തമിഴ് സിനിമയിൽ വിക്രം പ്രഭുവിന് ലഭിച്ചത് നല്ലൊരു സ്വീകരണമായിരുന്നു. ആദ്യകാലത്തെ പടങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം ആയിരുന്നു. എന്നാൽ എപ്പോഴോ അദ്ദേഹത്തിന് കാലിടറി. അവസാനം ഇറങ്ങിയ 3 പടങ്ങളും മഹാ ബോർ എന്ന വിഭാഗത്തിൽ പെടുന്നതിനാൽ ബോക്സ്‌ ഓഫീസിൽ ദുരന്തമായി മാറാൻ വലിയ താമസം ഉണ്ടായില്ല. നെരുപ്പ് ഡാാ എന്ന ചിത്രം നിർമിച്ചു നമ്മുടെ മുന്നിൽ എത്തിക്കുമ്പോൾ നമുക്ക് പഴയ വിക്രം പ്രഭുവിനെ തിരിച്ചു കിട്ടുമോ?? 

ആശ്വാസിക്കാനുള്ള വക നല്കുന്ന പടം തന്നെയാണിത് എന്ന് ആദ്യമേ പറയാം.  കഴിഞ്ഞ 3 പടങ്ങളെ പോലെയല്ല. ഒരു ത്രില്ലർ ആണ് ചിത്രം. 5 കൂട്ടുകാരുടെ കഥ പറയുന്നു. ഫയർ സർവീസിൽ ജോലി നേടുക എന്നതാണ് അവരുടെ ലക്ഷ്യം. അതിനായി ഓരോ ഘട്ടവും അവർ പിന്നിടുന്നു. അവസാനഘട്ടത്തിനു മുൻപായി കൂട്ടുകാരിൽ ഒരുത്തനാൽ ആ ഏരിയയിലെ റൗഡിയുടെ വലംകൈ കൊല്ലപ്പെടുന്നു. അതോടെ ഇവരുടെ ജീവിതം തന്നെ മാറി മറിയുന്നു.  

ഒരു ത്രില്ലറിനെ മുന്നോട്ടു നയിക്കുന്നത് അടുത്തത് എന്താകും എന്ന നമ്മുടെ ചിന്തയാണ്. ഇവിടെ നല്ലൊരു സീൻ വരുമ്പോൾ തൊട്ടടുത്ത സീനിൽ അതിന്റെ ഗൗരവം നഷ്ടപ്പെടും. വീണ്ടും സീരിയസ് ആകും.. വീണ്ടും ആ ഗൗരവം കളയും.. ഇങ്ങനെ രണ്ടാം പകുതി വരെ എത്തുന്ന സിനിമയിൽ ആരും പ്രതീക്ഷിക്കാത്ത ഒരു സസ്പെൻസ് നൽകുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.  ക്ലൈമാക്സിനു തൊട്ടു മുൻപ് ട്വിസ്റ്റുകളുടെ ഒരു മേള തന്നെ ഒരുക്കുന്നു.  

എന്നാൽ കഥയുമായി യാതൊരു നീതിയും പുലർതാത്ത ട്വിസ്റ്റും ക്ലൈമാക്സിലെ ഓവർ ആക്റ്റിംഗും കൂടെ ആകുമ്പോൾ നെരുപ്പ് ഡാാ ഒരു ആവറേജിൽ ഒതുങ്ങുന്നു. ലവ് സീനുകൾ, പാട്ടുകൾ എന്നിവ ഈ സിനിമയിൽ യാതൊരു ആവശ്യവുമില്ലാതെ കുത്തികേറ്റിയതും ആസ്വാദനത്തെ ബാധിക്കുന്നു.  ഒരു വട്ടം സമയം കളയാനായി കാണാം.. അത്ര മാത്രം.