എനിക്ക് തുണയായി എന്റെ കൂടെ നിന്ന VIP പിള്ളേരുടെ കൂടെ ചേർന്ന് സ്വന്തമായി ഒരു കൺസ്ട്രക്ഷൻ കമ്പനി എന്നതാണ് എന്റെ സ്വപ്നം…. വസുന്ധര മാഡം അവരുടെ കമ്പനിയുടെ ഓഫർ ഞാൻ നിരസിച്ചതിനാൽ എന്നോട് പക വീട്ടുകയാണ്. ഞാൻ കാരണം എന്നെ വിശ്വസിച്ചവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്. ഞാൻ സ്വയം എന്റെ ജോലി രാജി വയ്ക്കുകയാണ്.  

ചിത്രം – വേലയില്ല പട്ടധാരി 2 (2017) 

വിഭാഗം – ഡ്രാമ  

Whats Good?? 

ധനുഷിന്റെ എനർജി ലെവൽ, നർമരംഗങ്ങൾ, സംഭാഷണങ്ങൾ, ചിത്രത്തിന്റെ ദൈർഘ്യം,ക്ലൈമാക്സ്‌ 

Whats Bad?? 

മുഴുവൻ കഥാഗതിയും ഊഹിക്കാൻ പറ്റുന്നത്.  

Watch Or Not?? 

ആദ്യഭാഗത്തിന്റെ വിജയം മുതലാക്കാൻ പലരും ആ ചിത്രങ്ങളുടെ രണ്ടാം ഭാഗം ഇറക്കാറുണ്ട്. നല്ല ഇനീഷ്യൽ ഒക്കെ നേടിയാലും അവ പിന്നീട് മൂക്കും കുത്തി വീഴാറാണ് പതിവ്. എന്തെന്നാൽ കഥാപാത്രങ്ങളോ കഥയോടൊ നീതി പുലർത്തണം ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് സാധിക്കാറില്ല. VIP 2 അത്തരത്തിൽ ഒന്നാണോ?? നമുക്ക് നോക്കാം..  

ഏറ്റവും മികച്ച എൻജിനീയർ എന്ന അവാർഡ്‌ കിട്ടിയിട്ട് പോലും അതു നേരിൽ പോയി കൈപ്പറ്റാൻ പോലും താല്പര്യമില്ലാത്ത ആളാണ്‌ രഘുവരൻ. അനിത കൺസ്ട്രക്ഷൻസിൽ സന്തോഷമായി ജോലി ചെയ്യുന്ന അയാളെ തേടി വലിയൊരു ഓഫർ വരുന്നു. അയാളത് വേണ്ടെന്നു വെക്കുന്നു. അതിൽ പ്രകോപിതയായ വസുന്ധര രഘുവരന്റെ ജോലി നഷ്ടപ്പെടുത്തും വിധത്തിൽ കരുക്കൾ നീക്കുന്നു. തന്റെ സ്വപ്നത്തിനായി പ്രവർത്തിക്കേണ്ട സമയമായി എന്ന് കരുതി രഘുവരൻ നീങ്ങുന്നു. അവിടെയും വസുന്ധരയുമായി കോർക്കേണ്ടി വരുന്നു. 

ധനുഷ് എന്ന നടന്റെ എനർജി ലെവലാണ് പടം മുഴുവൻ യാതൊരു ബോറടിയും ഇല്ലാതെ കാണാൻ സഹായകരമാകുന്നത്. രജനി കാന്തിന്റെ ഡയലോഗ് ഡെലിവറി അങ്ങനെ തന്നെ അനുകരിക്കുകയാണെങ്കിലും ധനുഷിന് അതു നന്നായി ചേരുന്നുണ്ട്. സിഗരറ്റ് വലി, പഞ്ച് ഡയലോഗ് തുടങ്ങി എല്ലാത്തിലും ധനുഷ് സ്റ്റൈലിഷ് ആയിരുന്നു.  

