🔺രാമലീലയിൽ എനിക്ക് ഇഷ്ടപ്പെട്ടത് ത്രില്ലിംഗ് ആയുള്ള കഥാഗതിയാണ്.. 

🔻എനിക്ക് എല്ലാവരുടെയും പ്രകടനം… 

🔺ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന നിലയിൽ ആരെയും തൃപ്തിപടുത്തുന്ന ഒരു ചിത്രമാണ് രാമലീല. അല്ലേ?? 

🔻തീർച്ചയായും…സംഭാഷണങ്ങൾ ഗംഭീരമാണ്…വിശദമായി പറയാം.. 

🎥ചിത്രം – രാമലീല (2017) 

🎬വിഭാഗം – പൊളിറ്റിക്കൽ ത്രില്ലർ 

🔰🔰🔰Whats Good??🔰🔰🔰

കെട്ടുറപ്പുള്ള തിരക്കഥ,  അഭിനേതാക്കളുടെ പ്രകടനങ്ങൾ,  ശക്തമായ സംഭാഷണങ്ങൾ, നീണ്ട ദൈർഘ്യം ഉണ്ടെങ്കിലും ത്രില്ലിംഗ് ആയി കഥ പറഞ്ഞ രീതി, തുടക്കത്തിലേ ഗാനങ്ങളും പശ്ചാത്തല സംഗീതവും, ക്ലൈമാക്സ്, ടൈൽ എൻഡ് 

🔰🔰🔰Whats Bad??🔰🔰🔰 

പ്രത്യക്ഷത്തിൽ ഒന്നും തോന്നിയില്ല..ചിലർക്ക് 2.40 മിനിറ്റ് എന്ന ദൈർഘ്യം കൂടുതലായി തോന്നാം.

🔰🔰🔰Watch Or Not??🔰🔰🔰

കമ്യുണിസ്റ്റ് പാർട്ടികളുടെ രക്തസാക്ഷികളുടെ സ്മാരകങ്ങൾ കാണിച്ചു കൊണ്ടായിരുന്നു തുടക്കം. കൂടെ മധു ബാലകൃഷ്ണൻ ആലപിച്ച ഗാനവും ഉണ്ടായിരുന്നു. തുടക്കം തന്നെ സിനിമ എന്തൊക്കെയോ പറയാൻ പോകുന്നു എന്ന തോന്നൽ ഉളവാക്കുന്ന വിധം ആയിരുന്നു.  നായകന്റെ ഒരു പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്കുള്ള കൂറുമാറ്റവും അയാളുടെ ചങ്കൂറ്റവും മറ്റുമായി മുന്നോട്ടു പോകുന്ന കഥയിൽ അപ്രതീക്ഷിതമായി പല വഴിത്തിരിവുകളും നടക്കുന്നതോടെ രാമലീല നല്ലൊരു ത്രില്ലറായി മാറുന്നു.  

എന്താണ് കമ്മ്യുണിസം?? ആരാണ് യഥാർത്ഥ കമ്യുണിസ്റ്റ്?? എന്നീ ചോദ്യങ്ങൾ തന്നെയാണ് ഈ  സിനിമ പറയുന്നതും.. ആക്ഷേപഹാസ്യ രൂപേണ നിലവിൽ കേരളത്തിലുള്ള എല്ലാ കമ്യുണിസ്റ്റ്-കോൺഗ്രസ്‌ പാർട്ടികളെയും മാധ്യമങ്ങളെയും,  പ്രേത്യേകിച്ചു മലയാള മനോരമയെ കണക്കിന് പരിഹസിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിലെ സംഭാഷണങ്ങൾ കുറിക്കു കൊല്ലുന്നവയാണ്.  

വലിയൊരു നക്ഷത്രപട്ടാളം തന്നെയുണ്ട് ചിത്രത്തിൽ.. അതിൽ നായകനായ ദിലീപ് നല്ല പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. വൈകാരിക മുഹൂർത്തങ്ങളിലും മറ്റുള്ള എല്ലാ രംഗങ്ങളിൽ അദ്ദേഹം നല്ല പ്രകടനം കൊണ്ട് പ്രേക്ഷകരെ തൃപ്തിപ്പെടുത്തും എന്നുറപ്പ്. ചിത്രത്തിന്റെ ഭൂരിഭാഗം സീനുകളിലും ദിലീപിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ദിലീപിന്റെ കൂടെ തന്നെ ഷാജോൺ ഉണ്ട്. ഷാജോൺ നർമ രംഗങ്ങളിൽ കയ്യടി നേടുന്നത് കൂടാതെ വൈകാരിക രംഗങ്ങളിലും കയ്യടി വാങ്ങികൂട്ടുന്നുണ്ട്. രണ്ടാം പകുതിയിലെ ചില രംഗങ്ങളിൽ ഓവറായി തോന്നുമെങ്കിലും പിന്നീടുള്ള കൗണ്ടറുകളാൽ നമ്മെ രസിപ്പിക്കുന്നതിനാൽ ആ കുറവ് വിസ്മരിക്കും.  

