‘പ്രേതം’ തെലുങ്ക് പറയുമ്പോൾ….  

Raju Gari Gadhi 2 എന്ന ചിത്രം കേരളത്തിൽ റിലീസ് ആയതിനാൽ അതു കാണാൻ ആഗ്രഹിക്കുന്നവർ ദയവായി ഈ പോസ്റ്റ്‌ വായിക്കാതെ ഇരിക്കുക. Spoiler Alert! 

ഇന്ത്യ എന്ന രാജ്യത്തെ സംസ്ഥാനങ്ങൾ തന്നെയാണ് എങ്കിലും ഒരു ചിത്രം മറ്റു ഭാഷകളിലേക്ക് റീമെയ്ക് ചെയ്യുമ്പോൾ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ഏവർക്കും അവരവരുടെ ഭാഷയിലെ സിനിമകൾ തന്നെയാണ് വലുതും. ചന്ദ്രമുഖിയെക്കാൾ നല്ലതാണ് മണിച്ചിത്രത്താഴ് എന്ന് പറയുന്ന തമിഴർ കുറവായിരിക്കും. ഓരോ പ്രദേശത്തെയും ആളുകളുടെ ആസ്വാദനത്തെ ആശ്രയിച്ചാണ് മാറ്റങ്ങളും ഉണ്ടാവുക.  

മലയാളത്തിലെ പ്രേതം തെലുങ്കിൽ എത്തിയപ്പോൾ ഒരു മലയാളി എന്ന നിലയിൽ ആ മാറ്റങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല എന്നത് സത്യം. എന്നാൽ മലയാളം പ്രേതം അതേപടി പകർത്തിയാൽ നാഗാർജ്ജുനയെ പോലെയുള്ള ഒരു താരത്തിന് മാസ്സ് കാണിക്കാൻ ഒന്നും തന്നെയുണ്ടാകില്ല എന്നതാകും കാരണം. 

സുഹാനിസ എന്ന കഥാപാത്രം അതേ പേരിൽ വരുമ്പോൾ ഗ്ലാമർ പ്രദർശനം വളരെ കൂടുതലായി തെലുങ്കിൽ കാണുന്നു. തു ചീസ് ബടി ഹേ മസ്ത് എന്ന ഗാനത്തിന് ചുവടു വെച്ച സുഹാനിസയ്ക്ക് ഏതാണ്ട് നാഗാർജുനയുടെ അത്രയും തന്നെ കയ്യടി കിട്ടി. ഗ്ലാമർ ആയാലും മാസ്സ് ആയാലും പ്രേക്ഷകർ കയ്യടിച്ചു സ്വീകരിക്കുന്നത് വളരെ നല്ലത്.  

തെലുങ്ക് മെന്റലിസ്റ്റ് വലിയ ക്രോസ്സ് ഒക്കെ കഴുത്തിലിട്ട മൊട്ടത്തലയനല്ല. രുദ്ര എന്ന് പേരുള്ള ത്രിശൂലം കഴുത്തിലിട്ട Age In Reverse Gear Daa.. എന്ന് പറയാവുന്ന നാഗാര്ജുനയാണ്. തെലുങ്കിൽ മെന്റലിസ്റ്റ്  എന്നാൽ ഒരു സൂപ്പർ ഹീറോ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അമ്മാതിരി കഴിവുകളാണ് അതിർത്തി കടന്നപ്പോൾ ടിയാന് കിട്ടിയത്. ഇന്റർവെൽ ബ്ലോക്ക്‌ സ്വിമ്മിംഗ് പൂളിൽ ഒരു കടലിന്റെ അത്രയും തിരമാലകൾ കൊണ്ട് നിറച്ച രൗദ്രഭാവത്തിലുള്ള പ്രേതം എന്നെ ചിരിപ്പിച്ചു എങ്കിലും തെലുങ്ക് പ്രേക്ഷകരെ ആകാംക്ഷയുടെ വല്ല മുനയിലും എത്തിച്ചു കാണും.  

