സുഗന്ധയുടെയും മുഡിത്തിന്റെയും കല്യാണം അറേൻജ്‌ഡ്‌ + ലവ് ആണെന്ന് പറയാം. സുഗന്ധയെ കണ്ടു ഇഷ്ടപ്പെട്ടു സംസാരിക്കാൻ പോകുമ്പോൾ ഒരു കരടിയെ നേരിടേണ്ടി വന്ന കഥയൊക്കെ മുഡിത്തിനു പറയാനുണ്ട്. കല്യാണത്തിനു മുൻപ് സെക്സ് ചെയ്യാൻ അവസരം കിട്ടിയപ്പോൾ ഇരുവരും അതു വേണ്ടെന്നു വെച്ചില്ല. പക്ഷെ അപ്പോഴാണ്‌ മുഡിത്ത് ആ സത്യം മനസ്സിലാക്കിയത്.. തന്റെ ഉദ്ധാരണശേഷി നഷ്ടപ്പെട്ടു എന്നത്.  

Movie – Shubh Mangal Saavdhan (2017) 

Genre – Romantic Comedy 

Whats Good?? 

അഭിനേതാക്കളുടെ പ്രകടനം, സംഭാഷണങ്ങൾ, നർമരംഗങ്ങൾ, ക്ലൈമാക്സ്‌, കെട്ടുറപ്പുള്ള കഥയും തിരക്കഥയും, രസകരമായ ആഖ്യാനം. 

Whats Bad?? 

ക്ലൈമാക്സിനു തൊട്ടു മുമ്പുള്ള ഒരു സിനിമാറ്റിക് സീൻ. 

Watch Or Not?? 

പ്രസന്ന, ലേഖ വാഷിംഗ്‌ടൺ എന്നിവർ അഭിനയിച്ച കല്യാണ സമയൽ സാധം എന്ന തമിഴ് ചിത്രത്തിന്റെ റീമെയ്ക് ആണ് ഈ ചിത്രം. ആദ്യമേ തന്നെ പറയട്ടെ.. ഒരിക്കലും താരതമ്യം ചെയ്യാൻ ഇട നൽകാതെ ഒരു ഡൽഹിയിലെ കുടുംബങ്ങളുടെ ജീവിതത്തിലേക്ക് പറിച്ചു നട്ടു വളരെ നന്നായി ചിത്രീകരിച്ച നല്ലൊരു റീമെയ്ക് ആണ് ശുഭ് മംഗൾ സാവധാന്. 

ശാരീരിക ബന്ധം,ഉദ്ധാരണ ശേഷി ഇവയൊക്കെ പ്രമേയമാവുന്ന ഒരു കോമഡി ചിത്രത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ നർമ രംഗങ്ങൾ അശ്ലീലം ആകാതെ നോക്കുക എന്നതാണ്.പറയുന്ന കാര്യങ്ങളിൽ ഒരൽപ്പം പാളിച്ച പറ്റിയാൽ മുഖം ചുളിയേണ്ടി വരും എന്ന രംഗങ്ങൾ പോലും യാതൊരു അശ്ലീലചുവയും ഇല്ലാതെ വളരെ മനോഹരമായി പറഞ്ഞിട്ടുണ്ട്.

ആയുഷ്മാൻ ഖുറാന മുഡിത്ത് എന്ന കഥാപാത്രത്തെ മികച്ചതാക്കി. മിതത്വത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു കഥാപാത്രം വളരെ ഭംഗിയാക്കിയതിൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ക്ലൈമാക്സ്ൽ എന്താണ് യഥാർത്ഥ പുരുഷത്വം എന്ന് പറയുന്ന സീനിലൊക്കെ അഭിനയം നന്നായിരുന്നു.മാത്രമല്ല തന്റെ കുറവ് നായികയോട് പറയുന്ന രംഗവും നിസ്സഹായാവസ്ഥയും എല്ലാം തന്നെ ആയുഷ്മാൻ ഭംഗിയാക്കി. 

ഭൂമി പഠനേക്കർ മൂന്നാം തവണയും അത്ഭുതപ്പെടുത്തുകയാണ്. ആദ്യമായി സെക്സ് ചെയ്യാൻ പോകുന്ന രംഗവും, തന്റെ ഭാവി ഭർത്താവിന്റെ കുറവുകൾ മനസ്സിലാക്കി അതിനുള്ള പരിഹാരം തേടുന്നതും വിവാഹത്തെ കുറിച്ചുള്ള സ്വപ്നങ്ങളും ചെറിയ ചെറിയ അഡ്വെഞ്ചറും ആഗ്രഹിക്കുന്ന സുഗന്ധ എന്ന നായികയെ മികച്ചതാക്കി. മറ്റൊരു നടിയെ സുഗന്ധയായി സങ്കൽപ്പിക്കാൻ പോലും കഴിയില്ല. മാതാപിതാക്കളോട് കലഹിക്കുന്ന രംഗവും നായകനോടൊത്ത് പാർക്കിൽ വെച്ചുള്ള സീനുകളും ഒക്കെയായി ഭൂമി എന്ന നടിയുടെ കഴിവ് നമുക്ക് പലപ്പോഴും വ്യക്തമാക്കി തരുന്നുണ്ട് ചിത്രം. 

നായകന്റെയും നായികയുടെയും മാതാപിതാക്കൾ ആണ് അഭിനന്ദിക്കേണ്ട മറ്റു താരങ്ങൾ. ഒരൊറ്റ സെക്കൻഡ് പോലും അവർ അഭിനയിക്കുകയാണ് എന്ന് തോന്നുന്നില്ല. ഒരുപാട് ചിരിപ്പിക്കുന്ന പല സംഭാഷണങ്ങളും ഇവരിലൂടെയാണ് കടന്നു പോകുന്നത്. 

ക്ലൈമാക്സിനോട് അടുക്കുമ്പോൾ ജിമ്മി ഷെർഗിൽ അതിഥി താരമായി എത്തുന്നു. യാതൊരു പ്രാധാന്യവുമില്ലാത്ത ഒരു അതിഥി വേഷം എന്തിനാണെന്ന് മനസ്സിലായില്ല.മാത്രമല്ല അതിനു ശേഷമുള്ള ഒരു സിനിമാറ്റിക് സീനൊക്കെ അനാവശ്യമായി തോന്നി. ആ ഒരു കുറവ് മാത്രമേ തോന്നിയുള്ളൂ..എന്നാൽ സിനിമ മൊത്തത്തിൽ തരുന്ന സംതൃപ്തി ഈ കുറവ് ഒന്നുമല്ലാതെ ആക്കും. 

Final Word 

വളരെ നല്ലൊരു റൊമാന്റിക് കോമഡി ചിത്രം. എല്ലാ വിഭാഗങ്ങളും ഒരേ പോലെ മികച്ച, രസകരമായി കഥ പറഞ്ഞു ഒട്ടും ബോറടിപ്പിക്കാതെ നമ്മെ ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ഈ ചിത്രം നിങ്ങളെ പൂർണ്ണമായും തൃപ്തിപ്പെടുത്തും.