🔺പറവ കണ്ടിറങ്ങിയപ്പോൾ നിനക്കെന്താ തോന്നിയത്?? 

🔻സന്തോഷം തോന്നി. നല്ലൊരു ചിത്രമായി തോന്നി, വിശദമായി പറയാം..വാ…

🔺നെഗറ്റീവ് ആയൊന്നും തോന്നിയില്ലേ ?? 

🔻നെഗറ്റീവ് ഇല്ലാത്ത ചിത്രങ്ങളുണ്ടോ? ഈ സിനിമയിൽ നെഗറ്റീവ് എന്ന് പറയാൻ വളരെ വളരെ കുറച്ചേ ഉള്ളൂ, ചില സിനിമകൾ അവസാനിക്കുമ്പോൾ നമ്മൾ അവയിലെ നെഗറ്റീവിനോട് മനഃപൂർവം കണ്ണടയ്ക്കും. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്.

🔺സ്പോയ്ലർ അലേർട്ട് ഉണ്ടോ?? 

🔻സ്പോയ്ലർ ഒന്നുമില്ല. പക്ഷെ ടീസറും ട്രെയ്‌ലറും ഇറക്കാതെ റിലീസായ സിനിമ ആയതിനാൽ കാണാത്തവർ ഫ്രഷായി തന്നെ കാണുക.ഈ നിരൂപണം ഇവിടെ വെച്ചു നിർത്തിയാൽ നിങ്ങൾക്ക് സിനിമ കൂടുതൽ ആസ്വദിക്കാൻ സാധിക്കും. 

🎥ചിത്രം – പറവ (2017)

🎬വിഭാഗം – ക്രൈം ഡ്രാമ  

🔰🔰🔰Whats Good??🔰🔰🔰

മുഖ്യ കഥാപാത്രങ്ങളുടെ പ്രകടനം,  പശ്ച്ചാത്തല സംഗീതം, പാട്ടുകൾ, ആഖ്യാനം, ഒറിജിനാലിറ്റിയുള്ള ആക്ഷൻ രംഗങ്ങൾ, ഷൈൻ നിഗം എന്ന നടന്റെ കോൺട്രോൾഡ് ആക്ടിംഗ്, ചെറിയ എന്നാൽ പ്രധാനപ്പെട്ട ഒരു വേഷം ദുൽകർ ചെയ്തത്, കൊച്ചിഭാഷ കൈകാര്യം ചെയ്ത വിധം, വസ്ത്രാലങ്കാരം,ഛായാഗ്രഹണം. 

🔰🔰🔰Whats Bad??🔰🔰🔰

രണ്ടാം പകുതിയിലെ പേസ് നഷ്ടപ്പെടൽ, പ്രാവ് പറത്തൽ ടൂർണമെന്റിന്റെ മത്സരനിബന്ധനകളും മറ്റും പ്രേക്ഷരോട് പറയാതെ ഇരുന്നത്. 

🔰🔰🔰Watch Or Not??🔰🔰🔰

ഈ സിനിമയിലെ കാസ്റ്റിംഗ് അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒന്നാണ്. ഇച്ചാപ്പിയും ഹസീബും സുറുമിയും തുടങ്ങി സ്കൂളിലെ ടീച്ചറും PT സാറും വരെ നല്ല കാസ്റ്റിംഗിന്റെ ഉദാഹരണമാണ്. സിദ്ധിക്ക്, ഹരിശ്രീ അശോകൻ എന്നിവരോടൊപ്പം അവരുടെ മക്കൾ അഭിനയിച്ചിട്ടുണ്ട്. കൂടാതെ സൈനുദ്ധീൻ എന്ന നടന്റെ മകനും സിനിമയിലുണ്ട്. പ്രധാന കഥാപാത്രമായ ഷൈൻ ഒരു താരപുത്രൻ ആണെന്ന് പറയേണ്ടതില്ലല്ലോ.  എന്നാൽ ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി എന്നിവർക്കൊന്നും അധികം സ്ക്രീൻ സ്പേസ് ചിത്രത്തിലില്ല. ഇച്ചാപ്പിയുടെ കഥ പറയുന്ന സിനിമയിൽ അതിന്റെ ആവശ്യം വരുന്നില്ല എന്നതാണ് സത്യം. പക്ഷെ കഴിവുള്ള നടന്മാർ നല്ല സിനിമയിൽ വരുമ്പോൾ അവർക്ക് കൂടുതൽ സ്പേസ് കിട്ടിയാൽ നന്നായിരുന്നു എന്നാഗ്രഹിച്ചു.  

