രുചിയുടെ സ്വർഗ്ഗവും ആകർഷിക്കുന്ന ആതിഥ്യ മര്യാദയും ആദമും… 

രസമുകുളങ്ങൾ ഉണർന്നു നിവർന്നു ആനന്ദനിർവൃതിയിൽ ആയതിനാൽ വളരെ നീണ്ട പോസ്റ്റ്‌ ആണെങ്കിൽ ക്ഷമിക്കുക.. സന്തോഷത്തിന്റെ പുറത്ത് ഇടുന്നതാണെ… 

ആദമിന്റെ ചായക്കട എയർപോർട്ടിൽ നിന്നും വരും വഴി ആലുവയിലെ ദേശത്ത് ഹൈവെയിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു രുചിയുടെ സ്വർഗ്ഗമാണ്. വടക്കുള്ള ഒരു കടയുമായുള്ള പേരിന്റെ സാമ്യം എങ്ങനെ വന്നു എന്നുള്ള ചിന്തയുമായി കടയിലേക്ക് കയറുമ്പോൾ നിറഞ്ഞ പുഞ്ചിരിയുമായി സ്വാഗതം ചെയ്തത് സമദ് എന്ന് പേരുള്ള ഒരു ഇക്കയാണ്.  അദ്ധേഹത്തെ കൂടാതെ അഷ്‌റഫ്‌ എന്ന് പേരുള്ള ഒരു ഇക്കയും മാനേജരായ മുരളി എന്ന ചേട്ടനും അവിടെ ഉണ്ടായിരുന്നു.   കടയുടെ PRO ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയ സമദിക്കയോട് ഇവിടുത്തെ സ്പെഷ്യൽ എന്താണെന്ന് ചോദിയ്ക്കാൻ പോയപ്പോൾ ആണ് ബോർഡ് കണ്ണിൽ പെട്ടത്.. 

ഇത്രയും രസകരമായി ബോർഡ് എഴുതിയത് കണ്ടപ്പോൾ ഇക്കയോട് ചോദിച്ചു അതെന്താ ചായ ഒന്നര മീറ്റർ മാത്രമേ നീട്ടിയടിക്കാൻ പറ്റുകയുള്ളൂ എന്ന്.. അപ്പോൾ ടിയാന്റെ മറുപടി ഒന്നേമുക്കാലായി നീട്ടിയടിച്ചാൽ അതു കാപ്പിയായി പോകില്ലേ എന്ന്..നർമവും ചളിയും തമ്മിലുള്ള വ്യത്യാസം പറയുന്ന രീതിയിലാണ് എന്ന് മനസ്സിലാകുന്നത് ഇവിടെയാണ്‌. സരസമായ രീതിയിലുള്ള സമദിക്കയുടെ മറുപടി കേട്ടു ഒരു ചെറു പുഞ്ചിരി മുഖത്തുണ്ടായി.  

അതേ സമയം എന്റെ കൂടെ ഉണ്ടായിരുന്നവർ മുരളി എന്ന ചേട്ടനും അഷ്‌റഫ്‌ ഇക്കയും കൂടി സംസാരിച്ചു ഇരിപ്പിടങ്ങളിലേക്ക് ആനയിക്കുകയായിരുന്നു. മാനേജർ എന്നൊക്കെ പറഞ്ഞാൽ ശീതികരിച്ച മുറിയിലിരുന്ന് കണക്കൊക്കെ നോക്കി ഇരിക്കുന്ന ആളുകളായേ അധികവും കണ്ടിട്ടുള്ളൂ..എന്നാൽ മുരളിച്ചേട്ടനും അഷ്‌റഫ്‌ ഇക്കയും കൂടി സ്വന്തം വീട്ടിൽ എത്തുന്ന അതിഥികളെ പോലെ പെരുമാറുന്നത് കണ്ടപ്പോൾ സത്യത്തിൽ സന്തോഷം തോന്നി. ആ സന്തോഷത്തിന്റെ പുറത്താണ് അവരോടു കൂടുതൽ സംസാരിക്കാനും കൂടുതൽ കാര്യങ്ങൾ അറിയാനും സാധിച്ചത്. 

ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് സപ്ലയറും കാഷ്യറും മാത്രമാണ് മുഖം നൽകുക. അവർ രണ്ട് പേർക്കും ഹോട്ടലുമായി എത്രത്തോളം ബന്ധം ഉണ്ടാകും?? അവിടെയാണ് ഹോട്ടലിനെ പറ്റി പൂർണ്ണമായും അറിയുന്ന അനുഭവസമ്പത്തുള്ള അഷ്‌റഫ്‌ ഇക്കയെയും   മുരളി ചേട്ടനെയും  സമദിക്കയെയും പോലെയുള്ളവരുടെ ആവശ്യം. പേരിലെ സാമ്യം എങ്ങനെ വന്നു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം അതിന്റെ കഥ വിശദമായി പറഞ്ഞു തന്നു. 

അൻഷാദ് നാസിം,ഫൈസം അഷ്‌റഫ്‌ എന്നീ രണ്ട് പേർ  2013 ൽ നെടുമ്പാശ്ശേരിയിൽ ആദമിന്റെ ചായക്കട എന്ന പേരിൽ തുടങ്ങിയതാണിത്. നിലവിൽ കേരളത്തിൽ  നെടുമ്പാശ്ശേരിയിലും ആലുവ ദേശത്തും ആയി രണ്ടു ഹോട്ടലുകൾ ഇവർക്കുണ്ട്. കൂടാതെ മലേഷ്യയിലും ഇവരുടെ ഹോട്ടലിന്റെ വേരുകളുണ്ട്. ഇതിൽ ഒരാളുടെ മകന്റെ പേരാണ് ആദം.ആദമിന്റെ ചായക്കട എന്ന പേരിന്റെ പിറവി അതു വഴിയാണ്. പേരിലുള്ള സാമ്യം മൂലം ഇവരെ വടക്കുള്ള ഒരു കൂട്ടർ കോടതി കയറ്റുകയുണ്ടായി.എന്നാൽ ആദാമും ആദമും തമ്മിലുള്ള വ്യത്യാസവും ആദ്യം തുടങ്ങിയവർ എന്നുള്ള പരിഗണനയും കോടതി കണ്ടെത്തിയപ്പോൾ വിധി അനുകൂലമായി. ആദമിന്റെ ചായക്കട എന്ന പേര് ഇവർക്ക് എവിടെയും ഉപയോഗിക്കാം.കോടതി അതിനുള്ള അനുവാദം നല്കിയിട്ടുണ്ട്. 

സമദിക്കയോടുള്ള സംസാരത്തിൽ അകലെയുള്ള ആട് ബിരിയാണിയും ആദം കൊതിപ്പിച്ച കൊറത്തി കോഴിയുമാണ് എനിക്ക് പറ്റിയ വിഭവം എന്ന് പറഞ്ഞു..ആട് ബിരിയാണി അകലെയാണോ എന്നൊന്നും ചോദിയ്ക്കാൻ നിന്നില്ല…ഉരുളക്കുപ്പേരി പോലെ മറുപടി കയ്യിലുള്ള സമദിക്കയെ എനിക്കേതായാലും തോൽപ്പിക്കാൻ പറ്റില്ല. അരികത്ത് കോഴി ബിരിയാണി എന്ന് ബോർഡിൽ കണ്ടത് കൊണ്ട് ചോദിച്ചു വാങ്ങേണ്ട കാര്യവുമില്ലല്ലോ…എന്തായാലും നല്ല വെറൈറ്റി പേരുകൾ തന്നെയാണ് വിഭവങ്ങൾക്ക്. 
ഭക്ഷണം എത്താൻ ഇത്തിരി വൈകി.കാരണം നല്ല തിരക്കുണ്ടായിരുന്നു ആ സമയം. എന്നാൽ ഭക്ഷണം എത്തിയ സമയത്ത് പുഞ്ചിരിയോടെ വൈകിപ്പോയതിൽ വിഷമമുണ്ടോ മോനെ എന്നുള്ള അഷറഫ് ഇക്കയുടെ ചോദ്യം മനസ്സിനെ സന്തോഷിപ്പിച്ചു. ഇത്രയും ആതിഥ്യമര്യാദയോടെ പെരുമാറുന്ന ഇക്കയുടെ പെരുമാറ്റം കുറച്ചൊന്നുമല്ല മനസ്സിനെ സന്തോഷിപ്പിച്ചത്. 

