US അണുബോംബ് ഇട്ടപ്പോൾ ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ ജനങ്ങളുടെ സങ്കടവും ഇന്നും അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ചെറുപ്പത്തിൽ  ചരിത്രം പഠിക്കുന്നതിന്റെ കൂടെ കേട്ടിരുന്നു. അപ്പോൾ ഒന്നും ജപ്പാൻ എന്ന രാജ്യത്തിന്റെ മറ്റൊരു മുഖവും എവിടെയും കണ്ടില്ല. എന്നാൽ വളർന്നു കൊറിയൻ ചിത്രങ്ങൾ കാണാൻ തുടങ്ങിയപ്പോൾ ജപ്പാൻ പിടിച്ചടക്കിയ കൊറിയൻ ജനതയുടെ വിഷമങ്ങളും സ്വാതന്ത്രത്തിനായി അവർ പോരാടിയ കഥകളും ഒരുപാട് സിനിമകളിൽ പറയുന്നത് കണ്ടു. ജപ്പാൻ പട്ടാളക്കാർ അന്ന് നടത്തിയ നരനായട്ടിനെ പറ്റി ഒരുപാട് സിനിമകളിൽ കണ്ടിരുന്നു. രണ്ടാം ലോക മഹായുദ്ധം നടക്കുമ്പോൾ ജപ്പാൻ പട്ടാളം കൊറിയൻ ജനതയെക്കൊണ്ട് നിർബന്ധിച്ചു അടിമപ്പണി എടുപ്പിക്കുന്നതും, അവരെയെല്ലാം ഹഷിമ എന്ന ദ്വീപിൽ തടവിലാക്കിയപ്പോൾ അവിടെ ഉണ്ടായ ദേശീയതയുടെ കഥ പറയുന്ന ചിത്രമാണ് ഇത്.

Movie – The Battleship Island (2017)

Genre – Drama

Original Language – Korean

കൊറിയൻ സിനിമാലോകം കാത്തിരുന്ന ഒരു ചിത്രമാണ് എന്ന് വേണേൽ പറയാം.  വലിയൊരു താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ.. സൂപ്പർ താരമായ Hwang Jung Min, കിം കി ഡുക് കഥ എഴുതിയ Rough Cut എന്ന സിനിമയിലൂടെ ഏവരുടെയും പ്രിയങ്കരനായ So Ji-sub,  പിന്നേ Train To Busan എന്ന സിനിമയിലെ മികച്ച അഭിനയം കാഴ്ച വെച്ച Kim Suan എന്ന കൊച്ചു മിടുക്കിയും Fozen Flower എന്ന സിനിമയിലെ സ്വർഗാനുരാഗിയെ മനോഹരമായി അവതരിപ്പിച്ച Song Joong Ki എന്നിവരും കൊറിയൻ സിനിമയിലെ തന്നെ പ്രധാനപ്പെട്ട എല്ലാ സപ്പോർട്ടിങ് ആക്ടറേഴ്‌സും ഒത്തു ചേരുമ്പോൾ അഭിനയം എന്ന മേഖല വളരെ ശക്തമാവുകയാണ്.

സിനിമയുടെ തുടക്കത്തിൽ കൽക്കരി ഖനിയിൽ പണിയെടുക്കുന്ന അടിമകളായ കൊറിയക്കാരെ കാണിക്കുന്ന രംഗമുണ്ട്.  ഛായാഗ്രഹണം കണ്ടു അതിശയിച്ചു പോകും. അതേപോലെ ആക്ഷൻ രംഗങ്ങൾ എടുത്തു പറയേണ്ട ഒന്നാണ്.  സിനിമയിലെ ക്ലൈമാക്സ്‌ ഏകദേശം അര മണിക്കൂറിനടുത്ത് നീളമുള്ളതാണ്. ജപ്പാൻ പട്ടാളക്കാരോട് സാധാരണക്കാരായ ജനങ്ങൾ നാടൻ ബോംബും നാടൻ തോക്കും തോക്കും ഉപയോഗിച്ച് യുദ്ധം നടത്തിയാൽ എങ്ങനെയിരിക്കും?? അതു മനോഹരമായി ഫ്രെയിമിൽ കാണാം.

ജയിലിൽ നിന്നും രക്ഷപെടാനുള്ള ഒരു ജനതയുടെ ശ്രമം,  അതിനിടയിൽ ആത്മാർത്ഥമായ പ്രണയമുണ്ട്, അച്ഛൻ – മകൾ തമ്മിലുള്ള ഹൃദയബന്ധമുണ്ട്,  സ്വാർത്ഥതയുണ്ട്, അവഗണിക്കപ്പെട്ടവരുടെ രോഷവും പ്രതികാരവുമുണ്ട്,  ഉള്ളതിനേക്കാൾ ഉപരി സ്വാതന്ത്രത്തിനായുള്ള പോരാട്ടവും സ്വന്തം രാജ്യത്തോടുള്ള സ്നേഹവും ദേശീയതയും ത്യാഗവും ചിത്രം നമുക്ക് കാണിച്ചു തരുന്നു. കാണുന്ന പ്രേക്ഷകനെ ഒന്ന് പിടിച്ചുലയ്ക്കാൻ പല രംഗങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്.

രണ്ട് മണിക്കൂർ 12 മിനിറ്റ് സമയം ഈ സിനിമ നമ്മെ കൊറിയൻ ദേശീയതയെക്കുറിച്ചു പറഞ്ഞു തരുമ്പോൾ ഒരിക്കൽ പോലും രസച്ചരട് പൊട്ടുന്നില്ല. അടുത്തത് എന്താകും എന്ന് പ്രതീക്ഷിക്കാനുള്ള വകയെല്ലാം ഒരു ഫ്രെയിമും നൽകുന്നുണ്ട്.  3 മുൻനിര താരങ്ങൾ  ഒന്നിക്കുമ്പോൾ തന്നെ അവർക്കുള്ള സ്ക്രീൻ സ്പേസ് കൃത്യമായി നൽകുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്.

നമ്മൾ അധികം കേട്ടിട്ടില്ലാത്ത ഒരു ജനതയുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. കുറവുകൾ ഒന്നും തന്നെ നമ്മെ അറിയിക്കാതെ പടം ആസ്വദിപ്പിക്കാനുള്ള തന്ത്രം അവർക്കറിയാം. മികച്ച പ്രൊഡക്ഷൻ വാല്യൂ ആണ് ചിത്രത്തിന്റേത്. അതു നമുക്ക് ഓരോ ഫ്രെയിമിലും ഒരു ശബ്ദത്തിലും അനുഭവിച്ചറിയാം.

Click To Get Film