MG റോഡിലൂടെ പോകുമ്പോൾ  Abad Plaza തലയുയർത്തി നിൽക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്… അവിടെയൊരു 24 മണിക്കൂറും പ്രവർത്തിക്കുന്ന Cafe – Restaurant ഉള്ളത് ഇന്നലെയാണ് കണ്ണിൽ പെട്ടത്. 24 മണിക്കൂറും  ഉള്ള ഇതേപോലുള്ള സംരംഭങ്ങൾ ഭാവിയിൽ പലപ്പോഴും ഉപകാരപ്പെടുമല്ലോ എന്നോർത്ത് ഒന്ന് കയറി.  

രാത്രി 10 മണി കഴിഞ്ഞു കയറിയ സമയം പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥികളാണ് അവിടെ സർവീസിൽ ഉണ്ടായിരുന്നത്. നന്നായി ഫർണിഷ് ചെയ്തിരിക്കുന്ന Canopy എന്ന ഈ റെസ്റ്ററന്റ് വലിയ വിലയൊന്നും ഈടാക്കുന്നില്ല.  

എന്നെ ആകർഷിച്ച മറ്റൊരു സംഗതി സിനിമാപ്രാന്തുള്ള എന്നെ പോലെയുള്ളവരെ വലയിട്ടു പിടിക്കാൻ ഇവർ തരുന്ന ഒരു ഓഫർ ആണ്.  രാത്രി 10 മണി മുതൽ 3 മണി വരെയുള്ള സമയത്ത് ഏതെങ്കിലും സിനിമടിക്കറ്റിന്റെ കീറിയ ബാക്കി ഭാഗം നൽകിയാൽ 20% ഡിസ്‌കൗണ്ട് നൽകും എന്ന്… 19/9/17 ന് തുടങ്ങിയ ഈ ഓഫർ എത്ര കാലം വരെ ഉണ്ടാകും എന്നറിയില്ല… സിനിമാ പ്രാന്തന്മാർ ഈ അവസരം നഷ്ടപ്പെടുത്തണ്ട..  

ഏതൊരു മലയാളിയെയും പോലെ പൊറോട്ടയും ബീഫ് റോസ്റ്റും മെനുവിൽ കണ്ടപ്പോൾ വേറെ ഒന്നും ടേസ്റ്റ് ചെയ്യാൻ തോന്നിയില്ല.. അതു മതിയെന്ന് വെച്ചു.  180 രൂപ ഈടാക്കുന്ന ബീഫ് റോസ്റ്റ് രുചികരമായിരുന്നു. അനാവശ്യ നെയ്യും ചൗവും ഒന്നും ഇല്ലാതെ നല്ല ഒന്നാം തരം ബീഫ് കൃത്യമായ മസാലയുടെ അളവിൽ നാവിനും മനസ്സിനും സന്തോഷം നൽകി. 

ബാക്കിയുള്ളതൊക്കെ പിന്നീടൊരിക്കൽ രുചിക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു അവിടുന്ന് ഇറങ്ങുമ്പോൾ മനസ്സിൽ സംതൃപ്തിയായിരുന്നു.