അടിയന്തിരാവസ്ഥകാലത്ത് നടക്കുന്ന കഥ. രാജസ്ഥാനിലെ രാജകുടുംബത്തിൽ ഇപ്പോൾ പുരുഷന്മാർ ആരും തന്നെയില്ല. ആകെയുള്ളത് രാജകുമാരി ഗീതാഞ്ജലി മാത്രം. അടിയന്തിരാവസ്ഥ മുതലെടുത്ത് കൊട്ടാരത്തിൽ നിന്നും ജനങ്ങൾക്കായി കാലാകാലങ്ങളായി രാജാക്കന്മാർ സൂക്ഷിച്ചിരുന്ന സ്വർണ്ണശേഖരം തട്ടിയെടുക്കാൻ ഒരു കൂട്ടം രാഷ്ട്രീയക്കാരും പോലീസും പ്ലാൻ ചെയ്യുമ്പോൾ, ഗീതാഞ്ജലി തന്റെ വിശ്വസ്തനായ ഭവാനി സിംഗിനോട് സഹായം ആവശ്യപ്പെടുന്നു. സ്വർണം ജനങ്ങളിലേക്ക് എത്തേണ്ടത് തന്നെയാണ് എന്നോർമിപ്പിക്കുന്നു. എന്നാൽ ഭവാനിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ നിസാരമായിരുന്നില്ല.  

Movie – Baadshaho (2017) 

Genre – Heist 

Whats Good?? 

അജയ്-ഇമ്രാൻ എന്നിവരുടെ പ്രകടനവും ഡയലോഗുകളും, ഇന്റർവെൽ ട്വിസ്റ്റ്‌, പാട്ടുകൾ 

Whats Bad?? 

നല്ല ആക്ഷൻ രംഗങ്ങൾ ഇല്ലാത്തത്, രണ്ടാം പകുതിയിലെ ലാഗിംഗ്, കണ്ടു പഴകിയ കഥ, നല്ലൊരു സ്റ്റാർ കാസ്റ്റിനെ വേണ്ട രീതിയിൽ ഉപയോഗിക്കാതെ ഇരുന്നത്. 

Watch Or Not?? 

Once Upon A Time In Mumbai എന്ന സിനിമയ്ക്ക് ശേഷം മിലൻ-അജയ്- ഇമ്രാൻ എന്നിവർ വീണ്ടും ഒരു ആക്ഷൻ ചിത്രത്തിൽ ഒന്നിക്കുന്നു എന്ന വാർത്ത വളരെയധികം സന്തോഷിപ്പിച്ചു. എന്നാൽ യാതൊരു പുതുമയും ഇല്ലാത്ത നല്ല അഭിനേതാക്കളെ വേണ്ട രീതിയിൽ ഉപയോഗിക്കാത്ത നല്ല ആക്ഷൻ സീനുകൾ ഇല്ലാത്ത ഒരു ശരാശരി ചിത്രം മാത്രമായി ബാദ്ഷഹോ ഒതുങ്ങി. 

രാജസ്ഥാനി ഭാഷയും ഹിന്ദിയും കലർത്തിയാണ് സംഭാഷണങ്ങൾ. അതിൽ അജയ് പറയുന്ന പല പഞ്ച് ഡയലോഗുകളും തീയേറ്ററിൽ നല്ല കയ്യടി ഉണ്ടാക്കി. ഇമ്രാൻ ഹഷ്മിയെ കാണിച്ച ഗാനം രംഗത്തിൽ കൂടെ സണ്ണി ലിയോണി ഉണ്ടായിരുന്നത് കൊണ്ടാണോ എന്തോ ആകെപ്പാടെ ഒരു ഉത്സവപ്രതീതി ആയിരുന്നു തീയേറ്ററിൽ. കൂടെ വിദ്യുത് ജംവാളിന്റെ ആക്ഷൻ സീനുകൾ കൂടെ ആയപ്പോൾ തുടർന്നും ഇതേ പേസിങ് തന്നെ സിനിമയിൽ പ്രതീക്ഷിച്ചു.  

എന്നാൽ ഇന്റർവെൽ വരെ നന്നായി പോയ സിനിമ മൂക്കും കുത്തി വീഴുന്നതാണ് കണ്ടത്. ഇന്റർവെലിന് ശേഷം കാര്യമായി ഒന്നും തന്നെ പറയാനോ ചെയ്യാനോ ഇല്ലായിരുന്നു. അനാവശ്യമായ രംഗങ്ങൾ കുത്തിക്കേറ്റി ലാഗിംഗ് ആക്കുകയായിരുന്നു സംവിധായകൻ. മാത്രമല്ല ഇന്റർവെലിന് ശേഷമുളള എല്ലാ കഥാഗതിയും തന്നെ ആർക്കും ഊഹിക്കാൻ വിധം ആയിരുന്നു. 

ഇല്യാന ഡിക്രൂസ്, ഇഷ ഗുപ്ത എന്നിവരാണ് നായികമാർ. ഇല്യാന തരക്കേടില്ലാതെ തന്റെ റോൾ ചെയ്തപ്പോൾ ഇഷ തന്റെ മുൻചിത്രങ്ങളിലെ പോലെ ശരാശരിയിലും താഴെയുള്ള പ്രകടനം നടത്തി. അജയ് ദേവ്ഗൺ നന്നായി ആക്ഷൻ ചെയ്യുന്ന ആളാണ്‌. എന്നിട്ട് പോലും നല്ലൊരു ആക്ഷൻ രംഗം പോലും ഇല്ലാതെ ഇരുന്നത് എന്തെന്ന് മനസ്സിലാകുന്നില്ല.  വിദ്യുത് ജംവാളിനെ കാണിക്കുമ്പോൾ ഉള്ള ഒരു ചേസിംഗ് സീൻ അല്ലാതെ വേറൊന്നും തന്നെ കാര്യമായി ഈ ചിത്രത്തിലില്ല.

ക്ലൈമാക്സിൽ എന്തെങ്കിലും വലുതായി നടക്കും എന്ന് പ്രതീക്ഷിച്ചാൽ അതു നമ്മുടെ തെറ്റ്. 15 കൊല്ലം മുൻപ് ഇറങ്ങുന്ന സിനിമകളിൽ വരുന്നത് പോലെയുള്ള ഒരു തട്ടിക്കൂട്ട് ക്ലൈമാക്സ്‌ നൽകി മൊത്തം പ്രേക്ഷകരെയും വിഡ്ഢിയാക്കി സിനിമ അവസാനിക്കുന്നു.  

Final Word 

നല്ലൊരു Ensemble Cast കിട്ടിയിട്ടും അതു വേണ്ട രീതിയിൽ ഉപയോഗിക്കാത്ത ഒരു തട്ടിക്കൂട്ട് ചിത്രം. ആദ്യപകുതി നന്നായിരുന്നു, അതിനാൽ ഒരു ശരാശരി അനുഭവം സമ്മാനിക്കുന്നു.