മട്ടാഞ്ചേരിയിൽ നടക്കുന്ന പ്രാവ് പറത്തൽ ടൂർണമെന്റും പട്ടം പരാതികളും മാഞ്ച എന്ന പട്ടത്തിന്റെ നൂലും അതു കൊണ്ടുണ്ടാകുന്ന  ചെറിയ ചെറിയ അപകടങ്ങളുമൊക്കെ കൊച്ചി നിവാസികൾക്ക് പുതുമയുള്ളതല്ല.  എന്നാൽ പ്രാവിനെ പരത്തുന്ന ടൂർണമെന്റിന്റെ വിധി വിലക്കുകളൊക്കെ കുറച്ചൂടെ വിശദീകരിച്ചു എങ്കിൽ അവസാനത്തെ പറക്കൽ സീനൊക്കെ കുറച്ചൂടെ എഫക്ട് കിട്ടിയേനെ എന്നൊരു അഭിപ്രായമുണ്ട്.  

ഇനി സിനിമയിൽ എന്നെ ആകർഷിച്ച കാര്യങ്ങൾ നോക്കിയാൽ ഷൈൻ തന്റെ ഇഷ്ടപ്പെട്ട പെണ്ണിന്റെ കയ്യിൽ ഉറുമ്പ് ഇരിക്കുന്നത് കാണുന്നതും അതിലൂടെ കയ്യിൽ പിടിക്കാനുള്ള ചെറിയ ശ്രമം നടത്തുന്നതും നല്ല ഒറിജിനാലിറ്റി ആയിരുന്നു. ആ സമയമുള്ള BGM നന്നായിരുന്നു.  നല്ല ഇടി ഇടിക്കൂട്ടാ എന്ന് പറയുമ്പോൾ ഉള്ള വോയിസ്‌ മോഡുലേഷൻ ഒക്കെ പക്കാ ആയിരുന്നു.  തേങ്ങാപ്പാലിൽ മുക്കിയ പത്തിരിയും ബീഫും ബിരിയാണിയും ഒക്കെയായി കൊച്ചിയിലെ മുസ്ലിം കുടുംബങ്ങളുടെ ഭക്ഷണരീതിയൊക്കെ അങ്ങനെ തന്നെ പറിച്ചു നട്ടിട്ടുണ്ട്.  

അഞ്ചേരി മട്ടം പിന്നീട് മാത്തൻസ് ചേരി ആയതും മട്ടാഞ്ചേരി ആയതും ചരിത്രം പറയുമ്പോൾ മട്ടാഞ്ചേരിയിലെ ഓരോ തെരുവുകളും ഇടവഴികളും മഹോരമായി തന്റെ ക്യാമറയിലൂടെ ചിത്രീകരിച്ചിട്ടുണ്ട് ഇതിന്റെ ക്യാമറാമാനായ ലിറ്റിൽ സ്വയമ്പ്. ചരിത്രം ഉറങ്ങുന്ന മണ്ണിൽ ജീവിക്കുന്നവരുടെ കഥ പറയുമ്പോൾ അത് ഫിൽമി ആക്കാൻ അധികം ശ്രമിച്ചിട്ടില്ല. 