കജോൾ തനിക്ക് കിട്ടിയ വേഷം നന്നായി ചെയ്തു. മുൻപ് മാപ്പിള്ളൈ എന്ന പടത്തിൽ മനീഷ കൊയ്‌രാള, പുലിയിൽ ശ്രീദേവി തുടങ്ങിയവർ ചെയ്തപോലുള്ള ഓവർ ആക്റ്റിംഗോ വെറുപ്പിക്കലുകളോ ഇല്ലായിരുന്നു. ദുശ്ശാഠ്യകാരിയായ ഒരു ബിസിനസ്സ് വുമണിനെ അവർ തന്നാൽ കഴിയും വിധം ഭംഗിയാക്കി. അതേപോലെ നായകന് എതിർ നിൽക്കുന്നത് ഒരു പെണ്ണായതിനാൽ  സെക്സിസ്റ്റ് ടോക്ക് ഒക്കെയുണ്ടാകും എന്ന് കരുതി. എന്നാൽ അതുണ്ടായില്ല. 

സമുദ്രകനി, വിവേക്, അമല പോൾ തുടങ്ങിയവരും അവരുടെ വേഷം മികച്ചതാക്കി. ഇടയ്ക്കിടെ വരുന്ന ശരണ്യ സ്ഥിരം അമ്മ വേഷം യാതൊരു മടുപ്പുമില്ലാതെ പിന്നെയും ചെയ്തു. 

കല്യാണം കഴിഞ്ഞു ഭാര്യയെ എതിർക്കാൻ മടിക്കുന്ന ഭർത്താവായുള്ള ധനുഷിന്റെ പ്രകടനം നന്നായി ചിരിപ്പിച്ചു. സമുദ്രക്കനി ധനുഷ് എന്നിവർ തമ്മിൽ സംസാരിക്കുമ്പോൾ പറയുന്ന പല കാര്യങ്ങളും നമ്മെ സ്പർശിക്കുന്നവ ആയിരുന്നു. രണ്ട് മണിക്കൂർ മാത്രമേയുള്ളൂ ദൈർഘ്യം എന്ന് പറയുമ്പോൾ അതിൽ തന്നെ അനാവശ്യമായ ഒരു ഗാനം ഉണ്ടായിരുന്നു. 

ആദ്യഭാഗത്തിന്റെ അതേ കഥ തന്നെയാണ് ഇതിലും. രഘുവരന് ബുദ്ധിമുട്ടുകൾ വരുന്നു, അതു അതിജീവിക്കുന്നു.. അതിൽ കൂടുതലായി പറയാൻ ഒന്നുമില്ല. വില്ലത്തി എന്നൊരു കൺസപ്റ്റ് വരുമ്പോൾ അവരെ പരിഹസിച്ചു കയ്യടി നേടുന്നതോ, അവരെ മര്യാദയില്ലാതെ കാണിക്കുന്നതോ ആയ രംഗങ്ങൾ ഒന്നുമില്ല. മാത്രമല്ല ക്ലൈമാക്സ്‌ വളരെ നന്നായിയും തോന്നി.  

അനിരുദ്ധ് നൽകിയ BGM ഇടയ്ക്കിടെ വരും.ആ രംഗങ്ങൾ എല്ലാം കിടു ആയിരുന്നു. അതായത് പഴയ BGM, VIP യുടെ സിഗ്നേച്ചർ BGM വരുമ്പോൾ ഷോൺ റോൾഡൻ നൽകിയ സംഗീതം ഒന്നുമല്ലാതെ ആകുന്നതായി ഫീൽ ചെയ്തു. 

Final Word

ബോറടിക്കാതെ, ഇടയ്ക്കിടെ മാസ്സ് ഡയലോഗുകൾ ഉള്ള, നല്ല നർമ രംഗങ്ങൾ ഉള്ള,നല്ല ക്ലൈമാക്സ്‌ ഉള്ള VIP 2 ഒരു തവണ തൃപ്തിയോടെ തീയേറ്ററിൽ നിന്നും കണ്ടിറങ്ങാവുന്ന പടമാണ്.