“എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നറിയില്ല. ബാത്റൂമിൽ രക്തത്തിൽ കുളിച്ചു കിടന്ന എന്റെ ഭാര്യയെ അയൽക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഞങ്ങൾ പുതുതായി താമസം മാറിയ വീട്ടിൽ ഇതിന് മുൻപ് താമസിച്ചിരുന്നത് ഒരു വേശ്യയാണ് എന്ന് പറയപ്പെടുന്നു. അപ്പോൾ വേശ്യയാണ് എന്ന് കരുതി എന്റെ ഭാര്യയെ ആരോ അപായപ്പെടുത്തിയത് ആകാം… ആരാണത്??” 

Movie – The Salesman (2016) 

Genre – Drama 

Original Language – Persian 

The Seperation എന്ന മികച്ച സൃഷ്ടിക്കു ശേഷം  അസ്‌ഗർ ഫർഹദിയുടെ ഈ ചിത്രത്തിന് വീണ്ടും മികച്ച വിദേശ ചിത്രത്തിനുള്ള അക്കാഡമി അവാർഡ് (ഓസ്‌ക്കർ) ലഭിച്ചു. പക്ഷെ അതേറ്റു വാങ്ങാൻ അദ്ദേഹം എത്തിയില്ല എന്നത് ജനശ്രദ്ധ ആകർഷിച്ച കാര്യമാണ്.  

ആർതർ മില്ലറുടെ “Death Of A Salesman” എന്ന നാടകത്തിൽ അഭിനയിക്കുന്ന ദമ്പതികൾ,  അവർ ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ഭൂകമ്പം മൂലം താമസിച്ചിരുന്ന വീട്ടിൽ നിന്നും സ്ഥലം മാറുന്നുണ്ട്. പിന്നീട് അവർ മാറി താമസിക്കുന്ന വീട്ടിൽ വെച്ചു ഒരു നാൾ ഭാര്യ ആക്രമിക്കപ്പെടുന്നു. ജീവന് അപായം ഒന്നും ഇല്ല എങ്കിലും ആ ഷോക്കിൽ നിന്നും അവർക്ക് കര കയറാൻ പെട്ടെന്നു സാധിക്കുന്നില്ല. കുളിമുറിയിൽ വെച്ചുള്ള അപകടം ആയതിനാൽ വീണ്ടും കുളിക്കാൻ പോലും അവൾക്കാവുന്നില്ല. തന്റെ ഭാര്യയുടെ അവസ്ഥ നാൾക്കു നാൾ മോശമാകുമോ എന്നുള്ള ഭയവും ആരാണ് ആക്രമിച്ചത് എന്ന് കണ്ടു പിടിക്കുവാനുള്ള നായകന്റെ പരിശ്രമവും ഹൃദയസ്പർശിയായ ഒരു അവസാനവുമാണ് ചിത്രം നല്കുന്നത്.  

ചിത്രത്തെ പറ്റി നെറ്റിൽ തിരയുമ്പോൾ ഒരു ത്രില്ലർ എന്നാണ് പലയിടത്തും കണ്ടത്. ത്രില്ലർ പ്രേമിയായ ഞാൻ ഈ സിനിമ കാണാൻ ഉണ്ടായ സാഹചര്യവും അതു തന്നെ..എന്നാൽ ത്രില്ലർ എന്ന് പറയുവാൻ സാധിക്കുമോ എന്നറിയില്ല.. പക്ഷെ ഒരു നിമിഷം പോലും ബോറടിക്കാതെ കഥ പറയുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഞാൻ ആദ്യമായി കണ്ട ഇറാനിയൻ ചിത്രം ഇതായിരുന്നു. 

പ്രതികാരം എന്ന വികാരം എന്നത് പോലെ തന്നെ സഹാനുഭൂതി, തിരിച്ചറിവ്, ക്ഷമാപണം എന്നിവയും വളരെ ശക്തമായി പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. അവസാനത്തെ 30 മിനിറ്റ് ഒരിക്കലും മറക്കുവാൻ സാധിക്കില്ല. തൊട്ടു മുന്നിൽ നാം കാണുന്നത് അഭിനയം തന്നെയാണോ എന്ന് അതിശയിച്ചു പോകുന്നതിലും, പച്ചയായ ജീവിതം ഇത് തന്നെയാണ് എന്ന് മനസ്സ് പറയുന്നതിലും, പ്രേക്ഷകനെ കൊണ്ട് പറയിപ്പിക്കുവാനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.  

ഒരിക്കലും മിസ്സ്‌ ചെയ്യാൻ പാടില്ലാത്ത ഒരു സിനിമ എന്ന് തന്നെ പറയേണ്ടി വരും. നമ്മൾക്ക് അത്രയ്ക്ക് പരിചയമില്ലാത്ത ഒരു ജനതയുടെ, സംസ്കാരത്തിന്റെ കഥ പറയുന്ന ചിത്രം, ഒരു പക്ഷെ ഇതിന് ശേഷം ഇറാനിയൻ ചിത്രങ്ങൾക്ക് അടിമപ്പെട്ടാൽ അതിൽ തെറ്റു പറയാനില്ല.  

Click To Get Film