ഗ്രാമത്തിലെ നന്മ നിറഞ്ഞ,ധൈര്യശാലിയായ നായകനും കുശാഗ്രബുദ്ധിയുള്ള വില്ലനും, വില്ലൻ ഉണ്ടാക്കുന്ന തെറ്റിദ്ധാരണയിൽ ഗ്രാമത്തിലുള്ളവരുടെ മുന്നിൽ തെറ്റുകാരനാകുന്ന ഹീറോ, സ്ഥിരം ക്ലീഷേ എന്ന കോംബോ ഒരിക്കൽ കൂടി വന്നിരിക്കുകയാണ്…. റെക്ക എന്ന ബോംബ്‌ മാത്രം തന്റെ കരിയറിൽ വേണ്ടാ എന്നുള്ള സേതുപതിയുടെ തീരുമാനത്തിൽ സൃഷ്ടിക്കപ്പെട്ട ഗ്രാമീണ ബോംബാണ് കറുപ്പൻ.  

വർഷങ്ങളായി കണ്ടു വന്ന ഗ്രാമീണ പടങ്ങളിൽ ഇതേ കഥയൊക്കെ തന്നെയാണ് പറഞ്ഞിരുന്നതും. നെപ്പോളിയൻ, രാജ് കിരൺ, പ്രഭു, സത്യരാജ്, ശരത് കുമാർ..പിന്നേ കൊമ്പൻ എന്ന സിനിമയിലൂടെ കാർത്തി  എന്നിവരൊക്കെ അഭിനയിച്ചു മടുത്ത ഇത്തരം കഥകൾ സേതുപതി തിരഞ്ഞെടുത്തപ്പോൾ ഇരൈവി എന്ന സിനിമ ഓർമയിൽ ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം നായകന്റെ ഭാര്യയെ പ്രേമിക്കുന്ന വില്ലൻ, വില്ലനായി ബോബി സിംഹ.. ഈ ഫോർമാറ്റ്‌ അങ്ങനെ തന്നെ പറിച്ചു നട്ടിട്ടുണ്ട്.  

ജെല്ലിക്കട്ടിൽ കാളയെ അടക്കി നിർത്തി വിജയിച്ചാൽ എന്റെ പെങ്ങളെ കെട്ടിച്ചു തരാം എന്ന് പശുപതി പറയുന്നു. സേതുപതി ജയിക്കുന്നു, പെങ്ങളായ ടാന്യയെ സ്ഥിരം Eve Teasing Song ഒക്കെ കഴിഞ്ഞു കെട്ടുന്നു. ടാന്യയെ നേരെത്തെ സ്നേഹിച്ചിരുന്ന പശുപതിയുടെ അളിയനായ ബോബി സിംഹ ബുദ്ധിപൂർവം കരുക്കൾ നീക്കി നായകനെ അപായപ്പെടുത്തി ടാന്യയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ഇതാണ് കഥ..  

വിജയ്‌ സേതുപതി എന്ന നടന്റെ നല്ല പ്രകടനവും ടാന്യയുടെ ക്യൂട്ട് ആയുള്ള ചില എക്സ്സ്പ്രെഷനും ഭംഗിയും അല്ലാതെ ഒന്നും തന്നെയില്ല ചിത്രത്തിൽ. പശുപതി ഇതേപോലുള്ള എത്ര റോൾ ചെയ്തിരിക്കുന്നു.. ബോബി സിംഹ ക്ലൈമാക്സിൽ കാട്ടികൂട്ടുന്ന പേക്കൂത്തുകൾ കണ്ടാൽ ആർക്കായാലും രണ്ട് പൊട്ടിക്കാൻ തോന്നും.  

ഊഹിക്കാൻ പറ്റുന്ന കഥ എന്നൊക്കെ കേട്ടിട്ടുണ്ടാകും..എന്നാൽ ഊഹിക്കാൻ പറ്റുന്ന സീനുകൾ എന്ന് കേട്ടിട്ടുണ്ടോ..ഈ പടം മുഴുവൻ അങ്ങനെയാണ്..ഏത് സീൻ തുടങ്ങിയാലും അതെങ്ങനെ അവസാനിക്കും എന്ന് ആർക്കും ഊഹിക്കാം, വേണേൽ ബെറ്റ് വെച്ചു കാശും നേടാം..സകല വിഭാഗങ്ങളും യാതൊരു പുതുമയും നൽകാത്ത ഈ ചിത്രം വിജയ്‌ സേതുപതി എന്ന നടന്റെ ബ്രാൻഡിൽ മാത്രം അറിയപ്പെടും. എങ്ങനെ എന്നാൽ റെക്കയും കറുപ്പനും ആണ് അയാളുടെ മോശം ചിത്രങ്ങൾ എന്ന പേരിൽ..