‌ വളരെ നന്നായിരുന്നു. മൊത്തത്തിൽ വളരെ നല്ലൊരു ചിത്രം.