നല്ല കോരിച്ചൊരിയുന്ന മഴയത്തു തന്റെ സ്‌കൂട്ടിയുടെ ടയർ പഞ്ചർ ആയപ്പോൾ അടുത്തുള്ള ഷെഡിലേക്ക് കയറി മഴ കൊള്ളാതെ കയറി നിൽക്കുന്ന നായിക, അതേ ഷെഡിൽ മുഷിഞ്ഞ വസ്ത്രങ്ങളും നീട്ടി വളർത്തിയ താടിയും എരിയുന്ന സിഗരെറ്റുമായി നായകൻ.. തന്റെ മിനി സ്കേർട്ട് മൂലം  ഭംഗിയുള്ള കാലുകൾ പൊതുദർശനത്തിനായി ഉള്ളതാണെങ്കിലും ഇത്തരം രൂപമുള്ളവൻ അതു ആസ്വദിക്കുന്നിടത്ത് അവൾക്കു അതൃപ്തി വരുന്നു. ഞാൻ നിങ്ങളെ റേപ്പ് ചെയ്യാൻ പോകുന്നില്ല എന്നും നിങ്ങളുടെ കാലുകൾ അത്ര ഭംഗിയുള്ളതല്ല എന്നും നായകൻ പറയുന്നതോടെ അവർക്കിടയിൽ ഒരു ആശയവിനിമയം നടക്കുന്നു. 

പ്രേമനൈരാശ്യം, കൊലപാതകം ചെയ്തതിലുള്ള കുറ്റബോധം എന്നീ അവസ്ഥകളിലൂടെ കടന്നു പോകുന്ന തന്റെ കഥ നായകൻ പറയുമ്പോൾ ഒരു സമുദ്രത്തേക്കാൾ ആഴമുള്ള സ്ത്രീയുടെ മനസ്സ് അവിടെ നിശബ്ദം. എന്നാൽ എല്ലാം തുറന്ന് പറഞ്ഞ അവനോടു അവൾക്കു സൗഹൃദം തോന്നുമ്പോൾ അവളുടെ  ശരീരവടിവുകളുടെ അളവ് കൃത്യമായി പറഞ്ഞു അവനും തന്റെ മനസ്സ് തുറക്കുന്നു. മുന്നിലുള്ളത് 6 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ് എന്ന് തിരിച്ചറിയുന്നിടത്ത് അവന്റെ മനസ്സ് മാറുമോ?? 

വളരെ രസകരമായ ഒരു ചിത്രം. ഒരുപക്ഷേ ഇത്രയേറെ മാനുഷിക വികാരങ്ങൾ കൈകാര്യം ചെയ്ത ഒരു സിനിമ ഈയിടെ തമിഴിൽ ഇറങ്ങിയിട്ടുണ്ടാവില്ല. ഒരുപാട് ഡയമെൻഷനിലൂടെ സഞ്ചരിക്കുന്ന കഥ കൃത്യമായ കാസ്റ്റിംങിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്നു.  

നായകൻ പുതുമുഖമാണ്. എന്നാൽ ഉത്തരം ഹെവി ആയുള്ള ഒരു റോൾ അയാൾ ചെയ്യുന്നത് നാം കാണുമ്പോൾ അയാളുടെ കഴിവിനെ അംഗീകരിച്ചേ പറ്റൂ.. പടം കാണുന്ന നമുക്ക് ചിലയിടങ്ങളിൽ രണ്ട് പൊട്ടിക്കാൻ തോന്നും. അതേപോലെ ക്ഷമ പറയുന്ന രംഗങ്ങളിൽ നമുക്ക് അയാളോട് സഹതാപവും. 

ആൻഡ്രിയ അഭിനയിച്ചതിൽ ഏറ്റവും മികച്ച വേഷം.സമൂഹത്തിൽ ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്ന അപ്പർ ക്ലാസ്സ്‌ യുവതിയുടെ ജീവിതം ഒരു മെയ്ക് ബിലീവ് എന്ന നിലയിൽ പരമാവധി നമ്മെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. മകനായി അഭിനയിച്ച കൊച്ചു കുട്ടിയും, ഓഫീസിലെ ബോസും, കൂടെയുള്ള കൂട്ടുകാരിയും എല്ലാവരും അവരുടെ റോൾ വളരെ ഭംഗിയായി ചെയ്തു.  

ഒരു പോലീസുകാരൻ, അയാളുമായി അവിഹിത ബന്ധമുള്ള ഒരു സ്ത്രീ, പോലീസുകാരന്റെ ഭാര്യ, നായകൻ കെണിയിൽ വീഴ്‌ത്തുന്ന സ്ത്രീകൾ എന്നിങ്ങനെ ഏത് റോൾ ചെയ്ത ആൾ ആണെങ്കിലും അവർ അവരുടെ വേഷം ഗംഭീരമായി ചെയ്തിട്ടുണ്ട്. അഞ്ജലി ചെറിയ വേഷത്തിൽ വരുന്നു എങ്കിലും ഓർമയിൽ പതിയുന്ന നല്ലൊരു വേഷം ചെയ്തു. 

പടം കണ്ടു കൊണ്ടിരിക്കുമ്പോൾ സംവിധായകന്റെ വോയിസ്‌ ഓവർ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്നു. പലപ്പോഴും സർകാസ്റ്റിക് ആയുള്ള കാര്യങ്ങളാണ് പറയുന്നത്. ചിലതൊക്കെ ഗംഭീരമായ കാര്യങ്ങൾ ആയിരുന്നു. ആ വോയിസ്‌ ഓവറുകൾ.. സംഭാഷണങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്.  

ക്ലൈമാക്സ്‌ നമ്മൾ ഊഹിക്കും പോലെ നടക്കില്ല എന്ന് കരുതും.. എന്നാൽ നടക്കുമോ എന്ന് സംശയിക്കും… വേറെ എന്തെങ്കിലും നടക്കുമോ എന്ന് ആകാംക്ഷയോടെ നോക്കും.. അങ്ങനെ ഒരു 15 മിനിറ്റ് നേരം രാം നമ്മുടെ ക്ഷമയെ നല്ലവണ്ണം പരീക്ഷിച്ചുകൊണ്ട് ചിത്രം അവസാനിപ്പിക്കുന്നു. വ്യക്തിപരമായി ക്ലൈമാക്സ്‌ തീരെ ഇഷ്ടമായില്ല. ആ ഒരു കുറവ്… പിന്നേ കഥ സഞ്ചരിക്കുന്ന വിധം.. ഇങ്ങനെയൊക്കെ നടക്കുമോ എന്നുള്ള ചോദ്യം പാടില്ല.. ഇങ്ങനെ നടന്നാൽ എങ്ങനെ മനുഷ്യർ പെരുമാറും എന്നതാണ് കഥ എന്നതിനാൽ ചോദ്യങ്ങൾ ഒന്നും മനസ്സിൽ വരില്ല.  

മൊത്തത്തിൽ ഒരു പുതിയ ജോണർ ചിത്രമാണ് തരമണി. ഇതുപോലുള്ള ചിത്രങ്ങൾ തീയേറ്റർ വിജയം ആകാറില്ല എന്നതാണ് സത്യം. എന്നാലും ഇത്തരം ഒരു ചിത്രം വെള്ളിത്തിരയിൽ എത്തിച്ച സംവിധായകാൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു.