ത്രില്ലറുകൾ ഒരുക്കുന്നതിൽ തമിഴ് സിനിമ ഒരുപടി മുന്നിൽ തന്നെയാണ്. ഈ വർഷം ഇന്ത്യയിൽ ഏറ്റവും നല്ല ത്രില്ലറുകൾ ഇറങ്ങിയിരിക്കുന്നത് തമിഴിൽ നിന്നാണ് എന്നതിൽ സംശയമില്ല. വലിയൊരു താരമോ താരനിരയോ ഒന്നും തന്നെ ഇല്ലാതെ ഈ വർഷം ഇറങ്ങിയ മികച്ച ത്രില്ലറുകളുടെ കൂട്ടത്തിൽ ഇടം പിടിക്കുന്ന ഒരു സിനിമയാണ് കുരങ്ങു ബൊമ്മയ്.  

നോൺ ലീനിയർ നരേഷൻ തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്ലസ്. ഹൈപ്പർ ലിങ്ക് ഫോർമാറ്റിൽ കൂടെയും കഥ മുന്നോട്ടു പോകുന്നതായി കാണാം. ഒരു ബാഗ്… അതു പലരിലൂടെ സഞ്ചരിക്കുന്നു.. ആ ബാഗ് ആരുടേതാണ്? ആരൊക്കെ അതു തട്ടിയെടുക്കാൻ ശ്രമിക്കുന്നു?? അതിൽ എന്താണ്?? തുടങ്ങിയ കാര്യങ്ങൾ ഒന്നേ മുക്കാൽ മണിക്കൂറിൽ ത്രില്ലടിപ്പിച്ചു ഞെട്ടിക്കുന്ന വയലൻസോടെയും ട്വിസ്റ്റോടെയും പറയുന്ന ചിത്രമാണ് കുരങ്ങു ബൊമ്മയ്.  

വിദ്ധാർഥ് ആണ് നായകൻ. വളരെ മിതത്വത്തോടെയുള്ള അഭിനയമായിരുന്നു. ഓവർ ആക്ടിങ് ആകേണ്ടിയിരുന്ന പല രംഗങ്ങളും യുക്തിപൂർവം തന്റേതായ ശൈലിയിൽ ഭംഗിയാക്കിയിട്ടുണ്ട്. ഭാരതി രാജ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നു. 8 തോട്ടാക്കൾ എന്ന ചിത്രത്തിൽ MS ഭാസ്കർ നീണ്ട ഒരു ഡയലോഗ് വികാരാധീനനായി പറയുന്ന ഒരു രംഗമുണ്ട്.അതേപോലെ ഇതിൽ  ഭാരതിരാജയ്ക്ക് ഒരു രംഗമുണ്ട്. വളരെ മികച്ച ഒരു സീൻ. 

ഞെട്ടിപ്പിക്കുന്ന മറ്റൊരാൾ ഇളങ്കോ കുമാരവേൽ ആണ്. ഇത്രയധികം വെറുപ്പും ഭയവും തോന്നുന്ന വില്ലനെ അടുത്തിടെ കണ്ടിട്ടില്ല. ഓരോ സീനും മനോഹരം..ക്ലൈമാക്സിനോട് അടുക്കുമ്പോൾ പോലും നായകന്റെ മുന്നിൽ തല താഴ്ത്താതെയുള്ള വ്യക്തിത്വമായി അയാൾ അവതരിപ്പിച്ച കഥാപാത്രം ചിത്രം കണ്ട ആർക്കും പെട്ടെന്ന് മറക്കാൻ കഴിയില്ല. 

പോക്കറ്റടിക്കാരനായി അഭിനയിച്ച കൽക്കി, വളരെ നല്ല പ്രകടനം ആയിരുന്നു. നായിക ഡെൽന ഡേവിസ്. ഹാപ്പി വെഡിങ്ന് ശേഷമുള്ള റിലീസ്. നായികയുടെ ആവശ്യം തന്നെ ഇല്ലാത്ത രംഗങ്ങൾ ഉണ്ടെങ്കിലും വലിയ രസക്കേട് തോന്നിയില്ല. 

മനസ്സിന് ഭയവും വിഷമവും വരുന്ന വയലൻസൊക്കെ ചിത്രത്തിൽ പ്രേക്ഷകനെ നന്നായി ബാധിക്കും വിധത്തിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ സിനിമ കഴിയുമ്പോൾ ഒരു ഹോൻഡിങ് ഫീൽ ഉണ്ടാകും. അഭിനയം, കഥ,തിരക്കഥ തുടങ്ങി സകല വിഭാഗങ്ങളും ഒരേ പോലെ മികച്ചു നിൽക്കുന്ന ഒരു ചിത്രം. തീർച്ചയായും നിങ്ങളെ നിരാശരാക്കില്ല.