AR റഹ്‌മാന്റെ പാട്ടുകൾ കേട്ടു വളർന്ന ആളാണോ നിങ്ങൾ?? അദ്ദേഹം പറയുന്നത് പോലെ 26-29 വയസ്സൊക്കെ ഉള്ള ആളാണ്‌ എങ്കിൽ ഈ സിനിമ നിങ്ങളുമായി കൂടുതൽ കണക്ട് ആകും.കാരണം നിങ്ങളുടെ ചെറുപ്പകാലത്ത് കെട്ട പാട്ടുകൾ നൊസ്റ്റാൾജിയ ഉണർത്തി നിങ്ങളെ വേറെ ലോകത്ത് എത്തിക്കും. ഇന്ത്യയിലെ ആദ്യത്തെ Concert മൂവി ആണ് One Heart. ഇത് പോലുള്ള സിനിമകൾ നിങ്ങൾ ഇതിന് മുമ്പ് കണ്ടിട്ടില്ല എങ്കിൽ ദയവായി ഇതിൽ നിന്നും തുടങ്ങുക തുടങ്ങുക. എല്ലാം അർത്ഥത്തിലും നിങ്ങളെ തൃപ്തിപ്പെടുത്താൻ ഈ ഫിലിമിനാകും. റഹ്മാൻ തന്റെ ബാന്റിനെ കുറിച്ചും ബാന്റിലെ അംഗങ്ങളെ എങ്ങനെ കണ്ടെത്തി എന്നും ഈ ഫിലിമിലൂടെ പറയുന്നു. 

തുടങ്ങുന്നത് തന്നെ Dil Se Re…എന്ന ഗാനത്തിലൂടെയാണ്..റഹ്മാൻ തന്നെ ആലപിക്കുന്ന ആ ഗാനം മറ്റൊരു സ്കെയിലിൽ ഇതുവരെ കേൾക്കാത്ത എന്നാൽ മനോഹരമാക്കി ഇമ്പ്രോവൈസ് ചെയ്തു പാടുന്നത് കേൾക്കുമ്പോൾ രോമാഞ്ചം വരും. രണ്ടാമതായി Delhi 6 എന്ന ചിത്രത്തിലെ Arziyan എന്ന ഗാനമാണ് വരുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വേറെ രാഗങ്ങളിലേക്ക് മാറ്റി പാടുന്നത് കേൾക്കാൻ തന്നെ രസമാണ്. 

Jonita Gandhi എന്ന സുന്ദരിയായ ഗായിക നമ്മുടെ മുന്നിലെത്തി റോജയിലെ ചിന്ന ചിന്ന ആസൈ തമിഴിലും ഹിന്ദിയിലുമായി മാറി മാറി പാടുന്നത് കേൾക്കാം. സൗന്ദര്യം മാത്രമല്ല താൻ നല്ല കഴിവുള്ള ആളാണ്‌ എന്നും Jonita തെളിയിച്ചു.കഴിവില്ലാതെ റഹ്‌മാന്റെ ബാന്റിൽ എത്തിപ്പെടില്ലല്ലോ അല്ലേ…ബാന്റിലെ മെയിൻ ലീഡ് സിംഗറിൽ ഒരാളായ ഹരിചരൻ എത്തുന്നു..അലൈപായുതേയിലെ എൻഡ്രെണ്ടറും പുന്നഗൈ എന്ന ഗാനവും അതേ ഈണത്തിലെ Saathiya യിലെ Humdum Suniyo Re യും മാറി മാറി പാടുന്നു. അടുത്തതായി പുതുതായി തന്റെ ബാന്റിൽ എത്തിയ പിയാനിസ്റ്റും ഗായികയുമായ Annette Philip എത്തുന്നു. അവരും റഹ്‌മാനും കൂടെ ചേർന്ന് Jaane Tu Yaa Jaane Na..യിലെ Tu Bole Main Bolun പാടുന്നു. എന്തൊരു രസമായി അവർ പാടുന്നു എന്നത് എഴുത്തിലൂടെ അറിയിക്കുക ബുദ്ധിമുട്ടാണ്.കണ്ടു തന്നെ അറിയുക. 

