തീയേറ്ററിൽ നിന്നു എണീറ്റു ഓടാൻ തോന്നി എന്നോ?? 

പിന്നല്ലാതെ… ഇമ്മാതിരി ക്ലീഷേ ഡയലോഗും അഭിനയവും സിനിമ എന്ന പേരിൽ പടച്ചു വിട്ടാൽ സഹിക്കുന്നതിനു ഒരു അതിരില്ലേ?? 

അത്രയ്ക്ക് ബോറൻ ഡയലോഗുകൾ ആണോ?? 

നീ വിജയ്‌ അണ്ണന്റെ കാൽ ഓടിക്കും അല്ലേടാ എന്ന് പറഞ്ഞു അടിപിടി ഉണ്ടാക്കുന്ന സീനൊക്കെ കണ്ടാൽ സഹിക്കില്ല. വിശദമായി പറയാം.  

ചിത്രം – പോക്കിരി സൈമൺ (2017) 

വിഭാഗം – ക്ഷമ പരീക്ഷിക്കൽ 

Whats Good?? 

എന്തെങ്കിലും കണ്ടെത്തുന്നവൻ ദൈവം! കണ്ടെത്തി ആസ്വദിച്ചവൻ ഡിങ്കൻ! 

Whats Bad?? 

കഥ, തിരക്കഥ, സംഭാഷണം, അവതരണ രീതി, സംവിധാനം, ക്ലീഷേയായ മടുപ്പിക്കുന്ന രംഗങ്ങൾ, വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങൾ, ബോറൻ ആക്ഷൻ രംഗങ്ങൾ, ഇന്റർവെൽ(?) 

Watch Or Not?? 

ധൈര്യമായി നിങ്ങളുടെ ശത്രുക്കൾക്ക് റെക്കമെന്റ് ചെയ്യാവുന്ന ചിത്രമാണ് പോക്കിരി സൈമൺ. നടൻ വിജയ്‌ ( സേതുപതി അല്ലാട്ടോ,ഈ  സിനിമയിൽ വരെ വിജയ്‌ എന്ന് പറഞ്ഞാൽ സേതുപതി ആണോ എന്നാ ഒരു കഥാപാത്രം ചോദിക്കുന്നത് ) പണ്ട് ഒരു അദ്ധ്യാപകൻ ആയിരുന്നു. അതിനാൽ എല്ലാവരും അദ്ധേഹത്തെ വിജയ്‌ സാർ എന്നാണ് വിളിക്കുന്നത്.  

തിരുവനന്തപുരത്തുള്ള വിജയ്‌ ഭക്തരുടെ കഥ പറയുന്ന സിനിമയിൽ വിജയ്‌ ഫാൻസ്‌ എല്ലാത്തരത്തിലും ഉള്ള ആളുകൾ ഉണ്ടെന്ന് പറയുന്നു. റോക്കറ്റ് അയക്കുന്ന ശാസ്ത്രജ്ഞൻ വരെ അദ്ധേഹത്തിന്റെ ഫാനാണ്. കാണാത്ത ദൈവത്തെ ആരാധിക്കുന്നതിനെക്കാൾ നല്ലത് ചലിക്കുന്ന ചിത്രത്തിലെ രക്ഷകനെ ആരാധിക്കുന്നതാണ് എന്ന് പറയുന്ന ഈ റോക്കറ്റ് വിദഗ്ദൻ ഛോട്ടാ മുംബൈയിൽ ലാലേട്ടൻ പറയുന്ന ആളാണോ എന്നൊരു സംശയം ഇല്ലാതില്ല. ബിജു കുട്ടനെ കിട്ടാത്തതിനാൽ നെടുമുടിയെ വെച്ചു സംവിധായകൻ അഡ്ജസ്റ് ചെയ്തു.  
 പെങ്ങളെ ശല്യപ്പെടുത്തുന്നവനോട് വിജയ്‌ ഡയലോഗ് അടിച്ച് ഷൈൻ ചെയ്യുന്ന, കാമുകിയെ പെണ്ണ് കാണാൻ വന്നു എന്നറിഞ്ഞപ്പോൾ അവനോടു പോകാൻ ഞാൻ പറയും എന്ന് പറഞ്ഞിട്ട് ഒരു ഡപ്പാൻ കുത്ത് പാട്ടിനു ഡാൻസ് ചെയ്യുന്ന നായകനെ കാണാം.  IM Waiting എന്ന് വിജയ്‌ രണ്ട് പടത്തിൽ പറഞ്ഞതിന് ഞങ്ങൾ എന്ത് തെറ്റു ചെയ്തു എന്ന് ആരായാലും ഇന്റർവെലിന് ചോദിച്ചു പോകും.  

ഗ്രിഗറിയുടെ കഥാപാത്രം ഒരു ബോഡിഗാർഡ് ആകാൻ നോക്കുന്നയാളാണ്. ആകാരം അതിനു പറ്റിയതാണോ എന്നൊന്നും വിഷയമല്ല എങ്കിലും അഭിനയം മഹാ ബോർ ആയിരുന്നു.  ബൈജുവും അശോകനും എന്തിനു ഇങ്ങനെ ഒരു അമേച്ചർ സിനിമയിൽ തലവെച്ചു എന്നൊന്നും അതിശയിക്കണ്ട, കൂട്ടിനു ഷമ്മി തിലകനും ദിലീഷ് പോത്തനും അപ്പാനി ശരത് കുമാറും ഒക്കെയുണ്ട്. 