ചെറിയ കൈമ അരിയിൽ മട്ടൻ ബിരിയാണി എത്തി. പ്രസവിക്കാത്ത ആടിന്റെ മാംസം ആണെങ്കിൽ രുചി കൂടുമത്രേ! ഹോട്ടലിനു പുറത്ത് അത്തരത്തിൽ ഒരാടും ഒരു മുട്ടനാടിനെയും കെട്ടിയിരിക്കുന്നത് സമദിക്ക കാണിച്ചു തന്നു. നാളെയ്ക്കുള്ള വാഗ്ദാനം..എന്തായാലും പ്രസവിക്കാത്ത ആടിന് രുചി കൂടുതൽ തന്നെയെന്ന് സമ്മതിക്കാതെ വയ്യ..സാധാരണ എല്ല് കൂടുതലും മാംസം കുറവുമായി കഴിക്കാൻ ഇരിക്കുന്നവൻ ഭൂരിഭാഗവും ഇളിഭ്യരാകുന്ന മട്ടൻ ബിരിയാണി എന്ന പ്രതിഭാസം ഇത്തവണ എന്നെ സന്തോഷിപ്പിച്ചു. പേരിന് പോലും ഒരു എല്ലിൻ കഷ്ണം കണ്ടില്ല. രുചിയാണെങ്കിൽ ബഹുകേമം. മസാലയുടെ മണം മൂക്കിലേക്ക് അടിച്ച് കയറുമ്പോൾ തന്നെ നമുക്കറിയാം കഴിക്കാൻ പോകുന്നത് നല്ലൊരു വിഭവം തന്നെയാകുമെന്ന്. വായുടെ മുകളിൽ തന്നെ മൂക്ക് നല്കിയത് വെറുതെ അല്ലല്ലോ..:) 

ആദം കൊതിപ്പിച്ച കൊറത്തി കോഴി എന്ന വിഭവം ഈ എറണാകുളത്ത് കിട്ടുന്നതിൽ വെച്ചു ഏറ്റവും നല്ല വിഭവം ആണെന്ന് ഞാൻ ആരോടും ബെറ്റ് വെക്കും. ആദം നമ്മെ ആ വിഭവം നൽകി കൊതിപ്പിക്കുക മാത്രമല്ല മനസ്സ് കീഴടക്കുകയും ചെയ്യും. ഉറപ്പ്! ഇത്രയ്ക്ക് ആത്മാവിശ്വാസത്തോടെ പറയണം എന്നുണ്ടെങ്കിൽ ആ വിഭവം അത്രയ്ക്ക് ഇഷ്ടപെട്ടിട്ടുണ്ടാവണമല്ലോ..അതിനു കാരണങ്ങളുമുണ്ട്.. 

കൊത്തമല്ലി ഇടിച്ചു ചേർത്ത് എല്ലൊക്കെ കളഞ്ഞു നീളത്തിൽ മുറിച്ച കോഴിയിറച്ചിയും പിന്നേ അവരുടെ കുറച്ചു സവാരി ഗിരി ഗിരിയും ചേർത്തുള്ള കൊറത്തി കോഴി ഒന്ന് എടുത്തു രുചിച്ചാൽ ഉണ്ടായാലോ എന്റെ സാറേ…കൊത്തമല്ലിയുടെ രുചിയും പിന്നേ നാവിലെ രുചിയെ നിയന്ത്രിക്കുന്ന എല്ലാ സുൽത്താന്മാരെയും മയക്കി അങ്ങ് നേരെ ഖൽബിലേക്ക് കയറും. 

ആദം കൊതിപ്പിച്ച കൊറത്തി കോഴി ഇവിടെ മാത്രം കിട്ടുന്ന ഒന്നും ഞങ്ങളുടെ സ്വകാര്യ അഹങ്കാരവുമാണ് എന്ന്  സമദിക്ക പറഞ്ഞപ്പോൾ പൂർണ്ണ മനസ്സോടെ സമ്മതിച്ചു കൊടുത്തു. അതേ..എറണാകുളത്ത് ജനിച്ചു വളർന്നു ഇത്രയും കാലം ഇവിടെയൊക്കെ തിന്നും കുടിച്ചും നടന്നിട്ടും ഇങ്ങനെയൊരു വിഭവത്തെ പറ്റി അറിയാൻ വൈകിയല്ലോ എന്നോർത്തു സങ്കടപ്പെട്ടു. സാരമില്ല..ഇനി നല്ലൊരു സ്റ്റാർട്ടർ വേണം എന്ന് മനസ്സ് പറയുമ്പോൾ കൊറത്തി കോഴി മനസ്സിലേക്ക് ഓടിയെത്തും. 