സൗത്ത് ഇന്ത്യൻ സംഗീതം തന്നെ വേറെ ലെവലിൽ മാറ്റി മറിച്ച ഗാനമാണ് OK കൺമണിയിലെ നാനെ വരുകിറേൻ എന്ന ഗാനം. ആ ഗാനത്തിന്റെ ഇൻസ്ട്രുമെന്റേഷനെ പറ്റി റഹ്‌മാനും ഡ്രമ്മറുമായ രഞ്ജിത്തും പറയുന്നു. ഹരിചരണും ജോണിതയും കൂടെ ആ ഗാനം ആലപിക്കുന്നു. രോമാഞ്ചം വരുമെന്ന കാര്യം ഉറപ്പ്…ഹരിചരൻ ഹൈ പിച്ച് പാടുന്നത് കാണുമ്പോൾ അയാളോട് അസൂയ തോന്നിപോകും. റഹ്മാൻ പിന്നീട് Saathiya എന്ന സിനിമയിലെ ടൈറ്റിൽ സോങ് പാടുന്നു..അതു തന്നെ പച്ചൈ നിറമെ എന്നുള്ള തമിഴ് പാട്ടായി ഹരിചരൻ ഏറ്റു പാടുന്നു.വളരെ മനോഹരമായ ഓർക്കസ്‌ട്രേഷൻ കൂടെ വരുന്നു.

2003 ൽ റഹ്മാൻ ഒരു ചൈനീസ് സിനിമയ്ക്ക് സംഗീതം നൽകിയിരുന്നു. Warriors Of Heaven And Earth എന്നാണ് ആ ചിത്രത്തിന്റെ പേര്. അതിൽ Warriors In Peace എന്ന പേരിൽ ഒരു ഇൻസ്ട്രുമെന്റൽ വർക്കുണ്ട്. Annette കീബോർഡിൽ തുടങ്ങുന്ന ആ സംഗീതം Mary Ann എന്ന റഹ്‌മാന്റെ ഭാഷയിൽ വയലിൻ കൊണ്ട് മാജിക് ഉണ്ടാക്കുന്നവൾ ഏറ്റെടുക്കുന്നത് അതിശയത്തോടെയാണ് നോക്കികണ്ടത്. ഇത്ര മനോഹരമായി വയലിൻ കൈകാര്യം ചെയ്യുന്ന സുന്ദരിയോ എന്ന് അത്ഭുതപ്പെടുമ്പോൾ ബേസ് ഗിത്താറുമായി Mohini Dey എത്തുന്നു. എന്നിട്ട് ഇരുവരും ചേർന്ന് ഗിത്താറും വയലിനും കൂട്ടി ഒരു സംഗീതത്തിന്റെ മായാലോകം സൃഷ്ടിക്കും. സത്യമായിട്ടും നിങ്ങൾക്ക് കയ്യടിക്കാതെ ഇരിക്കാനാകില്ല..എന്റെ ഉറപ്പ്…

റഹ്മാൻ സ്റ്റേജിലെത്തി ഗുരുവിലെ Dum Tere Bin എന്ന ഗാനം ജോണിതയുടെ കൂടെ പാടുന്നു. ജോണീറ്റ താൻ എങ്ങനെ ഈ ബാന്റിൽ എത്തിപ്പെട്ടു എന്നത് ബാഗ്രൗണ്ടിൽ പറയുന്നുണ്ട്. മനോഹരമായ മെലഡി കൊണ്ട് നമ്മളെ തൃപ്തിപ്പെടുത്തി കൂടെ ഒരു ഊരിൽ ഒരു കുടിസൈ, നാൻ യെൻ പിറന്തേൻ എന്ന ആൽബം പാട്ടുകളുടെ പല്ലവിയും പാടി നിർത്തുന്നു. അതോടെ ഇന്റർവെൽ ആകുന്നു. അതൊരു ഷോക്ക് ആയിരുന്നു.കാരണം ഇത്രയും നേരം സംഗീതത്തിന്റെ മായാലോകത്ത് പറന്നു കൊണ്ടിരുന്നപ്പോൾ ഒരു ഇടവേള എന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

