ഒരു ആക്ഷൻ ചിത്രത്തിന് കാൻസ് ഫിലിം ഫെസ്റ്റിവലിൽ 4 മിനിറ്റ് നീണ്ട കരഘോഷം കിട്ടി എന്ന് പറയുമ്പോൾ ആ സിനിമയ്ക്ക് എന്തെങ്കിലും പ്രത്യേകത വേണ്ടേ?? കഥാപരമായി യാതൊരു പുതുമയും നൽകുന്നില്ല ഈ ചിത്രം. Kill Bill അടക്കമുള്ള പല ആക്ഷൻ ചിത്രങ്ങളുടെയും കോക്‌ടെയിൽ എന്നാകും പറയാൻ ആവുക. എവിടെയായിരിക്കും ഈ ചിത്രം സ്‌കോർ ചെയ്തിരിക്കുക?? 

Movie – The Villainess (2017) 

Genre – Action 

Hardcore Henry എന്ന സിനിമ ചെയ്തിരിക്കുന്ന രീതിയിലുള്ള ക്യാമറ വർക്കിൽ സിനിമയുടെ തുടക്കത്തിൽ നല്ലൊരു ആക്ഷൻ രംഗമുണ്ട്. എതിരാളികളെ നിഷ്കരുണം വെട്ടിക്കൊലപ്പെടുത്തുന്ന രീതി കാണുമ്പോൾ ഒരു Assasain ന്റെ കഥയാണ്‌ പറയാൻ പോകുന്നതെന്ന് വ്യക്തം.  

ചടുലമായ ആക്ഷൻ രംഗങ്ങൾ കഴിഞ്ഞു നായികയുടെ കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകനോട് പറയുന്നത് നോൺ ലീനിയർ കഥ പറച്ചിലിലൂടെയാണ്. നായികയുടെ മുടിയുടെ നീളം ശ്രദ്ധിച്ചാൽ ഏതാണ് ഫ്ലാഷ്ബാക്ക് എന്ന് മനസ്സിലാക്കാൻ എളുപ്പമാണ്. പിന്നീടുള്ള കഥയിൽ രക്തച്ചൊരിച്ചിൽ മാറി ഒരു ഫീൽ ഗുഡ് പ്രണയ കഥയിലേക്ക് ട്രാക്ക് മാറുന്നത് രസച്ചരട് പൊട്ടാതെയാണ്.  

എന്നാൽ പിന്നീട് നടക്കുന്ന സംഭവവികാസങ്ങളും ട്വിസ്റ്റും ഒക്കെയായി വീണ്ടും രക്തം മണക്കുന്ന പ്രതികാരകഥയിലേക്ക് നമ്മെ എത്തിക്കുകയാണ് ഈ ചിത്രം. ആക്ഷൻ രംഗങ്ങൾക്ക് നൂറിൽ നൂറു മാർക്ക്‌ നൽകേണ്ടി വരും. അതിപ്പോൾ തോക്കുകൾ കൊണ്ടുള്ളതായാലും, കത്തി കൊണ്ടുള്ളതായാലും, ചേസിംഗ് ആയാലും ആക്ഷൻ സീനുകളിൽ ഒരു വിട്ടുവീഴ്ച പോലും നല്കിയിട്ടില്ല.  

നായികയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. Park Chan Wook ന്റെ Thirst ലെ പ്രകടനത്തിലൂടെ ലോകത്തെ ഞെട്ടിച്ച ആൾ തനിക്ക് ആക്ഷനും നന്നായി വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്. മൊത്തത്തിൽ നല്ല കിടുക്കാച്ചി ആക്ഷൻ പടം കാണണം എന്നുണ്ടെങ്കിൽ ഈ ചിത്രം നിങ്ങൾക്കുള്ളതാണ്.  

Click To Get Film