സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബത്തിലെ ഗൃഹനായികയ്ക്ക് ഒരു അസുഖം വന്നാൽ ആ കുടുംബത്തിലെ മടുള്ളവരുടെ മാനസിക അവസ്ഥ എന്തായിരിക്കും?? രോഗം ബാധിച്ചയാൾ മാനസികമായി അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തിയാലും ചുറ്റുമുള്ളവർ പ്രത്യേകിച്ച് കുടുംബത്തിനകത്തുള്ളവർ തന്നെ മാനസികമായി തളർന്നു പോയാൽ… 

ചിത്രം – ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള (2017) 

വിഭാഗം – ഫാമിലി ഡ്രാമ 

Whats Good?? 

പശ്ചാത്തല സംഗീതം, ഛായാഗ്രഹണം 

Whats Bad?? 

ബോറടിപ്പിക്കുന്ന ആഖ്യാനം, വലിച്ചു നീട്ടിയ ആദ്യ പകുതി, വീണ്ടും വലിച്ചു നീട്ടിയ രണ്ടാം പകുതി, ശരാശരി ക്ലൈമാക്സ് 

Watch Or Not?? 

നിവിൻ പോളിയെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രം എന്നായിരുന്നു പടം കാണുന്നതിന് മുമ്പുള്ള എന്റെ വിചാരം..എന്നാൽ നായകനായി ലാലും നായികയായി ശാന്തി കൃഷ്ണയും വരുമ്പോൾ നിവിൻ പോളി നല്ലൊരു സപ്പോർട്ടിങ് റോൾ ചെയ്തിരിക്കുന്നു. നിവിൻ പോളി എന്ന ബ്രാൻഡ് ആണ് ഈ സിനിമയെ കൂടുതൽ ആളുകളിൽ എത്തിക്കുന്നത് എങ്കിലും ഇതൊരു മികച്ച നീക്കം തന്നെയാണ്. 

മാതാ പിതാക്കളും രണ്ട് പെൺകുട്ടികളും ഒരാണും ചേരുന്ന ഒരു സന്തുഷ്ട കുടുംബത്തിൽ ഒരു നാൾ നായികയ്ക്ക് കാൻസർ ആണോയെന്ന സംശയം വരുന്നു. ആ സംശയം ഡോക്ടറെ കണ്ടു തീർച്ചപ്പെടുത്താനും കുടുംബാങ്ങളെ അറിയിക്കാനുമായി മാത്രം ആദ്യ പകുതി, തുടർന്നുള്ള കീമോ തെറാപ്പിയും രോഗത്തെ മാനസികമായി നേരിടാനുള്ള തയ്യാറെടുപ്പും മകനായ കുര്യന്റെ അനാവശ്യ പ്രണയവും കൂടിയാകുമ്പോൾ രണ്ടാം പകുതിയുമായി. തീയേറ്റർ ഒന്നടങ്കം ചിരിച്ച ഒരു മരണം എന്ത് കൊണ്ടോ വ്യക്തിപരമായി യോജിക്കാൻ കഴിഞ്ഞില്ല. ചിത്രം നല്കുന്ന സന്ദേശവും ആ മരണം ചിത്രീകരിച്ച വിധവും കാണുമ്പോൾ ചീപ് കോമഡി സീനായി തോന്നി. സത്യത്തിൽ ആ മരണം തികച്ചും അനാവശ്യവുമായിരുന്നു.