സൗഹൃദം തന്നെയാണ് എല്ലാത്തിന്റെയും അടിത്തറഇച്ചാപ്പിയുടെയും ഹാസീബിന്റെയും സൗഹൃദം പറയുമ്പോൾ അതിൽ ഒരു ഏടിൽ ആസാദിന്റെയും അവന്റെ കൂട്ടുകാരുടെയും കഥയുമുണ്ട്. കൂട്ടുകാർ എന്നതിനെക്കാൾ സ്വന്തം സഹോദരങ്ങളായി കണ്ടവരുടെ കഥ,അവരുടെ എടുത്തു ചാട്ടവും തമ്മിലടിയും ഉത്തരവാദിത്തം ഉണ്ടാകാനുള്ള സാഹചര്യവും പറയുന്ന ആ ഏട് പറഞ്ഞു കഴിഞ്ഞയുടൻ ഇച്ചാപ്പിയുടെ കഥ പറയുമ്പോൾ കഥയുടെ ആഖ്യാനത്തിൽ ഒരു മന്ദത വരുന്നത് പ്രകടമാണ് എങ്കിലും പിന്നീടുള്ള രംഗങ്ങൾ ആ കുറവ് നികത്തുന്നുണ്ട്. 

അഭിനയത്തിലെ മികവു തന്നെയാണ് മറ്റൊരു ബലം. കുട്ടികൾ ആയാലും മുതിർന്നവർ ആയാലും ഒരാളുടെ പ്രകടനം പോലും മോശമെന്ന് പറയാനാകില്ല. അജന്തയിൽ A സർട്ടിഫിക്കറ്റു കിട്ടിയ ഒരു പടം കാണാൻ ഇച്ചാപ്പിയെ വിളിക്കുന്ന പയ്യന്റെ ഡയലോഗ് ഡെലിവെറിയൊക്കെ പക്കാ ഒറിജിനാലിറ്റി ആയിരുന്നു. 

കുട്ടികൾക്കുള്ളിലെ പ്രണയമാണോ അതോ ആകർഷണം ആണോ എന്ന് കൃത്യമായി അറിയില്ല, കാണിച്ച സ്കൂൾ രംഗങ്ങൾ ടിപ്പിക്കൽ സിനിമാറ്റിക് സ്റ്റൈലിൽ ഉള്ളതാണെങ്കിലും ആരെയും രസിപ്പിക്കും വിധം ഉള്ളതാണ്. സുറുമിയുടെ കൂടെ നടക്കുന്ന കൂട്ടുകാരികളും, പൂവാലൻ പയ്യനും ഒക്കെയായി പുഞ്ചിരിയോടെ മനസ്സ് നിറഞ്ഞു ചിരിക്കാൻ സാധിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ട് 

ഷൈൻ നിഗം എന്ന നടന്റെ  പ്രകടനം നന്നായിരുന്നു. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ എന്നിവർ സംഭാഷണം അധികം ഇല്ലെങ്കിലും അവരുടെ പ്രകടനം കൊണ്ട് എന്താണാവോ ഉദ്ദേശിച്ചത് അതു നല്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങളിൽ നല്ലൊരു സ്റ്റണ്ട് കൊറിയോഗ്രാഫറുടെ മികവു എടുത്തു പറയുന്നുണ്ട്. ആ സമയത്ത് വരുന്ന പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നു. സിനിമാറ്റിക് ആക്കാതെ പക്വതയോടെ അവസാനിപ്പിച്ച ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടു. 

🔰🔰🔰Last Word🔰🔰🔰

തീയേറ്ററുകളിൽ  ഉയരത്തിൽ പറക്കേണ്ട ഒരു സിനിമയാണ് ഈ പറവ. ടെക്നിക്കലി ബ്രില്യന്റ് ആണ് ഈ ചിത്രം.ടൈറ്റിൽ കാർഡ്‌ അതു തെളിയിക്കും. മനോഹരമായ കഥയും രസച്ചരട് പൊട്ടാത്ത ആഖ്യാനവും ശക്തമായ പ്രകടനവും ചേരുമ്പോൾ ഇക്കൊല്ലം മലയാളം കണ്ട നല്ല ചിത്രങ്ങളുടെ പട്ടികയിലേക്ക് പറവയും പറന്നുയരുന്നു. ഈ പറവയുടെ ചിറകടി ശബ്ദം കേൾക്കാൻ ധൈര്യമായി ടിക്കറ്റ്‌ എടുക്കാം.