ഒരൊറ്റ സെക്കൻഡ് പോലും Loo Break ഇല്ലാതെ അനാവശ്യ ഗാനങ്ങളോ സീനുകളോ ഇല്ലാതെ രണ്ട് മണിക്കൂർ 40 മിനിറ്റ് ത്രില്ലടിക്കാൻ തയ്യാറാണെങ്കിൽ ടിക്കറ്റ്‌ എടുക്കേണ്ട തമിഴ് ത്രില്ലർ.  

Movie – തുപ്പരിവാളൻ (2017) 

Genre – Investigation Thriller 

Whats Good?? 

ബോറടിയില്ലാത്ത ത്രില്ലടിപ്പിക്കുന്ന ആഖ്യാനം, വ്യത്യസ്തമായ അവതരണം, ആക്ഷൻ രംഗങ്ങൾ, ക്ലൈമാക്സ്‌,  വിനയ്-ഭാഗ്യരാജ് എന്നീ അഭിനേതാക്കളുടെ ഇതുവരെ കാണാത്ത മുഖം. 

Whats Bad?? 

ഒരു പ്രധാന രംഗത്തുള്ള വിശാലിന്റെ അമിതാഭിനയം.  

Watch Or Not?? 

തമിഴിൽ നിന്നുള്ള അടുത്ത മികച്ച ത്രില്ലർ ഇതാ എത്തി. ഈ വർഷം ഇറങ്ങിയ ത്രില്ലർ ചിത്രങ്ങളിൽ വിശാൽ നായകനായി മിഷ്കിൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സ്ഥാനം വളരെ മുന്നിൽ ആയിരിക്കും. പറയാൻ കാരണം അവതരണം കൊണ്ട് ഭൂരിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ ഈ സിനിമയ്ക്ക് കഴിയും.  

എന്തെങ്കിലും വ്യത്യാസമുള്ള, പുതുമയുള്ള ഒരു കേസ് വേണം എന്നാഗ്രഹിക്കുന്ന ഡിട്ടക്റ്റീവ് ആയ നായകന് മുന്നിൽ ഒരു കൊച്ചു കുട്ടി തന്റെ നായയുടെ കൊലപാതകം അന്വേഷിക്കണം എന്ന് പറഞ്ഞു എത്തുന്നു. പ്രത്യക്ഷത്തിൽ ഒരു നായയുടെ കൊലപാതകം എന്ന് തോന്നിപ്പിക്കും എങ്കിലും ഒരുപാട് നിഗൂഢ രഹസ്യങ്ങളുടെ ചുരുൾ അവിടെ അഴിയുകയാണ്.  

സ്ഥിരം ക്ലീഷേ വില്ലന്മാരെ അവതരിപ്പിക്കാറില്ലല്ലോ മിഷ്കിൻ. ഇവിടെയും ആ പതിവ് തെറ്റിക്കുന്നില്ല. ഇപ്രാവശ്യം ഉന്നാലെ ഉന്നാലെ, ജയം കൊണ്ടാൻ എന്നീ ചിത്രങ്ങളിലെ നായകനായ വിനയ് ആണ് വില്ലൻ ആയിരിക്കുന്നത്. കൂടെ ഭാഗ്യരാജ്, ആൻഡ്രിയ എന്നിവർ ചേരുന്നതോടെ നായകനൊത്ത വില്ലൻ ഗാങ് റെഡി ആകുന്നു.  

ഷെർലോക്ക് ഹോംസ്നെ പോലെ നിരീക്ഷണം തന്നെയാണ് നായകന്റെ കൈമുതൽ. ചിത്രം തുടങ്ങി അവസാനിക്കും വരെ നായകന്റെ ആ കഴിവ് നമുക്ക് കാണിച്ചു തരുന്നു. സയൻസിലെ പല പ്രധാന കാര്യങ്ങളും ഇതിൽ ലളിതമായി ആർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പറയുന്നതിനാൽ സാധാരണ പ്രേക്ഷകർക്കും ഈ സിനിമയൊരു വിരുന്നു തന്നെയാകും. 

