2017 എന്ന വർഷം ഇന്ത്യയിൽ മികച്ച ഓപ്പണിങ് കിട്ടിയ ആദ്യത്തെ 4 പടങ്ങളും തെലുങ്കിൽ നിന്നാണ് എന്ന് ബോക്സ്‌ ഓഫീസ് ഇന്ത്യ പോലുള്ള സൈറ്റുകൾ പറയുന്നു. അപ്പോൾ ഇന്ത്യയിലെ തന്നെ ഈ വർഷം കൂടുതൽ ലാഭമുണ്ടാക്കിയ ഇൻഡസ്ട്രി ആവുകയാണ് തെലുങ്ക് ഇൻഡസ്ട്രി. അതിൽ ഇതുവരെ ഇന്ത്യയിലെ ഓപണിംഗിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ചിത്രമാണ് ജയ് ലവ കുശ.  

ഒരേ രൂപസാദൃശ്യമുള്ള 3 സഹോദരങ്ങളുടെ കഥയാണ്‌ ചിത്രം പറയുന്നത്. മൂത്തവനായ ജയ് ജന്മനാ വിക്കുള്ള കുട്ടിയാണ്. ക്ഷേത്രങ്ങളിലെ ബാലെയിൽ അഭിനയിച്ചു വരുന്ന ആ കുടുംബം വിക്കുള്ള കാരണത്താൽ ജയ്ക്കു അഭിനയിക്കാനുള്ള വേഷങ്ങൾ നൽകുന്നില്ല. എല്ലാവരാലും അവഗണിക്കപ്പെടുന്നു എന്ന തോന്നലിലും വിരക്തിയിലും ജയ് നാടകം നടക്കുമ്പോൾ അവിടം തീ വെക്കുന്നു. മൂന്ന് പേരും മൂന്ന് വഴിക്ക് പിരിയുന്നു. പിന്നീടുള്ള സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.  

ജൂനിയർ NTR എന്ന നടന്റെ അഭിനയം, ഒന്ന് രണ്ട് മാസ് രംഗങ്ങൾ, രാവണാ എന്ന തീം ഇവ അല്ലാതെ ഒന്നും തന്നെ എടുത്തു പറയാൻ ഈ സിനിമയിലില്ല. മൂന്ന് വേഷങ്ങൾ.. അതിൽ പൊക്കവ്യത്യാസം, മാനറിസം എന്നിവയൊക്കെ ഉൾപ്പെടുത്തി മൂന്നും മൂന്ന് പേരായി തന്നെ നമുക്ക് തോന്നുന്നത് തരകിന്റെ അഭിനയം നന്നായതു കൊണ്ടു തന്നെയാണ്.  

ഒരാൾ പഞ്ച പാവം, ഒരാൾ ഫ്രോഡ്, ഒരാൾ വില്ലൻ എന്നിങ്ങനെ തിരിക്കുമ്പോൾ സ്ഥിരം ഇത് പോലുള്ള സിനിമയിൽ നടക്കുന്ന ആൾമാറാട്ടം തന്നെയാണ് ഇതിനും പറയാനുള്ളത്. ലവ,കുശ എന്നിവരുടെ കഥയിൽ പ്രണയവും നർമവും കടന്നു വരുമ്പോൾ നല്ലൊരു ട്വിസ്റ്റിലൂടെ ജയ് എന്നാ കരുത്തുറ്റ കഥാപാത്രത്തെ കാണിച്ച വിധം നന്നായിരുന്നു.  

ജയ് യുടെ കഥ പറയുന്ന സമയം കഥ വേറെ ദിശയിൽ സഞ്ചരിക്കും എന്ന് തോന്നുമെങ്കിലും പിന്നീടുള്ള ഓവർ മെലോഡ്രാമ ടിപ്പിക്കൽ തെലുങ്ക് മാസ് മസാല സിനിമയെ ഓർമിപ്പിക്കുന്നു. അതായത് വ്യത്യസ്‍തമായി ഒന്നും പറയാൻ ശ്രമിച്ചില്ല എങ്കിലും ബോറടിപ്പിക്കുന്നില്ല. നായികമാർ രണ്ട് പേരുണ്ടെങ്കിലും പാട്ടുകളിലും കുറച്ചു രംഗങ്ങളിലും മാത്രമായി ഒതുങ്ങുന്നു. അതിൽ തന്നെ നിവേദ തോക്കുമായി കോളേജിൽ വെടി പൊട്ടിക്കുന്ന സീനൊക്കെ അസഹനീയം എന്ന് പറയാതെ വയ്യ. അല്പസ്വല്പം ഗ്ലാമറൊക്കെയായി നിവേദ തോമസ്‌ ആളാകെ മാറി എന്നതും നല്ല കാര്യം.  

തമന്നയുടെ ഒരു ഐറ്റം ഡാൻസ് നന്നായിരുന്നു.  അതു കഴിഞ്ഞു 3 നായകന്മാരുടെയും ഓവർ ഡ്രാമയും ഇമോഷനും സെന്റിമെന്റും ക്ലൈമാക്സ്‌ എന്താകും എന്ന് നമുക്ക് ഒരു ധാരണ നൽകുന്നു.  വില്ലനായ റോണിത് റോയ് യുടെ കഥാപാത്രം അത്ര ശക്തമല്ലാതെ ആയതിനാൽ ക്ലൈമാക്സ്‌ ഒക്കെ വീക്ക് ആയി തോന്നി. 

മൊത്തത്തിൽ തരക് മൂന്ന് വേഷങ്ങളിൽ വന്നു വ്യത്യസ്തരായ മൂന്ന് പേരെ നമുക്ക് ഹൈ വോൾട്ടേജ് മാസ്സ് രംഗങ്ങളിലൂടെയും, ആക്ഷനിലും പാട്ടിലൂടെയും കാണിച്ചു തരുന്നു.ടിപ്പിക്കൽ തെലുങ്കു മാസ് മസാലയായ ഈ പടം തരക് ഫാൻസിന് ആഘോഷം ആകുമ്പോൾ സാധാരണ പ്രേക്ഷകർക്ക് ഒരു തവണ കണ്ടു മറക്കാവുന്ന പടമായി മാറുന്നു.