Park Chan Wook ന്റെ Vengeance Trilogy യിലെ അവസാന ചിത്രം. മൂന്ന് സിനിമകൾ തമ്മിൽ ഒരു ബന്ധവും ഇല്ല എങ്കിലും 3 ചിത്രങ്ങളും പറയുന്നത് പ്രതികാരത്തിന്റെ കഥയാണ്. അതും ചോരയുടെ മണമുള്ള, വൈരാഗ്യം ആവോളം മനസ്സിൽ സൂക്ഷിച്ച ആരെയും ഞെട്ടിക്കുന്ന രീതിയിലുള്ള പ്രതികാര രീതികൾ. 

ബാക്കിയുള്ള സിനിമകളെ വെച്ചു നോക്കുകയാണെങ്കിൽ ഈ ചിത്രം ഇമോഷനു അധികം പ്രാധാന്യം നൽകിയിരിക്കുന്നു എന്ന് തന്നെ പറയാം. ജയിലിൽ നിന്നിറങ്ങുന്ന നായികയ്ക്ക് ഇനിമേൽ നീ പവിത്രയായി ജീവിക്കണം അതിന്റെ തുടക്കം എന്ന രീതിയിൽ  tofu നല്കുന്ന രംഗവും അവളത് തട്ടിക്കളയുന്നതും,  പിന്നീട് ക്ലൈമാക്സിൽ സ്വന്തം മകളുടെ കൈയാൽ റോഡിൽ വെച്ചു തന്നെ tofu നൽകുന്നതും പ്രേക്ഷകരെയും ഒന്നിരുത്തി ചിന്തിപ്പിക്കുന്നുണ്ട്.  

Choi Min Sik അവതരിപ്പിച്ച കഥാപാത്രം സംഭാഷണങ്ങൾ വളരെ കുറവായിരുന്നു എങ്കിലും പ്രേക്ഷകന്റെ വെറുപ്പ് ആവോളം വാങ്ങിക്കൂട്ടുന്ന ഒന്നായിരുന്നു. Song Kang Ho യെ പോലൊരു സൂപ്പർ താരം ചിത്രത്തിന്റെ അറുപതാം മിനുട്ടിൽ എത്തിയപ്പോൾ വളരെ ആകാംക്ഷയോടെ ഇരുന്ന ഞാൻ അറുപത്തിരണ്ടാം മിനുട്ടിൽ അയാളുടെ കഥാപാത്രം അവസാനിക്കുന്നത് കണ്ടപ്പോൾ ഇത്ര ചെറിയൊരു വേഷത്തിനായി ഇയാൾ എന്തിനു വന്നു എന്ന് സ്വയം ചോദിച്ചു. മറുപടി JSA, Sympathy For Mr.Vengeance ഒക്കെ തന്നെ.. 🙂 

പ്രതികാരകഥ ആണെങ്കിലും ത്രിൽ എന്നത് ചിത്രം തരുന്നില്ല. വളരെ ഇമോഷണലായി കഥ പറഞ്ഞു ഇമോഷണലായി തന്നെ അവസാനിക്കുന്ന ചിത്രം ത്രില്ലർ എന്നതിനെക്കാൾ ഡ്രാമ എന്ന് പറയുന്നതാണ് ഉത്തമം. പക്ഷെ പറയേണ്ട വിഷയം ഇതിലും നന്നായി പറയേണ്ട ആവശ്യമില്ല എന്ന് സംവിധായകന് അറിയാം. ഓരോ കഥാപാത്രത്തിന്റെ വികസനവും അത്തരത്തിലാണ്.  

ചിത്രം പറയുന്ന കഥാരീതി വളരെ ഇഷ്ടപ്പെട്ടു. കൂടാതെ പ്രതികാരരീതിയിലെ റിയാലിറ്റിയും എടുത്തു പറയേണ്ടതാണ്. പകയുടെ കഥ പറയുന്ന ചിത്രങ്ങൾ പ്രേക്ഷകർ ഒരു ട്രിളജിയായി മാറ്റിയപ്പോൾ ആ ട്രിളജിക്ക് പറ്റിയ നല്ലൊരു അവസാനം തന്നെയാണ് ഈ ചിത്രം നൽകിയിരിക്കുന്നത്.

രണ്ട് മണിക്കൂറുള്ള ചിത്രം ജോണറിനെ മനസ്സിലാക്കി ഇമോഷണൽ സീനുകളോട് കണക്ട് ആയി കണ്ടാൽ നല്ലൊരു അനുഭവം ആയിരിക്കും. പറയാൻ കാരണം വർഷങ്ങൾക്കു മുൻപ് ഈ സിനിമ കണ്ടു പകുതിയിൽ ബോറടിച്ചു നിർത്തിയതാണ്‌. ഇന്നിപ്പോൾ ഇത് കണ്ടപ്പോൾ തെല്ലും ബോറടിക്കാതെ നല്ലൊരു അനുഭവമായി മാറി. 

Click To Get Film