രണ്ടാം പകുതി തുടങ്ങിയത് റഹ്‌മാനും ഹരിചരണും പിന്നേ പേരറിയാത്ത ഒരാളും ചേർന്ന് ഇത് വരെ കേൾക്കാത്ത Patakha Guddi വേർഷനും പാടി ആയിരുന്നു. മൂവരും ചേർന്ന് ഒരു ഓളമൊക്കെ ഉണ്ടാക്കി അതിന്റെ തുടർച്ചയായി റോക്‌സ്‌റ്റാറിലെ Naadan Parindey പാടിയപ്പോൾ ഒരു ഇടവേള ഉണ്ടാക്കിയ ക്ഷീണമൊക്കെ മറന്നു പോയി. തീർന്നില്ല റഹ്മാൻ അടുത്ത ഇൻസ്ട്രുമെന്റ് ആയി വന്നിട്ട് ഉപ്പു കരുവാട് ഊറ വെച്ച സോറ് ഹമ്മിങ് പ്ലേ ചെയ്യുന്നു..Jonita Gandhi കൂടെ എത്തുന്നു, പെട്ടെന്ന് തന്നെ ആ പാട്ട് കടലിലെ നെഞ്ചുക്കുള്ളേ ആയി മാറുന്നു. ശക്തിശ്രീ ഗോപാലൻ പാടിയ പാട്ട് മനോഹരമായി തന്നെ ജോണിതയും പാടുന്നു. 

കന്നത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിലെ വെള്ളൈ പൂക്കൾ റഹ്മാൻ പാടുന്നു..ഹരിചരണും ജോണിതയും കൂടെ മുന്പേ വാ ആലപിക്കുന്നു. താൽ എന്ന സിനിമയിലെ ഇഷ്‌ക് ബിനാ എന്ന ഗാനവും ഹൈവേ യിലെ മാഹി വേയും പ്രേക്ഷകരെ ഒരുപാട് ആനന്ദത്തിലാക്കുന്നു. Concert കാണാൻ എത്തിയവരുടെ മുഖവും അവരുടെ റിയാക്ഷനും കാണിക്കുന്നതോടെ നമുക്ക് അവരോടു അസൂയ തോന്നാം..ഇങ്ങനെയൊരു പരിപാടി ലൈവ് ആയി കാണാൻ നമുക്കായില്ലല്ലോ എന്നോർത്ത്. 

അവസാനത്തെ ഗാനം ജയ് ഹോ ആയിരുന്നു. എല്ലാം ലീഡ് സിംഗേഴ്സും റഹ്‌മാനും കൂടി ചേർന്ന് ആലപിക്കുന്നു. എല്ലാ പാട്ടുകളും നമ്മൾ ഇതുവരെ കേട്ടപോലെ ആയിരുന്നില്ല എന്നത് പ്രത്യേകം പറയണ്ടല്ലോ..ലൈവ് ആയി അതു കണ്ടവർക്ക് പരിപാടി അവസാനിക്കുന്നത് വിഷമം തരുന്ന ഒന്നല്ലേ..അവർ ഒരു പാട്ട് കൂടി എന്ന് പറഞ്ഞു റഹമാനെ നിർബന്ധിക്കുന്നു…കുറെയൊക്കെ ഒഴിഞ്ഞു മാറാൻ നോക്കി എങ്കിലും ഊർവസീ എന്ന ഗാനം ആലപിച്ചു അദ്ദേഹം പരിപാടി അവസാനിപ്പിക്കുന്നു. 

മണിരത്നം – റഹ്മാൻ കൂട്ടുകെട്ടിലെ ഗാനങ്ങളാണ് അധികവും ഉപയോഗിച്ചത്.തന്റെ 600+ പാട്ടുകളിൽ നിന്നും തിരഞ്ഞെടുക്കൽ വിഷമം പിടിച്ച സംഗതിയാണ് എന്ന് റഹ്മാൻ പറയുന്നുണ്ട്. ബാൻഡിലെ അംഗങ്ങൾക്കും പെർഫോമൻസ് ചെയ്യാൻ അധികം സ്കോപ് ഉള്ള ഗാനങ്ങൾ കൂട്ടത്തോടെ തിരഞ്ഞെടുക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മൊത്തത്തിൽ ഒന്നര മണിക്കൂർ നേരം കോരിത്തരിച്ചു, നൊസ്റ്റാൾജിയയിൽ കുളിച്ച് സംഗീതത്തിന്റെ മായാലോകത്ത് കൂടെ പറക്കണം എന്നുണ്ടെങ്കിൽ ഈ ഫിലിമിന് കയറാം..ഈ വർഷത്തെ എന്നല്ല എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച, ഒരിക്കലും മറക്കാത്ത തീയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു One Heart.