“കൂടെ ഒരുമിച്ചു പഠിച്ചവർ ആണെങ്കിലും ഇപ്പോൾ ജന്മശത്രുക്കളെപ്പോലെയാണ് പെരുമാറ്റം. ചെമ്പാടൻ ജോയിയും ഡേവിഡ് പോളിയും പരസ്പരം പാര വെക്കുന്നതിൽ മത്സരിക്കുകയാണ്. ജോയ് ഒരു പ്രമുഖ നടിയെക്കൊണ്ട് തന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്യിച്ചു മുഴുവൻ തൃശൂരിൽ തന്നെ നല്ലപേരെടുക്കാൻ ശ്രമിക്കുമ്പോൾ ഡേവിഡ്‌ വെറുതെ ഇരിക്കുമോ?? പ്രമുഖ നടിയെ ലക്ഷ്യം വെച്ചു ചെയ്യുന്ന പ്ലാൻ എന്തായിരിക്കും?? അതിലൂടെ ആരൊക്കെ നേട്ടം കൊയ്യും?? 

സിനിമ – തൃശ്ശിവപേരൂർ ക്ലിപ്തം (2017) 

വിഭാഗം – കോമഡി ഡ്രാമ 

Whats Good?? 

ഇടയ്ക്കിടെ ചിരിപ്പിക്കുന്ന ചില കൗണ്ടറുകൾ. ചെമ്പൻ വിനോദിന്റെ പ്രകടനം 

Whats Bad?? 

മോശം കഥാഗതി,  അനാവശ്യ രംഗങ്ങൾ, ലാഗിംഗ്, വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങൾ.

Watch Or Not?? 

തൃശൂർ കേന്ദ്രീകരിച്ചു ഒരു കഥ പറഞ്ഞപ്പോൾ അതിൽ പറഞ്ഞത് പരസ്പരം പാര വെക്കുന്ന 2 പേരുടെ കഥയാണ്‌. ഒരാൾ നന്നായി കാണാൻ മറ്റൊരാൾക്ക് താല്പര്യമില്ല എന്ന് നിലയിൽ ചിന്തിക്കുന്നില്ല എങ്കിലും എതിരാളിക്ക് നല്ലൊരു തിരിച്ചടി നല്കാൻ ആഗ്രഹിക്കുന്നവരാണ് ഇരുവരും. അതിൽ ഒരാൾ തന്റെ സ്വർണ്ണക്കടയുടെ ഉദ്‌ഘാടനത്തിനു പ്രമുഖയായ നിലീന മെഹിന്ദി എന്ന നടിയെ കൊണ്ടു വരാൻ പോകുമ്പോൾ മറ്റെയാൾ അതു തടയാൻ പ്ലാൻ ചെയ്യുന്നതും ആ നടിയെ തലേ ദിവസം രാത്രി കിടപ്പറയിൽ എത്തിക്കാൻ പറ്റും എന്നറിഞ്ഞപ്പോൾ അതിനായി മറ്റെയാൾ ചെയ്യുന്ന കാര്യങ്ങളുമാണ് കഥ മുന്നോട്ടു കൊണ്ടു പോകുന്നത്.  

ആസിഫ് അലി നായകൻ എന്ന് ആദ്യം പറയുന്നു എങ്കിലും പടം കണ്ടിറങ്ങുമ്പോൾ ചെമ്പൻ വിനോദ് മാത്രമാണ് മനസ്സിൽ. ഡേവിഡ്‌ പോളി എന്ന കഥാപാത്രത്തെ ചെമ്പൻ വിനോദ് നന്നായി അവതരിപ്പിച്ചിട്ടുണ്ട്.  ആസിഫിന്റെ ഗിരിജ വല്ലഭൻ നമ്മൾ തന്നെ പലവട്ടം കണ്ട ആസിഫ് കഥാപാത്രങ്ങളുടെ ഒരു കോക്ടയിൽ ആണ്.  