ഇവിടെ എത്ര വിഭവങ്ങൾ ഉണ്ട് എന്ന ചോദ്യത്തിന് സമദിക്കയുടെ പുഞ്ചിരി മാത്രമായിരുന്നു മറുപടി. എണ്ണിത്തിട്ടപ്പെടുത്തൻ മിനക്കെട്ടിട്ടില്ല എന്നതാണ് സത്യം! ഹോം ഡെലിവറിക്കായുള്ള ഒരു മെനു എന്നെ കാണിച്ചു. എന്നിട്ട് പറഞ്ഞു ഇത് കൂടാതെ നേരെത്തെ ബോർഡിൽ കണ്ടതും പിന്നേയും കുറെയുണ്ട് എന്ന്. ഞങ്ങളോട് സംസാരിച്ചു ഇടപഴകുന്നത് പോലെ ഇവർ മൂവരും മറ്റുള്ള എല്ലാ അതിഥികളോടും കുശലം പറയാനും സമയം കണ്ടെത്തുന്നുണ്ടായിരുന്നു. 

ഒരു മണിക്ക് എത്തിയ ഞങ്ങൾ ഏകദേശം മൂന്ന് മണിക്കൂറോളം അവിടെ ചിലവിട്ടു. സംസാരപ്രിയരായ കുടുംബവും നമ്മളോട് സംസാരിക്കാൻ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന ഇവരെ പോലുള്ള കൂട്ടരും ഉണ്ടെങ്കിൽ സമയം പോകുന്നത് അറിയുകയേ ഇല്ലല്ലോ..ചായ കൊണ്ടു വരുന്ന മരത്തിന്റെ ട്രേയും പിന്നേ പഴയ ചായക്കടകളെ അനുസ്മരിപ്പിക്കുന്ന പത്രക്കടലാസ് കൊണ്ടുള്ള ഫർണിഷിങ്ങിനെ പറ്റിയും മുരളിച്ചേട്ടനും അഷ്‌റഫ്‌ ഇക്കയും പറയുന്നുണ്ടായിരുന്നു. 

ഇറങ്ങുന്ന നേരത്ത്  കുടുംബങ്ങളുമൊത്തുള്ള ഭക്ഷണപ്രിയരുടെ തിരക്ക് കണ്ടപ്പോൾ അത്ഭുതം തോന്നിയില്ല. കാരണം തന്റെ അനുഭവസമ്പത്തിലൂടെ എങ്ങനെ അതിഥികളെ സ്വീകരിക്കണം എന്ന് കണ്ടു പഠിക്കേണ്ട വിധത്തിലുള്ള അഷ്‌റഫ്‌ ഇക്കയുടെ പെരുമാറ്റവും, മാനേജർ ജാഡ ഇല്ലാതെ മണിക്കൂറുകൾ കൊണ്ട് നമ്മളിൽ ഒരുവനായി മാറുന്ന മുരളി ചേട്ടനും,പുഞ്ചിരിയോടെ, സരസമായി സംസാരിക്കുന്ന സമദിക്കയെ പോലുള്ള ഒരു PRO യും പിന്നേ വായിൽ വെള്ളമൂറുന്ന തരത്തിൽ ആട്ടിറച്ചി കൊണ്ടുള്ള ബിരിയാണിയും ആദം എല്ലാവരെയും കൊതിപ്പിച്ച, കൊതിപ്പിക്കുന്ന, കൊതിപ്പിക്കാൻ പോകുന്ന കൊറത്തി കോഴിയും ഞാൻ രുചിക്കാത്ത അനേകം വിഭവങ്ങളും ഒക്കെയായി ഇങ്ങനെ നിറഞ്ഞു നിൽക്കുന്ന ഒരു രുചിയുടെ സ്വർഗത്തിൽ പുണ്യം ചെയ്ത ആളുകൾ എത്തുമല്ലോ..

അകലെയുള്ള ആട് ബിരിയാണിക്ക് 250 രൂപയും ആദം കൊതിപ്പിച്ച കൊറത്തി കോഴിക്ക് 220 രൂപയും പിന്നേ ഞാൻ വെറുക്കുന്ന GST യും നൽകി പടിയിറങ്ങുമ്പോൾ ഒന്ന് മാത്രം മനസ്സിൽ…വീണ്ടും വരും..നിങ്ങളുടെ വിഭവങ്ങളുടെ അക്ഷയപാത്രം എന്നെങ്കിലും തോറ്റു എന്ന് പറയുന്നുണ്ടെങ്കിൽ അതെന്നോട് മാത്രം ആയിരിക്കണം..:)