കഥ എന്ന് പറയാൻ ഒന്നും തന്നെയില്ലാത്ത ചിത്രത്തിൽ പോക്കിരി, തെറി, കത്തി, തിരുമലൈ,തുപ്പാക്കി  തുടങ്ങിയ ഒട്ടുമിക്ക വിജയ്‌ പടങ്ങളുടെയും സീനുകൾ അനുകരിച്ചു അതേ ഡയലോഗുകൾ പറഞ്ഞു വെറുപ്പിക്കുകയാണ്. രണ്ടാം പകുതിയിൽ നായകനും സുഹൃത്തിനും ഒരു പ്രശ്നം വരുമ്പോൾ സൂര്യ ഫാൻസ്‌ സഹായിക്കാൻ കട്ടയ്ക്ക് കൂട്ടിനുണ്ട് എന്ന് പറയുന്ന സീൻ കണ്ടാൽ ആരുടേയും കരളലിയും. പക്ഷെ അതു വരെ ഈ സിനിമ കണ്ടു ജീവൻ പോയാൽ ഈ ഓഫർ നഷ്ടപ്പെടും.  

വിജയ്‌ ആരാധകർ ആയതിനാൽ ഇവർക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയാം എന്ന് പറയുന്നത് എന്തർത്ഥത്തിൽ ആണെന്ന് അറിയില്ല. ബാക്കിയുള്ള ഫാൻസ്‌ ഒക്കെ പെണ്ണുപിടിയന്മാർ ആണോ?? എന്നാൽ സംവിധായകന്റെ ബ്രില്യൻസ് ഒരു സീനിൽ പ്രകടമാണ്. ഭിക്ഷാടന മാഫിയയെ നായകൻ പിന്തുടരുന്ന സീനിൽ അയാൾ ശശി എന്ന സിനിമയുടെ പോസ്റ്റർ കാണിക്കുന്നുണ്ട്. ആ ശശി ആരാണെന്ന് പ്രത്യേകം പറയണ്ടല്ലോ.  

കൂടാതെ ഒരുത്തനെ കെട്ടിയിട്ടു വിജയ്‌ പടത്തിന്റെ DVD ഇട്ടു കാണിക്കുമ്പോൾ അയാൾ വേണ്ടാ എന്ന് നിലവിളിക്കുന്ന സീനൊക്കെ പോത്തേട്ടനെ വെല്ലുന്ന ബ്രില്യൻസ് തന്നെയാണ്. ഇതൊക്കെ അഭിനയിക്കുന്ന സണ്ണി വെയിന്റെ ഡാൻസും ആക്ഷനും അഭിനയവും കണ്ടാൽ അയ്യോ ദാരിദ്രം എന്ന് പറഞ്ഞു പോകും എന്നതു വേറെ കാര്യം. സത്യത്തിൽ ഈ രക്ഷകൻ കഥ സാക്ഷാൽ വിജയ്‌ കേട്ടാൽ അഭിനയിച്ചേനെ എന്നുറപ്പ്. 

വിജയ്‌ ഫാൻസിന്റെ കഥ ആയതിനാൽ ഷർട്ട് മാത്രം പോരല്ലോ…ഉള്ളിൽ ബനിയനും കയ്യിൽ തൂവാലയും വേണം. എല്ലാ കഥാപാത്രങ്ങൾക്കും  ഇങ്ങനെ രണ്ടു ഡ്രസ്സ്‌ വെച്ചു വാങ്ങിക്കൊടുത്തു നിർമാതാവിന് അമിത ചെലവ് വരുത്തിയത് ശരിയായില്ല. ഇങ്ങനെ ഈരണ്ട് ഡ്രെസ്സുകളിൽ ശ്രദ്ധ കൊടുത്തതിനാൽ നായിക പ്രായഗയുടെ വസ്ത്രങ്ങൾ കൃത്യമായ അളവല്ലാതെ  ഇറുകി പിടിച്ചിരുന്നിരുന്നു. അശോകൻ ചേട്ടൻ ആൾറെഡി സിനിമയിൽ ഉള്ളതിനാൽ ജപഗ (JPG)  വേണ്ടി വന്നില്ല. 

വിജയ്‌ സിനിമകളുടെ കഥ അവസാനം അജിത്ത് സിനിമയുടെ കഥയാകുന്നതോടെ സസ്പെൻസ് റോക്കറ്റും വിട്ടു പടം ഫിനിഷാ..FDFS ദുരന്തമാകുന്ന ഓരോ വഴികളെ…,എന്നാലും എന്റെ ജൂഡ് അണ്ണാ..നിങ്ങൾ അഭിനയിക്കുന്ന സിനിമകൾ ഒക്കെ കിടു സെലക്ഷൻ ആണ് കേട്ടോ…അതിപ്പോ ഗസ്റ്റ് റോൾ ആയാലും….

Last Word 

ഈ പടം കണ്ടാൽ ആർക്കും വിജയ്‌യെ കൂടുതൽ ഇഷ്ടമാകും.കാരണം ഈ പടം വെറുപ്പിച്ച അത്രയൊന്നും ഒരൊറ്റ വിജയ്‌ പടവും വെറുപ്പിച്ചിട്ടില്ല. സിനിമയെ സ്നേഹിക്കാതെ അതിലെ ഒരു ഘടകമായ നായകനെ മാത്രം ആരാധിക്കുന്നവരുടെ കൂട്ടത്തിൽ സംവിധായകരും ഉൾപ്പെട്ടാൽ ഇമ്മാതിരി ദുരന്തചിത്രങ്ങൾ ഇനിയും സൃഷ്ടിക്കപ്പെടും. നമ്മൾ വളർത്തുന്ന സിനിമയെ അല്ല, നമ്മെ വളർത്തുന്ന സിനിമയാണ് ആവശ്യം.