ഒരു നിവിൻ പോളി ഷോ കാണണം എന്നാഗ്രഹിച്ചു ഫാൻസ്‌ കയറിയാൽ നിരാശയാകും ഫലം. മുഴുവൻ സമയവും തിന്ന് നടക്കുന്ന മടിയനായ കുര്യൻ ആയി ടിയാൻ ഇടയ്ക്കിടെ ചിരിപ്പിച്ചും വെറുപ്പിച്ചും വന്നു പോയി. പ്രത്യേകിച്ച് എടുത്തു പറയത്തക്ക ഒന്നുമില്ല. ഒരു കാമുകിയെ കാണിക്കുന്നുണ്ട് പുതുമുഖം ഐശ്വര്യ റേച്ചൽ എന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവർ തമ്മിൽ എങ്ങനെ പ്രണയം വന്നു എന്നൊക്കെ വലിയ ഒരു മിസ്റ്ററി തന്നെയാണ്. ഉള്ള പ്രണയ രംഗങ്ങൾ തന്നെ അനാവശ്യമാണ് അതിനാൽ കൂടുതൽ ഡീറ്റൈലിംഗ് ഒന്നും വേണ്ട എന്ന് കരുതിയാണ് കരുതിയാണ് എങ്കിൽ ഇതൊരു അൽത്താഫ് ബ്രില്യൻസ് തന്നെ.. 

ലാൽ,ശാന്തി കൃഷ്ണ എന്നിവർ അവരുടെ റോൾ നന്നായി ചെയ്തു. ഒരു രംഗത്ത് പോലും കൃത്രിമത്വം അഭിനയത്തിൽ തോന്നിയില്ല. ശാന്തി കൃഷ്ണയെ ആദ്യമായി കാണിച്ച സീനിൽ ഡബ്ബിങ് സിങ്ക് ആയിരുന്നില്ല. അഹാന നല്ല സുന്ദരി ആയിരുന്നു. ഒരുപാട് രംഗങ്ങളിൽ വരുന്നു എങ്കിലും അധികം പ്രകടനം കാഴ്ചവെക്കാനുള്ള അവസരം ഒന്നുമില്ല. 

ദിലീഷ് പോത്തൻ,സൈജു കുറുപ്പ്, ഷറഫുദ്ധീൻ,സിജു വിൽസൺ, ശ്രിന്ദ തുടങ്ങി സപ്പോർട്ടിങ് കാസ്റ്റുകൾ എല്ലാം നന്നായിരുന്നു. അവരവർക്കു വേണ്ടതിൽ കൂടുതൽ രംഗങ്ങൾ സിനിമയിൽ ഉണ്ടായിരിന്നു. മഹേഷിന്റെ ചാച്ചൻ വയസ്സായ ചെഗുവേരയെ പോലെ തോന്നിച്ചു. പുള്ളിക്കാരന്റെ ഡയലോഗുകൾ ഒന്നും രസിച്ചില്ല. 

പേസിങ് തന്നെയാണ് എനിക്ക് പ്രശ്നമായി തോന്നിയത്.ആദ്യപകുതി കഴിയുമ്പോൾ എന്താണ് ഇത്ര നേരം പറഞ്ഞത് എന്നാലോചിച്ചാൽ ഒന്നുമില്ല. രണ്ടാം പകുതിയിലും ഇഴച്ചിൽ അനുഭവപ്പെടുന്നതോടു കൂടി ഒരു ശരാശരി അനുഭവം പോലും ചിത്രം നൽകുന്നില്ല. നർമ രംഗങ്ങൾ ചിരിപ്പിക്കുന്നുണ്ടെങ്കിലും ഒരു തൃപ്തി നൽകുന്നില്ല. 

Final Word 

ജേക്കബിന്റെ സ്വർഗ്ഗരാജ്യം പോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്ന ആളാണ്‌ നിങ്ങൾ എങ്കിലും തീർച്ചയായും ഇത് നിങ്ങളെ തൃപ്തിപ്പെടുത്തും. എന്നാൽ ഇതെന്റെ ചായയല്ല എന്ന് തോന്നിയതിനാൽ എനിക്കൊരു മടുപ്പ് തന്നെയായിരുന്നു ഈ ഞണ്ടുകൾ. ഈ ജോണറിലെ ചിത്രങ്ങൾ മടുള്ളവരുടെ അഭിപ്രായം കണക്കിലെടുക്കാതെ സ്വയം കണ്ടു വിലയിരുത്തേണ്ട ഒന്നാണ് എന്ന് ഓർമിപ്പിക്കുന്നു.