AIDS രോഗമുള്ള, പഠനത്തിൽ പഠനത്തിൽ മിടുക്കിയായ ഒരു കഥാപാത്രം തെലുങ്കിൽ എത്തിയപ്പോൾ അവളുടെ രണ്ട് വയസ്സ് മുതലുള്ള ഭൂതകാലം ഇവിടെ തയ്യാർ. അവൾക്കു AIDS പോയിട്ട് ഒരു തുമ്മൽ പോലുമില്ല. എല്ലാവരുടെയും കണ്ണിലുണ്ണി. അങ്ങനെയുള്ള അവളെ ആത്മഹത്യയുടെ വക്കിലേക്ക് കടത്തി വിട്ടതാര്? അവളുടെ അച്ഛൻ അറ്റാക്ക് വന്നു മരിക്കാൻ ആരാണ് കാരണം? നായകൻ അവളുടെ വീട്ടിലെത്തി സോഫയിലും കസേരയിലും ഒക്കെ തൊടുമ്പോൾ എല്ലാ ഫ്‌ളാഷ്ബാക്കും അയാളുടെ മനസ്സിലേക്ക് ഓടിയെത്തും. ജയസൂര്യ മെന്റലിസ്റ്റ് ഇതൊക്കെ കണ്ടു പഠിക്കണം.  ഇതാണ് യഥാർത്ഥ മെന്റലിസം. 

നായകന് ഇത്രയൊക്കെ കഴിവ് ഉണ്ടാവുമെങ്കിലും പ്രേതത്തിനും വേണ്ടേ എന്തെങ്കിലും..ലൈബ്രറിയിൽ വെച്ചു തന്റെ മരണത്തിനു കാരണക്കാരിയെ കിട്ടുമ്പോൾ അവിടെയുള്ള ബുക്സ് ഒക്കെ ഭസ്മമാക്കുന്ന അവളെയും നായകനെയും ബാരി അലനെക്കാൾ സ്പീഡിൽ സ്വന്തം വീട്ടിൽ എത്തിക്കുന്നു പ്രേതം. അവിടെ വെച്ചു കുറേ നേരം വില്ലത്തിയെ എയറിൽ നിർത്തി ബോൺവിറ്റയ്ക്കു പകരം ബൂസ്റ്റ്‌ തന്നു വളർത്തിയ അച്ഛൻ എന്നൊക്കെ ഡയലോഗ് അടിക്കുമ്പോൾ നായകൻ കുറേ ഉപദേശം നൽകുമ്പോൾ ദീപാവലി പടക്കം പൊട്ടിച്ചു എല്ലാം ക്ഷമിച്ചു പ്രേതം പോവുകയാണ്. 

അച്ഛൻ തന്നെക്കാൾ കൂടുതൽ മറ്റൊരാളെ സ്നേഹിക്കുന്നു എന്ന കാര്യത്തിനു മലയാളവില്ലത്തി വീഡിയോ എടുക്കുമ്പോൾ തെലുങ്കിൽ നിസാര ത്രികോണപ്രണയമാണ് കാരണം. മാത്രമല്ല എടുത്ത വീഡിയോ ഇപ്പോഴും സ്വന്തം മൊബൈലിൽ സൂക്ഷിച്ച തെലുങ്ക് വില്ലത്തിയെ കണ്ടപ്പോൾ അയ്യോ ദാരിദ്രം എന്ന് പറയാതെ എഴുനേറ്റു പോരാൻ തോന്നിയില്ല. 

പ്രേതം എന്ന സിനിമയുടെ ഒരു സ്പൂഫായി കാണുന്നു ഈ സിനിമയെ. അർജുൻ റെഡ്ഢി പോലുള്ള ചിത്രങ്ങൾ സ്വീകരിച്ച ജനതയ്ക്ക് മുന്നിൽ പ്രേതം അതേപോലെ അവതരിപ്പിച്ചാൽ  ജയിക്കുമോ എന്നുള്ള ചോദ്യത്തിന് ഉത്തരമില്ല. ഒരുപക്ഷേ വലിയൊരു താരത്തിൽ താരത്തിൽ നിന്നും അവർ പ്രതീക്ഷിക്കുന്നത് ഇതൊക്കെ ആണെങ്കിലോ..