നായികയായ അപർണ ബാലമുരളിയുടെ കഥാപാത്രത്തിന്റെ വ്യക്തിത്വം അവസാനരംഗത്തിൽ നഷ്ടപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. എന്ത് കൊണ്ടു അവർക്ക് ആസിഫിനെ ഇഷ്ടമായി?? അവർ തമ്മിൽ ഇടയ്ക്കിടെ കണ്ടുമുട്ടുന്നു എങ്കിലും അപർണയെ പോലൊരു പെണ്ണിനെ ഇഷ്ടപ്പെടുത്തുന്ന രീതിയിൽ ആസിഫ് ഒന്നും ചെയ്യുന്നതായി കാണിക്കുന്നില്ല. അല്ലെങ്കിൽ ആസിഫ് മറന്നു വെച്ച നീലച്ചിത്രത്തിന്റെ CD കണ്ടു അയാളോട് അനുരാഗം ഉണ്ടായതാണോ?? എന്തരോ എന്തോ…  

ബാബുരാജിന്റെ കഥാപാത്രം മസിലൊക്കെ ഉരുട്ടി വലിയ സ്ക്രീൻ പ്രെസൻസ് ഒക്കെ ഉണ്ടാക്കി എങ്കിലും അവസാനം എല്ലാവരെയും നിശ്ശബ്ദരാക്കി പടം എങ്ങനെയെങ്കിലും അവസാനിപ്പിക്കുകയാണ് സംവിധായകൻ. ശ്രീജിത്ത്‌ രവി ചിലയിടങ്ങളിൽ ചിരിപ്പിച്ചു.  

രചന നാരായണൻ കുട്ടി വന്ന ഒരേ ഒരു രംഗം നന്നായി വെറുപ്പിച്ചു. അവരെക്കൊണ്ട് തന്നെ ആ വേഷം ചെയ്യിപ്പിച്ചത് സംവിധായകന്റെ ബ്രില്യൻസ് ആണോ?? ജെവെൽ മേരി അവസാനം ഒരു സീനിൽ വരുന്നു.  

ഡബിൾ മീനിങ് ഇല്ലാതെ ഈ സിനിമയിൽ ലൈംഗിക ദാരിദ്രം നേരിട്ടാണ് പറയുന്നത്.  ഒരു അഭിസാരികയെ വിളിച്ചു വരുത്തി വേണ്ടെന്നു വെക്കുന്ന കഥാപാത്രം സിനിമാനടിയെ തന്റെ കിടക്കയിലെത്തിക്കാൻ സ്വത്തുക്കൾ വരെ വിൽക്കാൻ തയ്യാറാകുന്നു. ഇതേ കാര്യം വേറെ നിലയിൽ.. അതായത് നടിയും സാധാരണ പെണ്ണും തമ്മിലുള്ള വ്യത്യാസം നായിക പറയുമ്പോൾ നായകന് അന്നേവരെ തോന്നാത്ത തിരിച്ചറിവ് വരുന്നു. 

ആദ്യപകുതി ലാഗിംഗ് ഉണ്ടെങ്കിലും വലിയ ബോറടി ഇല്ലാതെ കാണാം..എന്നാൽ രണ്ടാം പകുതി നൂൽ പൊട്ടിയ പട്ടം പോലെ പറക്കുന്നു. ക്ലൈമാക്സ്‌ ഒട്ടും തൃപ്തികരമല്ല. 

Final Word 

ശരാശരിയിൽ താഴെയുള്ള ഒരു ചിത്രം. പ്രേക്ഷകന് ചിരിക്കണോ,ചിന്തിക്കാനോ,ത്രില്ലടിക്കാനോ, ആസ്വദിക്കാനോ ഒന്നും തന്നെ നൽകുന്നില്ല. സമയം കളയാൻ താൽപര്യമുള്ളവരെ പോലും തൃപ്തിപ്പെടുത്തും എന്ന് തോന്നുന്നില്ല.