സിദ്ധിക്ക് വടക്കൻ ഭാഷയിൽ എപ്പോഴത്തെയും പോലെ മികച്ച പ്രകടനം.. കൂടെ വിജയരാഘവനും, മുകേഷും, രഞ്ജി പണിക്കരും, അശോകനും ചെറിയ വേഷത്തിൽ സലീം കുമാറും സായ് കുമാറും ചിത്രത്തിലുണ്ട്.  

നായികയായി രാധിക ശരത് കുമാർ ഗംഭീര പ്രകടനമാണ് ചിത്രത്തിൽ. മുകേഷിനോടുള്ള പ്രതികരണം ആയാലും അവസാനം ലാൽ സലാം പറയുന്നത് ആയാലും രാധികയിലെ അഭിനേത്രിയെ ഭാവമാറ്റങ്ങൾ കൊണ്ട് പെർഫോം ചെയ്യിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പ്രയാഗ മാർട്ടിൻ തനിക്ക് കിട്ടിയ വേഷം തരക്കേടില്ലാതെ തന്നെ ചെയ്തു എന്നതും സന്തോഷം നൽകുന്നു.  

3 ഗാനങ്ങൾ ചിത്രത്തിലുണ്ട്. മൂന്നും തിരക്കഥയോട് ചേർന്ന് നില്ക്കുന്നു. കൂടാതെ പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും രാമലീല എന്ന സിനിമ എന്ത് ആവശ്യപ്പെടുന്നുവോ അതു തന്നെ നല്കിയിട്ടുണ്ട്. ചില ഫ്രെയിമുകൾ വളരെ നന്നായിരുന്നു.  

ശക്തമായ തിരക്കഥയും സംഭാഷണങ്ങളും തന്നെയാണ് സിനിമയുടെ നട്ടെല്ല്.. കൂടെ അഭിനേതാക്കളുടെ നല്ല പ്രകടനവും കൂടെ ചേരുമ്പോൾ നല്ലൊരു സിനിമയായി മാറുന്നു രാമലീല.  സിനിമയിലെ ഹൈ ലൈറ്റ് പോയിന്റുകൾ മനഃപൂർവം പറയാതെ ഇരിക്കുന്നത് എന്തുകൊണ്ടെന്നാൽ രാമലീല എന്ന സിനിമ നിങ്ങൾക്ക് നന്നായി തന്നെ ആസ്വദിക്കാൻ കഴിയണം എന്നാഗ്രഹം ഉള്ളതിനാലാണ്. കാരണം സിനിമയോട് ചേർന്ന് ഗംഭീരമായ സംഭാഷണങ്ങൾ കേൾക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെയാണ്.ഒന്നുമില്ലേലും അവസാനം അമ്മയും മകനും ലാൽ സലാം പറയുന്ന രംഗം നിങ്ങളെ കോരിത്തരിപ്പിക്കുന്ന ഒന്നാകുമെന്ന് ഞാനുറപ്പ് നൽകുന്നു.

എത്രയും വേഗം ഈ സിനിമ കാണാൻ ശ്രമിക്കുക എന്നെ എനിക്ക് പറയാനുള്ളൂ.. കാരണം സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിലെ പ്രധാന രംഗങ്ങളും സംഭാഷണങ്ങളും പുറത്തായി നിങ്ങൾ ഈ സിനിമ കണ്ടാൽ അതു ആസ്വാദനത്തെ ബാധിക്കും.  

🔰🔰🔰Last Word🔰🔰🔰

ശക്തമായ തിരക്കഥ, സംഭാഷണങ്ങൾ, പ്രകടനം എന്നിവയാൽ പൊതിഞ്ഞ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് രാമലീല. ധൈര്യമായി ആസ്വദിക്കാവുന്ന ചിത്രം. ത്രില്ലർ പ്രേമികളെ കൂടാതെ എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ രാമലീലയ്ക്ക് കഴിയും.