ഒരു കേസ് അന്വേഷണവും അതിനെ തുടർന്നുള്ള ക്രൂരന്മാരായ വില്ലന്മാരും അവരുടെ കൊലപാതകം സീരീസും ബുദ്ധിമാനായ നായകനും അടങ്ങുന്ന ഒരു ആക്ഷൻ പാക്ക്ഡ് ത്രില്ലറിൽ എന്തിനാണ് നായിക എന്ന ചോദ്യം എന്റെ മനസ്സിലും വന്നിരുന്നു. എന്നാൽ നായികയും നായികയുടെ സ്വഭാവവും ഒരു ഹൈലൈറ്റ് സീനിൽ ഉൾപ്പെടുത്തി ആ ചോദ്യം ഇല്ലാതെ ആക്കിയ സംവിധായകന് ഒരു കയ്യടി. അനാവശ്യ ഗാനങ്ങൾ ഉൾപ്പെടുത്തത്തെ ഇരുന്നതിന് വീണ്ടും ഒരു കയ്യടി.  

ഭാഗ്യരാജിന്റെയും വിനയ്യുടെയും ഇതുവരെ കാണാത്ത മുഖം തന്നെയാണ് മറ്റൊരു ഹൈലൈറ്റ്. സൗമ്യനും നിഷ്കളങ്കരും ആയി കണ്ട ഇവരെ ഭീകര വില്ലന്മാരായി കാണിച്ച വിധം നന്നായിരുന്നു. അലറുകയോ ആക്രോശിക്കുകയോ ചെയ്യാതെ തന്നെ പ്രേക്ഷകരെ ഭയപ്പെടുത്തതാൻ സാധിക്കുമെന്ന് അവർ തെളിയിച്ചു. ഭാഗ്യരാജിന്റെ ഒരു സീൻ വളരെ മനോഹരമാണ്.. സ്പോയ്ലർ ആകും എന്നതിനാൽ പറയുന്നില്ല. പടം കാണുന്ന നിങ്ങൾക്ക് അത് ആസ്വദിക്കാം.  

ആൻഡ്രിയയ്ക്ക് നല്ലൊരു വില്ലത്തി വേഷം കിട്ടിയിരിക്കുന്നു.സംഭാഷണങ്ങൾ കുറച്ചു ആക്ഷൻ കലർന്ന നല്ലൊരു വേഷം. നന്നായി തന്നെ ചെയ്യുകയും ചെയ്തു. 

വിശാൽ – പ്രസന്ന കെമിസ്ട്രി നന്നായിരുന്നു. ഹോംസും വാട്സണും പോലെ ഇനിയും അവർ വരണം എന്നാഗ്രഹിക്കുന്നു. വിശാലിന്റെ അമിതാഭിനയം ഒരു സുപ്രധാന രംഗത്തിൽ കല്ലുകടി ആയിരുന്നു. എന്നാൽ അതേത്തുടർന്നുള്ള നീണ്ട ക്ലൈമാക്സും ആക്ഷനും ആ കുറവ് മറച്ചു വെക്കുന്നു. പ്രസന്ന അവസാനം മൗത്ത് ഓർഗൻ വായിക്കുന്ന സീൻ ഒരു മാസ്സ് സീൻ തന്നെയാണ്.. പക്ഷെ അത് ആഘോഷിക്കാനുള്ള ക്രൗഡ് ഞാൻ കണ്ട തീയേറ്ററിൽ ഇല്ലായിരുന്നു.  

Final Word 

തീയേറ്ററിൽ തന്നെ കണ്ടു ആസ്വദിക്കേണ്ട ചിത്രമാണ് തുപ്പരിവാളൻ. ലോങ്ങ്‌ ഷോട്ടുകളും ഓരോ ഫ്രെയിമിലും ഒളിപ്പിച്ച സസ്‌പെൻസും ആയി ത്രില്ലർ പ്രേമികൾക്ക് നല്ലൊരു അനുഭവം സമ്മാനിക്കുന്ന ഒരു മികച്ച ചിത്രം തന്നെയാണിത്. തീയേറ്ററിൽ കാണുക.. ആസ്വദിക്കുക.